UPDATES

വിദേശം

ജോണ്‍ പില്‍ജര്‍: ഭരണകൂടത്തെ ഭയക്കാത്ത മാധ്യമ പ്രവര്‍ത്തകന്‍

ജോൺ പിൽജറെ ലോകം കണ്ട മികച്ച അന്വേഷണാത്മക പത്രപ്രവർത്തകൻ എന്ന നിലയിൽ മാത്രവില്ല ഓർത്തുവക്കുക.

                       

ലോക ശക്തികേന്ദ്രങ്ങളായിരുന്ന പല പാശ്ചാത്യ രാജ്യങ്ങളും, കാപിറ്റലിസ്റ്റ് ഭരണകൂടങ്ങളേയും സ്തുതിപാഠകരാകേണ്ടി വന്ന മാധ്യമപ്രവർത്തകർക്കു വേണ്ടി ഒരാൾ മാത്രം ശബ്ദം ഉയർത്തി. അയാൾ  ആദര്‍ശാത്മക മാധ്യമപ്രവർത്തനത്തിന്റെ ആൾരൂപമായി മാറി. തന്റെ 84-ാം വയസിൽ ആ ആൾരൂപം വിടവാങ്ങുമ്പോൾ ഓർമ്മയാവുന്നത് മാധ്യമപ്രവർത്തനത്തിന്റെ വിശാലമായ അർത്ഥങ്ങൾ കൂടിയാണ്. ജോൺ പിൽജറെ ലോകം കണ്ട മികച്ച അന്വേഷണാത്മക പത്രപ്രവർത്തകൻ എന്ന നിലയിൽ മാത്രവില്ല ഓർത്തുവക്കുക. തന്റെ ജന്മനാടായ ഓസ്ട്രേലിയയിലേതുൾപ്പെടെ പല രാജ്യങ്ങളിലെ അധികാര വിനിയോഗത്തിന്റെ ഇരുണ്ട വശങ്ങൾ ലോകത്തിനു തുറന്നു കാണിച്ച ഡോക്യൂമെന്ററികളും, പുസ്തകങ്ങളും ഒട്ടനവധിയാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം പോലുള്ള പാശ്ചാത്യ രാജ്യങ്ങളുടെ വിദേശനയങ്ങളെയും, മുതലാളിത്ത നിലപാടുകളെയും നിരന്തരം വിമർശിച്ച മാധ്യമപ്രവർത്തകർ വിരളമായിരിക്കും. ആ വിമർശന മനോഭാവം പലർക്കും ഭരണകൂടങ്ങളെ അടക്കം ചോദ്യം ചെയ്യാനുള്ള പ്രചോദനമായി പരിവർത്തനപ്പെട്ടു. എന്നാൽ മറുവശത്ത്‌ പലപ്പോഴും ജോൺ പിൽജറുടെ വിമർശനാത്മക തന്നെ ചോദ്യം ചെയ്യപ്പെട്ടു. ഒരു വിശാലമായ പ്രേക്ഷക സമൂഹത്തിലേക്ക് എത്തിച്ചേരാനുള്ള സാധ്യമായ വഴിയെന്ന നിലയിൽ, അദ്ദേഹം പ്രശ്‌നങ്ങളെ ലഘൂകരിക്കാനും തന്റെ വീക്ഷണങ്ങളെ അമിതമായി പ്രസ്താവിക്കാനും ശ്രമിച്ചത് പലപ്പോഴും വിവാദങ്ങൾ വിളിച്ചു വരുത്തിയിരുന്നു.

പൾമണറി ഫൈബ്രോസിസ് ബാധിച്ച് 84-ാം വയസ്സിൽ അന്തരിച്ച  ജോൺ പിൽജർ അമ്പത് വർഷം നീണ്ട തന്റെ കരിയറിൽ ഉടനീളം, വിവാദ വിഷയങ്ങളെ നിർഭയമായി അഭിസംബോധന ചെയ്യുന്നതിൽ വിട്ടു വീഴ്ച്ച ചെയ്തിരുന്നില്ല. പത്രങ്ങളിലെ തന്റെ ലേഖനങ്ങളിലൂടെയോ ടി വിയിലെയും പിന്നീട് സിനിമയിലെയും ഡോക്യുമെന്ററി സിനിമകളിലൂടെയും, പിൽജർ പാർശ്വവൽക്കരിക്കപ്പെട്ടവർക്കായി സ്ഥിരമായി വാദിക്കുകയും അധികാരസ്ഥാനങ്ങളിലുള്ളവരെ വെല്ലുവിളിക്കുകയും ചെയ്തു.


