UPDATES

*ജാഗ്രത: ജേര്‍ണലിസം ജീവനും സ്വത്തിനും അഭിമാനത്തിനും ഹാനികരം

ജിഗ്‌ന വോറയുടെ ജീവിതത്തേയും ഹന്‍സല്‍ മേത്തയുടെ സ്‌കൂപ്പിനേയും കുറിച്ച്

                       

*Journalism is injurious to health എന്നത് 2000 ദശകത്തിന്റെ ആദ്യ പകുതിയില്‍ വിനോദ് ജോസിന്റെ പത്രാധിപത്യത്തില്‍ ഡല്‍ഹി കേന്ദ്രമാക്കി പ്രസിദ്ധീകരിച്ചിരുന്ന ‘ഫ്രീ പ്രസ്’ എന്ന ലോങ് ഫോം മലയാളം മാഗസിന്റെ പരസ്യവാചകമായിരുന്നു.

അച്ചടി മാധ്യമങ്ങള്‍ക്ക് കൂടുതല്‍ പ്രചാരമുള്ള കാലത്ത് റിപ്പോര്‍ട്ടര്‍മാരുടെ ജീവിതം പത്രങ്ങളുടെ ഒന്നാം പേജിലായിരുന്നു. പ്രധാനവാര്‍ത്ത സൃഷ്ടിക്കുക, ഒന്നാം പേജില്‍ ബൈ ലൈന്‍ സഹിതം സ്റ്റോറി വരിക എന്നതായിരുന്നു ഒരു ജേര്‍ണലിസ്റ്റിനെ/റിപ്പോര്‍ട്ടറെ അടയാളപ്പെടുത്തിയിരുന്നത്. ഒന്നാം പേജ് സ്റ്റോറികളുടെ പുറകെ ഉള്ള പാച്ചിലില്‍, ജേര്‍ണലിസം എന്ന പ്രൊഫഷനില്‍ മുന്നേറാനുള്ള തിടുക്കത്തില്‍, മനുഷ്യനെന്ന നിലയില്‍, സാമൂഹിക ജീവി എന്ന നിലയില്‍, രാഷ്ട്രീയ ജീവി എന്ന നിലയില്‍ വ്യക്തികള്‍ക്കുള്ള അടിസ്ഥാന ധാര്‍മ്മികതകള്‍ ജേണലിസ്റ്റുകള്‍ക്ക് നഷ്ടപ്പെട്ടുവോ? പലര്‍ക്കും ആ ഓട്ടത്തില്‍ വീണു പോയ സഹപ്രവര്‍ത്തകര്‍ വാര്‍ത്തയും, സ്റ്റോറിയുമായി മാറിയോ? സഹപ്രവര്‍ത്തകരുടെ ദുരന്തം ബൈലൈനിനുള്ള മാര്‍ഗ്ഗവും, പ്രൊഫഷണല്‍ മുന്നോട്ട് പോക്കിനുള്ള വഴിയുമായോ? ധാരാളം പേര്‍ക്ക് അതു സംഭവിച്ചു. അതേ മാതൃക പിന്നീട് മിക്കവാറും റ്റെലിവിഷന്‍ ജേണലിസ്റ്റുകളും പിന്തുടര്‍ന്നു. വാര്‍ത്തകള്‍ ബ്രേക്ക് ചെയ്യുന്ന തിരക്കില്‍ സ്വയം വാര്‍ത്തയാകാനുള്ള സാധ്യതകള്‍ പലരും മറന്നുപോയി.

ഫ്രീ പ്രസ്സിന്റെ മുന്‍കാല ലക്കങ്ങളുടെ കവര്‍ പേജുകള്‍

നെറ്റ്ഫ്ളിക്സില്‍ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ‘സ്‌കൂപ്പ്’ എന്ന ഹന്‍സല്‍ മേത്തയുടെ ആറ് എപ്പിസോഡുകള്‍ മാത്രമുള്ള ഷോര്‍ട്ട് സീരീസ് ഒരു പക്ഷേ ഇന്ത്യയിലിതുവരെ ജേര്‍ണലിസവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച ഫിക്ഷണല്‍ വര്‍ക്കുകളില്‍ ഒന്നായിരിക്കും. ഇന്ത്യന്‍ ടി.വി സീരീസുകളില്‍ ഏറ്റവും മികച്ചതെന്ന് ഐ.എം.ഡി.ബി അടക്കമുള്ള പ്ലാറ്റ്ഫോമുകള്‍ സാക്ഷ്യപ്പെടുത്തുന്ന ‘സ്‌കാം 92’ എന്ന പിരീഡ് റിയല്‍ ലൈഫ് സ്റ്റോറിക്ക് ശേഷമാണ് ജിഗ്‌ന വോറയെന്ന ജേര്‍ണലിസ്റ്റിന്റെ ജീവിതത്തെ ആധാരമാക്കിയുള്ള ‘സ്‌കൂപ്പ്’ എന്ന സീരീസുമായി ഹന്‍സല്‍ മേത്ത എത്തിയിരിക്കുന്നത്.

ഇന്ത്യന്‍ സമ്പദ്ഘടനയെ പിടിച്ച് കുലുക്കിയ ഓഹരി ഇടപാടില്‍ പ്രതിയായ ഹര്‍ഷദ് മേത്തയുടെ ജീവിതമായിരുന്നു ‘സ്‌കാം 92’ എന്ന സീരീസിന്റെ ഉള്ളടക്കം. വിഖ്യാത ബിസിനസ് ജേര്‍ണലിസ്റ്റും പത്മശ്രീ ജേതാവുമായ സുചേത ദലാലിന്റെ ‘ദ സ്‌കാം, ഹൂ വണ്‍, ഹൂ ലോസ്റ്റ്, ഹൂ ഗെറ്റ് എവേ’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ഹന്‍സല്‍ മേത്ത ‘സ്‌കാം 92’ എന്ന സോണി ടി.വി സീരീസ് സൃഷ്ടിച്ചത്. റ്റൈംസ് ഓഫ് ഇന്ത്യയില്‍ ബിസിനസ് ജേര്‍ണലിസ്റ്റായിരിക്കുമ്പോള്‍ സുചേത നടത്തിയ അന്വേഷണങ്ങളാണ് ഇന്ത്യയെ അമ്പരിപ്പിച്ച ഓഹരി കുംഭകോണത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് കൊണ്ടുവന്നത്. സുചേതയുടെ പുസ്തകമായിരുന്നു സീരീസിന്റെ അടിസ്ഥാനമെങ്കിലും ‘സ്‌കാം’ കൂടുതലും ശ്രദ്ധയൂന്നിയത് ഹര്‍ഷദ് മേത്തയുടെ ജീവിതത്തിലായിരുന്നു. എങ്ങനെയാണ് ഒരു ലോവര്‍ മിഡില്‍ ക്ലാസ് ഗുജറാത്തി യുവാവ് ഓഹരി ബിസിസസില്‍ എത്തിച്ചേരുകയും നൂറുകണക്കിന് കോടി രൂപയുടെ ഇടപാടുകളിലൂടെ രാജ്യത്തിന്റെ സ്റ്റോക്ക് എക്‌സ്ചേഞ്ച് വ്യാപാരത്തെ അമ്മാനമാടിയത് എന്നുമായിരുന്നു ആ സീരീസിന്റെ ഉള്ളടക്കം.

