തട്ടിപ്പില്‍ വീണ് പണം കളയരുതെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി
2024 പാരീസ് ഒളിമ്പിക്സില്‍ കോടികളുടെ ‘അള്‍ട്രാ എക്സ്‌ക്ലൂസീവ്’ പാക്കേജുകളുമായി സ്വകാര്യ കമ്പനികള്‍. നാല് കോടിയോളം വരുന്ന പാക്കേജുകളാണ് ഒളിമ്പിക്‌സ് പ്രേമികളുടെ മുന്നില്‍ നിരത്തിയിരിക്കുന്നത്. വമ്പന്‍ വാഗ്ദാനങ്ങളുമുണ്ട്. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന അത്ലറ്റുകളെ പരിചയപ്പെടാനുള്ള അവസരം, അത്ലറ്റ് വില്ലേജിലേക്കുളള പ്രവേശനം, ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാകാനുള്ള അവസരം എന്നിവയാണ് പ്രത്യേക പാക്കേജുകളില്‍ ഉള്‍പ്പെടുക. ഇതിനായി മുടക്കേണ്ടി വരിക ഏകദേശം 4,16,90,925 രൂപ (500,000 ഡോളര്‍) വരെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. Paris Olympics
എന്നാല്‍ ഇത്തരം യാതൊരു ഓഫറുകളും ഔദ്യോഗികമായി ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് പാരീസ് ഒളിമ്പിക്‌സ് ഓര്‍ഗനൈസിംഗ് ക്മ്മിറ്റി അറിയിച്ചിരിക്കുന്നത്. ഔദ്യോഗിക ഏജന്‍സികള്‍ മുഖാന്തരം ലഭിക്കുന്ന ടിക്കറ്റുകള്‍ അല്ലാത്തവയെല്ലാം തന്നെ നിയമവിരുദ്ധമാണെന്നും ഓര്‍ഗനൈസിംഗ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
ബാസ്‌ക്കറ്റ്ബോള്‍ താരം ലെബ്രോണ്‍ ജെയിംസിന്റെ ബിസിനസ് മാനേജറും ടെന്നീസ് താരം റാഫേല്‍ നദാലിന്റെ പിആര്‍ മാനേജരുടെയും സഹ ഉടമസ്ഥതയിലുള്ള ഇന്റര്‍നാഷണല്‍ എക്‌സ്പീരിയന്‍സ് ഏജന്‍സിയായ ‘ജിആര്‍8 എക്‌സ്പീരിയന്‍സ്’ ആണ് ഒളിമ്പിക് പാക്കേജുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഈ പാക്കേജുകളില്‍ പുരുഷന്മാരുടെ 100 മീറ്റര്‍ മത്സരങ്ങളിലേക്കുള്ളതും, ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങും ഉള്‍പ്പടെ 14 ഇവന്റുകളിലേക്കുള്ള ടിക്കറ്റുകള്‍ ഉള്‍പ്പെടുന്നതാണ്. ഒരു പാക്കേജിന്റെ വില 381,600 ഡോളറാണ്( 3,18,18,513.96 ഇന്ത്യന്‍ രൂപ).
എ കാറ്റഗറി ടിക്കറ്റുകള്‍ക്ക് പുറമേ, അത്ലറ്റുകളുമായുള്ള കൂടിക്കാഴ്ച്ചകള്‍, അത്ലറ്റ് വില്ലേജ്, തുടങ്ങിയ സ്വകാര്യ നിയന്ത്രിത മേഖലകളിലേക്കുള്ള ടൂറുകള്‍ എന്നിവയുള്‍പ്പെടെ ക്രമീകരിക്കാന്‍ കഴിയുമെന്നാണ് ഏജന്‍സി അവകാശപ്പെടുന്നത്. അതോടൊപ്പം മണിക്കൂറുകളോളം പാരീസ് നഗരത്തിലെ വിഖ്യാത കലാ മ്യൂസിയമായ ലൂവ്രേയിലേക്കുള്ള പ്രവേശനവും സാധ്യമാണെന്നാണ് ജിആര്‍8 എക്്‌സ്പീരിയന്‍സ് അവകാശപ്പെടുന്നത്.
