UPDATES

കല

ഇനിയൊരു പാതാള്‍ലോകോ, താണ്ടവോ പ്രതീക്ഷിക്കരുത്; നെറ്റ്ഫ്‌ളിക്‌സും പ്രൈമുമെല്ലാം ഭരണകൂടത്തെ ഭയക്കുന്നുണ്ട്

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ ബിജെപിയില്‍ നിന്നോ സംഘപരിവാര്‍ സംഘടനകളില്‍ നിന്നോ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യം സൃഷ്ടിക്കുന്നില്ലെന്നാണ് സിനിമ ഇന്‍ഡസ്ട്രിയിലുള്ളവര്‍ പറയുന്നത്

                       

ഏകദേശം നൂറു കോടിയോളം മനുഷ്യര്‍ ആസ്വാദകരായുള്ള, ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ചിട്ടുള്ള സിനിമ വ്യവസായം നിലനില്‍ക്കുന്ന ഒരു രാജ്യത്തേക്ക് ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ആഗോള സ്ട്രീമിംഗ് ഭീമന്മാരായ നെറ്റ്ഫ്‌ളിക്‌സും ആമസോണ്‍ പ്രൈമും എത്തുന്നത്. ഇന്ത്യന്‍ സിനിമ ലോകം ഇളക്കി മറിക്കുമെന്നായിരുന്നു അവരുടെ വാഗ്ദാനം. ആദ്യകൊല്ലങ്ങളില്‍ കാര്യങ്ങള്‍ അങ്ങനെ തന്നെയായിരുന്നു. എന്നാല്‍ കഴിഞ്ഞ നാലു കൊല്ലങ്ങളായി ഇന്ത്യയിലെ സ്ട്രീമിംഗ് രംഗം കടുത്ത നിയന്ത്രണങ്ങളിലേക്ക് വീണുകൊണ്ടിരിക്കുകയാണ്. വരും നാളുകളില്‍ അവരൊരുപക്ഷേ പൂര്‍ണ വിധേയത്വത്തിലാകും. ഭരണകൂടത്തിന്റെയും അതിന്റെ ആശയപ്രചാരകരെയും തുറന്നു കാണിക്കുന്ന സിനിമകളോ സീരീസുകളോ നെറ്റ്ഫ്‌ളിക്‌സോ ആമസോണോ സ്ട്രീം ചെയ്‌തെന്നു വരില്ല. ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി രാജ്യത്തിന്റെ രാഷ്ട്രീയ വ്യവഹാരങ്ങളില്‍ പിടിമുറുക്കിയതോടെയാണ് ഇന്ത്യയിലെ സ്ട്രീമിംഗ് വ്യവസായത്തില്‍ ഒരു തണുപ്പ് പടര്‍ന്നതെന്നാണ് ദ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് ഇന്നു ശക്തമായിരിക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയം തന്നെയാണ് വിനോദ വ്യാവസായത്തിന്റെ സ്വതന്ത്രഷശേഷികളെയും മരവിപ്പിച്ചു കളയുന്നതെന്നാണ് പോസ്റ്റ് പറയുന്നത്. ബിജെപിയും അതിന്റെ ആശയപ്രചാരക സഖ്യങ്ങളും സോഷ്യല്‍ പ്ലാറ്റ്‌ഫോമുകള്‍ അവരുടെ ഹിന്ദുത്വ അജണ്ടകള്‍ പ്രചരിപ്പിക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നുണ്ട്. വാട്‌സ്ആപ്പ് അവര്‍ അത്തരത്തില്‍ വിജയകരമായി ഉപയോഗിക്കുന്നു, ട്വിറ്റര്‍(എക്‌സ്) തങ്ങള്‍ക്ക് പ്രതിലോമകരമായി പ്രവര്‍ത്തിക്കുന്നുവെന്നു കണ്ടപ്പോള്‍, ഭരണകൂടത്തിന്റെ സമ്മര്‍ദ്ദ ശക്തി ഉപയോഗിച്ചു നിയന്ത്രണത്തിലാക്കി, അതുപോലെയാണ് ക്രിമിനല്‍ കേസുകള്‍ എന്ന ഭീഷണി ഉയര്‍ത്തിയും ജനവികാരം ഇളക്കി വിട്ടുകൊണ്ടും സിനിമ/ സീരീസ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളെ തങ്ങളുടെ അഭിരുചിക്ക് അനുസരിച്ച് മാറ്റിയെടുക്കുന്നത്.

