UPDATES

ബിജെപിയുടെ ‘സ്വകാര്യ ചാനലാ’കുന്ന ദൂരദര്‍ശന്‍

രാജ്യത്തെ ജനങ്ങളുടെ പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനമാണിതെന്നോര്‍ക്കണം

                       

‘എല്ലാവരുടെയും പണം കൊണ്ടാണ് ദൂരദര്‍ശന്‍ നിര്‍മിച്ചിരിക്കുന്നത്. ഇത് കോണ്‍ഗ്രസ് (ഐ)യുടെ മാത്രം ജമീന്ദാരിയല്ല.’ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസു കോണ്‍ഗ്രസ് സര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ട് പറഞ്ഞു. വര്‍ഷം 1989, രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ദേശീയ ടെലിവിഷന്‍ ബ്രോഡ്കാസ്റ്ററിനെയും, ആകാശവാണിയെയും പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഉപകരണമായി മാറ്റിയെന്ന ആരോപണം ശക്തമായിരുന്നു കാലം.

കോണ്‍ഗ്രസിനെയും, രാജീവ് ഗാന്ധി സര്‍ക്കാരിനെയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് ഇന്ത്യ ടുഡേ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ ലേഖനങ്ങളെഴുതി. രാജ്യവ്യാപകമായി ഉന്നയിക്കപ്പെട്ട വിമര്‍ശനത്തില്‍ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി കെ കരുണാനിധി അടക്കം ഇതേ നിലപാട് സ്വീകരിച്ചു. ‘അവര്‍ ദൂരദര്‍ശന്‍ തങ്ങളുടെ ഉടമസ്ഥതയിലാണെന്ന മട്ടിലാണ് ഉപയോഗിക്കുന്നത്.” കലൈഞ്ജരുടെ വാക്കുകളില്‍ ഒട്ടും മയമുണ്ടായിരുന്നില്ല. ദൂരദര്‍ശന്‍ ബഹിഷ്‌കരിച്ചാണ് ഡിഎംകെ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

വര്‍ഷം 2015, തെരഞ്ഞെടുപ്പില്‍ ഭരിക്കുന്ന പാര്‍ട്ടിയെ സഹായിക്കാന്‍ ദൂരദര്‍ശനും, ആള്‍ ഇന്ത്യ റേഡിയോയും(എഐആര്‍) ദുരുപയോഗം ചെയ്‌തെന്ന ആരോപണം ഒരിക്കല്‍ കൂടി പൊങ്ങി വന്നു. പക്ഷെ അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന കോണ്‍ഗ്രസ് ഇത്തവണ വാദി പക്ഷത്തായിരുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയെ സഹായിക്കാന്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സര്‍ക്കാരും ദൂരദര്‍ശന്‍, എ.ഐ.ആര്‍ എന്നിവയുടെ ‘നഗ്‌നമായ ദുരുപയോഗം’നടത്തിയെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചുനിന്നു.

വര്‍ഷം 2024, ദൂരദര്‍ശനും ആകാശവാണിയും നടത്തുന്ന പ്രസാര്‍ ഭാരതിയെ സര്‍ക്കാര്‍ ഒന്നടങ്കം പിടിച്ചടക്കി എന്നത് വെറും ആരോപണം മാത്രമായി കാണാനാകില്ല. കല, സാംസകാരിക, സാമൂഹിക രംഗങ്ങളില്‍ ഹിന്ദുത്വ വേരുകള്‍ ആദ്യം പടര്‍ന്നിറങ്ങിയത് ഈ സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണെന്ന ആക്ഷേപം കഴിഞ്ഞ കുറച്ചു നാളുകളായി പല കോണില്‍ നിന്ന് ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭരണപക്ഷത്തിന്റെ സ്തുതിപാഠകരായി ഇവ മാറുന്നുവെന്ന വിമര്‍ശനത്തിന് ആരംഭ കാലം മുതലുള്ള പഴക്കം ഉണ്ടായിരിക്കണം. പക്ഷെ ഇത്തവണ സ്ഥിതി കുറച്ചു കടുപ്പമാകുന്നത് മറ്റു പല കാരണങ്ങള്‍ കൊണ്ടുകൂടിയാണ്.

