November 02, 2024 |

വ്യാജ വാര്‍ത്തകളുടെ കാലത്തെ ഒരു ജേര്‍ണലിസ്റ്റും, ഒരു കൊലപാതകവും, പൂര്‍ത്തികരിക്കാത്ത ഒരന്വേഷണത്തിനായുള്ള ഉദ്യമവും

തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതിനെ കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിക്കാന്‍ പദ്ധതിയിട്ടതിന് ദിവസങ്ങള്‍ക്ക് മുമ്പാണ്, 2017-ല്‍ ജേര്‍ണലിസ്റ്റ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്.

2017 സെപ്തംബര്‍ 5, ധീരയായ പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതക ദിനം. രാജ്യത്തെ നടുക്കിയ ആ ക്രൂരതയ്ക്ക് ഇന്ന് ഏഴ് വയസ്. ഗൗരി ലങ്കേഷ് എന്ന പേരും അവരുടെ പ്രവര്‍ത്തികളും ഇന്ത്യ ഓര്‍ത്തിരിക്കേണ്ടത്, ഫാസിസത്തിനെതിരേ മുന്നോട്ടു പോകാനുള്ള ഊര്‍ജ്ജം നേടുന്നതിന് അത്യാവശ്യമാണ്. ഈ റിപ്പോര്‍ട്ട് ഈ ദിവസം പുനഃപ്രസിദ്ധീകരിക്കുന്നതിന്റെ ലക്ഷ്യവുമതാണ്.

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കുറിച്ചുള്ള അന്തരാഷ്ട്ര തലത്തിലുള്ള ഒരു അന്വേഷണ പരമ്പര –സ്റ്റോറി കില്ലേഴ്സ്- ആദ്യ ഭാഗം

2017 സെപ്തംബര്‍ അഞ്ചിന് ബംഗളൂരുവിലുള്ള തന്റെ ഓഫീസില്‍ 55 കാരിയായ ഗൗരി ലങ്കേഷ് എന്ന ജേര്‍ണലിസ്റ്റ് എത്തിയത് വൈകിയായിരുന്നു. ഒരു റെസിഡന്‍ഷ്യല്‍ തെരുവിലെ മങ്ങിയ മഞ്ഞ പെയിന്റടിച്ച മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു ഓഫീസ്. തന്റെ വാരികയുടെ ഇറങ്ങാന്‍ പോകുന്ന ലക്കത്തിന്റെ കരട് ഒരിക്കല്‍ കൂടി പരിശോധിച്ച്, എപ്പോഴും ഏറ്റവും അവസാനം മാത്രം എഴുതാറുള്ള മുഖപ്രസംഗത്തില്‍ ചില്ലറ മിനുക്ക് പണികള്‍ നടത്തി.

ഇന്ത്യയില്‍ നുണക്കഥകളും കള്ളപ്രചാരണങ്ങളും പടരുന്നതും സൈബര്‍ ലോകത്ത് വെറുപ്പ് പ്രചരിപ്പിക്കുന്ന കൂട്ടരുടെ പ്രധാന ശത്രുക്കളിലൊരാളാണ് താന്‍ എന്ന അനുഭവവും ‘വ്യാജവാര്‍ത്തകളുടെ കാലത്ത്’ എന്ന് തലക്കെട്ട് ഇട്ടിരുന്ന ആ മുഖപ്രസംഗം എഴുതുമ്പോള്‍ ഗൗരി ലങ്കേഷിന്റെ മനസിലുണ്ടായിരുന്നിരിക്കണം. കിവംദന്തികളും അര്‍ദ്ധസത്യങ്ങളും നിറച്ച ‘നുണ ഫാക്ടറി’കളായ വെബ്സൈറ്റുകള്‍ എങ്ങനെയാണ് ഇന്ത്യയില്‍ വ്യാജ വാര്‍ത്തയും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് എന്ന് ആ മുഖപ്രസംഗത്തില്‍ അവര്‍ സ്പഷ്ടമാക്കി. ഒരു ഹിന്ദു വിഗ്രഹവുമായി ബന്ധപ്പെടുത്തി പ്രതിപക്ഷ പാര്‍ട്ടിയെ കുറിച്ച് വലിയ തോതില്‍ പ്രചരിപ്പിക്കപ്പെടുന്ന, വൈറലായി മാറിയ, ഒരു കിംവദന്തിയുടെ വിശദാംശങ്ങള്‍ ഗൗരി ലങ്കേഷ് വിശദീകരിക്കുന്നു. തീവ്രവിനാശ സ്വഭാവമുള്ള ഈ കിംവദന്തി പ്രചരിപ്പിക്കുന്ന പ്രധാന വെബ്സൈറ്റ് ‘പോസ്റ്റ് കാര്‍ഡ് ന്യൂസ്’ ആണെന്ന് ഗൗരി ലങ്കേഷ് കണ്ടെത്തി. ഒരു പ്രാദേശിക ബിസിനസുകാരനായ മഹേഷ് വിക്രം ഹെഗ്‌ഡേയാണ് ഈ സൈറ്റ് നടത്തുന്നത്. ഈ കിവംദന്തി തുടര്‍ന്ന് പ്രചരിപ്പിച്ചത് ഭരണപക്ഷത്തുള്ള ബി ജെ പിയും രാഷ്ട്രീയ താത്പര്യങ്ങളുള്ള വ്യക്തികളുമാണ്. ‘അവര്‍ ഒരായുധമായി ഈ വ്യാജ വാര്‍ത്തയെ ഉപയോഗിച്ചു’- ഗൗരി ലങ്കേഷ് എഴുതി.

ഗൗരി ലങ്കേഷ് (ഫോട്ടോ- ശീതള്‍ ജെയ്ന്‍)

രണ്ട് ദിവസത്തിനകം പ്രസിദ്ധീകരിക്കാനിരിക്കുന്ന ആ ലേഖനം കുറേ ദിവസങ്ങളായി ഗൗരി ലങ്കേഷ് മിനുക്കിക്കൊണ്ടേയിരിക്കുകയായിരുന്നു. അതിന്റെ പണികള്‍ തീര്‍ന്നതോടെ അവര്‍ ആ ദിവസം ഭയങ്കര സന്തോഷത്തിലായിരുന്നുവെന്ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഓര്‍ക്കുന്നു. ആ വൈകുന്നേരം തന്റെ ഫെമിനിസ്റ്റ് സുഹൃത്തുക്കളുമായുള്ള വര്‍ത്തമാനങ്ങള്‍ക്കാണ് അവര്‍ ചെലവഴിച്ചത്.

തിരികെ വീട്ടിലേയ്ക്ക് ഗൗരി ലങ്കേഷ് ഇറങ്ങുന്ന നേരമായപ്പോഴേയ്ക്കും ബംഗളൂരു നഗരത്തിന് മേല്‍ സന്ധ്യയുടെ ആവരണം വീണിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ചെയ്തത് പോലെ തന്റെ സഹോദരിയുടെ വീട്ടിലെത്തി ‘ദിസ് ഈസ് അസ്’ എന്ന ഷോ കുത്തിയിരുന്നു തുടര്‍ച്ചയായി കാണാനായിരുന്നു തീരുമാനമെങ്കില്‍ മറ്റേതൊരു രാത്രിയും പോലെ തന്നെയാകുമായിരുന്നു അന്നും. പകരം, നേരെ വീട്ടില്‍ പോകാനായിരുന്നു അന്ന് ഗൗരി ലങ്കേഷ് തീരുമാനിച്ചത്. വലിയ ശബ്ദങ്ങള്‍ പതിവില്ലാത്ത ശാന്തമായ ഒരു പ്രദേശമായിരുന്നു അത്. ഗേറ്റ് കടന്ന് വീടിന്റെ മുറ്റത്തേയ്ക്ക് ഗൗരി ലങ്കേഷ് പ്രവേശിച്ചതോടെ നാല് വെടിയുണ്ടകളുടെ ശബ്ദം ആ പരിസത്തെ നടുക്കികൊണ്ട് പ്രതിദ്ധ്വനിച്ചു. ആദ്യ വെടിയുണ്ട വലത് ചുമലിന്റെ പിന്നിലായിരുന്നു കൊണ്ടത്. അടിവയറ്റില്‍ തുളഞ്ഞ് കയറിയ മറ്റ് രണ്ട് വെടിയുണ്ടകള്‍ മിക്കവാറും പ്രധാന അവയവങ്ങളെ എല്ലാം തകര്‍ത്ത് കളഞ്ഞു. നാലാമത്തേത് വീടിന്റെ ചുമരില്‍ തട്ടി തെന്നി തെറിച്ചു. സി.സി.ടിവിയില്‍ പെടാതിരിക്കാന്‍ മുഖം മറച്ച് കൊണ്ട് ഇരുചക്രവാഹനത്തില്‍ എത്തിയ ഒരാളും അയാളുടെ സഹായിയും അവിടെ നിന്ന് പാഞ്ഞുപോയി.

തല്‍ക്ഷണം മരണമടഞ്ഞ ഗൗരി ലങ്കേഷിന് തന്റെ മുഖപ്രസംഗം അച്ചടിച്ച് വന്നത് കാണാന്‍ പറ്റിയില്ല.

ഗൗരി ലങ്കേഷിന്റെ മരണം രാജ്യത്തുടനീളം നടുക്കമുണ്ടാക്കി. ‘ഞാനും ഗൗരിയാണ്’ എന്ന് എഴുതിയത് ഉയര്‍ത്തി പിടിച്ച് കൊണ്ട് നൂറുകണക്കിന് പേര്‍ അവരുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ഹിന്ദു ദേശീയവാദികളുടെ സംഘടനയായ സനാതന്‍ സന്‍സ്തയുടെ പ്രവര്‍ത്തകരായ 17 പേരെ പോലീസ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഹിന്ദു ജനജാഗ്രത സമിതി തുടങ്ങിയ മത സംഘടനള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നവരാണ് സനാതന്‍ സന്‍സ്ത. (പതിനെട്ടാം പ്രതി ഇപ്പോഴും ഒളിവിലാണ്). ഈ സംഘം ഒരുവര്‍ഷത്തിലേറെയായി കൊലപാതകത്തിന് പദ്ധതിയിടുകയായിരുന്നുവെന്നും ആയുധങ്ങള്‍ ശേഖരിക്കുകയും പരിശീലനം നടത്തുകയും ഗൗരി ലങ്കേഷിന്റെ നിത്യേനയുള്ള പ്രവര്‍ത്തികളും യാത്രകളും നിരീക്ഷിക്കുകയും ചെയ്തിരുന്നുവെന്നുമാണ് പോലീസ് പറയുന്നത് (ഈ കേസിന്റെ വിചാരണ ഇപ്പോള്‍ ബംഗളൂരുവില്‍ നടക്കുകയാണ്. ഈ വിഷയത്തിലുള്ള പ്രതികരണം ആരാഞ്ഞപ്പോള്‍ ഒരു ഇ-മെയ്ല്‍ സന്ദേശത്തിലൂടെ സനാതന്‍ സന്‍സ്തയുടെ പ്രതിനിധി പ്രതികരിച്ചത് ഇങ്ങനെയാണ്: കോടതിയുടെ പരിഗണനയിലുള്ള കേസുമായി ബന്ധപ്പെട്ടതാണ് നിങ്ങളുടെ ചോദ്യങ്ങള്‍. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ഒരു സ്വതന്ത്ര സംവിധാനമായതിനാല്‍ തന്നെ അതിനോട് പ്രതികരിക്കുന്നത് തെറ്റാണ്).