ജിആര്‍8 എക്സ്പീരിയന്‍സിന്റെ ചീഫ് എക്സിക്യൂട്ടീവായ ബര്‍ണബാസ് കരേഗ പാക്കേജിനെ കുറിച്ച് പറഞ്ഞത്, അത്ലറ്റുകളുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ എന്ന അസുലഭ അവസരമാണ് തന്റെ കമ്പനി വാഗ്ദാനം ചെയ്യുന്നത് എന്നാണ്. എന്നാല്‍ പാക്കേജില്‍ ഉള്‍പ്പെട്ടിട്ടുള്ള കായിക താരങ്ങളുടെ പേര് വെളിപ്പെടുത്താന്‍ ബര്‍ണബാസ് തയ്യാറായില്ല. പക്ഷെ, നദാലും സഹ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചും മുന്‍ ഇറ്റാലിയന്‍ ഒളിമ്പിക് സ്‌കീയറായ ജോര്‍ജിയോ റോക്കയുമായുള്ള സ്വകാര്യ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ബര്‍ണബാസ് പരാമര്‍ശിച്ചിരുന്നു.
കായിക താരങ്ങളുമായുള്ള കൂടിക്കാഴ്ചയുടെയും, അവരോടൊത്ത് സമയം ചിലവഴിക്കുന്നതിന്റയും വിലയെ കുറിച്ച് ചോദിച്ചപ്പോള്‍ ഓരോ കൂടിക്കാഴ്ചകളുടെയും സ്വഭാവത്തിനനുസരിച്ചായിരിക്കും വിലയെന്നാണ് ബര്‍ണബാസ് മറുപടി നല്‍കിയത്. 15 മിനിറ്റ് ഫോട്ടോകള്‍ എടുക്കുന്നതും പെട്ടെന്ന് സംസാരിക്കുന്നതിനും താരങ്ങളോടൊത്ത് ഉച്ച ഭക്ഷണം കഴിക്കുന്നതിനും വ്യത്യസ്ത രീതിയിലാണ് പണം ഈടാക്കുക എന്നാണ് അദ്ദേഹം പറഞ്ഞത്. പ്രത്യേകിച്ച് മുന്‍നിര അത്ലറ്റുകളുമൊത്തുള്ള ദീര്‍ഘനേരത്തെ കൂടികാഴ്ചകള്‍ക്ക് 25,000 ഡോളര്‍(20,84,546.25 ഇന്ത്യന്‍ രൂപ) മുതല്‍ 500,000 (4,16,90,925.00 ഇന്ത്യന്‍ രൂപ ) ഡോളര്‍ വരെയാണ് ഈടാക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ തനിക്ക് ആറ് മുതല്‍ എട്ട് ടിക്കറ്റുകള്‍ വരെ ലഭ്യമാണെന്നും ഓരോന്നിനും ഏകദേശം 25,000 (20,84,546.25 ഇന്ത്യന്‍ രൂപ) ഡോളര്‍ വിലവരുന്നുണ്ടെന്നും ഇതില്‍ ചിലത് ഇതിനോടകം തന്നെ അതിസമ്പന്നനായ തന്റെ ക്ലയന്റിന് വിറ്റുവെന്നും ബര്‍ണബാസ് കരേഗ വ്യക്തമാക്കി.
എന്നാല്‍, ഓണ്‍ ലൊക്കേഷന്‍ മാത്രമാണ് ഒളിമ്പിക്, പാരാലിമ്പിക് ഗെയിംസ് പാരീസ് 2024-ന്റെ ഔദ്യോഗിക ആതിഥേയ സംഘം എന്ന് പാരീസ് 2024 ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു.
ഓണ്‍ ലൊക്കേഷന്‍ എന്ന ഔദ്യോഗിക ആതിഥേയ സംഘമല്ലാതെ ടിക്കറ്റ് ഉള്‍പ്പെടെയുള്ള ഇത്തരം പാക്കേജുകള്‍ വില്‍ക്കുന്ന ഏത് സ്ഥാപനവും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതാണെന്ന് ഒളിമ്പിക്‌സ് സംഘാടക സമിതി പറഞ്ഞു. അത്ലറ്റ് വില്ലേജിലേക്കുളള പ്രവേശനവും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനും ഇതുവരെ ടിക്കറ്റ് നല്‍കിയിട്ടില്ലെന്നും ഇവിടങ്ങളിലേക്കുളള പ്രവേശനം പ്രത്യേക അനുമതിയുള്ളവര്‍ക്ക് മാത്രമാണെന്നും സമിതി വ്യക്തമാക്കി. കൂടാതെ ഉദ്ഘാടന ചടങ്ങിലേക്കും അത്ലറ്റ് വില്ലേജിലേക്കും പ്രവേശിക്കുന്നവര്‍ മാനദണ്ഡങ്ങള്‍ പാലിക്കുകയും ഒന്നിലധികം സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാകുന്നതാണെന്നും പാരീസ് 2024 ഓര്‍ഗനൈസിംഗ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
content summary : Super-rich spending up to 500,000 dollar on exclusive Paris Olympics packages