ശ്രീലങ്കയിൽ നിന്നു പലായനം ചെയ്യേണ്ടി വന്ന ആദ്യ ജേർണലിസ്റ്റിന്റെ അനുഭവങ്ങൾ: ബാഷാന അഭേയ്‌വർദ്ധനെ/ അഭിമുഖം


അമേരിക്കയുടെയും ബ്രിട്ടന്റെയും വിദേശ നയങ്ങളോട് ജോൺ പിൽജർ ശക്തമായി വിയോജിച്ചിരുന്നു. 2006-ൽ ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ “ബ്രേക്കിംഗ് ദ സൈലൻസ്: വാർ, ലൈസ് ആൻഡ് എംപയർ” നെ കുറിച്ചുള്ള ഒരു ചർച്ചയിൽ, ഇറാഖ് യുദ്ധത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങളിൽ മുഖ്യധാര മാധ്യമങ്ങളിലെ പത്രപ്രവർത്തകർ ഒരു പ്രധാന പങ്ക് വഹിച്ചതായി പിൽജർ വാദിച്ചു. ഒരു മനുഷ്യദുരന്തത്തെ  രാഷ്ട്രീയ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നതിനുള്ള തന്റെ വൈധിഗ്ധ്യം കൊണ്ട്, പോൾ പോട്ടിനെ അധികാരത്തിലെത്താൻ കംബോഡിയയിൽ രഹസ്യമായും നിയമവിരുദ്ധമായും യുഎസ് ബോംബെറിഞ്ഞതായി അദ്ദേഹം ആരോപിച്ചിരുന്നു. നാല് വർഷം മുമ്പ് വിയറ്റ്നാം യുദ്ധത്തിൽ പരാജയപ്പെട്ട അമേരിക്കയുടെ അപ്രീതിയെ ഭയന്ന്, കംബോഡിയയിലെ പുതിയ നേതാക്കൾക്ക് ആവിശ്യമായ സഹായം നൽകാൻ പാശ്ചാത്യ രാജ്യങ്ങൾ മടിക്കുന്നതായും പിൽജർ അന്ന് പരാമർശിച്ചിരുന്നു.

സിഡ്‌നിയിലെ ബോണ്ടിയിലാണ് പിൽജർ ജനിച്ചത്. തന്റെ തലമുറയിലെ പലരെയും പോലെ, 1960-കളുടെ തുടക്കത്തിൽ യുകെയിലേക്ക് താമസം മാറിയ അദ്ദേഹം ദി ഡെയ്‌ലി മിറർ, റോയിട്ടേഴ്‌സ്, ഐടിവിയുടെ ഇൻവെസ്റ്റിഗേറ്റീവ് പ്രോഗ്രാമായ വേൾഡ് ഇൻ ആക്ഷൻ എന്നിവയിൽ തന്റെ ആദ്യകാലങ്ങളിൽ പ്രവർത്തിച്ചിരുന്നു. ബംഗ്ലാദേശ്, ബിയാഫ്ര, കംബോഡിയ, വിയറ്റ്നാം എന്നിവിടങ്ങളിൽ നടക്കുന്ന സംഘർഷങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയുന്നതിലൂടെയാണ് പിൽജർ ലോക ശ്രദ്ധ നേടുന്നത്. 1967 ലും 1979 ലും ബ്രിട്ടനിലെ മികച്ച പത്രപ്രവർത്തകനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. എടിവി നിർമ്മിച്ച അദ്ദേഹത്തിന്റെ ഐടിവി പരമ്പരയായ പിൽജർ (1974-77) ബ്രിട്ടനിലെ നിരവധി വിവാദ വിഷയങ്ങളിലും വംശീയത, ദാരിദ്ര്യം, എന്നിവയിലും കൂടുതലായി ശ്രദ്ധ ചെലുത്തിയിരുന്നു. 1970-ൽ, ഗ്രാനഡ ടെലിവിഷന്റെ വേൾഡ് ഇൻ ആക്ഷൻ സീരീസിന്റെ ഭാഗമായ “ദ ക്വയറ്റ് മ്യൂട്ടിനി” എന്ന തന്റെ ആദ്യ ഐടിവി ഡോക്യുമെന്ററിയിലൂടെ  പിൽജർ ഒരു തരംഗം സൃഷ്ടിച്ചു. ഈ ഡോക്യുമെന്ററിയിൽ, വിയറ്റ്നാം യുദ്ധത്തിൽ യുഎസ് സൈനികരുടെ മനോവീര്യം തകർന്നുകൊണ്ടിരിക്കുകയാണെന്നും ചില സൈനികർ സ്വന്തം ഉദ്യോഗസ്ഥരെ കൊല്ലുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. അക്കാലത്ത് അദ്ദേഹത്തിന്റെ മറ്റ് ഫിലിമുകൾക്ക് പുറമേ, 1978-ൽ “ഡൂ യു റിമെർമർ വിയറ്റ്നാം”, 1981 ൽ “ഹീറോസ്” എന്നിവയും അദ്ദേഹം നിർമ്മിച്ചു. “ഹീറോസ്” എന്ന ഫിലിമിൽ അദ്ദേഹം അഞ്ച് വികലാംഗരായ അമേരിക്കൻ യുദ്ധ വീരന്മാരെ മുൻ കോംബാറ്റ് സോണുകളിലേക്ക് തിരികെ കൊണ്ടുപോയി. യുദ്ധാനന്തരം വിയറ്റ്നാമിലേക്ക് മടങ്ങിയ ആദ്യകാല പത്രപ്രവർത്തകരിൽ ഒരാളായിരുന്നു ജോൺ പിൽജർ.