അതുപോലെതന്നെ, മുംബൈയില്‍ ജീവിക്കുന്ന മറ്റൊരു ഗുജറാത്തിയുടെ അനുഭവങ്ങളാണ് ഹന്‍സല്‍ മേത്തയുടെ ‘സ്‌കൂപ്പ്’. മുംബൈയിലെ അറിയപ്പെടുന്ന ക്രൈം ജേര്‍ണലിസ്റ്റുകളിലൊരാളായ ജ്യോതി ദേയുടെ കൊലപാതക കേസില്‍ അറസ്റ്റ് ചെയ്ത്, ഛോട്ടാ രാജന്‍ ക്രിമിനല്‍ ഗ്യാങുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്, ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തി, മഹാരാഷ്ട്ര പോലീസ് ജയിലില്‍ തള്ളിയ ജിഗ്‌ന വോറ എന്ന ജേര്‍ണലിസ്റ്റിന്റെ ജീവിതമാണ് ഈ സീരിസില്‍. 2011-ലായിരുന്നു ഇത്. ജാമ്യം ലഭിക്കാതെ ഒന്‍പത് മാസത്തിലധികം മുംബൈയിലെ ബൈക്കുള ജയിലില്‍ കഴിഞ്ഞ കാലത്തെ അനുഭവങ്ങളാണ് ജിഗ്‌ന വോറ എഴുതിയ ‘ബിഹൈന്‍ഡ് ദ ബാര്‍സ് ഇന്‍ ബൈക്കുള, മൈ ഡേയ്സ് ഇന്‍ പ്രിസണ്‍’ എന്ന പുസ്തത്തില്‍. എങ്കിലും തടവറയ്ക്കകത്തെ സംഭവങ്ങള്‍ക്കല്ല, തടവറയിലേയ്ക്ക് ജിഗ്‌നയെ നയിച്ച പുറം ജീവിതത്തിനും അതിന്റെ ഭാഗമായ ജേണലിസം സമൂഹത്തിനുമാണ് സീരീസില്‍ ഹന്‍സല്‍ മേത്ത പ്രധാന്യം നല്‍കിയിരിക്കുന്നത്.

ഈ സീരീസിന്റെ ഉള്ളിലേയ്ക്ക് പ്രവേശിക്കും മുമ്പ് രണ്ടായിരം കാലഘട്ടത്തിലെ മുംബൈ നഗരത്തെക്കുറിച്ചും അവിടെത്തെ ക്രൈം ജേര്‍ണലിസ്റ്റുകളുടെ ജീവിതത്തെ കുറിച്ചും ജ്യോതി ദേയെയും ജിഗ്‌ന വോറയെയും കുറിച്ചും പറയണം. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പിനിയുടെ നിയന്ത്രണത്തിലായിരുന്നു തൊണ്ണൂറുകളുടെ ആദ്യത്തെ മുംബൈ അധോലോകം. ദാവൂദിന്റെ വലം കൈയ്യായിരുന്ന ഛോട്ടാരാജന്‍ 1993-ലെ ബോംബ് സ്ഫോടനത്തിന് ശേഷം എതിര്‍പക്ഷത്തായി. പിന്നീടവരുടെ പരസ്പര പോരാട്ടത്തിന്റെ രക്തച്ചൊരിച്ചിലിലും അരക്ഷിതാവസ്ഥയിലുമായി നഗരം. ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് മേല്‍ സമ്മര്‍ദ്ദമേറെയുണ്ടായെങ്കിലും ഒരു ചെറുവിഭാഗം പോലീസുകാരും രാഷ്ട്രീയക്കാരും ഇരുകൂട്ടരേയും എല്ലാക്കാലത്തും സഹായിച്ചു പോന്നു.

21-ാം നൂറ്റാണ്ടിന്റെ ആദ്യദശകവും മുംബൈയില്‍ സംഭവബഹുലമായിരുന്നു. വര്‍ഗീയ കലാപം കൊണ്ടും ബോംബ് സ്‌ഫോടനങ്ങള്‍ കൊണ്ടും ദാവൂദ്, ഛോട്ടാ രാജന്‍, ഛോട്ടാ ഷക്കീല്‍ ഗ്യാങ്സ്റ്റര്‍ വാറുകള്‍ കൊണ്ടും ക്രൈം ജേര്‍ണലിസ്റ്റുകള്‍ക്ക് അനുദിനം വാര്‍ത്തകള്‍ നല്‍കൊണ്ടിരുന്ന മുംബൈ 2000 ത്തിന്റെ ആദ്യ ദശകത്തിലും ഇതാവര്‍ത്തിച്ചു. അമേരിക്കയിലെ സെപ്തംബര്‍ പതിനൊന്നിലെ ആക്രമണത്തിന്റെ പ്രത്യാഘാതത്തില്‍ ഇന്ത്യയിലും കാഠിന്യമേറിയ നിയമങ്ങള്‍ വന്നു. നഗരത്തിലെ മുസ്ലീം ചേരികളിലെ ചെറുപ്പക്കാരെ നരക തുല്യമായ ജീവിതത്തിലേയ്ക്ക് തള്ളിവിട്ടതല്ലാതെ മുംബൈയുടെ ക്രിമിനല്‍ അധോലോകത്തിന് ഈ നിയമങ്ങള്‍ കൊണ്ട് ഒന്നും സംഭവിച്ചില്ല. പോലീസും അക്രമികളും രാഷ്ട്രീയ നേതൃത്വവും പിണങ്ങിയും ഇണങ്ങിയും ചതിച്ചും തുണച്ചും തുടര്‍ന്നു.