ദൂരദര്‍ശനും ആകാശവാണിയും നടത്തുന്ന പ്രസാര്‍ ഭാരതി, ഭരിക്കുന്ന പാര്‍ട്ടിക്ക് ഇണങ്ങുന്ന രീതിയില്‍ കാവിവത്കരിക്കപ്പെടുകയാണെന്ന ആശങ്ക എന്‍എജെ പോലുള്ള പത്രപ്രവര്‍ത്തക സംഘടനയും, ഡല്‍ഹി ജേര്‍ണലിസ്റ്റ് യൂണിയനും പങ്കുവച്ചിട്ടും മൗനത്തിലിരിക്കുന്ന ദേശീയ മാധ്യമങ്ങളാണ് സ്ഥിതി കടുപ്പമാക്കുന്ന ഘടകകളില്‍ ഒന്ന്. പ്രസാര്‍ ഭാരതിയുടെ വാര്‍ത്താസ്രോതസ്സായി സംഘപരിവാര്‍ ബന്ധമുള്ള ഒരു മാധ്യമ ഏജന്‍സിയെ തെരഞ്ഞെടുത്തതിലൂടെ വാര്‍ത്തകളുടെ കാവിവത്കരണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തിയത്. ”ദൂരദര്‍ശനെയും ആകാശവാണിയെയും സംഘപരിവാറിന്റെ വലയത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കമാണിത്” അദ്ദേഹം പറഞ്ഞു. 2023 ഫെബ്രുവരി മാസത്തിലാണ് പ്രസാര്‍ ഭാരതിയുടെ വാര്‍ത്ത സ്രോതസ്സായി ആര്‍എസ്എസുമായി ബന്ധമുള്ള വാര്‍ത്താ ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ സമാചാറിനെ തെരഞ്ഞെടുത്തതില്‍ പ്രതിഷേധമുയരുന്നത്.

ആദ്യ കാലങ്ങളില്‍ തെരഞ്ഞെടുപ്പിന് ഒത്താശ ചെയ്യാന്‍ സര്‍ക്കാര്‍ വാര്‍ത്ത സ്ഥാപനങ്ങളെ മാറ്റുന്നുവെന്നായിരുന്നു ആരോപണം. എന്നാല്‍ നിലവിലെ ആക്ഷേപം ഭരണക്ഷിയിലിരിക്കുന്ന പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം വളര്‍ത്തുന്നതിന് വേണ്ടി ദുരുപയോഗം ചെയ്യപെടുന്നുവെന്നതാണ്. അടുത്തിടെയായി ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളും ഈ ആരോപണങ്ങളെ ശരിവക്കുന്നതാണെന്ന വിമര്‍ശനമുണ്ട്.

‘ഇനി എല്ലാ ദിവസവും ഭഗവാന്‍ ശ്രീ രാംലല്ലയുടെ ദിവ്യ ദര്‍ശനം ഉണ്ടായിരിക്കും’ എന്ന അടികുറിപ്പോടെ ദൂരദര്‍ശന്‍ എക്‌സില്‍ പങ്കു വച്ച കുറിപ്പ് വിവാദമായിരുന്നു. അയോധ്യ രാമക്ഷേത്രത്തിലെ ആരതി ദര്‍ശനം ഇനി മുതല്‍ ലൈവായി ഡിഡി നാഷണല്‍ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നായിരുന്നു കുറിപ്പിന്റെ ഉള്ളടക്കം. ദൂരദര്‍ശന്റെ ആത്മീയ വ്യാപാരം വലുതല്ലാത്ത ആശങ്കയാണ് ഉണ്ടാക്കുന്നതെന്ന് നെറ്റിസണ്‍സും അഭിപ്രയപെട്ടിരുന്നു. അത്യാഢംബരപൂര്‍വ്വം നടന്ന രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിന് 21 ദിവസം മുന്‍പേ തന്നെ രാമക്ഷേത്രത്തെ കേന്ദ്രീകരിച്ചുള്ള പ്രത്യേക പരിപാടികളും വാര്‍ത്താ ബുള്ളറ്റിനുകളും ചാനല്‍ സംപ്രേക്ഷണം ചെയ്തിരുന്നു. പ്രത്യേക പരിപാടികളില്‍ ഉണ്ടായിരുന്ന ദിവസേനയുള്ള അയോധ്യ റൗണ്ട്-അപ്പ്, ചര്‍ച്ചകള്‍, അയോധ്യയില്‍ നിന്നുള്ള പ്രത്യേക വാര്‍ത്തകളും ഒപ്പം വോക്സ്-പോപ്പ് തുടങ്ങിയവ പ്രതിഷ്ഠാ ചടങ്ങിന് ശേഷവും തുടര്‍ന്നു വരികയായിരുന്നു. രാമന്‍ തിരികെ തന്റെ രാജ്യത്തിലേക്ക് മടങ്ങിവരുന്ന കഥയെ ആസ്പദമാക്കി അയോധ്യയില്‍ നിന്നുള്ള ഒരു കഥാ പരമ്പരക്കായി ചാനല്‍ എഴുത്തുകാരന്‍ നീലേഷ് മിശ്രയെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