സെന്‍സര്‍ഷിപ്പ് ഇല്ല എന്നതാണ് ഒടിടി പ്ലാറ്റ്‌ഫോമുകളുടെ പ്രത്യേകത. എന്നാല്‍, ഇന്ത്യയിലിപ്പോള്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ സ്വയം സെന്‍സര്‍ഷിപ്പിന്റെ സ്വഭാവം സ്വീകരിച്ചിരിക്കുകയാണെന്നാണ് പോസ്റ്റ് പറയുന്നത്. രാഷ്ട്രീയപരമായ പ്രമേയങ്ങളില്‍ നിന്നും ബിജെപിയെയോ ഹിന്ദു വലതുപക്ഷത്തെയോ വൃണപ്പെടുത്തുന്ന മതപരാമര്‍ശങ്ങള്‍ നീക്കം ചെയ്യുകയോ മാറ്റം വരുത്തകയോ വേണമെന്നാണ് നെറ്റ്ഫ്‌ളിക്‌സിന്റെയും പ്രൈം വീഡിയോയുടെയും ഇന്ത്യന്‍ എക്‌സിക്യൂട്ടീവുകളും അവരുടെ അഭിഭാഷകരും ആവശ്യപ്പെടുന്നതെന്നാണ് ഇന്‍ഡസ്ട്രിക്കുള്ളില്‍ ഉള്ളവര്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോട് വെളിപ്പെടുത്തിയത്. ഇന്ത്യന്‍ രാഷ്ട്രീയം, മതം, ജാതി എന്നിവ പ്രമേയമാക്കിയുള്ള പ്രൊജക്ടുകളുമായി സമീപിച്ചാല്‍, ഒന്നുകില്‍ അവ ആദ്യം തന്നെ നിരസിക്കപ്പെടുകയോ, അതല്ലെങ്കില്‍ വഴിമധ്യേ ഉപേക്ഷിക്കപ്പെടുകയോ ആണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് പറയുന്നത്. പൂര്‍ത്തിയാക്കിയ സീരീസുകളും സിനിമകളും പോലും നെറ്റ്ഫ്‌ളിക്‌സും പ്രൈം വീഡിയോയും അവരുടെ ലോകമെമ്പാടുമുള്ള 400 ദശലക്ഷത്തിലധികം പ്രേക്ഷകരിലേക്ക് എത്തിക്കാതെ നിശബ്ദമായി ഉപേക്ഷിക്കുകയും തടഞ്ഞുവയ്ക്കുകയും ചെയ്യുന്നുണ്ടെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ന് ഇന്ത്യയില്‍ ഏറ്റവും മൂല്യമുള്ള സംവിധായകരിലൊരാളായ, രാഷ്ട്രീയ-സാമൂഹിക വിഷയങ്ങള്‍ ശക്തമായി അവതരിപ്പിക്കുന്ന, ഹിന്ദുത്വലോബിയുടെ എതിരാളായ അനുരാഗ് കശ്യപുമായി 2016 ല്‍ നെറ്റ്ഫ്‌ളിക്‌സ് ഒരു കരാറില്‍ ഏര്‍പ്പെട്ടിരുന്നു. നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയിലെത്തിയതിനു പിന്നാലെയായിരുന്നു കശ്യപുമായി ഡീല്‍ ഉറപ്പിക്കുന്നത്. അന്നവര്‍ക്ക് കശ്യപ് പറയുന്ന കഥകളോട് താത്പര്യമായിരുന്നു. എന്നാല്‍, 2021-ല്‍ കശ്യപ് പറഞ്ഞത്, സുകേതു മേത്തയുടെ ‘ മാക്‌സിമം സിറ്റി’ എന്ന പുസ്തകത്തെ ആസ്പദമാക്കി മുന്നുഭാഗങ്ങളിലായി, തന്റെ മാസ്റ്റര്‍പീസ് ആയി ഒരുക്കാനിരുന്ന പ്രൊജക്ട് നെറ്റ്ഫ്‌ള്കിസ് ഉപേക്ഷിച്ചുവെന്നാണ്. ഹിന്ദു മതഭ്രാന്തും, മുംബൈയുടെ തീവ്രമായ പ്രതീക്ഷയും നിരാശയും പര്യവേഷണം ചെയ്യുന്നൊരു പ്രമേയമാണതെന്നാലാണ്.