ജ്യോതി ദേ (ചിത്രത്തിനു കടപ്പാട്; വിക്കിപീഡിയ)

തൊണ്ണൂറുകളില്‍ വന്യജീവി സംരക്ഷണത്തിലുള്ള താത്പര്യത്താല്‍ പരിസ്ഥിതിയെ കുറിച്ചെഴുതി പത്രപവര്‍ത്തകനായ ജ്യോതി ദേ അധികം വൈകാതെ മുംബൈയിലെ അറിയപ്പെടുന്ന ക്രൈം ജേര്‍ണലിസ്റ്റായി. മിഡ് ഡേയിലും ഇന്ത്യന്‍ എക്സ്പ്രസിലും ഹിന്ദുസ്ഥാന്‍ ടൈംസിലും മാറി മാറി പ്രവര്‍ത്തിച്ച ജ്യോതി ദേയെ പോലെ മുംബൈ അധോലോകത്തെ വാര്‍ത്തകള്‍ നിര്‍ഭയം പുറത്തു കൊണ്ടുവന്ന മറ്റൊരു ജേര്‍ണലിസ്റ്റില്ല. മുംബൈ അധോലോകത്തെ കുറിച്ച് രണ്ട് പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള, ജെ എന്ന് സുഹൃത്തുക്കള്‍ വിളിച്ചിരുന്ന ജ്യോതി ദേ 2005-ല്‍ മിഡ് ഡേയുടെ ക്രൈം ആന്‍ഡ് ഇന്‍വെസ്റ്റിഗേറ്റീവ് എഡിറ്ററായി. ദാവൂദ് ഇബ്രാഹീമിനേയും ഛോട്ടാ രാജനേയും പോലീസ് വേട്ടയാടുന്ന കാലത്തു തന്നെ അവരെ ചില രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെ പോലീസ് സഹായിച്ചിരുന്നുവെന്ന് സംശയങ്ങളുയര്‍ന്നിരുന്നു. ഇതേ കുറിച്ചും ജ്യോതി ദേ അന്വേഷിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. 2011 ജൂണ്‍ പതിനൊന്നിന് മുംബൈയിലെ ഘാട്കോപറിലുള്ള വസതിയില്‍ അമ്മയെ സന്ദര്‍ശിച്ച ശേഷം മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന അദ്ദേഹത്തെ നാലുപേര്‍ പിന്തുടര്‍ന്നു. പൊവായ് ഹീരനന്ദാനി ഗാര്‍ഡന്‍സിന്റെ മുന്നില്‍, ഉച്ചയ്ക്ക് മൂന്ന് മണിക്ക് ധാരാളം ദൃക്സാക്ഷികള്‍ക്ക് മുന്നില്‍ അദ്ദേഹത്തെ അവര്‍ വെടിവെച്ച് കൊന്നു. ഓയില്‍ മാഫിയയും ലോക്കല്‍ ഗ്യാങ്സ്റ്ററുകളും രാഷ്ട്രീയക്കാരുമടക്കം ജ്യോതി ദേയുടെ വാര്‍ത്തകളുടെ തിക്തഫലങ്ങള്‍ അനുഭവിച്ചിട്ടുള്ള പലര്‍ക്ക് നേരെയും അന്വേഷണം നീണ്ടുവെങ്കിലും പോലീസ് വിരല്‍ ചൂണ്ടിയത് ഛോട്ടാ രാജന്‍ സംഘത്തിന് നേരെയാണ്.

ഇതേ കാലത്ത് മുംബൈയില്‍ ക്രൈം റിപ്പോര്‍ട്ടിങ് മേഖലയിലെ പുതിയ താരമായിരുന്നു ജിഗ്ന വോറ. മുംബൈയില്‍ താമസമുറപ്പിച്ച ഗുജറാത്തി കുടുംബാംഗമായ ജിഗ്‌നയ്ക്ക് നിയമ പഠനത്തിന് ശേഷമുള്ള ഒരു ഡിപ്ലോമ കോഴ്സിനിടയിലാണ് ക്രൈം ജേര്‍ണലിസത്തില്‍ താത്പര്യം ജനിക്കുന്നത്. അതിനിടെ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ജോലി ഉപേക്ഷിച്ച് വിവാഹം കഴിച്ച് ഗുജറാത്തിലെ ബറൂച്ചിലേയ്ക്ക് താമസം മാറി. നരകതുല്യമായ വിവാഹ ജീവിതത്തിലെ സഹനങ്ങള്‍ക്ക് ശേഷം നാലു വയസുള്ള മകനുമായി 2004-ല്‍ മുംബൈയില്‍ മാതാപിതാക്കള്‍ക്കൊപ്പം തിരികെയെത്തിയ ജിഗ്‌ന വക്കീല്‍ പണിയല്ല, ഇടക്കാലത്ത് വച്ച് താത്പര്യമുദിച്ച ജേര്‍ണലിസമാണ് പ്രൊഫഷനായി തെരഞ്ഞെടുത്തത്. ആദ്യം ഫ്രീ പ്രസ് ജേര്‍ണലിലും പിന്നീട് മുംബൈ മിററിലും മിഡ് ഡേയിലും കോടതി റിപ്പോര്‍ട്ടര്‍ എന്ന നിലയിലും ക്രൈം റിപ്പോര്‍ട്ടര്‍ എന്ന നിലയിലും ജിഗ്‌ന ശ്രദ്ധേയയായി. മുംബൈ പോലീസിലെ എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ പ്രദീപ് ശര്‍മ്മയെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായി. 2008-ല്‍ ഏഷ്യന്‍ ഏജില്‍ ക്രൈം റിപ്പോര്‍ട്ടറായി ചേര്‍ന്ന ജിഗ്ന വോറ അധികം വൈകാതെ ഡെപ്യൂട്ടി ബ്യൂറോ ചീഫ് പദവിയിലെത്തി.

