July 13, 2025 |
Share on

‘അവർ ബലാത്സം​​ഗത്തിനിരയായിരുന്നു, സ്കൂൾ വിദ്യാർത്ഥികളുടെയടക്കം മൃതദേഹങ്ങൾ കുഴിച്ചിട്ടു’

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ധർമ്മസ്ഥലയിലെ തൊഴിലാളി

1998നും 2014നുമിടയിൽ സ്കൂൾ വിദ്യാർത്ഥികളുൾപ്പെടെ ബലാത്സം​​ഗത്തിനിരയായ നിരവധി സ്ത്രീകളുടെ മൃതദേഹം സംസ്കരിക്കാൻ നിർബന്ധിതനായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കർണാടകയിലെ ധർമ്മസ്ഥല ക്ഷേത്ര ഭരണസമിതി മുൻ ജീവനക്കാരൻ. ധർമ്മസ്ഥല ക്ഷേത്ര ഭരണസമിതിയിലെ മുൻ ശുചീകരണ തൊഴിലാളിയായ ദളിത് വ്യക്തയാണ് ദക്ഷിണ കന്നഡ പൊലീസിനോട് കുറ്റസമ്മതം നടത്തിയതെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ധർമസ്ഥലയിലും പരിസരപ്രദേശങ്ങളിലും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സ്ത്രീകളുടെ മൃതദേഹങ്ങളാണ് കത്തിച്ച് സംസ്കരിച്ചതെന്നാണ് വ്യക്തി മൊഴി നൽകിയിരിക്കുന്നത്. കുറ്റബോധം കാരണമാണ് ഒരു ദശാബ്ദത്തിന് ശേഷം തുറന്നുപറച്ചിൽ നടത്തുന്നതെന്നും ഇരകൾക്ക് നീതി ലഭിക്കണമെന്നും ഇയാൾ പറഞ്ഞതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ജൂലൈ 3ന് നൽകിയ പരാതിയിൽ ബിഎൻഎസ് സെക്ഷൻ 211(എ) പ്രകാരം കേസെടുത്തിട്ടുണ്ടെന്നും തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്ന് കുറ്റസമ്മതം നടത്തിയയാൾ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ദക്ഷിണ കന്നഡ എസ്. പി അരുൺ. കെ മാധ്യമങ്ങളോട് പറഞ്ഞു.

തനിക്കും കുടുംബത്തിനും സംരക്ഷണം നൽകണമെന്നും മാപ്പുസാക്ഷിയായ വ്യക്തി അറിയിച്ചിട്ടുണ്ട്. പരാതിക്കൊപ്പം സംസ്കരിച്ചെന്ന് പറയപ്പെടുന്ന മൃതദേഹാവശിഷ്ടങ്ങളുടെ ചിത്രങ്ങളും അയാൾ പൊലീസിന് കൈമാറിയിട്ടുണ്ട്.

1995 മുതൽ 2014 വരെ നേത്രാവതി നദിയുടെ പരിസര പ്രദേശങ്ങൾ വൃത്തിയാക്കുന്ന ജോലിയാണ് ഇയാൾ ചെയ്തുകൊണ്ടിരുന്നത്. 1998 മുതലാണ് താൻ അവിടെ വസ്ത്രമില്ലാത്ത സ്ത്രീകളുടെ മൃതദേഹങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയതെന്ന് വ്യക്തി പറഞ്ഞു. ആദ്യം അവർ ആത്മഹത്യ ചെയ്തതാണെന്നാണ് കരുതിയിരുന്നത്. പിന്നീടാണ് ലൈംഗികാതിക്രമം നടന്നതിന്റെ ലക്ഷണങ്ങൾ ശ്രദ്ധിച്ചത്. തുടർന്ന് വിവരം സൂപ്പർവൈസറെ അറിയിക്കുകയായിരുന്നു. എന്നാൽ സൂപ്പർവൈസർ എന്നെ മർദിക്കുകയും മൃതദേഹങ്ങൾ രഹസ്യമായി സംസ്കരിക്കാൻ ഉത്തരവിടുകയും ചെയ്തു, യുവാവ് പൊലീസിനോട് പറഞ്ഞതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ജീവന്‍ ഭയന്നാണ് 11 വര്‍ഷങ്ങൾക്ക് മുമ്പ് ധര്‍മ്മസ്ഥലയില്‍ നിന്ന് കുടുംബത്തോടൊപ്പം മറ്റൊരു സ്ഥലത്ത് പോയി താമസിച്ചത്. ഇപ്പോൾ കൊല്ലപ്പെടുമെന്ന ഭയത്തിലാണ് ജീവിക്കുന്നതെന്നും യുവാവ് കൂട്ടിച്ചേർത്തു.

താൻ സാക്ഷിയായ ചില സംഭവങ്ങളെക്കുറിച്ചും യുവാവ് പൊലീസിനോട് വിവരിച്ചു. 2010ൽ, 12 മുതൽ 15 വയസിനിടയിൽ പ്രായമുള്ള ഒരു പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കാൻ സൂപ്പർവൈസർ ആവശ്യപ്പെട്ടു. ആ പെൺകുട്ടി സ്കൂൾ യൂണിഫോമാണ് ധരിച്ചിരുന്നത്. ലൈം​ഗികാതിക്രമം നടന്നതിന്റെ ലക്ഷണങ്ങൾ ആ പെൺകുട്ടിയുടെ ശരീരത്തിൽ കാണാമായിരുന്നു. പെൺകുട്ടിയെയും സ്കൂൾബാ​ഗിനെയും കുഴിച്ചുമൂടാൻ സൂപ്പർവൈസർ തന്നെ നിർബന്ധിച്ചുവെന്ന് യുവാവ് പറയുന്നു. ആ സംഭവം വളരെക്കാലം തന്നെ വേട്ടയാടിയിരുന്നെന്നും യുവാവ് വ്യക്തമാക്കി.

20 വയസുള്ള മറ്റൊരു പെൺകുട്ടിയുടെ മൃതദേഹം കത്തിക്കാനും ഞാൻ നിർബന്ധിതനായി. അവളുടെ മുഖം ആസിഡ് വീണ് പൊള്ളിയിരുന്നതായി എനിക്ക് ഓർമയുണ്ട്, വ്യക്തി പറഞ്ഞു. 2014ൽ തന്റെ കുടുംബത്തിലെ ഒരു പെൺകുട്ടിയെ സൂപ്പർവൈസറുടെ പരിചയത്തിലുള്ളയൊരാൾ ലൈം​ഗികമായി ഉപദ്രവിച്ചെന്നും തുടർന്നാണ് ധർമ്മസ്ഥലയിൽ നിന്ന് രക്ഷപ്പെടാൻ തീരുമാനിച്ചതെന്നും വ്യക്തി വെളിപ്പെടുത്തി. അന്വേഷണത്തിൽ പൊലീസുമായി സഹകരിക്കാൻ തയ്യാറാണെന്നും മൃതദേഹങ്ങൾ കുഴിച്ചിച്ച സ്ഥലങ്ങൾ കാണിച്ചുതരമെന്നും ഇയാൾ സമ്മതിച്ചിട്ടുള്ളതായാണ് ലഭിക്കുന്ന വിവരം.

Content Summary: forced to bury raped girls; Dharmasthala former sanitation worker’s revelation

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×