2019 മുതലാണ് നെറ്റ്ഫ്‌ളിക്‌സിലും പ്രൈം വീഡിയോയിലും വരുന്ന സിനിമ/ സീരീസുകള്‍ക്കെതിരേ ഹിന്ദുത്വ ശക്തികള്‍ രംഗത്തിറങ്ങാന്‍ തുടങ്ങിയത്. ഇന്ത്യയെയും ഹിന്ദു മതത്തെയും അപമാനിക്കുന്ന പ്രമേയങ്ങളാണ് ഈ സ്ട്രീംമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ ഉള്ളതെന്ന് ആരോപിച്ച് അവര്‍ കേസുകള്‍ നല്‍കാന്‍ തുടങ്ങി. 2021-ല്‍ അവര്‍ കൂടുതല്‍ പ്രകോപിതരായി. പ്രൈമില്‍ സംപ്രേക്ഷണം ചെയ്ത താണ്ടവ് എന്ന പൊളിറ്റിക്കല്‍ സീരീസിനെതിരായിട്ടായിരുന്നു അത്. ഹിന്ദു ദൈവങ്ങളെ ആക്ഷേപിക്കുന്നത് എന്നാരോപിച്ച് രാജ്യവ്യാപകമായി പ്രൈം വീഡിയോയ്‌ക്കെതിരേ പരാതികള്‍ നല്‍കി. ആമസോണ്‍ പ്രൈമിന്റെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് തന്റെ പാസ്‌പോര്‍ട്ട് കെട്ടിവയ്‌ക്കേണ്ട അവസ്ഥയൊക്കെ വന്നു. ഈ സംഭവം സ്ട്രീംമിംഗ് പ്ലാറ്റ്‌ഫോമുകളുടെ പ്രതിനിധികളെ ഭയപ്പെടുത്താന്‍ കാരണമായി. അവര്‍ തങ്ങളുടെ പ്രൊജക്ടറുകളെ കുറിച്ച് കൂടുതല്‍ ഉത്കണ്ഠാകുലരായി. ‘താണ്ടവ്’-ന്റെ കാര്യത്തില്‍ പറ്റിയ അബദ്ധം ഇനിയവാര്‍ത്തിക്കാതിരിക്കാന്‍ ഉറപ്പ് വരുത്തുക’ എന്ന സൂക്ഷ്മതയിലേക്ക് സ്ട്രീമിംഗ് പ്രതിനിധികളെ എത്തിച്ചെന്നാണ് നെറ്റ്ഫ്‌ളിക്‌സിന്റെ മുന്‍ പ്രൊഡക്ഷന്‍ മാനേജ്‌മെന്റ് ഡയറക്ടര്‍ പാര്‍ത്ഥ് അറോറ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞത്.

ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നാണ് താണ്ടവിന്റെ പേരില്‍ പൊലീസില്‍ പരാതികള്‍ ചെന്നത്. സിരീസിന്റെ മുഴുവന്‍ കാസ്റ്റ് ആന്‍ഡ് ക്രൂവിനും പ്രൈം വീഡിയോയുടെ എക്‌സിക്യൂട്ടീവുകള്‍ക്കെതിരേയും പരാതി ചെന്നു. ഹിന്ദു ദൈവങ്ങളെ അപമാനിച്ചു എന്നതായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നതെങ്കിലും യഥാര്‍ത്ഥ കാരണം അതല്ലായിരുന്നു. മോദി ഭരണകൂടത്തിന്റെ കീഴില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ നടക്കുന്ന പൊലീസ് അതിക്രമം, കര്‍ഷക സമരം, മറ്റ് ചില ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ എന്നിവയെക്കുറിച്ച് പറയുന്നതായിരുന്നു താണ്ടവ്. അതൊക്കെ തന്നെയാണ് ഹിന്ദുത്വലോബിയെ അലോസരപ്പെടുത്തിയതും.

തുടര്‍ന്ന് പല പ്രൊജക്ടറും നെറ്റ്ഫ്‌ളിക്‌സും പ്രൈം വീഡിയോയും സംപ്രേക്ഷണം ചെയ്യാതെ തടഞ്ഞുവയ്ക്കാനും ഉപേക്ഷിക്കാനും തുടങ്ങി. അത്തരത്തിലൊന്നായിരുന്നു ‘ ഗോര്‍മിന്റ്’ എന്ന രാഷ്ട്രീയാക്ഷേപ ഹാസ്യ പരമ്പര. ‘വീപ്’ എന്ന അമേരിക്കന്‍ പൊളിറ്റിക്കല്‍ സറ്റയറിന് ബദലായി പറയാവുന്നൊരു ഇന്ത്യന്‍ പരമ്പരയാകുമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ പരിഹസിക്കുന്നതാണെന്ന കാരണത്താല്‍ ആ പ്രൊജക്ട് പ്രൈം വീഡിയോ ഉപേക്ഷിച്ചുവെന്നു സംവിധായകന്‍ അയപ്പ കെ എം പറഞ്ഞതായി പോസ്റ്റിന്റെ റിപ്പോര്‍ട്ടിലുണ്ട്. ആദ്യ ഭാഗത്തിലെ ഒമ്പത് എപ്പിസോഡുകളും ഇന്ത്യ, ലണ്ടന്‍, തായ്‌ലാന്‍ഡ് എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. താണ്ടവിന് ശേഷം പ്രൈം റിലീസ് ചെയ്യുന്ന സീരീസായി പരസ്യങ്ങള്‍ കൊടുക്കുകയും ചെയ്തിരുന്നു. പ്രൈം വീഡിയോയുടെ എക്‌സിക്യൂട്ടീവുകള്‍ക്ക് നേരിടേണ്ടി വരുന്ന വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ മനസിലാക്കിയതുകൊണ്ട് താന്‍ പ്രതിഷേധത്തിനൊന്നും പോയില്ലെന്നാണ് സംവിധായകന്‍ പോസ്റ്റിനോട് പറഞ്ഞത്. എന്നാല്‍, ഇന്ത്യന്‍ ചലച്ചിത്ര മേഖല നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളില്‍ തനിക്ക് വേദനയുണ്ടെന്നും ക്രിയേറ്റീവ് ആയ പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുന്ന പ്രവണതയാണിപ്പോള്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

നെറ്റ്ഫ്‌ളിക്‌സ് പത്തുകോടിയോളം മുതല്‍മുടക്കിയ പരമ്പരയായിരുന്നു ‘Indi(r) a’s Emergency . മോദി ഭരണകൂടത്തിനെതിരേയുള്ള ചില പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്ന കാരണത്താല്‍ ഈ പരമ്പര നെറ്റ്ഫ്‌ളിക്‌സ് റിലീസ് ചെയ്യാതെ വച്ചിരിക്കുകയാണെന്നാണ് പ്രൊജക്ടുമായി ബന്ധമുള്ളവര്‍ പോസ്റ്റിനോടു പറഞ്ഞത്.