ഭീഷണികള്‍ നേരിടുകയും ജയിലില്‍ അടയ്ക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന ജേര്‍ണലിസ്റ്റുകളുടെ പൂര്‍ത്തീകരിക്കാനാവാത്ത പ്രവര്‍ത്തനങ്ങള്‍ തുടരുക എന്നതാണ് ‘ഫോര്‍ബിഡന്‍ സ്റ്റോറീസ്’-ന്റെ ദൗത്യം. വ്യാജവാര്‍ത്തകള്‍ ആയുധമായി ഉപയോഗിക്കാനും വ്യവസായികാടിസ്ഥാനത്തില്‍ ഉത്പാദിക്കാനും തുടങ്ങിയെന്ന ഗൗരി ലങ്കേഷിന്റെ മുന്നറിയിപ്പിനെ കണക്കിലെടുത്ത് ആഗോളാടിസ്ഥാനത്തില്‍ തന്നെ ‘സ്റ്റോറി കില്ലേഴ്സ്’ എന്ന പ്രൊജക്ടിന്റെ ഭാഗമായി ഈ വ്യാജവാര്‍ത്ത നിര്‍മ്മിച്ച് നല്‍കുന്ന വിപണിയെ കുറിച്ച് അന്വേഷിക്കുന്നതിനാണ് ഞങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്. അതിനായി 30 മീഡിയ സ്ഥാപനങ്ങളില്‍ നിന്നുള്ള 100 ജേര്‍ണലിസ്റ്റുകള്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. ഇന്ത്യ മുതല്‍ തെക്കേ അമരിക്കയും യൂറോപ്പും വരെയുള്ളവിടങ്ങളില്‍ ചെറുകിട വ്യാജവാര്‍ത്ത വിതരണക്കാര്‍ മുതല്‍ ജനാധിപത്യരാജ്യങ്ങളെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ വ്യാജവാര്‍ത്താ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പോന്ന ബഹുരാഷ്ട്ര പോരാളികള്‍ വരെയുള്ളവര്‍ വളര്‍ന്ന് പന്തലിക്കുന്ന, നിയന്ത്രണരഹിതമായ ഈ വിപണയുടെ പല അടരുകള്‍ കീറി പരിശോധിക്കുകയാണ് ഈ ജേര്‍ണലിസ്റ്റുകള്‍.

ഗൗരി ലങ്കേഷിന്റെ മരണത്തിന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, കേസ് ഫയലുകള്‍ വായിക്കുകയും ലോക്കല്‍ പോലീസിനോടും അഭിഭാഷകരോടും സംസാരിക്കുകയും ചെയ്ത ഫോര്‍ബിഡന്‍ സ്റ്റോറീസ് ഈ കേസിന്റെ കുറ്റാന്വേഷണത്തില്‍ കാര്യമായി പരിശോധിക്കാതെ പോയ ഒരു തുമ്പിനെ കുറിച്ച് വിശദായി തന്നെ അന്വേഷണം നടത്തി. ഗൗരി ലങ്കേഷിന്റെ കൊലപാതകം നടത്തിയെന്ന് കരുതപ്പെടുന്നവര്‍ കൊലയ്ക്കുള്ള ന്യായീകരണമെന്ന് നിലയിയില്‍ പ്രചരിപ്പിച്ച, ഗൗരി ലങ്കേഷിന്റെ 2012-ലെ ഒരു യൂ ട്യൂബ് വീഡിയോ, എങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്?

NotInMyName’ കാമ്പയിനിന്റെ ഭാഗമായി ഗൗരി ലങ്കേഷ് അടക്കമുള്ളവരുടെ കൊലപാതകത്തില്‍ നീതി നടപ്പാക്കപ്പെടണമെന്നാവശ്യപ്പെട്ട് ബംഗളൂരുവില്‍ നടന്ന പ്രതിഷേധം. ഫോട്ടോ-ജോ അത്യാലി/വിക്കിമീഡിയ


ശല്യക്കാരിയായ മാധ്യമപ്രവര്‍ത്തക
ഗൗരി ലങ്കേഷ് ഇന്ന് ബംഗളൂരുവില്‍ ബഹുമാനങ്ങളോടെ സ്മരിക്കപ്പെടുന്ന ഒരാളാണ്. ആ നഗരത്തിലാണ് അവര്‍ ജനിച്ചതും തന്റെ മുപ്പതുകളില്‍ തിരിച്ചെത്തി സ്ഥിരതാമസമാക്കിയതും. ബംഗളൂരുവിലെ വിഖ്യാതമായ കോശീസ് റെസ്റ്റോറന്റില്‍ അവര്‍ പതിവുകാരിയായിരുന്നു. ജനാലയ്ക്കടുത്തുള്ള പതിവ് സീറ്റ് ഇപ്പോഴും ഗൗരിയുടേതാണെന്നാണ് റസ്റ്റോറന്റ് ഉടമ പ്രേം കോശി വിചാരിക്കുന്നത്. ഗൗരിയുമായി ചെലവഴിച്ച സമയങ്ങള്‍ സ്നേഹത്തോടെ റിപ്പോര്‍ട്ടര്‍മാര്‍ ഓര്‍മ്മിച്ചെടുക്കുന്നു. അവര്‍ പലരും ഈ പ്രൊഫഷണിലേയ്ക്ക് പ്രവേശിക്കാന്‍ തന്നെ പ്രചോദമായി തീര്‍ന്നത് ഗൗരിയായിരുന്നു.

പക്ഷേ മരണത്തിന് മുമ്പ് ഗൗരി ലങ്കേഷ് തന്റെ പിതാവ് പി.ലങ്കേഷിനെ പോലെ സര്‍വ്വര്‍ക്കും പരിചിതയായ ഒരാളായിരുന്നില്ല. വിഖ്യാതമായ കന്നട പ്രസിദ്ധീകരണമായ ലങ്കേഷ് പത്രികയുടെ പത്രാധിപരും എഴുത്തുകാരനുമായ പി.ലങ്കേഷ് തന്റെ അന്വേഷണാത്മക രചനകളുടെ പേരില്‍ പ്രശസ്തനായിരുന്നു. മുമ്പില്ലാത്ത വിധത്തിലുള്ള പത്രപ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടായിരുന്ന, ഇന്ത്യന്‍ ജേര്‍ണലിസത്തിന്റെ സുവര്‍ണകാലത്ത് (എണ്‍പതുകളുടെ ആദ്യ വര്‍ഷങ്ങള്‍) പി.ലങ്കേഷ് രാഷ്ട്രീയത്തെ ബാധിച്ചിരുന്ന അഴിമതികളെ തുറന്ന് കാട്ടി.

‘അഴിമതിയെ കുറിച്ചുള്ള വെളിപ്പെടുത്തലുകളോടെ ഞങ്ങളുടെ അച്ഛന്‍ സര്‍ക്കാരുകളെ തന്നെ വീഴ്ത്തിയിട്ടുണ്ട്.’- ഗൗരിയുടെ ഇളയ സഹോദരി കവിത ലങ്കേഷ് പറഞ്ഞു. ബംഗളൂരുവില്‍ നേരത്തേ ഗൗരി ലങ്കേഷ് ജോലി ചെയ്തിരുന്ന അതേ കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് കവിതയുടെ ഓഫീസ്.

ഗൗരി പക്ഷേ, ഇത്തരം മോഹങ്ങളോടെയൊന്നുമല്ല, ജേര്‍ണലിസം ആരംഭിച്ചതെന്ന് കവിത ചൂണ്ടിക്കാണിച്ചു.

 

ഗൗരി ലങ്കേഷ്(വലത്) പിതാവ് പി ലങ്കേഷിനും സഹോദരി കവിതയ്ക്കുമൊപ്പം (ഫോട്ടോ കടപ്പാട് കവിത ലങ്കേഷ്)

ഡല്‍ഹിയില്‍ തന്നെ ജേര്‍ണലിസം ആരംഭിച്ച ഗൗരി ക്രിമിനല്‍ അന്വേഷണങ്ങള്‍ മുതല്‍ പ്രൊഫൈല്‍ സ്റ്റോറികള്‍ വരെ എഴുതി. ടൈംസ് ഓഫ് ഇന്ത്യ, ഇ.ടി.വി തെലുഗു, സണ്‍ഡേ മാഗസിന്‍ എന്നിവടങ്ങളില്‍ ജോലി ചെയ്തു. 2000-ല്‍ അച്ഛന്‍ മരിച്ചതോടെയാണ് ബംഗളൂരുവില്‍ തിരിച്ചെത്തി ലങ്കേഷ് പത്രിക ഗൗരി ഏറ്റെടുക്കുന്നത്. അതോടെ അവരുടെ എഴുത്തിന്റെ രാഷ്ട്രീയപരമായി തിരിയുകയും അതിന്റെ മൂര്‍ച്ച വര്‍ദ്ധിക്കുകയും ചെയ്തു. ജേര്‍ണലിസ്റ്റ് എന്ന നിലയില്‍ താനെന്താണ് ചെയ്യേണ്ടത് എന്ന് മനസിലാക്കിക്കൊണ്ടുള്ള ഒരു ‘രൂപാന്തര’മായിരുന്നു ആ നീക്കമെന്ന് ഇപ്പോള്‍ കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും കരുതുന്നു.

2005-ല്‍ ഗൗരി ലങ്കേഷ് പത്രിക എന്ന ഒരു വാരിക കൂടി അവര്‍ ആരംഭിച്ചു. കര്‍ണാടകയുടെ ഉള്‍ഗ്രാമങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും വാര്‍ത്തവിശകലനങ്ങളും ഉള്‍പ്പെടുത്തിയ ഗൗരി ലങ്കേഷ് പത്രിക നിലനില്‍ക്കുന്ന വ്യവസ്ഥിതിക്കെതിരെയും വലത് തീവ്ര ഹിന്ദു ദേശീയവാദികളുടെ വളര്‍ച്ചയ്ക്ക് എതിരേയും നിലപാടുകളെടുത്തു. വടക്കന്‍ കര്‍ണാടകയിലെ നിയമവിരുദ്ധ ഖനനത്തെ കുറിച്ചും പ്രദേശിക അഴിമതികളെ കുറിച്ചും മതപരമായ ധ്രുവീകരണത്തെ കുറിച്ചും അവര്‍ അന്വേഷണം നടത്തി. അവരുടെ ആക്രമണം നേരിട്ടവരില്‍ ഒരു കൂട്ടര്‍ ബി ജെ പിയായിരുന്നു(രണ്ട് വട്ടം ഗൗരി ലങ്കേഷിനെതിരെ ബി ജെ പി ലോക്‌സഭ അംഗം പ്രഹ്ലാദ് ജോഷി മാനനഷ്ട ആരോപണം ഉന്നയിച്ചു).

