L01-501 എന്താണ് ഈ നമ്പര്‍?
നവി മുംബൈ പൊലീസ് കുറെ തലപുകഞ്ഞു. ഒടുവില്‍ അവരാ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയപ്പോഴാണ് ഒരു മാസമായി തെരയുന്നൊരു മൃതദേഹവും കണ്ടെത്തുന്നത്.
ട്രീ സെന്‍സസിന്റെ ഭാഗമായി ഇടുന്ന നമ്പറാണ് ഡിസംബര്‍ 12 കാണാതായ 19 കാരി വൈഷ്ണവി ബാബറിന്റെ മൃതദേഹം കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്. പെണ്‍കുട്ടിയുടെ കൊലപാതകിയെ നേരത്തെ തന്നെ മനസിലായിരുന്നു. 24 കാരന്‍ വൈഭവ് ബുറുംഗലെ. പക്ഷേ, പ്രതിയുടെ ചിന്നിച്ചിതറിയ ശരീരം മാത്രമാണ് പൊലീസ് കിട്ടിയത്. ഒരു പ്രണയ പരാജയത്തിന്റെ ബാക്കിയായ കൊലപാകവും ആത്മഹത്യയും.
ഡിസംബര്‍ 12 നാണ് വൈഷ്ണവിയെ കാണാതാകുന്നതും സാന്‍പാഡയില്‍ ട്രെയിനു മുന്നില്‍ ചാടി വൈഭവ് ജീവനൊടുക്കുന്നതും.
സിപ് ടാഗ് കൊണ്ട് കഴുത്ത് മുറുക്കിയായിരുന്നു വൈഷ്ണവിയെ കൊലപ്പെടുത്തിയതെന്ന് വൈഭവിന്റെ ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു. അതേ കുറിപ്പില്‍ തന്നെയായിരുന്നു പൊലീസിനെ കുഴക്കിയ L01-501 എന്ന നമ്പറും. വൈഷ്ണവി കൊല്ലപ്പെട്ടിരിക്കുന്നു എന്ന് മനസിലായെങ്കിലും മൃതദേഹം കണ്ടെത്താനാകാഞ്ഞത് പൊലീസിന് നാണക്കേടായിരുന്നു. വട്ടം കറക്കിയ ആ നമ്പറില്‍ നിന്നു തന്നെ ഒടുവിലവര്‍ വൈഷ്ണവിയെ കണ്ടെത്തുകയും ചെയ്തു.
രണ്ടു ജാതിയില്‍പ്പെട്ടവരായതുകൊണ്ട് വൈഭവിന്റെയും വൈഷ്ണവിയുടെയും പ്രണയം അംഗീകരിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തയ്യാറായിരുന്നില്ല. വീട്ടുകാരുടെ എതിര്‍പ്പ് മൂലം വൈഷ്ണവി ബന്ധത്തില്‍ നിന്നും പിന്‍വാങ്ങുകയും ചെയ്തു. ഇതോടെ വൈഭവിന് വൈഷ്ണവിക്ക് മേല്‍ സംശയമായി. തന്നെ ചതിച്ച് മറ്റാരെയോ സ്‌നേഹിക്കുകയാണെന്ന് സ്വയം വിശ്വസിച്ചുകൊണ്ടാണ് വൈഷ്ണവിയെയും കൊന്ന് ജീവനൊടുക്കാന്‍ ആ 24 കാരന്‍ തീരുമാനം എടുക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.
എസ് ഐ ഇ സ് കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു വൈഷ്ണവി. വൈഭവ് 12 ആം ക്ലാസില്‍ പഠനം നിര്‍ത്തി ജോലിക്കു പോവുകയായിരുന്നു.
ഡിസംബര്‍ 12-നാണ് വൈഷ്ണവിയെ കാണാനിലെന്ന പരാതി വീട്ടുകാര്‍ നവി മുംബൈ പൊലീസ് സ്റ്റേഷനില്‍ നല്‍കുന്നത്. കോളേജിലേക്ക് എന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വൈഷ്ണവി പിന്നീട് മടങ്ങി വന്നില്ല. അതേ ദിവസം തന്നെയാണ് സാന്‍പാഡ റെയില്‍വേ ട്രാക്കില്‍ നിന്നും വൈഭവിന്റെ മൃതദേഹം പൊലീസ് കണ്ടെടുക്കുന്നതും. മൃതദേഹത്തില്‍ നിന്നും കണ്ടെത്തിയ മൊബൈല്‍ ഫോണില്‍ വൈഭവിന്റെ ആത്മഹത്യ കുറിപ്പ് ഉണ്ടായിരുന്നു. അതില്‍, താന്‍ വൈഷ്ണവിയെ കൊലപ്പെടുത്തിയ കാര്യം വൈഭവ് പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഒരു മാസത്തോളം ശ്രമിച്ചിട്ടും വൈഷ്ണവിയുടെ മൃതദേഹം കണ്ടെത്താന്‍ പൊലീസിന് സാധിച്ചില്ല.