ഇതിനെല്ലാം പുറമെയാണ് ഹിന്ദുത്വ പ്രൊപ്പഗാണ്ട ചിത്രം ‘ദി കേരള സ്റ്റോറി’ ടെലികാസ്റ്റ് ചെയ്യുന്നത്. പ്രധാനപ്പെട്ട ഒ.ടി.ടി പ്ലാറ്റ്ഫോമുകളൊന്നും തന്നെ വാങ്ങാന്‍ തയ്യാറാവാതിരുന്ന വിദ്വേഷ സിനിമ കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രസ്ഥാനം ഏറ്റെടുത്തതിന്റെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യപ്പെട്ടു. കേരളത്തിന്റെ കഥയല്ലെന്ന് കേരളം തന്നെ അടിവരയിട്ട ചിത്രം, ‘ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേക്ക്’ എന്ന ക്യാപ്ഷനോടെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. കേരളത്തെ കുറിച്ചുള്ള സ്റ്റിഗ്മകള്‍ പ്രബലമാക്കും വിധത്തില്‍ നുണ പ്രചരണം നടത്തുന്ന ചിത്രം കൃത്യമായ സംഘ പരിവാര്‍ അജണ്ട ഉള്‍കൊള്ളുന്നുണ്ടെന്ന ആക്ഷേപം ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ശക്തമായിരുന്നു.

സിനിമയുടെ ഉള്ളടക്കം വ്യക്തമായ ഇസ്ലാമോഫോബിയ വളര്‍ത്തുന്നതാണെന്നാണ് വിമര്‍ശനം. കേരളത്തിന്റെ യഥാര്‍ത്ഥ കഥയാണെന്ന് തരത്തില്‍ വ്യാപക പ്രചരണങ്ങളാണ് സംഘപരിവാര്‍ അനുകൂല സാമൂഹ്യ മാധ്യമ പേജുകളില്‍ നടന്നിരുന്നത്, ഉത്തരേന്ത്യയില്‍ വലിയ രീതിയിലുള്ള സ്വീകാര്യത ഇത്തരം പ്രചാരണങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തു. ഈ വിഷയത്തില്‍ ദേശീയ മാധ്യമങ്ങള്‍ നടത്തിയ വിദ്വേഷ പ്രചാരണങ്ങളും സമാനതകളില്ലാത്ത തരത്തിലായിരുന്നു. ഒളിഞ്ഞും മറഞ്ഞുമല്ലാതെ വ്യക്തമായി തന്നെ മുസ്ലിം സമുദായത്തിനോടുള്ള വിരോധം പ്രകടമാക്കുന്ന കേരള സ്റ്റോറി, പൊതു തെരെഞ്ഞെടുപ്പ് കാലത്ത് ഒരിക്കല്‍ കൂടി മുഖ്യധാരയുടെ ചര്‍ച്ചക്ക് വിട്ടുകൊടുക്കാനുള്ള ശ്രമങ്ങളാണോ ദൂരദര്‍ശന്‍ നടത്തുന്നതെന്ന ചോദ്യവും സമൂഹമാധ്യമങ്ങളില്‍ ശക്തമായി. സംഘ പരിവാര്‍ മുന്നോട്ടു വക്കുന്ന തീവ്ര ഹിന്ദുത്വ നിലപാടിന്റെ ബാക്കിയായാണോ സിനിമയുടെ സംപ്രേക്ഷണം എന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നുണ്ട്.

ഇത്തരം ചോദ്യങ്ങളും ആരോപണങ്ങളും ശരിവയ്ക്കുന്ന തരത്തിലാണ് ദൂര്‍ദര്‍ശന്‍ അവരുടെ ലോഗ പരിഷ്‌കരിച്ചിരിക്കുന്നത്. പരമ്പരാഗത നിറത്തില്‍ നിന്നത് ഇപ്പോള്‍ പൂര്‍ണമായും കാവിയായിരിക്കുന്നു. രാജ്യം മൊത്തത്തില്‍ കാവിവത്കരണം നടക്കുമ്പോള്‍, രാജ്യത്തിന്റെ സ്വന്തം ചാനലും നിറം മാറിയിരിക്കുന്നു. സത്യസന്ധവും നിഷ്പക്ഷവുമായ വാര്‍ത്തകള്‍ മാത്രം എന്ന അവകാശപ്പെടുമ്പോള്‍, ദൂരദര്‍ശന്‍ സ്വയം അപഹാസ്യപ്പെടുകയാണ്. ഭരിക്കുന്ന പാര്‍ട്ടിയുടെ വിധേയത്വത്താലാണ്ടു കഴിഞ്ഞൊരു മാധ്യമസംവിധാനം എങ്ങനെയാണ് സത്യം പറയുക?

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