ഗൗരി ലങ്കേഷ് പാരീസില്‍ താമസിച്ചിരുന്ന കാലത്ത്. ഫോട്ടോ കടപ്പാട് കവിത ലങ്കേഷ്‌

ഗൗരി ലങ്കേഷ് സ്വയം വിശേഷിപ്പിച്ചിരുന്നത് ജേര്‍ണലിസ്റ്റ് ആക്ടിവിസ്റ്റ് എന്നാണ്. ഇന്ത്യന്‍ തീവ്രവലത് പക്ഷത്തിനെതിരെയുള്ള വലിയ പോരാട്ടത്തില്‍, ബി ജെ പി പടര്‍ത്തുന്ന വ്യാജവാര്‍ത്തക്കെതിരായ യുദ്ധം വളരെ പ്രധാനമാണെന്ന് അവര്‍ കരുതി. ‘ഒരു പതിറ്റാണ്ടിലേറെയായി ഗൗരി ലങ്കേഷ് പത്രാധിപാരായിരുന്ന വാരിക പോരാടിക്കൊണ്ടിരുന്നത് സമൂഹത്തില്‍ മതവിദ്വേഷം സൃഷ്ടിക്കുന്നവര്‍ക്കെതിരെയായിരുന്നു’- സഹപ്രവര്‍ത്തകനായ ഡോ.എച്ച്.വി വാസു പറഞ്ഞു. ‘അതുകൊണ്ട് തന്നെ വ്യാജവാര്‍ത്തകള്‍ക്കെതിരെ പോരാടുക എന്നത് അതിന്റെ അവിഭാജ്യഘടകമാണ്.’

പത്രികയിലെ ആദ്യവര്‍ഷങ്ങളില്‍ തന്നെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ വാര്‍ത്തകളെയും വസ്തുതകളെയും വളച്ചൊടിക്കുകയും ദുരുപയോഗിക്കുകയും ചെയ്യുന്നതിതിന്റെ ദുഷ്ഫലങ്ങളെ കുറിച്ച് ഗൗരി ലങ്കേഷ് അടിവരയിട്ടെഴുതിയിരുന്നു. ‘തുടര്‍ച്ചയായി ആവര്‍ത്തിച്ചാല്‍ നുണകള്‍ക്ക് സത്യമായി തീരാനുള്ള കഴിവുണ്ടെന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്.”- മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ കുറിച്ച് ഗൗരി എഴുതി. പ്രചുര പ്രചാരം നേടിയ മറ്റൊരു നുണക്കഥയുടെ മറനീക്കുന്ന ലേഖനത്തില്‍ ടിപ്പു സുല്‍ത്താന്‍ ബലമായി ഹിന്ദുക്കളെ ഇസ്ലാമിലേയ്ക്ക് പരിവര്‍ത്തനം ചെയ്തുവെന്നുള്ളത് ‘ചരിത്രത്തിലെ വ്യാജമായ വസ്തുതകള്‍’ ആണെന്ന് ഗൗരി ചൂണ്ടിക്കാണിക്കുന്നു.

അഡ്വ. ബി ടി വെങ്കടേഷ് (ഫോട്ടോ-ഫിനീസ് റെക്യുകെര്‍ട്)

ഹിന്ദുദേശീയവാദത്തെ എതിര്‍ക്കുന്ന ജേര്‍ണലിസ്റ്റും ആക്ടിവിസ്റ്റും എന്ന നിലയിലുള്ള ഗൗരി ലങ്കേഷിന്റെ ശ്രദ്ധേയമായ സ്ഥാനം, മത വിദ്വേഷങ്ങള്‍ വളര്‍ത്തിയെടുക്കുന്ന ആഖ്യാനങ്ങള്‍ക്ക് വിത്തുപാകാനുള്ള പരീക്ഷണശാല എന്ന നിലയില്‍ കര്‍ണാടകത്തെ കണക്കാക്കിയിരുന്ന ശക്തരായ തത്പരകക്ഷികള്‍ക്ക് പ്രശ്നം സൃഷ്ടിച്ചു.

ബംഗളൂരുവിലെ ഓഫീസിലിരുന്ന് താന്‍ എത്രതവണ ഗൗരി ലങ്കേഷിന് വേണ്ടി കോടതിയില്‍ ഹാജരായിട്ടുള്ള അനേക അവസരങ്ങളെ ഓര്‍ത്തുകൊണ്ട് അഡ്വ.ബി.ടി.വെങ്കിടേഷ് ഊറിച്ചിരിച്ചു. ‘ഗൗരി ആരേയും വെറുതെ വിടില്ലായിരുന്നു’-വെങ്കിടേഷ് ഓര്‍ത്തു. ‘ഒരിക്കല്‍ അവര്‍ക്കെതിരെ കേസ് കൊടുക്കുന്നത് ഒരു ഗ്യാങ്സ്റ്ററാകും. രാഷ്ട്രീയക്കാര്‍ കേസ് കൊടുക്കും. ചില ബിസിനസുകാര്‍ കേസ് കൊടുക്കും. അഴിമതിക്കാരായ സര്‍വ്വരേയും ഗൗരി ഉന്നം വയ്ക്കും.”

നിയമപരമായ ഭീഷണികള്‍ കുമിഞ്ഞ് കൂടാന്‍ തുടങ്ങിയപ്പോഴും ഭരിക്കുന്ന പാര്‍ട്ടിക്കാര്‍ക്കെതിരെയും പ്രതിപക്ഷത്തെ ചിലര്‍ക്കെതിരെയും അഴിമതിക്കാരായ പ്രമുഖര്‍ക്കെതിരെയും പുരുഷമായ റിപ്പോര്‍ട്ടുകള്‍ തന്നെ ഗൗരി ലങ്കേഷ് പ്രസിദ്ധീകരിച്ച് പോന്നു. ‘തികച്ചും ആശ്ചര്യജനകമായിരുന്നു ഗൗരിയുടെ പ്രവര്‍ത്തനങ്ങള്‍. പ്രാപ്തിയോടെയും മനോദാര്‍ഢ്യത്തോടെയും വാരിക അവര്‍ നടത്തി. വെറും രണ്ട് വര്‍ഷം കൊണ്ട് അവരതിനെ ശരിക്കും മാറ്റിമറിച്ചു.”- വെങ്കിടേഷ് പറഞ്ഞു.

ഗൗരി ലങ്കേഷ് പരിണമിക്കുന്ന അതേ കാലത്ത് ഇന്ത്യയും മാറുകയായിരുന്നു. രണ്ടായിരത്തി പത്തുകളുടെ പകുതിയോടെ ഹിന്ദുദേശീയവാദികള്‍ മുഖ്യധാരയിലെത്തി. 2014 തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അധികാരം പിടിച്ചതിന് ഭാഗികമായെങ്കിലും ‘ഐ.റ്റി. സെല്‍’ എന്നറിയപ്പെടുന്ന അവരുടെ ഒരു ബൃഹത് ശൃംഖലയ്ക്ക് നന്ദി പറയണം. ബി ജെ പിയെ കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകളും വാര്‍ത്തകളും പ്രചരിപ്പിക്കുകയും അവര്‍ക്കെതിരെ നിലപാടുകള്‍ എടുക്കുന്നവരെ, ഗൗരി ലങ്കേഷ് അടക്കമുള്ളവരെ, ആക്രമിക്കുകയും ചെയ്യുകയായിരുന്നു ഈ സെല്ലിന്റെ പരിപാടി.

വ്യാജ വാര്‍ത്തകളേയും രാഷ്ട്രീയക്കാരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തേയും കുറിച്ച് പഠിച്ചിട്ടുള്ള, മിഷിഗണ്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ജോയോജീത് പാല്‍ പറയുന്നത് ഐ.റ്റി.സെല്ലുകള്‍ ഒരു പിരിമിഡ് പോലെയാണ് രൂപപ്പെടുത്തിയിരിക്കുന്നത് എന്നാണ്. പാര്‍ട്ടി നേതാക്കള്‍ ഈ പിരിമിഡിന്റെ അഗ്രത്തിലും സോഷ്യല്‍ മീഡിയയില്‍ സ്വാധീനം സൃഷ്ടിക്കുന്ന പ്രൊഫൈലുകള്‍ നടുവിലും താഴെയും എല്ലാമായും വരും. താഴയുള്ള തട്ടില്‍ പ്രവര്‍ത്തിക്കുന്നവരാണ് വ്യാജങ്ങള്‍ സൃഷ്ടിക്കുന്നതിലും പ്രചരിപ്പിക്കുന്നതിനും നിര്‍ണായക പങ്ക് വഹിക്കുന്നത്. ഈ ഡിജിറ്റല്‍ പോരാളികള്‍ എന്തെങ്കിലും കടുംകൈകള്‍ പ്രവര്‍ത്തിച്ചാല്‍ നേതാക്കള്‍ക്ക് അവരുമായുള്ള ബന്ധം നിഷേധിക്കാന്‍ പാകത്തിന് അവരും പാര്‍ട്ടി നേതാക്കളും തമ്മില്‍ അകലം എപ്പോഴും പാലിക്കും. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങി അവരുടെ പാര്‍ട്ടി നയത്തിനെതിരായി നിലപാടുകള്‍ കൈക്കൊള്ളുന്നവരെ ആക്രമിക്കുക, അവരുടെ പ്രവര്‍ത്തികളെ അപമാനിക്കുക തുടങ്ങിയ ചുമതലകള്‍ ഈ താഴെത്തട്ടിലുള്ള സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരുടേതാണ്.

ഒരോരുത്തരും ആരാണ്, അവര്‍ നേത്തേ എന്തെല്ലാം ചെയ്തിരുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി അവരുടെ സ്വഭാവത്തേയും അവരുടെ ഉദ്യേശലക്ഷ്യങ്ങളെയും അപവാദത്തിനിരയാക്കുകയും അതുവഴി അവരുടെ പ്രവര്‍ത്തികളെ ആകമാനം അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുക എന്ന രീതി കണ്ട് വരുന്നുണ്ട്.’- ജോയോ ജീത് പാല്‍ പറഞ്ഞു. ഇത് ‘ജേര്‍ണലിസ്റ്റുകളില്‍ അധൈര്യം സൃഷ്ടിക്കുകയും അവര്‍ പിന്നീട് ഓണ്‍ലൈന്‍ സമൂഹത്തില്‍ ഇടപെടേണ്ടതില്ല എന്നത് തീരുമാനിക്കുകയും ചെയ്യും’-അദ്ദേഹം പറഞ്ഞു.

മുന്‍ഭര്‍ത്താവും ജേര്‍ണലിസ്റ്റുമായ ചിതാനന്ദ് രാജ്ഘാട്ടയ്ക്കുള്ള വ്യക്തിപരമായ ഇ-മെയ്ല്‍ സന്ദേശങ്ങളില്‍ ഈ പിരിമിഡ് ആവാസവ്യവസ്ഥയ്ക്കുള്ളില്‍ മതഭ്രമം വരുന്നപോലെ തോന്നുന്നുവെന്ന് ഗൗരി ലങ്കേഷ് പറയുന്നുണ്ട്. ‘മോദി ആരാധന വര്‍ദ്ധിച്ച് വരുമ്പോള്‍, ഫാഷിസ്റ്റ് കൊലവിളികള്‍ ദൈനംദിന ചര്‍ച്ചയുടെ ഭാഗമായി മാറുമ്പോള്‍, വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാര്‍ത്തകള്‍ മുഖ്യധാര മാധ്യമങ്ങളുടെ തലക്കെട്ടുകളാകുമ്പോള്‍, മതമൗലികവാദം മനുഷ്യരെ അന്ധരാക്കുമ്പോള്‍ എനിക്ക് ആശാഭംഗവും അമര്‍ഷവും അസ്വസ്ഥതയുമൊക്കെയുണ്ടാക്കുന്നു.”-2016-ല്‍ ഗൗരി എഴുതി.