ജിഗ്ന വോറ (ചിത്രത്തിനു കടപ്പാട്; വിക്കിപീഡിയ)

2011-ല്‍ ജ്യോതി ദേയുടെ കൊലപാതകത്തെ തുടര്‍ന്ന് മുംബൈ പോലീസ് മഹാരാഷ്ട്ര സംഘടിത കുറ്റകൃത നിയമം (മക്കോക്ക) ചുമത്തി ജിഗ്‌ന വോറയെ അറസ്റ്റ് ചെയ്തു. ജ്യോതി ദേയുമായുള്ള പ്രൊഫഷണല്‍ ശത്രുതയും ഛോട്ടാ രാജന്‍ സംഘത്തോടുള്ള സൗഹൃദവും മൂലം കൊലപാതകികള്‍ക്ക് വിവരം നല്‍കുകയും ഗൂഢാലോചനയില്‍ പങ്കെടുക്കുകയും ചെയ്തുവെന്നതായിരുന്നു കുറ്റം. ഒന്‍പത് മാസത്തിലധികം ജാമ്യം പോലും നല്‍കാതെ ജയിലിടച്ചു. കുറ്റപത്രത്തില്‍ ആരോപിച്ച അടിസ്ഥാന കാര്യങ്ങള്‍ പോലും തെളിയിക്കാന്‍ പ്രോസിക്യൂഷന് ആയില്ല. ഏഴ് വര്‍ഷത്തെ നിയമ പോരാട്ടത്തിന് ശേഷം 2018-ലാണ് ജിഗ്‌ന വോറയെ കോടതി കുറ്റവിമുക്തയാക്കിയത്. ഇപ്പോഴും പാസ്പോര്‍ട്ട് അടക്കം ലഭിക്കുന്നതിന് വേണ്ടിയുള്ള അവരുടെ ശ്രമം തുടരുകയാണ്. തന്റെ മാസ്മരികമായ ജേര്‍ണലിസം കരിയറിന്റെ ഔന്നിത്യത്തില്‍ കള്ളക്കേസില്‍ അകപ്പെട്ട അവര്‍ക്ക് പിന്നീടൊരിക്കലും തന്റെ തൊഴിലിലേയ്ക്ക് ഫലപ്രദമായി തിരിച്ചെത്താനായിട്ടില്ല. ഒരു കാലത്ത് നിത്യവും മുംബൈയിലെ വാര്‍ത്താ പ്രഭാതങ്ങളെ നിശ്ചയിച്ചിരുന്ന ഒന്നാം പേജ് സ്റ്റോറികളുമായി സജീവമായിരുന്ന ജിഗ്ന വോറ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ഇപ്പോള്‍ ജ്യോതിഷവും ഭാവി പ്രവചനവുമായാണ് ജീവിക്കുന്നത്. തന്റെ ജയില്‍ ജീവിതത്തെ കുറിച്ചുള്ള പുസ്തകമായിരുന്നു ഇതില്‍ നിന്ന് വിഭന്നമായി അവര്‍ ചെയ്തത്.

ജ്യോതി ദേയുടെ കൊലപാതകത്തിനും ജിഗ്ന വോറയുടെ അറസ്റ്റിനും ശേഷം മുംബൈയിലെ അധോലോക-പോലീസ്-രാഷ്ട്രീയ കൂട്ടുകെട്ടുകളെ വെളിച്ചത്ത് കൊണ്ടുവരുന്ന ക്രൈം വാര്‍ത്തകള്‍ പ്രദേശിക ജേര്‍ണലിസത്തിന്റെ ഭാഗമായി അധികമൊന്നും ഉണ്ടായിട്ടില്ല എന്നുള്ളതാണ് സത്യം.

ഈ സന്ദര്‍ഭത്തെയാണ് ഹന്‍സല്‍ മേത്ത തന്റെ സ്‌കൂപ് എന്ന സീരീസിലേയ്ക്ക് പുനരാഖ്യാനം ചെയ്യുന്നത്. കരിഷ്മ തന്ന അവതരിപ്പിക്കുന്ന ജാഗ്രുതി പാഥക് എന്ന കഥാപാത്രമായി ജിഗ്‌ന വോറയും പ്രൊസേന്‍ജിത് ബാനര്‍ജി അവതരിപ്പിക്കുന്ന ജെയ്ദേബ് സെന്‍ എന്ന കഥാപാത്രമായി ജ്യോതി ദേയും ഇതില്‍ മാറിയിരിക്കുന്നു. ഏഷ്യന്‍ ഏജിന് പകരം ഈസ്റ്റേണ്‍ പേജും മിഡ് ഡേയ്ക്ക് പകരം ന്യൂഡ് ഡേയും പത്രങ്ങളായി മാറുന്നു. ഈസ്റ്റേണ്‍ പേജിന്റെ എഡിറ്ററായി കഥയിലുള്ള ഇമ്രാന്‍ സിദ്ദീഖി ഇന്ത്യയിലെ ഏറ്റവും വലിയ ക്രൈം റൈറ്ററും വിഖ്യാത ജേണലിസ്റ്റുമായ ഹുസൈന്‍ സൈയ്ദിയുടെ നിഴലില്‍ സൃഷ്ടിക്കപ്പെട്ട കഥാപാത്രമാണ്. ഇതൊഴിച്ചാല്‍ ഏതാണ്ട് മിക്കവാറും കഥാപാത്രങ്ങള്‍ക്ക് കൃത്യമായും യഥാര്‍ത്ഥ ജീവിതവുമായി ബന്ധമില്ല. ജാഗ്രുതി പാഥക് ജയിലില്‍ നിന്ന് പരിചയപ്പെടുന്ന സന്യാസി വേഷധാരിയായ രാഷ്ട്രീയക്കാരിക്ക് പ്രഗ്യാസിങ് ഠാക്കൂറിന്റെയും ജയിലിലെ ഗുണ്ടാ നേതാവായ സ്ത്രീക്ക് ബിസിനസുകാരനായ ഭര്‍ത്താവിനെ പണത്തിന് വേണ്ടി കൊന്നുവെന്നുള്ള പ്രമാദമായ കേസില്‍ ആരോപിതായ ജയ ഛദ്ദായുടെയേും ഛായകള്‍ കാണാം.

