UPDATES

ട്രെന്‍ഡിങ്ങ്

ഭാര്യയ്ക്ക് മരുമകനുമായി പ്രണയം; കല്യാണം നടത്തിക്കൊടുത്ത് ഭര്‍ത്താവ്

ബിഹാറിലെ ബന്‍ക ജില്ലയില്‍ നിന്നാണീ പ്രണയകഥ

                       

പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നാണ് പറയാറ്, അതാര്‍ക്കും ആരോടും വരാം. എന്നാല്‍, അതിന് അതിന്റെതായ പ്രശ്‌നങ്ങളുമുണ്ടാകും. പ്രണയിച്ചതുകൊണ്ട് മാത്രം കാര്യമില്ല, ഒന്നാകുന്നിടത്താണതിന്റെ പൂര്‍ണത. പ്രണയിക്കുന്നവരെ തമ്മില്‍ ഒന്നിപ്പിക്കുന്നതിനെക്കാള്‍ മനോഹരമായി വേറെന്തുണ്ട് ഭൂമിയില്‍? ബിഹാറില്‍ നിന്നുള്ള ഈ പ്രണയ കഥ കേള്‍ക്കു.

ഈ കഥയിലെ നായികാനായകന്മാര്‍ ഗീത ദേവിയും സിക്കന്ദര്‍ യാദവുമാണ്. എന്നാല്‍ കൈയടി മുഴുവന്‍ പോകുന്നത് ദില്‍ഷേവാര്‍ ദാര്‍വെ എന്ന മനുഷ്യനാണ്. കാരണം, ഗീതയും യാദവും ഒന്നിക്കുന്നതിനു കാരണം ദാര്‍വെയാണ്. ബിഹാറിലെ ബന്‍ക ജില്ലയില്‍ നിന്നാണീ പ്രണയകഥ.

ഇവരൊക്കെ ആരാണെന്നതാണ് ഈ കഥയിലെ ട്വിസ്റ്റ്. 55 കാരനായ ദാര്‍വെയുടെ ഭാര്യയാണ് 45 കാരിയായ ഗീത ദേവി. അപ്പോള്‍ സിക്കന്ദര്‍ യാദവോ? ദാര്‍വെയുടെയും ഗീതയുടെയും മകളുടെ ഭര്‍ത്താവ്! അതായത്, യാദവ് പ്രണയിച്ചത് സ്വന്തം അമ്മായി അമ്മയെയാണ്. ഞെട്ടിയില്ലേ? സ്വന്തം ഭാര്യയെ മരുമകന് കെട്ടിച്ചു കൊടുത്തുകൊണ്ടാണ് ഒരു പ്രണയസാഫല്യത്തിന് ദാര്‍വെ വഴിയൊരുക്കിയതെന്ന് അറിയുമ്പോള്‍ കൂടുതല്‍ ഞെട്ടും.

സിക്കന്തര്‍ യാദവിന്റെ ഭാര്യ, അതായത് ദാര്‍വെ-ഗീത ദമ്പതിമാരുടെ മകള്‍ മരിച്ചു പോയിരുന്നു. ഭാര്യ പോയെങ്കിലും യാദവ് ഭാര്യയുടെ മാതാപിതാക്കളെ വിട്ടുപോകാന്‍ കൂട്ടാക്കിയില്ല. പ്രത്യേകിച്ച് അമ്മായിഅമ്മയെ.

ആ ബന്ധത്തില്‍ ചില സംശയങ്ങള്‍ തോന്നി തുടങ്ങിയതോടെയാണ് ദാര്‍വെ രഹസ്യാന്വേഷണത്തിനിറങ്ങിയത്. അങ്ങനെയാണ് യാദവും ഗീതയും തമ്മിലുള്ള പ്രണയം കണ്ടു പിടിക്കുന്നത്. കാര്യങ്ങള്‍ എല്ലാം പുറത്തു വന്നതോടെ, ജനങ്ങള്‍ക്കും പഞ്ചായത്തിനും മുന്നില്‍ യാദവ് തന്റെ പ്രണയം തുറന്നു പറഞ്ഞു. ദാര്‍വെ പ്രശ്‌നമുണ്ടാക്കാന്‍ നിന്നില്ല. മാത്രമല്ല, തന്റെ ഭാര്യയും മരുമകനുമായുള്ള കല്യാണത്തിന് മുന്‍കൈയെടുക്കുകയും ചെയ്തു. അങ്ങനെ നിയമപരമായും ആചാരപൂര്‍വ്വമായും ഗീതയും യാദവും വിവാഹിതരായി. ഗീതയുടെ സീമന്തരേഖയില്‍ യാദവ് സിന്ദൂരം ചാര്‍ത്തുന്നതും ചുറ്റും നില്‍ക്കുന്ന ഗ്രാമവാസികള്‍ ആഹ്ലാദാരവും മുഴുക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

എന്നാല്‍, ഈ പ്രണയകഥയ്ക്ക് എല്ലാവരുടെ പിന്തുണ കിട്ടുന്നില്ല. സോഷ്യല്‍ മീഡയയിലെ വീഡിയോക്ക് താഴെ വരുന്ന കമന്റുകള്‍ പലതരമാണ്. ഇത്തരം പ്രവണതകള്‍ സമൂഹത്തില്‍ പ്രോത്സാഹിപ്പിക്കരുതെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. ചില രസികന്മാര്‍ പറയുന്നത്, ഈ കഥയിലെ ബുദ്ധിമാനായ കഥാപാത്രം ദാര്‍വെ ആണെന്നാണ്. ഒറ്റയടിക്കു ഭാര്യയെയും മരുമകനെയും ഒഴിവാക്കിയ ദാര്‍വെ ഇനി ഗോവയില്‍ പോയി ‘ ചില്‍’ ആകുമെന്നാമ് ഒരു കമന്റ്!

 

English Summary: Bihari man marries mother in law

Share on

മറ്റുവാര്‍ത്തകള്‍