കൊല്ലപ്പെടുന്നതിന് മുമ്പുള്ള കാലത്ത് ഗൗരി അസ്വാസ്ഥ്യത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ ഓര്‍മ്മിക്കുന്നു. ഗൗരി ലങ്കേഷ് പത്രികയ്ക്ക് വരിക്കാര്‍ വളരെ കുറഞ്ഞു. പരസ്യക്കാരുമായി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നതിനാല്‍ തന്നെ കടം കുമിഞ്ഞു കൂടി. ബി.ജെ.പിയുമായി ബന്ധമുള്ള വലത് തീവ്ര സംഘടനകളുടെ നിരന്തരമെന്നോണമുള്ള ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ക്ക് അവര്‍ ഇരയായി. ഗൗരി ഒരു പ്രസംഗം നടത്തുകയോ വ്യക്തിപരമായ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്താല്‍ വലത് തീവ്രവാദികള്‍ അവരെ ‘തലക്കസുഖമുള്ള’ സ്ത്രീയായി ചിത്രീകരിച്ച് പരിഹാസമാരംഭിക്കും. അവസാനമായപ്പോഴേയ്ക്കും ഈ സ്വഭാവഹത്യ അതിരൂക്ഷമായി. പ്രചാരമുള്ള വലതുപക്ഷ ഫേസ്ബുക്ക് പേജുകളെല്ലാം അവര്‍ക്കെതിരായ ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ പരസ്പരം കൈമാറി പോസ്റ്റ് ചെയ്തുകൊണ്ടേയിരുന്നു.

കൊല്ലപ്പെടുന്നതിന് ഏതാണ്ടൊരു വര്‍ഷം മുമ്പ്, 2016 അവസാനം, ഗൗരിക്കെതിരെ അപകീര്‍ത്തികരമായ ലേഖനത്തിന്റെ പേരില്‍ കേസെടുത്തുവെന്നും ജാമ്യത്തില്‍ വിട്ടയച്ചുവെന്നുമുള്ള, വാര്‍ത്ത ട്വീറ്ററില്‍ പ്രചരിച്ചു. സോഷ്യല്‍ മീഡിയയില്‍ കമ്മി, നക്സലേറ്റ്, പ്രെസ്റ്റിറ്റിയൂട്ട് (വനിത ജേണലിസ്റ്റുകള്‍ക്കെതിരെയുള്ള പ്രസ്, പ്രോസ്റ്റിറ്റിയൂട്ട് എന്നീ വാക്കുകള്‍ ചേര്‍ന്ന അധിക്ഷേപം) എന്നീ വാക്കുകളില്‍ എന്നിങ്ങനെ ഗൗരി വിശേഷിക്കപ്പെട്ടു. പോസ്റ്റ്കാര്‍ഡ് ന്യൂസിന്റെ ഒരു മുഖ്യപ്രസംഗമാണ് ഇക്കൂട്ടത്തില്‍ ധാരാളമായി പ്രചരിക്കപ്പെട്ടത്. അതില്‍ ‘അറിയപ്പെടുന്ന ഹിന്ദു വിരുദ്ധ’ എന്നാണ് ഗൗരിയെ വിശേഷിച്ചത്. പോസ്റ്റ് കാര്‍ഡിന്റെ സ്ഥാപകരായ മഹേഷ് വിക്രം ഹെഗ്ഡേയും വിവേക് ഷെട്ടിയും സോഷ്യല്‍ മീഡിയിയില്‍ പങ്കുവച്ച ആ ലേഖനത്തോടൊപ്പം ഒരു യൂ ട്യൂബ് ലിങ്കും ഉണ്ടായിരുന്നു. 2002-ല്‍ ഗൗരി ലങ്കേഷ് നടത്തിയ പ്രസംഗത്തിന്റെ ആ ലിങ്ക് ഇപ്പോള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഗൗരിയുടെ കൊലപാതകികള്‍ എന്ന് കരുതുന്ന അഞ്ചുപേരെയെങ്കിലും ഈ പ്രസംഗത്തിന്റെ ലിങ്കുകള്‍ കാണിച്ചുകൊടുത്തിട്ടുണ്ട് എന്നാണ് ആരോപണം.

എന്തായാലും ലേഖനത്തിന്റെ താഴെ രോഷാകുലമായ പ്രതികരണങ്ങള്‍ ധാരാളം ഉണ്ടായി. ‘തൂക്കിക്കൊല്ലണം ഇതുങ്ങളെ’- ഒരു ഫേസ്ബുക്ക് ഹാന്‍ഡില്‍ എഴുതി.

 

ഒരു വലതു തീവ്ര ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്ന ഗൗരി ലങ്കേഷിനെതിരേയുള്ള പോസ്റ്റ് കാര്‍ഡ് ന്യൂസിലെ വന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട്‌

ഓണ്‍ലൈനില്‍ താന്‍ അനുഭവിച്ച ട്രോളിങ്ങിന്റെ കാഠിന്യത്തിന് കീഴങ്ങാന്‍ ഗൗരി തയ്യാറായിരുന്നില്ല. ഓണ്‍ലൈന്‍ ഭീഷണികളെ ഗൗരവത്തോടെ എടുക്കേണ്ടതില്ല എന്ന് സുഹൃത്തുകളേയും സഹപ്രവര്‍ത്തകരേയും എപ്പോഴും ഓര്‍മ്മിപ്പിച്ചുകൊണ്ടുമിരുന്നു. അത് കണക്കാക്കുകയേ വേണ്ട എന്ന് മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഗൗരി പറഞ്ഞത് അന്വേഷണാത്മക പത്രപ്രവര്‍ത്തകയായ റാണ അയൂബ് ഓര്‍ക്കുന്നു. ‘അതെത്രമാത്രം വിഷം നിറഞ്ഞതായിരുന്നുവെന്ന് എനിക്ക് അറിയാന്‍ പാടില്ലായിരുന്നു’-ഗൗരിയുടെ സഹോദരി കൂട്ടിച്ചേര്‍ത്തു.

പക്ഷേ കൊല്ലപ്പെടുന്നതിന് മുമ്പുള്ള അവസാന മാസങ്ങളില്‍ സുഹൃത്തുക്കളുടെ നിര്‍ദ്ദേശം മനസില്ലാമനസോടെ അംഗീകരിച്ച് വീടിന് പുറത്ത് സി.സി.ടി.വി ക്യാമറ സ്ഥാപിക്കാന്‍ ഗൗരി തയ്യാറായി. സുരക്ഷയ്ക്ക് ആരെയെങ്കിലും നിയമിക്കണമെന്നും സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചുവെങ്കിലും അതിന്റെ ആവശ്യമില്ല എന്ന നിലപാടിലായിരുന്നു ഗൗരി.

അക്കാലമായപ്പോഴും ഗൗരി ലങ്കേഷും സുഹൃത്തുക്കളും വസ്തുതാ പരിശോധനയ്ക്കുള്ള ഒരു പ്രൊജക്ട് ആരംഭിക്കുന്നതിനെ കുറിച്ചുള്ള പദ്ധതികള്‍ തയ്യാറാക്കി. വൈറലായി പ്രചരിക്കുന്ന കിവംദന്തികളുടെ സത്യാവസ്ഥകള്‍ പുറത്ത് കൊണ്ടുവരുന്നതിന് വാട്സ് ആപ് ഗ്രൂപ്പുകളുടെ ഒരു വികേന്ദ്രീകൃത ശൃംഖല ഉപയോഗിക്കാനായിരുന്നു പദ്ധതി. വസ്തുതാപരിശോധന നേരത്തേ തന്നെ ഗൗരി ലങ്കേഷിന്റെ താത്പര്യ മേഖയാണെങ്കിലും അവസാന കാലത്താണ് ഈ ആശയത്തെ കൂടുതല്‍ ഗൗരവത്തോടെയും കര്‍ക്കശമായും പ്രൊഫഷനുമായി ഉള്‍ക്കൊണ്ട് പ്രവര്‍ത്തക്കാന്‍ ആരംഭിച്ചതെന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പറയുന്നു. കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ സ്വകാര്യ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഗൗരി പങ്കുവച്ചത് വസ്തുതാ പരിശോധന റിപ്പോര്‍ട്ടുകളായിരുന്നു. ഇന്ത്യയിലെ വ്യാജവാര്‍ത്തകള്‍ പുറത്ത് കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി 2022-ലെ നോബല്‍ സമ്മാനത്തിന് പരിഗണിക്കപ്പെട്ട മൊഹമ്മദ് സുബൈറും പ്രതീക് സിന്‍ഹയും സഹസ്ഥാപകരായുള്ള ആള്‍ട്ട് ന്യൂസ് നടത്തിയ വസ്തുതാപരിശോധനകളും അതിലുണ്ടായിരുന്നു.

അവസാനമായി എഴുതിയ മുഖ പ്രസംഗം സത്യത്തോടുള്ള ഒടുങ്ങാത്ത അഭിനിവേശത്തില്‍ നിന്നുണ്ടായതാണ് എന്ന് സഹപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. തന്റെ വിലയിരുത്തലില്‍ വന്ന ഒരു പിഴവും ഇതില്‍ ഗൗരി ലങ്കേഷ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഫേസ്ബുക്കില്‍ ഒരു വ്യാജ ചിത്രം അറിയാതെ പങ്കുവച്ച് പോയി എന്നതില്‍ അവര്‍ വെളിപ്പെടുത്തുന്നുണ്ട്. ആ ചിത്രം പ്രതിപക്ഷത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു വലിയ റാലിയുടേതായിരുന്നു. പക്ഷേ ആ ചിത്രം ഫോട്ടോ ഷോപ് ചെയ്ത് ജനക്കൂട്ടത്തിന്റെ വലിപ്പം വര്‍ദ്ധിപ്പിച്ചതാണെന്ന് പിന്നീട് വസ്തുതാ പരിശോധന നടത്തുന്നവര്‍ കണ്ടെത്തി. ‘ഏതെങ്കിലും തരത്തിലുള്ള വര്‍ഗ്ഗീയ ധ്രൂവീകരണം ഉണ്ടാക്കാനോ പ്രചാരണം നടത്താനോ ലക്ഷ്യം വച്ചുള്ളതായിരുന്നില്ല അത്. ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരേ ഒരുമിക്കാന്‍ ജനങ്ങള്‍ കൂട്ടായി എത്തിച്ചേരുന്നുണ്ട് എന്ന സന്ദേശം നല്‍കാനേ ഞാന്‍ ആഗ്രഹിച്ചിരുന്നുള്ളൂ’-ഗൗരി എഴുതി. ‘വ്യാജവാര്‍ത്തകളെ പുറത്ത് കൊണ്ടുവരുന്നവര്‍ക്ക് അഭിവാദ്യങ്ങള്‍. അത്തരം പേര്‍ കൂടുതല്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് മാത്രമാണ് ഞാനാഗ്രഹിക്കുന്നത്.’-ആ ലേഖനം ഗൗരി ലങ്കേഷ് അവസാനിപ്പിച്ചത് ഇങ്ങനെയാണ്.