ഹന്‍സന്‍ മേത്ത(സോഷ്യല്‍ മീഡിയ പേജില്‍ നിന്നുള്ള ഫോട്ടോ)

എന്നാല്‍ ഹന്‍സല്‍ മേത്തയുടെ പരിഗണനകള്‍ വേറെയാണ്. മുംബൈയുടെ ഒരു കാലത്തേയും അക്കാലത്തെ പലതരം നെക്സസുകളേയും ചൂണ്ടിക്കാണിക്കുന്ന ഹന്‍സല്‍ മേത്ത കള്ളക്കേസില്‍ ജയിലിലടക്കപ്പെട്ട ജാഗ്രുതി പാഥക് എന്ന ജേര്‍ണലിസ്റ്റിന്റെ ജീവിതത്തിലല്ല, സീരീസിന്റെ ഊന്നല്‍. ക്രൈം സിന്‍ഡിക്കേറ്റുകള്‍, കൊലപാതകങ്ങള്‍, അഴിമതിക്കാരായ പോലീസ്, ലക്ഷ്യങ്ങള്‍ പലതുള്ള രാഷ്ട്രീയ നേതൃത്വം എന്നിവയ്ക്കിടയില്‍ വാര്‍ത്തകള്‍ക്ക് വേണ്ടി ദാഹിക്കുന്ന, പരസ്പരം മത്സരിക്കുന്ന ജേര്‍ണലിസ്റ്റുകളുടെ കരിയര്‍ മോഹങ്ങളും അതിനവര്‍ നല്‍കേണ്ട വിലയും ‘സ്‌കൂപ്പ്’ അടയാളപ്പെടുത്തുന്നു. എന്നാല്‍ തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ ആദ്യ ഘട്ടങ്ങളിലും മുംബൈയില്‍ കള്ളക്കേസില്‍ ജയിലില്‍ തള്ളപ്പെട്ട മുസ്ലീങ്ങള്‍ ജാഗ്രുതി പാഥക് അടക്കമുള്ള ഒരു ജേര്‍ണലിസ്റ്റിന്റേയും പരിഗണന വിഷയമായിരുന്നില്ല എന്ന് ഹന്‍സല്‍ മേത്ത പറയാതെ പറയുന്നത് നമുക്ക് കാണാം. മുംബൈയില്‍ ജയിലിലടക്കപ്പെട്ട നിരപരാധികളുടെ ജീവിതം ഹന്‍സല്‍ മേത്തയ്ക്കറിയാം. അവരെ ജയിലില്‍ നിന്ന് പുറത്തിറക്കാന്‍ അഹോരാത്രം പണിയെടുക്കുന്നതിനിടയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ഷഹീദ് ആസ്മിയുടെ ജീവിതം ഷഹീദ് എന്ന പേരില്‍ സിനിമയാക്കിയിട്ടുണ്ട് ഹന്‍സല്‍. ആ ചിത്രത്തിന് ഹന്‍സല്‍ മേത്തയ്ക്ക് മികച്ച സംവിധാനത്തിനും ഷഹീദ് ആസ്മിയെ അവതരിപ്പിച്ച രാജ്കുമാര്‍ റാവുവിന് മികച്ച നടനുമുള്ള ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ജെയ്ദേബ് സെന്‍ കൊല്ലപ്പെടുന്ന ദിവസം കശ്മീരില്‍ ആയിപ്പോകുന്നതില്‍ കുടുംബത്തെ തന്നെ വെറുക്കുന്നുണ്ട് ജാഗ്രുതി. അത് ജയ്ദേബ് സെന്നിനോടുള്ള കരുതലോ ഒരു സഹപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിലുള്ള ദുഖമോ അല്ല, മറിച്ച് വാര്‍ത്തകളുടെ കുത്തൊഴുക്കുള്ള, പ്രധാനപ്പെട്ട ദിവസങ്ങളില്‍ തനിക്ക് നഷ്ടപ്പെടുന്ന വാര്‍ത്തകളും ബൈലൈനുകളുമാണ് അവരെ വിഷമിപ്പിക്കുന്നത്. തനിക്ക് പ്രമോഷനുകളും അംഗീകാരവും നല്‍കുന്ന, തന്നെ കുടുംബാംഗം പോലെ കണക്കാക്കുന്ന എഡിറ്ററെയും സ്ഥാപനത്തെയും ഉപേക്ഷിച്ച് ജയ്ദേബ് സെന്നിന്റെ കൊലപാതകം കാരണം ഒഴിഞ്ഞ പോസ്റ്റില്‍ മറ്റൊരു സ്ഥാപനത്തിലേയ്ക്ക് ചേക്കേറാന്‍ അവര്‍ക്കൊരു മടിയോ വിഷമമോ ഇല്ല. തങ്ങളുടെ ജൂനിയര്‍ ആയവരോട് മര്യാദപൂര്‍വ്വവും പരിഗണനാപൂര്‍വ്വവും പെരുമാറാനോ ഹൈറാര്‍ക്കികള്‍ക്കപ്പുറത്ത് തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാനോ ജാഗ്രുതി ശ്രമിക്കുന്നില്ല. എല്ലാ ദിവസവും സ്‌കൂപ്പുകളും ഒന്നാം പേജ് വാര്‍ത്തകളും വേണം, നിരന്തരം കരിയര്‍ മുന്നേറണമെന്നേ ജാഗ്രതിക്കുള്ളൂ. ഛോട്ടാ രാജന്‍ ഓഫീസ് ഫോണില്‍ വിളിച്ച് അഭിമുഖം നല്‍കുന്ന ദിവസമാണ് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ ദിനം. അത് തന്നെയായി അവരുടെ പിന്നീട് അവരുടെ ജീവിതത്തെ ചുഴലിക്കാറ്റ് പോലെ കറക്കിയതും.

