UPDATES

വിശാല്‍ ഭര്‍ദ്വജിന്റെ കണ്ഡഹാര്‍ ഹൈജാക്ക് പ്രൊജക്ട് ആമസോണ്‍ പ്രൈം എന്തുകൊണ്ട് ഉപേക്ഷിച്ചു?

സംഘപരിവാറിന് ഇഷ്ടമില്ലാത്ത ‘ രാഷ്ട്രീയം’ തൊടാന്‍ പേടിയായിരിക്കുന്നു സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്ക്

                       

ഇന്ത്യയില്‍ സംഘപരിവാര്‍ രാഷ്ട്രീയം നിശ്ചയിക്കുന്ന അപ്രഖ്യാപിത സെന്‍സറിംഗ് സാംസ്‌കാരിക മേഖലയില്‍, പ്രത്യേകിച്ച് സിനിമ-വെബ് സീരീസ് നിര്‍മാണങ്ങളില്‍ ശക്തമാകുന്നതുമായി ബന്ധപ്പെട്ട് ദ വാഷിംഗ്ടണ്‍ പോസ്റ്റ് അടുത്തിടെ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ആഗോള സ്ട്രീമിംഗ് ഭീമന്മായ ആമസോണ്‍ പ്രൈമും, നെറ്റ്ഫ്‌ളിക്‌സുമെല്ലാം ഇന്ത്യയില്‍ ഭരണകൂടത്തിന് ഇഷ്ടക്കേടുണ്ടാക്കുന്ന പ്രൊജക്ടുകള്‍ ഒഴുവാക്കുകയോ, മാറ്റം വരുത്തി മാത്രം സംപ്രേക്ഷണം ചെയ്യുന്ന നിലയിലേക്കോ മാറിയെന്ന് ആ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതലായി ഇവിടെ വായിക്കാം-ഇനിയൊരു പാതാള്‍ലോകോ, താണ്ടവോ പ്രതീക്ഷിക്കരുത്; നെറ്റ്ഫ്ളിക്സും പ്രൈമുമെല്ലാം ഭരണകൂടത്തെ ഭയക്കുന്നുണ്ട്

ഇന്ത്യന്‍ ഭരണകൂടത്തിന് രസിക്കാത്ത പ്രമേയങ്ങള്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ നിരാകരിക്കുന്നതായി ചലച്ചിത്രകാരന്മാര്‍ തന്നെ പറയുന്നുണ്ട്. അനുരാഗ് കശ്യപ് അതിലൊരാളായിരുന്നു, ഇപ്പോള്‍ മറ്റൊരു പ്രശസ്ത ബോളിവുഡ് സംവിധായകന്‍ വിശാല്‍ ഭര്ദ്വജും ഇതേ വിഷയം തുറന്നു പറഞ്ഞ് മുന്നോട്ടു വന്നിരിക്കുകയാണ്.

താന്‍ എട്ടു വര്‍ഷത്തോളം പണിയെടുത്തൊരു സബ്ജക്ട് ആമസോണ്‍ പ്രൈം വേണ്ടെന്നു വച്ചതിനെക്കുറിച്ചാണ് വിശാല്‍ തുറന്നു സംസാരിച്ചിരിക്കുന്നത്. 1999-ല്‍ നടന്ന കണ്ഡഹാര്‍ വിമാന റാഞ്ചല്‍ ആസ്പദമാക്കിയുള്ളതായിരുന്നു പ്രൊജക്ട്. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐ സി 814 വിമാനം ഭീകര്‍ റാഞ്ചിയതുമായി ബന്ധപ്പെട്ട പ്രമേയം ‘ പ്രശ്‌നങ്ങള്‍ വരുത്തിവയ്ക്കാന്‍’ താത്പര്യമില്ലാത്തതുകൊണ്ട് പ്രൈം ഉപേക്ഷിക്കുകയായിരുന്നു.