ഗൗരി ലങ്കേഷ്(ഫോട്ടോ ഇഷ ലങ്കേഷ്)


പല ശിരസുകളുള്ള ജലസര്‍പ്പം
2022 ഏപ്രിലിലെ ഒരു സാധാരണ പ്രവര്‍ത്തിദിനമായിരുന്നു അന്ന്. ട്രാഫിക്ക് കുരുക്കുകളുടെ പേരില്‍ കുപ്രസിദ്ധമായ ബംഗളൂരു നഗരത്തിലെ ഒരു ചെറിയ ഓഫീസില്‍, പുറത്ത് നിന്ന് കേള്‍ക്കാറുള്ള വാഹന ഹോണുകളുടെ നിരന്തര ശബ്ദത്തെ അവഗണിച്ചുകൊണ്ട്, കംപ്യൂട്ടറുകളില്‍ ടൈപ്പ് ചെയ്യുന്നതിന്റെ ശബ്ദം നിറയുന്നു. ‘നാനു ഗൗരി’ അഥവാ ‘ഞാന്‍ ഗൗരി’ എന്ന് മാധ്യമസ്ഥാപനത്തിന്റെ ഓഫീസാണത്. കൊല്ലപ്പെട്ട ജേര്‍ണലിസ്റ്റിന്റെ വലിയ ഒരു ഫോട്ടോയുടെ കീഴിലിരുന്ന് പത്തിലധികം ജേര്‍ണലിസ്റ്റുകള്‍ അവരുടെ ജോലി ചെയ്യുന്നു.

ഗൗരിയുടെ കൊലപാതകത്തിന് ശേഷം അവരുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഗൗരി ലങ്കേഷിന്റെ വസ്തുതാന്വേഷണ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി അവര്‍ ഗൗരി മീഡിയ ട്രസ്റ്റും ‘ഞാന്‍ ഗൗരി’ എന്ന സ്വതന്ത്ര ഡിജിറ്റല്‍ മീഡിയ സ്ഥാപനവും ആരംഭിച്ചു. ഇന്ന് ഒരു ചെറിയ വാര്‍ത്ത സംഘം റിപ്പോര്‍ട്ടുകളും വിലയിരുത്തലുകളും വസ്തുതാന്വേഷണവും ഇതിന്റെ ഭാഗമായി ചെയ്യുന്നു. വ്യാജവാര്‍ത്തകള്‍ കൂലംകുത്തിയൊഴുകുന്ന ഈ കാലത്ത് വസ്തുതാന്വേഷണം കഠിനമായ ജോലിയാണെന്ന് സ്റ്റാഫ് റൈറ്റര്‍ കൂടിയായ മുട്ടു രാജു പറയുന്നു.

ബംഗളൂരുവിലെ ‘ഞാന്‍ ഗൗരി’ എന്ന സ്വതന്ത്ര ഡിജിറ്റല്‍ മീഡിയ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍(ഫോട്ടോ ഫിനീസ് റെക്യുകെര്‍ട്)

മഹേഷ് വിക്രം ഹെഗ്ഡെ നയിക്കുന്ന, ബംഗളൂരൂ ആസ്ഥാനമായുള്ള പോസ്റ്റ് കാര്‍ഡ് ന്യൂസ് ഇപ്പോഴും ഇന്ത്യയിലെ വലത്പക്ഷ മാധ്യമ ശൃംഖലയിലെ ഏറ്റവും വലിയ സാന്നിധ്യങ്ങളിലൊന്നാണ് എന്ന് ജേര്‍ണലിസ്റ്റുകളും വിദഗ്ദ്ധരും പറയുന്നു. ഹൈന്ദവ സോഷ്യല്‍ മീഡിയ താരമായ ഹെഗ്ഡെ ഇന്ത്യയിലെ മറ്റെല്ലാ വലതുപക്ഷ സോഷ്യല്‍ മീഡിയ ഇടത്തട്ട് കളിക്കാരേയും പോലെ പ്രധാനമന്ത്രി ട്വീറ്ററില്‍ ഫോളോ ചെയ്യുന്നു എന്ന പേരില്‍ സാധുത ലഭിച്ചിട്ടുള്ള ആളാണ്. ഗൗരി ലങ്കേഷിന്റെ മരണത്തിന് ശേഷമുള്ള കാലയളവില്‍ പോസ്റ്റ്കാര്‍ഡ് ന്യൂസ് കൊലക്കേസിന്റെ അന്വേഷണത്തെ കുറിച്ച് വ്യാജവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമായ വാര്‍ത്തകള്‍ തുടര്‍ച്ചയായി നല്‍കിക്കൊണ്ടിരുന്നു. ഗൗരിയുമായി ബന്ധമുണ്ടായിരുന്ന ഇടതുപക്ഷ സംഘടനയ്ക്ക് മേല്‍ കൊലക്കുറ്റം ആരോപണം കെട്ടിവയ്ക്കാനും കൊലപാതകവുമായി ബന്ധമുള്ള ഹിന്ദു ദേശീയവാദി സംഘടനയില്‍ നിന്ന് ആരോപണം തിരിച്ച് വിടാനുമായിരുന്നു ഈ വാര്‍ത്തകളുടെ ശ്രമം.

ഗൗരി ലങ്കേഷ് ബാക്കിവച്ചിടത്ത് നിന്നാണ് പോസ്റ്റ് കാര്‍ഡ് ന്യൂസിനെ കുറിച്ചുള്ള അന്വേഷണങ്ങള്‍ ഫോര്‍ബിഡന്‍ സ്റ്റോറീസ് ആരംഭിച്ചത്. ഗൗരി ലങ്കേഷിന്റെ മരണത്തിന് ശേഷമുള്ള വര്‍ഷങ്ങളില്‍ ഹെഗ്ഡെ ബി.ജെ.പിയുമായി കൂടുതല്‍ അടുത്തു. ബി.ജെ.പിയുടെ ഒരു സജീവ ഉപദേശകന്‍ കൂടി പങ്കാളിയായുള്ള ഒരു കമ്പനി അയാള്‍ സ്ഥാപിച്ചു. ഹെഗ്ഡെയുടെ മീഡിയ സാമ്രാജ്യം വികസിച്ചു. അയാളുടെ വളരെ പ്രചാരമുള്ള യൂ ട്യൂബ് ചാനലായ ടി.വി വിക്രമയ്ക്ക് മൂന്ന് ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സ് ഉണ്ടായി. 2018-ല്‍ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് അയാള്‍ക്കെതിരെ കേസും അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനും വ്യാജരേഖ പ്രചരിപ്പിച്ചതിനും പോലീസില്‍ പരാതിയും നിലനില്‍ക്കുന്നതൊന്നും ഈ വളര്‍ച്ചയ്ക്ക് തടസമായില്ല.

പോസ്റ്റ് കാര്‍ഡ് ന്യൂസ് സ്ഥാപകന്‍ മഹേഷ് വിക്രം ഹെഗ്‌ഡെ

2021 ഓഗസ്റ്റില്‍ വൈസ് ഇന്‍ഡക്സ് മീഡിയ എന്ന പേരില്‍ ഒരു പി.ആര്‍ കമ്പനി ഹെഗ്ഡെ സഹ സ്ഥാപകനായി നിലവില്‍ വന്നു. അതിന് രണ്ട് ഡയറക്ടര്‍മാര്‍ കൂടി ഉണ്ടായിരുന്നു. ശ്രീകാന്ത് കോട്ടെയും ബേലുരു സുദര്‍ശനയും. മുന്‍ ജേര്‍ണലിസ്റ്റായ സുദര്‍ശന ഇപ്പോള്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ഇ ഗവേര്‍ണസ് പദ്ധതിയുടെ പ്രത്യേക ഉപദേശകനാണ്. ബി.എസ്.യെദ്യൂരപ്പ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍, 2019-ലാണ് ഇയാള്‍ ഈ സ്ഥലത്തെത്തിയത്. 2021 ഡിസംബറില്‍ പുതിയ മന്ത്രിസഭ വന്നപ്പോഴും ആ പദവിയില്‍ തുടരുന്നു.

(ഫോര്‍ബിഡന്‍ സ്റ്റോറീസ് ഉന്നയിച്ച ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ബൊമ്മെ തയ്യാറായില്ല. യെദ്യൂരപ്പയുടെ വക്താവ് പ്രതികരിക്കുന്നില്ല എന്നറിയിച്ചു).

വെബ്സൈറ്റില്‍ വൈസ് ഇന്‍ഡെക്സ് മീഡിയ അവകാശപ്പെടുന്നത് അവര്‍ ‘ഡിജിറ്റല്‍ മീഡിയ മാനേജ്മെന്റ്, പൊളിറ്റിക്കല്‍ കമ്യൂണിക്കേഷന്‍, പ്രൊഫൈലിങ്, പബ്ലിക് റിലേഷന്‍സ് മാനേജ്മെന്റ്, പ്രതിച്ഛായ നിര്‍മ്മാണം, രാഷ്ട്രീയ തന്ത്രങ്ങള്‍ രൂപീകരണം, ഡാറ്റാ അനാലിസിസ്” തുടങ്ങിയവയിലാണ് സവിശേഷമായി ശ്രദ്ധകേന്ദ്രീകരിക്കുന്നത് എന്നാണ്.

കര്‍ണാടകയില്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ക്ഷേമപദ്ധതികള്‍ക്കും ദൃശ്യത നല്‍കുന്നതിനാണ് ഇങ്ങനെയൊരു കമ്പനി സ്ഥാപിച്ചതെന്നാണ് വൈസ് ഇന്‍ഡെക്സ് മീഡിയയുടെ സഹസ്ഥാപകനായ കോട്ടെ പറഞ്ഞത്. എന്നാല്‍ ആരാണ് ഈ കമ്പനിയുടെ ഉപഭോക്താക്കള്‍ എന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. സുദര്‍ശന ബി.ജെ.പിയുടെ ഒരു ജീവനക്കാരനല്ല എന്നും സര്‍ക്കാരിന്റെ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഉപദേശകന്‍ മാത്രമാണെന്നും കോട്ടെ ചൂണ്ടിക്കാണിച്ചു.

‘ഇ ഗവര്‍ണന്‍സിന് യാതൊരു രാഷ്ട്രീയ ബന്ധവുമില്ല. അതുകൊണ്ട് തന്നെ വിരുദ്ധതാത്പര്യങ്ങള്‍ എന്ന പ്രശ്നം ഉദിക്കുന്നില്ല. -കോട്ടെ പറഞ്ഞു(സുദര്‍ശന പ്രതികരിക്കാന്‍ തയ്യാറായില്ല).

വൈസ് ഇന്‍ഡെക്സ് മീഡിയയുടെ സൈറ്റില്‍ പോസ്റ്റ് കാര്‍ഡ് ന്യൂസിനെ കുറിച്ച് നേരിട്ട് പരാമര്‍ശങ്ങള്‍ ഒന്നുമില്ലെങ്കിലും ‘എബൗട്ട് അസ്’ എന്ന വിഭാഗത്തിന് കീഴിലുള്ള ഹൈപര്‍ ലിങ്ക് പോസ്റ്റ് കാര്‍ഡിന്റെ പേജുകളിലേയ്ക്കുള്ളതാണ്. തന്റെ സ്വകാര്യ വെബ്സൈറ്റില്‍ 2019 ലോകസഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തില്‍ എത്തിക്കുന്നതില്‍ ‘സുപ്രധാന പങ്ക്’ വഹിച്ച ആളായാണ് ഹെഗ്ഡെ സ്വയം പ്രഖ്യാപിക്കുന്നത്. ബി.ജെ.പിയുടെ ധനശേഖരണത്തിനുള്ള ഒരു വഴിയായും വൈസ് മീഡിയ ഇന്‍ഡെക്സ് ഉപയോഗിച്ചിട്ടുണ്ടെന്നുള്ള സൂചനകളുണ്ട്. 2022 സെപ്തംബറില്‍ മോദിയുടെ 72-ാം പിറന്നാളിന് സംഭാവനകള്‍ നല്‍കാന്‍ ക്ഷേത്രങ്ങള്‍ തയ്യാറാകണമെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ അയാള്‍ ആഹ്വാനം ചെയ്തു. പല ക്ഷേത്രങ്ങളും വൈസ് ഇന്‍ഡെക്സ് മീഡിയക്ക് ചെക്കുകള്‍ കൈമാറി.