സ്‌കൂപ്പ്, ടി വി സീരിസില്‍ നിന്നുള്ള രംഗം

മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയെന്ന് അറിയാവുന്ന, ഇന്ത്യയിലെ ഹിന്ദുത്വ തീവ്രവാദത്തിന്റെ ചാലകശക്തികളിലൊരാളായ, ഡല്‍ഹിയിലെ കസേര ലക്ഷ്യം വയ്ക്കുന്ന സന്യാസി വേഷധാരിയായ കുറ്റവാളി നല്‍കുന്ന പൂജിച്ച ചരട് കയ്യില്‍ കെട്ടാനോ അവരെ കുമ്പിടാനോ ഒരു ധാര്‍മ്മിക ബോധവും ജാഗ്രുതിക്ക് എതിരേ നില്‍ക്കുന്നില്ല. ജേര്‍ണലിസം അവസരങ്ങളുടെ കലയാണ് എന്നുള്ളതാണ് ജാഗ്രുതിയുടെ നിലപാട്. അതിന് ജാഗ്രുതിക്ക് അവരുടേതായ ന്യായങ്ങളുണ്ട്. തൊഴിലോ വരുമാനമോ ഇല്ലാതെ ഭര്‍ത്താവിന്റെ അടിമയായി, നരകിച്ച് ജീവിച്ച വര്‍ഷങ്ങളെ അവര്‍ക്ക് മറികടക്കണം. എത്ര വളര്‍ന്നാലും, സ്ത്രീകളെ പ്രൊഫഷണല്‍ മര്യാദയോടെ കാണാന്‍ കഴിവില്ലാത്ത സമൂഹത്തെ മറികടക്കണം. ജയിലില്‍ നേരിടേണ്ടി വന്ന ആക്രമണങ്ങളെ മറികടക്കണം. അവസാന എപ്പിസോഡില്‍ ജയ്ദേബിനെ കൊല്ലുന്നതിന് കൂട്ടുനിന്നിട്ടില്ലെങ്കിലും താന്‍ ജേര്‍ണലിസത്തെ കൊല്ലുന്നതിന്റെ ഭാഗമായിട്ടുണ്ട് എന്ന് ജാഗ്രുതി ഏറ്റു പറയുന്നുണ്ട്. അതിനോടുള്ള ജയിലിലെ മറ്റൊരു അന്തേവാസിയുടെ പ്രതികരണം- നീ നിരപരാധിയാണ് എന്നുള്ള വിചാരം ഞാനും മാറ്റിയേക്കാം- എന്നാണ്. ജാഗ്രുതി ആ അര്‍ത്ഥത്തില്‍ നിരപരാധിയല്ല. പക്ഷേ അവര്‍ നേരിട്ടത് കടുത്ത അനീതിയാണ്.

കരിയറിസ്റ്റ് ആകാതെ, തെളിഞ്ഞ നീതി ബോധത്തോടെ ജേര്‍ണലിസത്തേയും മനുഷ്യരേയും സമീപിക്കുന്ന ഇമ്രാന്‍ സിദ്ദീഖി (മുഹമ്മദ് സീഷാന്‍ അയ്യൂബ് അതിഗംഭീരമായി അവതരിപ്പിക്കുന്ന കഥാപാത്രം) എന്ന ഈസ്റ്റേണ്‍ പേജ് എഡിറ്ററെ നമുക്കിതില്‍ മനുഷ്യപക്ഷത്തിന്റെ പ്രതിനിധിയായി കാണാം. രോഗത്തിനും സീനിയേഴ്സിനും മനുഷ്യത്വത്തിനും കരിയര്‍ ചോയ്സുകള്‍ക്കുമിടയില്‍ പെട്ട ഒരു പോലീസുകാരന്‍, ജാഗ്രുതി കാണിച്ച് കൊടുത്ത വഴിയില്‍ ജാഗ്രുതിയുടെ വീഴ്ച മുതലെടുത്ത് കുതിക്കുന്ന അടുത്ത തലമുറ, ജോലി ഇടങ്ങളില്‍ പ്രമോഷന്‍ ലഭിച്ചാല്‍ അവരുടെ കഴിവുകളെ ഇകഴ്ത്തി അപവാദങ്ങള്‍ പ്രചരിക്കുന്നത് കേള്‍ക്കേണ്ടിവരുന്ന പ്രൊഫഷണലുകളായ സ്ത്രീകള്‍ എന്നിങ്ങനെ ഏത് ജീവിതാവസ്ഥകളിലും നമുക്ക് പരിചിതരായ മനുഷ്യര്‍ ഇതിലുണ്ട്. പോലീസും ഇന്‍ഫോമേഴ്സും ഹൈറാര്‍ക്കിയും ചതിയും ഒറ്റും അസൂയയും വക്കീല്‍മാരും കോടതിയും ചോദ്യം ചെയ്യല്‍ മുറികളും സൗഹൃദവും ബന്ധങ്ങളും മനുഷ്യാവസ്ഥകളുടെ കയറ്റിറക്കങ്ങളുമെല്ലാം ജിവിതത്തിലെന്ന പോലെ പ്രതിഫലിപ്പിക്കാന്‍ ഹന്‍സല്‍ മേത്തയ്ക്ക് കഴിയുന്നുണ്ട്.

സ്‌കൂപ്പ്, ടി വി സീരിസില്‍ നിന്നുള്ള രംഗം

ഭീകരവാദക്കേസുകളില്‍ പ്രതികളാണെന്ന് ആരോപിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം നരകയാതനകള്‍ക്ക് ശേഷം മനസും ശരീരവും തളര്‍ന്ന് പുറത്തെത്തിയ മുസ്ലീങ്ങളെ വാര്‍ത്തകളിലും നിത്യജീവിതത്തിലും നമ്മള്‍ കണ്ടിട്ടുണ്ട്. ഗുജറാത്തില്‍, കശ്മീരില്‍, ബാംഗ്ലൂരില്‍, യു.പിയില്‍, മുംബൈയില്‍, ഡല്‍ഹിയില്‍.. അവര്‍ പലരും ജയിലനുഭവങ്ങളെ കുറിച്ച് എഴുതിയിട്ടുണ്ട്. അവര്‍ നേരിട്ടുവെന്ന് പറയുന്ന ക്രൂരതകള്‍ നുണയാണെന്ന് പറയാന്‍ പോലും ഇതുവരെ ഭരണകൂടം മെനക്കെട്ടിട്ടില്ല. അതേ സമയം ഭീകരവാദ കേസില്‍ തന്നെ ജയിലിലായ പ്രഗ്യാസിങ് ഠാക്കൂറിന് എങ്ങനെയായിരുന്നു ജയിലില്‍ യു.പി.എ ഭരണകാലത്തും സൗകര്യങ്ങള്‍ ലഭിച്ചിരുന്നത് എന്നതിന്റെ ഒരു ചിത്രവും നമുക്ക് ഹന്‍സല്‍ മേത്ത തരുന്നുണ്ട്. അത് കൂടി ചേര്‍ന്നതാണ് സ്‌കൂപ്പ്.