ഇതോടെ നവി മുംബൈ പൊലീസ് കമ്മീഷണര്‍ മിലിന്ദ് ഭരംബെ ഡിസിപി അമിത് കാലെയുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. ഫോണ്‍ റെക്കോര്‍ഡുകളും ആത്മഹത്യ കുറിപ്പുമൊക്കെ വിശദമായി പരിശോധിച്ചും സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള അന്വേഷണത്തിലൂടെയുമൊക്കെ വൈഷ്ണവിയെ കാണാതായ ദിവസം വൈഭവും വൈഷ്ണവിയും ഖാര്‍ഘര്‍ ഹില്‍ പ്രദേശത്ത് പോയിരുന്നതായി പൊലീസ് മനസിലാക്കുന്നത്.
തുടര്‍ന്ന് നവിം മുംബൈ പൊലീസിന്റെ ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് യൂണിറ്റിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ അതുല്‍ അഹെറിന്റെ നേതൃത്വത്തില്‍ കുന്നിന്‍ പ്രദേശത്ത് മൃതദേഹത്തിനായി പരിശോധന ആരംഭിച്ചു. അതൊരു വിപുലമായ തിരച്ചിലായിരുന്നു. ലോണാവാലയില്‍ നിന്നും നാട്ടുകാരുടെ സഹായം തേടി. അതോടൊപ്പം വനം വകുപ്പ്, ഫയര്‍ യൂണിറ്റ്, സിഡ്‌കോ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നും തെരച്ചിലിന് ആളെത്തിയിരുന്നു.
ആത്മഹത്യ കുറിപ്പില്‍, L01-501 എന്ന നമ്പര്‍ പരാമര്‍ശിച്ച്, ഈ പ്രദേശത്താണ് മൃതദേഹം മറവ് ചെയ്തതെന്നാണ് വൈഭവ് എഴുതിയിരുന്നത്. ഗൂഗിളില്‍ പരതിയതുള്‍പ്പെടെ, ആ നമ്പര്‍ എന്തിന്റെ കോഡ് ആണെന്ന് ഞങ്ങള്‍ ഒത്തിരി വഴികളിലൂടെ ആലോചിച്ചു നോക്കി’ എന്നാണ് അതുല്‍ അഹെര്‍ പറയുന്നത്.
പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ഇക്കാര്യങ്ങള്‍ സംസാരിക്കുമ്പോഴാണ് പൊലീസിനെ കുഴക്കിയ നമ്പറിന്റെ ഉത്തരം കിട്ടുന്നത്. മരങ്ങളുടെ എണ്ണം ശേഖരിക്കുന്നതിന് വേണ്ടി കൊടുക്കുന്ന നമ്പര്‍(ട്രീ സെന്‍സസ് നമ്പര്‍) ആണിതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതോടെ ആ നമ്പര്‍ നല്‍കിയിരിക്കുന്ന മരത്തിന്റെ പ്രദേശത്ത് അന്വേഷണം ആരംഭിച്ചു. ആ തെരച്ചിലിലാണ് ഖാര്‍ഘറില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെയുള്ള കലംബോലി പ്രദേശത്ത് മാലിന്യം തള്ളുന്ന സ്ഥലത്തിനു സമീപത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും ഒരു പെണ്‍കുട്ടിയുടെ മൃതേദഹം കണ്ടെത്തുന്നത്.
ധരിച്ചിരുന്ന വസ്ത്രങ്ങളും കൈയില്‍ കെട്ടിയിരുന്ന വാച്ചും ഐഡി കാര്‍ഡും ആ ജീര്‍ണിച്ച ശരീരം വൈഷ്ണവിയുടെതാണെന്ന് തെളിയിച്ചു.
വൈഷ്ണവിയുടെ ജീവനെടുക്കാന്‍ ഉപയോഗിച്ച വള്ളി ആദ്യം തന്റെ കഴുത്തില്‍ മുറുക്കി നോക്കിയിരുന്നുവെന്നും, അത് അധികം വേദനയെടുപ്പിക്കില്ലെന്നും വൈഭവിന്റെ ആത്മഹത്യ കുറിപ്പില്‍ ഉണ്ടായിരുന്നു, ഒപ്പം, അടുത്ത ജന്മത്തില്‍ നമ്മള്‍ ഒരുമിക്കുമെന്ന് വൈഷ്ണവിയോട് പങ്കുവയ്ക്കുന്ന പ്രതീക്ഷയും.