(വാട്സ് ആപ് മെസേജിലൂടെ ഹെഗ്ഡെ പ്രതികരിച്ചത്, ‘ദയവായി എനിക്ക് കൂടുതല്‍ തമാശകള്‍ അയച്ച് തരൂ’ എന്നാണ്. ഫോര്‍ബിഡന്‍ സ്റ്റോറീസ് വീണ്ടും വീണ്ടും വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ‘താത്പര്യമില്ല’ എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം).

ബി.ജെ.പിയുമായുള്ള അടുത്തബന്ധത്തെ കുറിച്ചുള്ള ഹെഗ്ഡെയുടെ പഴയ നിലപാടുകളും ഫോര്‍ബിഡന്‍ സ്റ്റോറീസിന്റെ കണ്ടെത്തലുകളും തമ്മില്‍ ചേര്‍ന്ന് പോകുന്നതാണ്. 2018-ല്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് അറസ്റ്റിലായപ്പോള്‍ പോലീസിനോട് ഹെഗ്ഡെ തനിക്ക് ‘ധാരാളം ഉന്നത ബി.ജെ.പി നേതാക്കളുടേയും ആശീര്‍വാദം ഉണ്ട്’ എന്ന് പറഞ്ഞതായാണ് ആരോപണം. ഹെഗ്ഡെയുടെ കേസുകളില്‍ ആദ്യകാലങ്ങളില്‍ ഹാജരായിരുന്ന അഭിഭാഷകനാണ് ബി.ജെ.പിയുടെ കര്‍ണാടകയിലെ ഇപ്പോഴത്തെ പ്രമുഖ നേതാവ് തേജസ്വി സൂര്യ. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ കൂടിയാണയാള്‍(പല തവണ ശ്രമിച്ചുവെങ്കിലും പ്രതികരിക്കാന്‍ തേജസ്വിയും തയ്യാറായില്ല).

ഹിന്ദുദേശീയവാദ ഗ്രൂപ്പുകളും ബി.ജെ.പിയുമായി ബന്ധമുള്ള മാധ്യമ സ്ഥാപനങ്ങളുടെ ‘ഒരു വലിയ ആവാസവ്യൂഹ’ത്തിന്റെ ഭാഗമാണ് പോസ്റ്റ്കാര്‍ഡ് ന്യൂസ് എന്ന് ഡിജിറ്റല്‍ അവകാശങ്ങളായി പ്രവര്‍ത്തിക്കുന്ന, പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത, ഒരു ആക്ടിവിസ്റ്റ് പറഞ്ഞു. ഈ മാധ്യമ പരിസ്ഥിതി വളര്‍ന്ന് കൊണ്ടിരിക്കുകയാണ്- അവര്‍ ചൂണ്ടിക്കാണിച്ചു.

ഈ സ്ഥാപനങ്ങളുമായി പൊതുവേ ബി.ജെ.പി അകലം പാലിക്കും. ഏതെങ്കിലും തരത്തിലുള്ള കടുത്ത ഭാഷാപ്രയോഗം തുടങ്ങിയ പരിധിക്കപ്പുറമുള്ള സാഹചര്യങ്ങള്‍ ഉണ്ടായാല്‍ അവരുമായുള്ള ബന്ധം നിഷേധിക്കാന്‍ കഴിയുന്ന വിധത്തിലാകും അത്-വിഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

മിഷിഗണ്‍ സര്‍വ്വകലാശാലയിലെ ജോയോ ജീത് പാല്‍ പറയുന്നത് വലത്പക്ഷ ഗ്രൂപ്പുകളുമായി ചെറുതായിട്ട് പോലും ബന്ധമുള്ള പോസ്റ്റ്കാര്‍ഡ്, ദ ഫ്രസ്ട്രേറ്റഡ് ഇന്ത്യന്‍, സുദര്‍ശന ന്യൂസ് പോലുള്ള പല മാധ്യമ സ്ഥാപനങ്ങളും ഈ വര്‍ഷങ്ങളില്‍ ‘പതുക്കെ മുഖ്യധാരയായി’മാറിക്കൊണ്ടിരിക്കുകയാണ് എന്നാണ്. ‘വ്യാജ വാര്‍ത്തകളേക്കാള്‍ കൂടുതല്‍ അവര്‍ ചെയ്യുന്നത് ഇല്ലാത്ത വാര്‍ത്തകളെ കുറിച്ചുള്ള ചില സംശയങ്ങള്‍ അവതരിപ്പിക്കലാണ്.”-അദ്ദേഹം പറഞ്ഞു. ‘വളരെ കുറിച്ച് ജീവനക്കാരെ മാത്രം വച്ചാണ് ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. അവര്‍ പതുക്കെ (വലതുപക്ഷ സംഘങ്ങളുടെ ഓണ്‍ലൈന്‍) പിരിമിഡ് ഘടനയുടെ മധ്യ തലത്തിലുള്ള സോഷ്യല്‍ മീഡിയ താരങ്ങളിലേയ്ക്ക് പ്രവേശിക്കും. ഒരു ഘട്ടത്തിലുള്ള റീച്ച് കൈവരിച്ച് കഴിഞ്ഞാല്‍ അവര്‍ കൂടുതല്‍ കൂടുതല്‍ വിഷം നിറഞ്ഞ വാര്‍ത്തകള്‍ പ്രചരിപ്പിക്കും. കാരണം. അവര്‍ക്ക് ടെലിവിഷനില്‍ വരുന്ന വാര്‍ത്തകളുടെ അപ്പുറത്തേയ്ക്ക് പോകേണ്ടതുണ്ട്.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചില സ്ഥാപനങ്ങള്‍ ഇത് സന്നദ്ധപ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ചാണ് മുന്നോട്ട് പോകുന്നത്. അല്ലാത്തവര്‍ വാര്‍ത്ത പ്രചരണ സേവനം വളരെ ആദായകരമായ വിപണിയില്‍ നല്ല ലാഭം തന്നെ കൊയ്യുന്നുണ്ട്-ഗവേഷകര്‍ പറയുന്നു. ‘സോഷ്യല്‍ മീഡിയയില്‍ പൊതുജനാഭിപ്രായം സൃഷ്ടിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍, സന്നദ്ധ സേവകരുടെ ശൃംഖലകള്‍, സോഷ്യല്‍ മീഡിയയുടെ സ്വാധീന ശക്തികളായ വ്യക്തികള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ശ്രേണിയുമായി ബന്ധപ്പെട്ടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നത്.”-2020-ല്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഒരു ഗവേഷക സംഘം പ്രചരണ സേവന രംഗത്തെ വളരുന്ന വിപണിയെ കുറിച്ച് എഴുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

വാര്‍ത്ത യുദ്ദത്തെ കുറിച്ച് പഠിക്കുന്ന, ബാര്‍ഡ് കോളേജ് ഫെല്ലോ എമ്മ ബ്രിയാന്റ് പറയുന്നത്, ‘സത്യത്തെ വളച്ചൊടിക്കുക എന്നത് നൂറുകണക്കിന്, ആയിരക്കണക്കിന് സേവനദാതാക്കളുള്ള ബില്യണ്‍ ഡോളര്‍ ബിസിനസായി വളര്‍ന്നിരിക്കുന്നു”. അവര്‍ ഒന്ന് കൂടി കൂട്ടിച്ചേര്‍ക്കുന്നുണ്ട്: ”അധാര്‍മികമെന്ന് കരുതപ്പെടുന്നതെങ്കിലും നിയമവിരുദ്ധമല്ലാത്ത, യാതൊരു തരത്തിലുള്ള നിയന്ത്രണങ്ങളുമില്ലാത്ത, ബൃഹദ് വൈവിധ്യങ്ങളിലുള്ള നടപ്പ് രീതികള്‍ ലോകമെമ്പാടും ഈ വ്യവസായത്തിന്റെ ഭാഗമായുണ്ട്”.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് മുമ്പ് തന്നെ ഇത്തരം വാഗ്ദാനങ്ങള്‍ ഇന്ത്യയില്‍ പടര്‍ന്ന് പന്തലിച്ചിരുന്നു. ഒരു കമ്പനി സേര്‍ച്ച് എഞ്ചിനുകളെ മലിനമാക്കുക, വാര്‍ത്തമാനകാല സംഭവങ്ങളെ ഒന്നാകെ ആവശ്യാനുസൃതം കൃത്രിമങ്ങള്‍ കാണിക്കാനും സാധിക്കുന്ന സായുധ വാര്‍ത്ത സര്‍വ്വീസ് ഒരു കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ടായിരുന്നു. തന്റെ മുഖപ്രസംഗത്തില്‍ ഗൗരി വിശേഷിപ്പിച്ച ഒരു കാലമാണിതെന്നുള്ളതിന്റെ തെളിവാണത്. ഈ ശൃംഖലകള്‍ എത്രതവണ തലമുറിച്ച് മാറ്റിയാലും പുതിയ തലമുളച്ച് വരുന്ന കഥകളിലെ ജലസര്‍പ്പത്തെ പോലെയാണ് എന്ന് പലരും ചൂണ്ടിക്കാണിക്കുന്നു.

തീര്‍ച്ചയായും ഗൗരി ലങ്കേഷ് എതിരിട്ടത് ബഹുശിരസുകളുള്ള ഒരു ജലസര്‍പ്പത്തെ പോലുള്ള ഒരു സംവിധാനത്തെയാണ്- സഹോദരി കവിത പറഞ്ഞു. ‘അതൊരു സംഘടനയല്ല, അത് പല പല സംഘടനകളായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. അത് നമ്മുടെ തൊട്ടയല്‍പക്കത്തുമുണ്ടാകാം’- കവിത പറഞ്ഞു.

ഗൗരി ലങ്കേഷിന്റെ കൊലപാതക കേസിന്റെ വിചാരണ നടക്കുന്ന ബംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി (ഫോട്ടോ- വില്‍ഹിം ടെല്‍/വിക്കി മീഡിയ)
വ്യാജവാര്‍ത്തകളുടെ ഇര
2022 ജൂലായില്‍ ബാംഗ്ലൂരില്‍ സിറ്റി സെഷന്‍സ് കോടതിയുടെ വാതിലുകള്‍ കാണികളായി എത്തിയ ഒരു ചെറു സംഘം അഭിഭാഷകര്‍ക്കും ജേണലിസ്റ്റുകള്‍ക്കും വേണ്ടി തുറന്നു. ഹിന്ദുദേശീയവാദി സംഘടനയായ സനാതന്‍ സന്‍സ്തയും മറ്റ് വലത് പക്ഷ സംഘടനകളുമായി ബന്ധം ആരോപിക്കുപ്പെടുന്ന 17 പ്രതികള്‍ ഗൗരി ലങ്കേഷ് വധക്കേസില്‍ വിചാരണ നേരിടാന്‍ അവിടെ ഹാജരായിരുന്നു.