താണ്ടവ് എന്ന സീരിസ് അവര്‍ക്കുണ്ടാക്കിയ പ്രശ്‌നങ്ങള്‍ ചില്ലറയല്ലായിരുന്നു. ആ പേടിയാണ് അവരെക്കൊണ്ട് വിശാലിന്റെ പ്രൊജക്ടിനോടും അവസാന നിമിഷം ‘ നോ’ പറയാന്‍ കാരണമായത്. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്ന പേരില്‍ ഇന്ത്യയൊട്ടാകെയാണ് സംഘപരിവാറുകള്‍ അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത താണ്ടവിനെതിരേ പരാതികള്‍ കൊടുത്തത്. പ്രൈമിനെതിരേ പല സംസ്ഥാനങ്ങളില്‍ എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. പ്രൈം അധികൃതര്‍ക്ക് പൊലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങേണ്ടി വന്നു. പരസ്യമായി മാപ്പ് അപേക്ഷിക്കേണ്ടി വന്നു. അത്ര ശക്തമായിട്ടാണ് സംഘപരിവാര്‍ രാഷ്ട്രീയം, അവര്‍ക്ക് അനഭിമതമായ വിഷയങ്ങളോട് പ്രതികരിക്കുന്നത്. കൂടുതലായി വായിക്കാം. എ ബി വാജ്‌പേയ്‌യുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയമായിരുന്നു കണ്ഡഹാര്‍ വിമാന റാഞ്ചല്‍. ഭീകരര്‍ക്കു മുന്നില്‍ തലകുനിച്ച് കൊടുക്കേണ്ടി വന്ന അവസ്ഥ ഇന്ത്യയ്ക്ക് ലോകത്തിന് മുന്നില്‍ ഉണ്ടാക്കിയ നാണക്കേട് ഇന്നും മാറിയിട്ടില്ല.

താണ്ടവ് ഉണ്ടാക്കിയതുപോലെ, ആസൂത്രിതമായ വിദ്വേഷ പ്രകടനങ്ങള്‍ വീണ്ടും ഉണ്ടാകാനുള്ള സാധ്യത പേടിച്ച് തന്നെയാണ് പ്രൈം ഐസി814 പ്രൊജക്ട് ഉപേക്ഷിച്ചതെന്നാണ് വിശാലിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. മിഡ് ഡേ-യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ സംസാരിക്കുന്നത്. ‘ ഞാന്‍ 7-8 വര്‍ഷമായി ഐസി 814 പ്രൊജക്ടുമായി ബന്ധപ്പെട്ട് ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ആമസോണ്‍ പ്രൈമിനു വേണ്ടിയായിരുന്നു ഞാനാ പ്രൊജക്ട് ചെയ്തിരുന്നത്. എന്നാല്‍ താണ്ടവ് റിലീസ് ചെയ്തതിനു ശേഷം അവരെന്റെ പ്രൊജക്ടില്‍ നിന്നും പിന്മാറി. രാഷ്ട്രീയമായി ബന്ധപ്പെട്ടതൊന്നും വേണ്ടെന്നാണ് അവര്‍ പറഞ്ഞത്. അതൊരു രാഷ്ട്രീയ സബ്ജക്ട് ആയിരുന്നില്ല, ഈ രാജ്യം മുഴുവന്‍ അപമാനിക്കപ്പെട്ടൊരു സംഭവം, ആ സബ്ജക്ടിന് ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടായിരുന്നില്ല. എന്നിട്ടുമവര്‍ ഭയപ്പെട്ടു, ഇപ്പോഴുമതേ. രാഷ്ട്രീയമായ ഏതെങ്കിലുമൊന്നിനെ തൊടാന്‍ അവര്‍ക്കിപ്പോള്‍ ഭയമാണ്’- വിശാലിന്റെ വാക്കുകള്‍.

സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്ത, ചെയ്യാന്‍ താന്‍ ഏറെ കൊതിച്ചിരുന്ന മറ്റൊരു സബ്ജക്ടിനെ കുറിച്ചു കൂടി മിഡ് ഡേ അഭിമുഖത്തില്‍ വിശാല്‍ ഭരദ്വജ് പറയുന്നുണ്ട്. അഡ്രിയാന്‍ ലെവിയും കാത്തി സ്‌കോട്ട്-ക്ലാര്‍ക്ക് എന്നിവര്‍ ചേര്‍ന്നെഴുതിയ ‘ ദ എക്‌സൈല്‍; ദ ഫ്‌ളൈറ്റ് ഓഫ് ഒസാമ ബിന്‍ ലാദന്‍ എന്ന പുസ്‌കത്തിന്റെ അഡാപ്ഷന്‍ ആയിരുന്നു. ഗംഭീര തിരക്കഥയായിരുന്നുവത്, പക്ഷേ ഒസാമയും തിരസ്‌കരിക്കപ്പെട്ടു, ഒരാളുപോലും താത്പര്യം കാണിച്ചില്ല’ എന്നാണ് വിശാല്‍ പറഞ്ഞത്.

ഇന്ത്യയുടെ രാഷ്ട്രീയ കാലാവസ്ഥ എത്രത്തോളം മാറിയെന്നും അത്, ഇവിടുത്തെ ചലച്ചിത്ര സ്വാതന്ത്ര്യത്തില്‍ എത്രയാഴത്തില്‍ പിടിമുറുക്കിയിട്ടുണ്ടെന്നും തന്റെയൊരു നിരീക്ഷണത്തിലൂടെ വിശാല്‍ ഈ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നുണ്ട്. സംഗീത സംവിധായകന്‍ എന്ന നിലയില്‍ ദേശീയ പുരസ്‌കാരങ്ങളും ജനപ്രീതിയും നേടിയതിനു പിന്നാലെ സിനിമ സംവിധാനമെന്ന ആഗ്രഹത്തിലേക്ക് തിരിഞ്ഞ വിശാല്‍, താന്‍ ആദ്യം സംവിധാനം ചെയ്യാനിരുന്ന ഒരു പ്രമേയത്തെക്കുറിച്ചാണ് അഭിമുഖത്തില്‍ പറഞ്ഞത് ബാര്‍ഫ് എന്നായിരുന്നു സിനിമയ്ക്ക് പേരിട്ടിരുന്നത്. ഹിമാലയത്തില്‍ അകപ്പെട്ടുപോകുന്ന ഇന്ത്യ-പാകിസ്താന്‍ സൈനികരുടെ കഥയായിരുന്ന അത്. ഇന്ത്യന്‍ വനിത ആര്‍മി ഓഫിസറും പാകിസ്താന്‍ മേജറുമാണ് പ്രധാന കഥാപാത്രങ്ങള്‍. പാകിസ്താന്‍ മേജര്‍ക്ക് മുറിവേറ്റിരിക്കുന്നു, ഇന്ത്യന്‍ ഓഫിസര്‍ക്ക് തിരികെയെത്താനുള്ള വഴിയറിയുകയുമില്ല. തന്റെ ശത്രുവാണെങ്കിലും പാകിസ്താന്‍ മേജറുടെ ജീവന്‍ നിലനിര്‍ത്തേണ്ടത് അവളുടെയും ആവശ്യമാണ്. അതുകൊണ്ടവര്‍ ഒരുമിച്ച് നില്‍ക്കുന്നു. ഇതായിരുന്നു പ്രമേയം. അതൊരു പ്രണയ കഥയായിരുന്നില്ലെന്നാണ് വിശാല്‍ പറയുന്നത്. ഇരുവരും അവരുടെ മാതൃരാജ്യത്തെ പ്രണയിക്കുന്നവരായിരുന്നു. വളരെ നല്ലൊരു കഥയായിരുന്നു. അതിനൊപ്പം വിശാല്‍ പറയുന്നു;

‘ഇന്ന് ഞാനത് ചെയ്താല്‍, ഞാന്‍ രാജ്യദ്രോഹിയാകും. എന്നോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെടും’

Share on

മറ്റുവാര്‍ത്തകള്‍