ജാഗ്രുതി പാഥക് എന്ന ഗുജറാത്തി സിംഗിള്‍ മദര്‍ ജേര്‍ണലിസ്റ്റിന്റെ ജീവിതത്തിലുണ്ടായ ദുരന്തമാണ് ഈ സീരീസിന്റെ അടിസ്ഥാന ഇതിവൃത്തം. അതിന് ജിഗ്ന വോറയുടെ ജീവിതവുമായി നേരിട്ടുള്ള ബന്ധമുണ്ട്. പക്ഷേ അതല്ല സ്‌കൂപ്പ്. അത് ജേര്‍ണലിസത്തിന്റെ അധഃപതനമാണ്. ശവങ്ങളെ കാത്തിരിക്കുന്ന കഴുകന്മാരെ പോലെ ഒരോ ദുരന്തങ്ങളും തക്കം പാര്‍ത്തിരിക്കുന്ന, എന്തും അവസരമായി കാണുന്ന ഒരു വീഴ്ച ജേര്‍ണലിസത്തിന് സംഭവിച്ചത് നമുക്കിതില്‍ വ്യക്തമായി കാണാം. അതേസമയം ഇത് ജേര്‍ണലിസത്തിന്റെ സ്തുതിഗീതവുമാണ്. ലോകത്തെ കുറിച്ച് കരുതലുകളുള്ള, സഹപ്രവര്‍ത്തകരെ കുറിച്ചും തൊഴില്‍ സാഹചര്യങ്ങളെ കുറിച്ചും ബോധ്യമുള്ള, ജേര്‍ണലിസം നിലം പതിക്കുന്നതില്‍ ഖേദമുള്ള മനുഷ്യരുടെ വാഴത്ത് പാട്ട്. സ്വന്തം തൊഴില്‍ സംഘടനകളെ സ്വാര്‍ത്ഥ താത്പര്യം ബാധിച്ചവര്‍ ഒറ്റുകൊടുക്കുന്നതില്‍ ദുഖമുള്ള, ഏത് തകര്‍ച്ചയ്ക്കപ്പുറവും പുതിയ സത്യം തേടിപ്പോകാന്‍ കരുത്തുള്ള ജേര്‍ണലിസ്റ്റുകള്‍, വാര്‍ത്ത തൊഴിലാളികള്‍..

ജയിലിനകത്തും പുറത്തും നിത്യജീവിതത്തിലും തൊഴില്‍ ലോകത്തും സാധാരണ മനുഷ്യരുണ്ട്. ജയ് ശ്രീകൃഷ്ണ എന്ന് സംസാരത്തില്‍ ആവര്‍ത്തിക്കുന്ന, വെജിറ്റേറിയന്‍ ജീവിതത്തിലും വിശ്വാസത്തിലും പ്രാര്‍ത്ഥനയിലും മുങ്ങിയ, ഒരു ഹൈന്ദവ കുടുംബത്തെ ജാഗ്രുതിയുടെ വീട്ടില്‍ നമുക്ക് കാണാം. അതും ഗുജറാത്തില്‍ നിന്നുള്ളത്. രാഷ്ട്രീയ ആകുലതകളൊന്നും അവരെ ബാധിച്ചിട്ടില്ല. പക്ഷേ അവര്‍ വിശ്വസിക്കുന്ന, അവര്‍ കൂടി ചേര്‍ന്ന് പടുത്തുയര്‍ത്തിയ ഒരു സംവിധാനമാണ്, അവരിലൊരാളായ ജാഗ്രുതിയെ അകത്ത് തള്ളുന്നത്. മനുഷ്യര്‍ എന്ന നിലയിലുള്ള അവരുടെ ദുഖം അതിഗാഢമാണ്. തങ്ങളുടെ ജീവിതത്തിന്റെ തളര്‍ച്ചയും തകര്‍ച്ചയും അവര്‍ കൈകാര്യം ചെയ്യുന്നത് അസാമാന്യമായ കൈയ്യടക്കത്തോടെ ഹന്‍സല്‍ മേത്ത അവതരിപ്പിച്ചിട്ടുണ്ട്.

സിനിമയിലെ ജൊയ്ദേബ് സെന്നിന് നീതി ലഭിച്ചുവോ? ഇല്ല. ജാഗ്രുതി പാഥക് ഒരു ബലിയാടായിരുന്നു. എട്ടു വര്‍ഷത്തെ നിയമ യുദ്ധം. ഒരു വര്‍ഷത്തോളം പോന്ന കഠിനമായ ജയില്‍ വാസം. ജാഗ്രുതി അനുഭവച്ചത് കൊണ്ട് ജൊയ്ദേബ് സെന്നിന് നീതി ലഭിക്കില്ലല്ലോ.