ഇന്ത്യയെയും അതിന്റെ സംസ്‌കാരത്തെയും നല്ല രീതിയില്‍ പ്രമോട്ട് ചെയ്യുക എന്നതാണ് ചലച്ചിത്ര പ്രവര്‍ത്തകരുടെ കടമ. ഭാരതത്തെ ആഘോഷിക്കുന്ന സിനിമകളാണ് പ്രേക്ഷകര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. രാജ്യത്തിന്റെ അഭിമാനം കൂടുതല്‍ സജീവമായി പ്രകടിപ്പിക്കുന്നത് കാണാന്‍ ഈ സമയങ്ങളില്‍ കഴിയും’എന്നായിരുന്നു സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാവും വക്താവുമായ സുനില്‍ അംബേദ്കര്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞത്.

2021-ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു സ്വയം-നിയന്ത്രണ(സെല്‍ഫ് റഗുലേഷന്‍) സംവിധാനം സ്ട്രീമിംഗ് കമ്പനികള്‍ക്കായി കൊണ്ടുവന്നു. ഇതനുസരിച്ച് പ്രമേയങ്ങളെ സംബന്ധിച്ചുള്ള പ്രേക്ഷകരുടെ പരാതികള്‍ 15 ദിവസത്തിനകം പരിഹരിക്കപ്പെടണം. അല്ലാത്തപക്ഷം വിവിധ മന്ത്രാലയങ്ങളുടെ പ്രാതിനിധ്യമുള്ളൊരു സമിതിയുടെയോ മറ്റൊരു ഇന്‍ഡസ്ട്രി ബോഡിയുടെയോ പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും. എന്നാല്‍ ഇത്തരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത് ഭരണകൂടത്തിനെതിരായ വിമര്‍ശനങ്ങള്‍ നിശബ്ദമാക്കാനോ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാനോ വേണ്ടിയുള്ളതല്ലെന്നും അശ്ലീലവും ലൈംഗികവുമായ പ്രമേയങ്ങള്‍ നിയന്ത്രിക്കാന്‍ വേണ്ടി മാത്രമാണെന്നുമാണ് വാര്‍ത്തവിനിമയ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞത്. അതേസമയം തന്നെ ഈ ഉദ്യോഗസ്ഥന്‍ സമ്മതിക്കുന്നൊരു കാര്യമുണ്ട്; പ്രമേയങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ അവര്‍ ഹിന്ദുത്വശക്തികളില്‍ നിന്നും സമ്മര്‍ദ്ദം നേരിടുന്നുണ്ട്.

നിലവില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ ബിജെപിയില്‍ നിന്നോ സംഘപരിവാര്‍ സംഘടനകളില്‍ നിന്നോ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യം സൃഷ്ടിക്കുന്നില്ലെന്നാണ് സിനിമ ഇന്‍ഡസ്ട്രിയിലുള്ളവര്‍ പറയുന്നത്. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ഇന്ത്യയിലെ അവരുടെ ബിസിനസ് ലാഭമുള്ളതാണ്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പും പറയുന്നതനുസരിച്ച്, ഇന്ത്യയിലെ സ്ട്രീമിംഗ് വരുമാനത്തില്‍ ഓരോ വര്‍ഷവും അഭിവൃദ്ധിയാണ്. 2022-ല്‍ 2.6 ബില്യണ്‍ ഡോളര്‍ ആയിരുന്നത് 2030-ല്‍ 13 ബില്യണ്‍ ഡോളറായി(20 ശതമാനത്തിലധികം വര്‍ദ്ധനവില്‍)ഉയരുമെന്നാണ് കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെയവര്‍, തങ്ങള്‍ക്ക് അഹിതമായ കാര്യങ്ങളില്‍ വാശിപിടിക്കില്ല. ഭരണകൂടത്തെയും അതിന്റെ പിന്നണിക്കാരെയും പിണക്കാന്‍ താത്പര്യപ്പെടില്ല.

Share on

മറ്റുവാര്‍ത്തകള്‍