June 26, 2026 |
Share on

വംശീയ വിദ്വേഷം; ബ്രിട്ടണിൽ 20 കാരിയായ ഇന്ത്യൻ വംശജ ബലാത്സം​​ഗത്തിനിരയായി

പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു

ബ്രിട്ടണിൽ 20 കാരിയായ ഇന്ത്യൻ വംശജ ബലാത്സം​​ഗത്തിനിരയായ സംഭവത്തിൽ വംശീയതയാണ് ലൈംഗിക അതിക്രമത്തിന് വഴിവെച്ചതെന്ന നി​ഗമനത്തിൽ വെസ്റ്റ് മിഡ് ലാൻഡ് പൊലീസ്. സമാന കാരണത്താൽ ഒരു ബ്രിട്ടീഷ് സിഖ് യുവതി ബലാത്സംഗം ചെയ്യപ്പെട്ട് ഒരു മാസം പിന്നിടുമ്പോഴാണ് പുതിയ സംഭവം.

വെളുത്തവർ​ഗക്കാരാനായ യുവാവാണ് പ്രതിയെന്നാണ് പൊലീസിൻ്റെ നി​ഗമനം. പൊതുജനങ്ങളിൽ നിന്ന് വിവരങ്ങൾ തേടുന്നതിന്റെ ഭാഗമായി വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു. 30 വയസ്സിനടുത്ത് പ്രായം തോന്നിക്കുന്നയാളാണ് ആക്രമണകാരിയെന്നാണ് സംശയിക്കുന്നത്. സംഭവം നടക്കുമ്പോൾ കറുത്ത വസ്ത്രമാണ് അക്രമകാരി ധരിച്ചിരുന്നത്.

പ്രതിയെ പിടികൂടാൻ പ്രദേശവാസികൾ സഹകരിക്കണമെന്ന് വെസ്റ്റ് മിഡ് ലാൻഡ് പൊലീസ് അഭ്യർഥിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അക്രമിയെ അറസ്റ്റ് ചെയ്യേണ്ടത് അനിവാര്യമായ കാര്യമാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ റോനാൻ റ്റൈറർ അറിയിച്ചു.

ഇതൊരു യുവതിക്ക് നേരെയുണ്ടായ തികച്ചും ഭീകരമായ ആക്രമണമാണ്, ഉത്തരവാദിയായ വ്യക്തിയെ അറസ്റ്റ് ചെയ്യാൻ ഞങ്ങൾ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്, അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഡിറ്റക്ടീവ് സൂപ്രണ്ട് റോനൻ ടൈറർ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസിൻ്റെ റിപ്പോർട്ടിൽ പറയുന്നു. അയൽപ്രദേശങ്ങളിലെ ഡാഷ്‌കാം ക്യാമറകളും സിസിടിവി ക്യാമറകളും ഉള്ള പൗരന്മാരോട് അവരുടെ ദൃശ്യങ്ങൾ പരിശോധിക്കാനും വിവരങ്ങൾ പങ്കുവെക്കാനും ഡിഎസ് ടൈറർ ആവശ്യപ്പെട്ടു.

യുവതിയുടെ ഐഡന്റിറ്റി സംരക്ഷിക്കുന്നതിനായി ഇരയെക്കുറിച്ചുള്ള വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം, പഞ്ചാബി യുവതിയാണ് ആക്രമണത്തിനിരയായതെന്ന രീതിയിൽ പ്രാദേശിക മാധ്യമങ്ങളിൽ വാർത്ത വന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

അന്വേഷണ സംഘം കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണ്. ആക്രമണം നടന്ന സമയത്ത് സംശയാസ്പദമായി പ്രദേശത്ത് ഉണ്ടായിരുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വ്യത്യസ്ത തലത്തിലുള്ള അന്വേഷണമാണ് നടക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. സംഭവം നടന്ന സമയത്ത് പ്രദേശത്ത് കൂടി കടന്നുപോയ വാഹനങ്ങളുടെ ഡാഷ്കാമിൽ പ്രതിയുടെ ദൃശ്യങ്ങൾ പതിച്ചുണ്ടാകുമെന്നും അത്തരത്തിലുള്ള ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് കൈമാറണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

Content Summary: Racial hatred; 20-year-old Indian-origin woman raped in Britain

Leave a Reply

Your email address will not be published. Required fields are marked *

×