ഫോര്‍ബിഡന്‍ സ്റ്റോറീസിനോട് സംസാരിച്ച ജേണലിസ്റ്റുകളും അഭിഭാഷകരും അഭിപ്രായപ്പെട്ടത് ഗൗരി ലങ്കേഷ് വധക്കേസിന്റെ അന്വേഷണം വളരെ ഫലപ്രദമായാണ് നടന്നത് എന്നാണ്. മാധ്യമങ്ങള്‍ക്കെതിരെയുള്ള അക്രമസംഭവങ്ങളില്‍ പ്രതികള്‍ക്ക് ശിക്ഷ കിട്ടാനുള്ള സാധ്യത വളരെ കുറവായ ഒരു രാജ്യത്ത് അതൊരു അപൂര്‍വ്വ സംഭവം തന്നെയാണ്. ഒരു പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുകയും പെട്ടന്ന് ജോലിയാരംഭിക്കുകയും ചെയ്തു. വെടിയുണ്ടകളുടെ ആവരണങ്ങള്‍ക്ക്, മുന്‍കാലങ്ങളിലുണ്ടായ സമാനമായ കൊലപാതകങ്ങളിലേതുമായുള്ള ചേര്‍ച്ച, ഒഴിഞ്ഞ വെടിത്തിരയെ 7.65 എം.എം പിസ്റ്റളിന്റേതാണെന്ന് പെട്ടന്ന് കണ്ടെത്തിയത്, സി.സി.ടി.വി യില്‍ നിന്ന് രക്ഷപ്പെടാനുപയോഗിച്ച വാഹനം കണ്ടെത്തിയത് എല്ലാം വേഗത്തിലായിരുന്നു. അവിടെ നിന്ന് ആദ്യ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ആറുമാസമെടുത്തു: നവീന്‍ കുമാര്‍ എന്നായിരുന്നു അയാളുടെ പേര്. മാസങ്ങള്‍ക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ ഏതാണ്ട് 10,000 പേജുള്ള ഒരു കുറ്റപത്രം സമര്‍പ്പിച്ചു. മറ്റ് പതിനേഴ് പ്രതികള്‍ കൂടി ഇതില്‍ ഉള്‍പ്പെട്ടിരുന്നു. അതില്‍ ഒരാള്‍ ഇപ്പോഴും ഒളിവിലാണ്.

കൊലയാളികളുടെ സംഘം തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ‘സംഘടിത കുറ്റവാളികളുടെ ഒരു സിന്‍ഡിക്കേറ്റി’ന്റെ ഭാഗമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 2000-ത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഗോവയില്‍ നടന്ന പ്രമാദമായ പല ബോംബാക്രമണങ്ങള്‍ക്കും പിന്നില്‍ ഇവരാണ് എന്നുള്ളതാണ് ആരോപണം. ഫോറന്‍സിക് തെളിവുകളെ അടിസ്ഥാനത്തില്‍ മറ്റ് മൂന്ന് ബുദ്ധിജീവികളുടെ കൂടി കൊലപാതകത്തില്‍ ഈ ഗ്രൂപ്പിന് പങ്കുണ്ട് എന്നും അന്വേഷണ സംഘം ആരോപിച്ചു.

അമോല്‍ കാലെ എന്നയാളാണ് കൊലപാതകത്തിന് പിന്നിലെ ബുദ്ധി കേന്ദ്രമെന്നാണ് ഊഹിക്കപ്പെടുന്നത്. മത സമ്മേളനങ്ങളില്‍ നിന്ന് വലതുപക്ഷ ആക്ടിവിസ്റ്റുകളെ കണ്ടെത്തി അവരെ കൊലപാതകികളാകാന്‍ പരിശീലനം നല്‍കുകയാണ് അയാള്‍ ചെയ്യുന്നത്. ഒത്ത ശരീരമുള്ളതിനാല്‍ ‘ബില്‍ഡര്‍’ എന്നറിപ്പെടുന്ന പരശുറാം വാഘ്മറെയാണ് വെടിവെച്ചതെന്നും ഊഹിക്കപ്പെുടുന്നു.

കേസ് ഫയലുകളുടെ അടിസ്ഥാനത്തില്‍ കാലെ ഈ വാടകക്കൊലയാളികളെ കണ്ടെത്തിയ ശേഷം മാസങ്ങള്‍ നീണ്ട പരിശീലന പരിപാടി നടത്തി. ഇതില്‍ ധ്യാനം, ആയുധ പരിശീലനം, മത പഠനം എന്നിവ ഉള്‍പ്പെട്ടിരുന്നു. അവര്‍ക്ക് ഗൗരി ലങ്കേഷ് എഴുതിയത് വായിക്കാനും അവരുടെ പ്രസംഗങ്ങളുടെ വീഡിയോകള്‍ കാണാനും നല്‍കി. ഹിന്ദുവിസത്തിന്റെ വേരുകളെ ഗൗരി ലങ്കേഷ് ചോദ്യം ചെയ്യുന്ന 2012-ലെ വീഡിയോ ഈ സിന്‍ഡിക്കേറ്റിലെ അഞ്ചംഗങ്ങളെ എങ്കിലും കാണിച്ചിട്ടുണ്ട്. വീണ്ടും വീണ്ടും ആവര്‍ത്തിച്ച് കണ്ടത് കൊണ്ട് തന്നെ വാഘ്മറെക്ക് ഈ വീഡിയോയില്‍ നിന്നുള്ള ഭാഗങ്ങള്‍ കാണാതെ അറിയാമായിരുന്നുവെന്ന് അന്വേഷണത്തില്‍ പങ്കെടുത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഫോര്‍ബിഡന്‍ സ്റ്റോറിയോട് പറഞ്ഞു (പ്രതിയെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍, കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ പ്രതികരിക്കാവില്ല എന്ന് അറിയിച്ചു).

വാടകയ്ക്കെടുത്ത ഒരു കെട്ടിടത്തില്‍ നടന്ന യോഗത്തില്‍ ‘എന്ത് വിലകൊടുത്തും’ ഗൗരി ലങ്കേഷിനെ കൊല്ലണം എന്ന് തീരുമാനിച്ചു. ‘അവരെ കൊല്ലാതെ വിട്ടാല്‍ വീണ്ടും ശല്യമുണ്ടാക്കുകയും ഹിന്ദു വിശ്വാസത്തെ കുറിച്ച് സമൂഹത്തില്‍ മോശം അഭിപ്രായം സൃഷ്ടിക്കാനുള്ള വഴിയൊരുക്കുകയും ചെയ്യും’. അവര്‍ നിശ്ചയിച്ചതായി കുറ്റപത്രം പറയുന്നു.

ഗൗരി ലങ്കേഷിന്റെ ബംഗളൂരുവിലുള്ള വീട്( ഫോട്ടോ ഫിനീസ് റെക്യുകെര്‍ട്)

ഗൗരി ലങ്കേഷ് ഹിന്ദു വിരുദ്ധയാണ് എന്ന ഒരു പൊതു പ്രചാരണം ഓണ്‍ലൈന്‍ മാധ്യമങ്ങളും സാമ്പ്രദായിക മാധ്യമങ്ങളും വീണ്ടും വീണ്ടും ആവര്‍ത്തിച്ച് പറഞ്ഞത് അവരുടെ കൊലപാതകത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് എന്ന് ഈ കേസുമായി വളരെ പരിചയമുള്ള ഒരു ജേര്‍ണലിസ്റ്റ് പറഞ്ഞു. ‘ഗൗരിയെ കുറിച്ച് സമൂഹത്തിനുണ്ടായ കാഴ്പ്പാടാണ് അവരെ ഉന്നം വയ്ക്കാന്‍ ഈ സംഘത്തെ പ്രേരിപ്പിച്ചത്. ഈ ബുദ്ധിജീവികളെ അവരുടെ സത്പേരിനെ ഇല്ലാതാക്കി, അപകീര്‍ത്തിപ്പെടുത്തി കര്‍ണാടകത്തിലെ വലതു പക്ഷം വളരെ ഘടനാപരമായി തന്നെ ഈ എഴുത്തുകാരെ ആക്രമിച്ചുകൊണ്ടിക്കുകയായിരുന്നു.’- പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഈ ജേര്‍ണലിസ്റ്റ് പറഞ്ഞു. ‘ആ വെറുപ്പ് പിന്നീട് വളര്‍ന്നുകൊണ്ടേയിരുന്നു.’

യൂ ട്യൂബില്‍ നിന്ന് കാലെയുടെ ലാപ് ടോപില്‍ ഡൗണ്‍ലോഡ് ചെയ്തിരുന്ന ആ വീഡിയോയാണ് സാവകാശമുള്ള ഈ പരിശീലന പരിപാടിയിലെ ഒരു പ്രധാന ഘടകം എന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. പ്രിന്‍സ്റ്റണ്‍ ഡിജിറ്റല്‍ വിറ്റ്നെസ് ലാബിലെ ഗവേഷകരുടെ സഹായത്തോടെ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ നിന്ന് ഫോര്‍ബിഡന്‍ സ്റ്റോറീസ് കണ്ടെത്തിയത് ഇന്ത്യയിലെ വലത് തീവ്രവാദ ഗ്രൂപ്പുകളില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നുവെന്നാണ്. ഇതുവഴി ഗൗരിയെ കൊലപ്പെടുത്താനുള്ള പദ്ധതികള്‍ തയ്യാറാകുന്നതിന് എത്രയോ മുമ്പ് തന്നെ അവരെ ഹിന്ദുവിരുദ്ധയാക്കി ചിത്രീകരിച്ച് സ്വഭാവഹത്യ നടത്താന്‍ അവര്‍ക്ക് കഴിഞ്ഞു.

ഓപ്പണ്‍ സോഴ്സ് റ്റൂളുകള്‍ ഉപയോഗിച്ച് ഗവേഷകര്‍ എട്ട് വ്യത്യസ്ത യൂ ട്യൂബ് ലിങ്കുകളിലൂടെ ഈ വീഡിയോ ഫേസ്ബുക്കില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നുവെന്ന് കണ്ടെത്തി. പത്തുകോടിയിലേറെ ഇന്ററാക്ഷന്‍സ് (ലൈക്കുകള്‍, ഷെയറുകള്‍, കമന്റുകള്‍) ലഭിച്ച മൂന്നെണ്ണം ഉള്‍പ്പെടെയാണിത്. 2014-ല്‍ കര്‍ണാടക ബി.ജെ.പി ഘടകത്തിന്റെ ഔദ്യോഗിക പേജില്‍ ‘ഇനിയൊരു തവണ ഇത്തരം പ്രഭാഷണങ്ങള്‍ കേട്ടാല്‍ നമുക്ക് യോജിച്ച തരത്തിലുള്ള നിയമപരമായ മറുപടി കൊടുക്കാന്‍ കഴിയണം.’ എന്ന മുന്നറിയിപ്പോട് കൂടി പ്രസിദ്ധീകരിച്ചിരുന്നു.