ഛോട്ടാ രാജന്‍( ചിത്രത്തിനു കടപ്പാട്; വിക്കിപീഡിയ)

കരിയര്‍ തുടങ്ങി ഏഴ് വര്‍ഷത്തിനുള്ളില്‍ ഡെപ്യൂട്ടി ബ്യൂറോ ചീഫ് പദവിയിലെത്തിയ, ഛോട്ടാ രാജന്‍ ഇങ്ങോട്ട് വിളിച്ച് അഭിമുഖം നല്‍കിയ, സിംഗിള്‍ മദറായ, മുപ്പതുകളിലുള്ള, എല്ലാ ദിവസവും ഒന്നാം പേജ് ബൈലൈനുകളാല്‍ സഹപ്രവര്‍ത്തകരെ അസൂയപ്പെടുത്തുന്ന, പോലീസ് സേനയില്‍ ഉന്നത ബന്ധങ്ങളുള്ള, ഏത് ഗോസിപ്പുകളും ചാര്‍ത്തിക്കൊടുക്കാവുന്ന ഒരു വനിത ജേര്‍ണലിസ്റ്റ് മറ്റൊരു ജേര്‍ണലിസ്റ്റിന്റെ കൊലപാതകത്തില്‍ അറസ്റ്റ് ചെയ്യപ്പെടുന്നതോടെ വാര്‍ത്തകള്‍ യു ടേണ്‍ തിരിയുമെന്ന് ഏത് പോലീസുകാര്‍ക്കും അറിയാം. ജൊയ്ദേബിന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യാതിരിക്കുന്നതിലുള്ള മാധ്യമ ലോകത്തിന്റെ രോഷം തണുത്തു. ജേര്‍ണലിസ്റ്റുകള്‍ ജാഗ്രുതിക്ക് എതിരും അനുകൂലവുമായി വേര്‍ പിരിഞ്ഞു. ദാവൂദിനേയും ഛോട്ടാ രാജനേയും അറസ്റ്റ് ചെയ്യാത്തതിലുള്ള ജനരോഷം ഗോസിപ്പുകള്‍ക്ക് വഴിമാറി. പോലീസിന്റെ പിടിപ്പ് കേടുകള്‍ക്ക് പകരം നിറം പിടിച്ച കഥകള്‍ പരന്നു. ഛോട്ടാ രാജനെ പോലൊരു ക്രിമിനലിന് ജോയ്ദേബ് സെന്നിന്റെ വിലാസവും മോട്ടോര്‍ സൈക്കിള്‍ നമ്പറും ലഭിക്കാന്‍ ജാഗ്രുതി പാഥക്കിന്റെ സഹായം വേണമായിരുന്നോ എന്നുള്ള അടിസ്ഥാന ചോദ്യം ജേര്‍ണലിസ്റ്റുകള്‍ ഒന്നായി ഉന്നയിച്ചില്ല. അമ്പതിലേറെ ഫോണ്‍ കോളുകള്‍ ജാഗ്രുതി ഛോട്ടാ രാജനുമായി നടത്തിയെന്ന് കുറ്റപത്രത്തില്‍ പറഞ്ഞിട്ട് ഒന്നില്‍ പോലും തെളിവ് ഹാജരാക്കാതിരുന്നത് എന്താണ് എന്ന് പോലീസിന് നേരെ സംഘടിതരായി ജേണലിസ്റ്റുകള്‍ ചോദിച്ചില്ല. തീയില്ലാതെ പുകയുണ്ടാകില്ല എന്ന സിദ്ധാന്തം കൊണ്ട് അവര്‍ സ്വന്തം നാണക്കേടിനെ മറച്ച് പിടിച്ചു.

സീരീസിന്റെ ഒടുവില്‍ ജിഗ്‌ന വോറ ക്യാമറയ്ക്ക് മുന്നില്‍ വന്ന് സംസാരിക്കുന്നുണ്ട്. ‘എല്ലാവരും എന്നോട് കഴിഞ്ഞതെല്ലാം മറക്കാന്‍ പറയുന്നു. ഞാന്‍ ഒരു കൊലപാതകിയായി ചിത്രീകരിക്കപ്പെട്ടത് മാത്രമല്ല, എന്റെ മകന്‍ കൊലപാതകിയുടെ മകനായി ചിത്രീകരിക്കപ്പെട്ടു. അവനന്ന് എട്ടൊന്‍പത് വയസാണ് പ്രായം… ഞാന്‍ എല്ലാവരോടും പൊറുത്തു. പക്ഷേ മറക്കാന്‍..അത് പറയുത്. ആ അധ്യായം എന്റെ ഉള്ളില്‍ ഒരിക്കലും അടയില്ല…’- അവര്‍ പറയുന്നു.

സീരീസ് അവസാനിക്കുമ്പോള്‍ ആദ്യം തെളിഞ്ഞ് വരുന്ന ചിത്രം സ്വഭാവികമായും ജ്യോതി ദേയുടെതാണ്. നീതി ലഭിക്കാത്ത ആ ഐതിഹാസിക പത്രക്കാരന്റെ ഓര്‍മ. തുടര്‍ന്ന് 2000 മുതല്‍ 102 ഇന്ത്യന്‍ ജേര്‍ണലിസ്റ്റുകള്‍ കൊല്ലപ്പെടുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട് എന്ന കണക്ക് സ്‌ക്രീനില്‍ തെളിയുന്നു. പിന്നെ ശൂന്യമായ സക്രീനില്‍ ഗൗരിലങ്കേഷിന്റെ ചിരിക്കുന്ന മുഖം തെളിഞ്ഞ് വന്നു. ഗൗരി ലങ്കേഷ് (ഷോട്ട് ഡെഡ്) 2017. ആ ചിത്രം മായുന്നതിന് മുമ്പ് തന്നെ സ്‌ക്രീനില്‍ കൊല്ലപ്പെട്ടവരും ജയിലില്‍ അടയ്ക്കപ്പെട്ടവരുമായ ജേര്‍ണലിസ്റ്റുകളുടെ പലരുടേയും ചിത്രങ്ങള്‍ തെളിഞ്ഞു സിദ്ദീഖ് കാപ്പന്റെ, ഗൗതം നവ്ലഖയുടെ, രാജ്ദേവ് രാജന്റെ, രാകേഷ് നിര്‍ഭകിന്റെ, അഖിലേഷ് സിങ്ങിന്റെ, കിഷോര്‍ ദേവിന്റെ.. ജേര്‍ണലിസം ആരോഗ്യത്തിന് ഹാനികരമെന്ന പഴയ ആപ്തവാക്യം വീണ്ടും വീണ്ടും ഓര്‍മ്മ വന്നു.

സ്‌കൂപ്പ്, ഇന്ത്യയുടെ രാഷ്ട്രീയമാണ്. പറഞ്ഞാല്‍ അവസാനിക്കാത്തത്. തൊണ്ണൂറുകളിലും രണ്ടായിരത്തിലും ഇക്കാലത്തും എന്നും പ്രസക്തമായതും പ്രധാനമായതും…

 

Avatar

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