തെലങ്കാനയിലെ മഹബൂബ് നഗർ സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീനെ (30) കാലിഫോർണിയയിൽവെച്ച് പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വെടിയേറ്റ് മരിക്കുന്നതിന് മുൻപുള്ള അദ്ദേഹത്തിന്റെ അവസാന ലിങ്ക്ഡ്ഇൻ പോസ്റ്റിലായിരുന്നു താൻ നേരിട്ട വംശീയ അധിക്ഷേപങ്ങളെക്കുറിച്ച് അദ്ദേഹം പങ്കുവെച്ചത്. താൻ ജോലിസ്ഥലത്തും വീട്ടിലും കടുത്ത വംശീയ വിവേചനവും ഉപദ്രവങ്ങളും നേരിടുന്നുണ്ടെന്ന് അദ്ദേഹം പരസ്യമായി ആരോപിച്ചിരുന്നു. ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമം നടന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
ലിങ്ക്ഡ്ഇൻ പോസ്റ്റിൽ നിസാമുദ്ദീൻ തന്നെത്തന്നെ വംശീയ വിദ്വേഷത്തിന്റെ ഇര എന്ന് വിശേഷിപ്പിക്കുകയും, “വെള്ളക്കാരുടെ വംശീയ മേധാവിത്വം” അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. “ഞാൻ വംശീയ വിദ്വേഷം, വംശീയ വിവേചനം, ഉപദ്രവം, ശമ്പള തട്ടിപ്പ്, നിയമവിരുദ്ധമായ പിരിച്ചുവിടൽ, നീതി നിഷേധിക്കൽ എന്നിവയുടെ ഇരയാണ്… ഇത് മതിയായി. കോർപ്പറേറ്റ് സ്വേച്ഛാധിപത്യത്തിൻ്റെ അടിച്ചമർത്തൽ അവസാനിക്കണം,” അദ്ദേഹം കുറിച്ചു.
യു.എസ് ആസ്ഥാനമായുള്ള സോഫ്റ്റ്‌വെയർ സേവനദാതാക്കളായ EPAM സിസ്റ്റംസ് വഴി താൻ ഗൂഗിളിൽ ജോലി ചെയ്യുകയായിരുന്നുവെന്നും, കമ്പനിയും സഹപ്രവർത്തകരും ശത്രുതാപരമായ സമീപനം സ്വീകരിക്കുകയും ശമ്പളം കുറച്ചു നൽകുകയും ചെയ്യുന്നു എന്നും നിസാമുദ്ദീൻ ആരോപിച്ചിരുന്നു. “അതിനുപുറമെ, കമ്പനി ശമ്പള തട്ടിപ്പ് നടത്തുകയും എന്നെ നിയമവിരുദ്ധമായി ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു,” എന്നും അദ്ദേഹം ആരോപിച്ചു. ജോലി നഷ്ടപ്പെട്ട ശേഷവും ഒരു “വംശീയ കുറ്റാന്വേഷകനും സംഘവും” തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു എന്നും ഒടുവിൽ താമസസ്ഥലത്തുനിന്നും നിർബന്ധിച്ച് ഇറക്കിവിട്ടു എന്നും അദ്ദേഹം പറഞ്ഞു.
Also Read: വംശവെറിക്ക് ഇരയാകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ; യുഎസിൽ തുടർച്ചയാകുന്ന ദുരൂഹ മരണങ്ങൾ
ഗൂഗിൾ ക്ലൗഡ് പാർട്ണറായ EPAM സിസ്റ്റംസ് ഇതുവരെ ഈ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. തൻ്റെ സഹപ്രവർത്തകർ, തൊഴിലുടമ, ക്ലയിന്റ്, കുറ്റാന്വേഷകൻ, അവരുടെ സമൂഹം എന്നിവരാണ് പ്രധാന ഉപദ്രവകാരികളെന്ന് നിസാമുദ്ദീൻ തൻ്റെ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. “ഇത് ഇന്ന് എനിക്ക് സംഭവിച്ചു, നാളെ ഇത് ആർക്കുവേണമെങ്കിലും സംഭവിക്കാം,” എന്നും അദ്ദേഹം ലോകത്തോട് നീതി ആവശ്യപ്പെടാൻ അഭ്യർത്ഥിച്ചു.
ഫ്ലോറിഡയിലെ ഒരു കോളേജിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം സാങ്കേതിക മേഖലയിൽ ജോലി ചെയ്യുന്നതിനായി നിസാമുദ്ദീൻ കാലിഫോർണിയയിലെ സാന്താ ക്ലാരയിലേക്ക് താമസം മാറിയിരുന്നു. കുടുംബം അദ്ദേഹത്തെ ശാന്തനും, മതവിശ്വാസിയുമായ ഒരാളായിട്ടാണ് വിശേഷിപ്പിക്കുന്നത്. ജോലിയിലെ വിവേചനം, ശമ്പള തട്ടിപ്പ്, നിയമവിരുദ്ധമായ പിരിച്ചുവിടൽ എന്നിവയെക്കുറിച്ച് അദ്ദേഹം നേരത്തെയും പലതവണ ആശങ്കകൾ പങ്കുവെച്ചിരുന്നതായും അവർ പറയുന്നു.
സെപ്റ്റംബർ 3-ന് ഒരു ഒപ്പം താമസിച്ചിരുന്ന വ്യക്തിയുമായുള്ള തർക്കത്തിനിടെയാണ് വെടിവെപ്പ് നടന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ തൻ്റെ മകൻ്റെ മരണവിവരം വ്യാഴാഴ്ച മാത്രമാണ് അറിഞ്ഞതെന്ന് നിസാമുദ്ദീൻ്റെ പിതാവ് മുഹമ്മദ് ഹസ്നുദ്ദീൻ പറഞ്ഞു. മകൻ്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് അദ്ദേഹം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് അഭ്യർത്ഥിച്ചു.
content summary: Poisoned food, racial harassment at work and home, wrote Indian techie in his last LinkedIn post before he was shot dead.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.