ഹിന്ദുത്വ വിരുദ്ധ പ്രചാരണങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് കര്‍ണാടക ബിജെപിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ വന്ന പോസ്റ്റ്

‘യൂ ട്യൂബ് വീഡിയോ ബി.ജെ.പി കര്‍ണാടക ഘടകം ഷെയര്‍ ചെയ്തത് കൊണ്ട് ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കിടയില്‍ വലിയ ചലനങ്ങളൊന്നുമുണ്ടായില്ല. പക്ഷേ ഈ പ്രസംഗം യഥാര്‍ത്ഥത്തില്‍ യൂ ട്യൂബില്‍ അപ്ലോഡ് ചെയ്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ അവിടെ വരെ എത്തി എന്നുള്ളത് അതിന്റെ റീച്ചിനെ തന്നെയാണ് കാണിക്കുന്നത്.’ -ഡിജിറ്റല്‍ വിറ്റ്നസ് ലാബിലെ ഗവേഷകരായ സൂര്യ മട്ടുവും മിച്ച ഗോറെലിക്കും പറയുന്നു.

(ആവര്‍ത്തിച്ച് അപേക്ഷകള്‍ നല്‍കിയിട്ടും കര്‍ണാടക ബി.ജെ.പി ഘടകം ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായില്ല).

2019 ഏപ്രിലില്‍, ഈ വീഡിയോ നീക്കം ചെയ്യുന്നതിന് മുമ്പായി, അവസാനം പരിശോധിക്കുമ്പോള്‍ ഈ പ്രസംഗത്തിന്റെ ഏറ്റവും പ്രചാരമുള്ള രൂപത്തിന് 2,50,000 കാഴ്ചകളും നൂറുകണക്കിന് പ്രതികരണങ്ങളും യൂ ട്യൂബില്‍ ഉണ്ടായിരുന്നു. ഈ വീഡിയോ വിവിധ അക്കൗണ്ടുകളില്‍ എന്ന് ഏതാണ്ട് ഒരേ സമയത്ത് തന്നെ ഒരേപോലെ തന്നെയുള്ള ഭാഷയില്‍ പരിഹസരിച്ചുകൊണ്ട് ഏകോപിപ്പിച്ച ഒരു നീക്കത്തിലൂടെയെന്ന് ഊഹിക്കാവുന്ന വിധത്തില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വീഡിയോകളെല്ലാം ചെറുതായി എഡിറ്റ് ചെയ്തിട്ടുണ്ട്. ഒരു ശൂന്യമായ ഒരു ഫ്രെയ്മില്‍ നിന്നാണ് എല്ലാ വീഡിയോകളും ആരംഭിക്കുന്നത്. ആ സ്‌ക്രീനില്‍ തുടര്‍ന്ന് ‘ഇതുകൊണ്ടാണ് ഞാന്‍ ഇന്ത്യയിലെ മതേതരത്വം വെറുക്കുന്നത്’ എന്ന് തെളിഞ്ഞ് വരും.

യൂ ട്യൂബിന്റെ അല്‍ഗോരിതം എങ്ങനെയാണ് വെറുപ്പിന്റെ പ്രചാരണത്തിനെ സഹായിക്കുന്നത് എന്ന് പഠിക്കുന്ന ഗൂഗിള്‍ മുന്‍ എഞ്ചിനീയറായ ജിയോം ചാസ്ലോട് പറയുന്നത് ആക്രമസംഭവങ്ങളെ ഉല്‍കൃഷ്ടമായി ചിത്രീകരിക്കുന്നതാണ് നേരിട്ട് അക്രമത്തിന് ആഹ്വാനം ചെയ്യുന്നതിനേക്കാള്‍ യൂ ട്യൂബ് അല്‍ഗോരിതത്തില്‍ ഗെയിമിങ്ങില്‍ ഫലപ്രദമാവുക എന്നാണ്. ”നമുക്ക് കീ ബോര്‍ഡിനെ അടിസ്ഥാനപ്പെടുത്തി ചില ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുകയോ നിരോധിക്കുകയോ ചെയ്യാനാകും. പക്ഷേ ജനങ്ങള്‍ അവരുടേതായ വഴികള്‍ കണ്ടെത്തും. ഉദാഹരണത്തിന് ‘അയാളെ കൊല്ലണം’ എന്ന നേരിട്ട് പറയുന്നതിന് പകരം ‘അവനൊരു ഹിന്ദു വിരുദ്ധനാണ്, അവനെ നരകത്തില്‍ തള്ളണം’ എന്ന് എഴുതാം. അത്തരിലാണ് ഇത് പ്രവര്‍ത്തിക്കുക.”

2006-ല്‍ യൂ ട്യൂബ് വാങ്ങിയ ഗൂഗിള്‍ കമ്പനി ഒരു പ്രസ്താവനയില്‍ അറിയിച്ചു: ”യൂ ട്യൂബ് നയങ്ങള്‍ ആഗോളതലത്തിലുള്ളതാണ്. അത് സ്ഥിരമായും എല്ലാ പ്ലാറ്റ്ഫോമിലും ഞങ്ങള്‍ നടപ്പാക്കും. അതില്‍ ഉള്ളടക്കം സൃഷ്ടിക്കുന്നയാളുടേയോ അയാള്‍ സൃഷ്ടിച്ച വിഷയത്തിന്റേയോ പശ്ചാത്തലമോ രാഷ്ട്രീയ കാഴ്ചപ്പാടുകളോ നിലപാടുകളോ ബാന്ധവമോ കണക്കിലെടുക്കാറില്ല. അപകടമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ വേണ്ടി നടപടികള്‍ ഇക്കാലത്തിനിടയില്‍ കൈക്കൊണ്ടിട്ടുണ്ട്. ഇപ്പോള്‍ നയങ്ങള്‍ക്ക് വിരുദ്ധമായ വീഡിയോകള്‍ പത്ത് വ്യൂ വിനുള്ളില്‍ നീക്കം ചെയ്യും.”

എഡിറ്റ് ചെയ്ത് ആ വീഡിയോയില്‍ വീണ്ടും രൂപമാറ്റം വരുത്തിയതായി ഫോര്‍ബിഡന്‍ സ്റ്റോറീസ് കണ്ടെത്തി. ഗൗരി ലങ്കേഷിന്റെ ഈ വിവാദപ്രസംഗം നടന്ന ചടങ്ങ് സംഘടിപ്പിച്ച കെ.എല്‍. അശോക് പറയുന്നത് ആ പ്രസംഗം ഹിന്ദുമതത്തിനെ ലക്ഷ്യം വച്ചുള്ളതേ ആയിരുന്നില്ല എന്നാണ്. ”ഹിന്ദു മതത്തില്‍ അച്ഛനോ അമ്മയോ ഇല്ല എന്ന് പറയുന്ന ഒരു ഭാഗം മാത്രമാക്കിയെടുക്ക് അവരതിനെ ചുരുക്കി. മതത്തിന്റെ ബഹുസ്വരതയെ ചൂണ്ടിക്കാണിക്കാനാണ് ഗൗരിയത് പറഞ്ഞത് തന്നെ. അതിനകത്ത് നൂറ് കണക്കിന് ജാതികളും വിവിധ തരത്തിലുള്ള വിശ്വാസങ്ങളുമുണ്ട്.”- അദ്ദേഹം പറഞ്ഞു.

ട്വിറ്ററില്‍ ഈ വീഡിയോ വലിയ രീതിയില്‍ വൈറല്‍ ആയി മാറിയില്ല എന്നാണ് ഫോര്‍ബിഡന്‍ സ്റ്റോറീസിന്റെയും ഡിജിറ്റല്‍ വിറ്റ്‌നെസ് ലാബിന്റേയും കണ്ടെത്തല്‍. എന്നാല്‍ ഓണ്‍ലൈന്‍ അല്ലാത്ത പൊതു സമൂഹത്തിലെ ആക്രമണങ്ങള്‍ക്ക് ഊക്ക് കൂട്ടാന്‍ ട്വിറ്ററിനെ പലരും ഉപയോഗിച്ച് കാണണം. ഗരുഡപുരാണ എന്ന് പേരുള്ള ഒരു അക്കൗണ്ട് ഫേസ് ബുക്കില്‍ നിന്ന് ട്വിറ്ററിലേയ്ക്ക് ഈ വീഡിയോ ക്രോസ് പോസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് ഞങ്ങള്‍ കണ്ടെത്തി. അത് വലതുപക്ഷ ആക്ടിവിസ്റ്റായ ഭുവിത് ഷെട്ടിയുടെ അക്കൗണ്ട് ആണ്. ഓണ്‍ലൈന്‍ വിദ്വേഷ പ്രസംഗങ്ങളും ആക്രമണ സംഭവങ്ങളും ഇവിടെ പതിവാണ്. 2014 ല്‍ ‘മത വികാരങ്ങള്‍ മുറിപ്പെടുത്തിയതിനാല്‍’ ഗൗരി ലങ്കേഷിനെ അറസ്റ്റ് ചെയ്യണമെന്നാരംഭിച്ചത് ചേഞ്ച് ഡോട്ട് ഓര്‍ഗില്‍ ഭുവിത് ഷെട്ടി ഒരു ഹര്‍ജി എഴുതിയിരുന്നു(ട്വിറ്ററിലൂടെ തന്നെ ഫോര്‍ബിഡന്‍ സ്റ്റോറീസ് ഷെട്ടിയെ ബന്ധപ്പെട്ടിരുന്നു. അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല).

തന്റെ പ്രസംഗം മതസൗഹാര്‍ദ്ദത്തെ തകര്‍ത്തുവെന്നുള്ള ആരോപിച്ചുകൊണ്ടുള്ള ഒരു കേസില്‍ ഗൗരി ലങ്കേഷ് കോടതിയില്‍ ഹാജറാകാന്‍ നിശ്ചയിച്ചിരുന്നതിന് പത്തുദിവസം മുമ്പാണ് അവര്‍ കൊല്ലപ്പെട്ടത്. ‘ഈ പ്രസംഗം കാരണം ഒരു കേസ് എനിക്കെതിരെ വന്നിട്ടുണ്ട്. അതില്‍ പറഞ്ഞിട്ടുള്ള ഒരോ വാക്കിലും ഞാന്‍ ഉറച്ച് നില്‍ക്കുന്നു. ” മാസങ്ങള്‍ക്ക് മുമ്പ് ഗൗരി ട്വിറ്ററില്‍ എഴുതി.  gauri lankesh murder false news age story killers investigations series

പക്ഷേ കോടതിയില്‍ ഹാജരായി പൊതുസമൂഹത്തിന്റെ മുന്നില്‍ തന്റൈ വാദം അവതരിപ്പിക്കാനുള്ള അവസരം ഗൗരിലങ്കേഷിന് ലഭിച്ചില്ല.

അനന്തരവള്‍ക്കൊപ്പം ഗൗരി, ബംഗളൂരുവില്‍( ഫോട്ടോ- ശീതള്‍ ജെയ്ന്‍)

അഡീഷണല്‍ റിപ്പോര്‍ട്ടിങ്- സൃഷ്ടി ജസ്വാള്‍ (ഫോര്‍ബിഡന്‍ സ്റ്റോറീസ്), ഒയ്ഷിക നിയോഗി (കോണ്‍ഫ്ളൂവന്‍ മീഡിയ), പ്രജ്വാള്‍ ഭട്ട് (ന്യൂസ് മിനുട്ട്), ലോറ ഫോഫ്ലിങ്കെര്‍ (ദേര്‍ സ്പീര്‍ഗെല്‍) എന്നിവര്‍ക്ക് അഭിമുഖങ്ങള്‍ക്കും ഗവേഷണത്തിനും കടപ്പാട്.

Content Summary; gauri lankesh murder false news age story killers investigations series

Advertisement