അന്നത്തെ പല സെൻസിറ്റീവ് വിഷയങ്ങളിലൂന്നിയ 50-ലധികം ഡോക്യുമെന്ററികളാണ് അദ്ദേഹം നിർമ്മിച്ചത്. ഇവയിൽ ഭൂരിഭാഗവും കൃത്യമായ മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നുകാട്ടി. വ്യക്തിപരമായ അപകടസാധ്യതകൾ ഉണ്ടായിരുന്നിട്ടും, പിൽജറും അദ്ദേഹത്തിന്റെ ഡയറക്ടർ ഡേവിഡ് മൺറോയും സൈനിക സ്വേച്ഛാധിപത്യ രാജ്യങ്ങളിൽ പ്രവേശിച്ചിരുന്നു. “Death of a Nation: The Timor Conspiracy” (1994) ൽ, കിഴക്കൻ തിമോറിൽ ഇന്തോനേഷ്യൻ ഭരണകൂടം നടത്തിയ വംശഹത്യയുടെ ദൃസാക്ഷികളുമായി പിൽജർ അഭിമുഖം നടത്തി. റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരു കൂട്ടക്കൊലയിലേക്കാണ് അദ്ദേഹം അന്ന് ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. “ഇൻസൈഡ് ബർമ: ലാൻഡ് ഓഫ് ഫിയർ” (1998) എന്ന കൃതിയിൽ, ബർമ്മയിലെ സൈനിക ജനറൽമാർ നടത്തിയ പീഡനത്തെക്കുറിച്ച് പിൽജർ വെളിപ്പെടുത്തി.

ഇതിൽ ഏറ്റവും പ്രസിദ്ധമായത് ഇയർ സീറോ: ദി സൈലന്റ് ഡെത്ത് ഓഫ് കംബോഡിയയെന്ന ഡോക്യൂമെന്ററിയാണ്. കംബോഡിയയിലെ പോൾ പോട്ട് എന്ന ഭരണാധികാരിയുടെ ക്രൂരമായ ഭരണത്തിനു കീഴിൽ രാജ്യത്തെ ഏഴ് ദശലക്ഷം ജനസംഖ്യയിൽ രണ്ട് ദശലക്ഷത്തോളം പേർക്ക് വംശഹത്യയോ പട്ടിണിയോ മൂലം മരിക്കേണ്ടിവന്നതിന്റെ നേർ സാക്ഷ്യങ്ങളായിരുന്നു ഡോക്യൂമെന്ററി ചിത്രീകരിച്ചത്. കുട്ടികളുടെയും ജീവൻ രക്ഷിക്കാൻ പോരാടുന്ന ഡോക്ടർമാരുടെയും ചിത്രങ്ങൾ കൂടി ഡോക്യൂമെന്ററിയിൽ ഉൾപ്പെടുത്തിയിരുന്നു. ആദ്യം ബ്രിട്ടനിലും ഓസ്‌ട്രേലിയയിലും പരസ്യങ്ങളില്ലാതെ വാണിജ്യ ടെലിവിഷനിൽ ഡോക്യൂമെന്ററി സംപ്രേക്ഷണം ചെയ്തിരുന്നു, അക്കാലങ്ങളിൽ ഇത്തരമൊരു ബ്രോഡ്കാസ്റ്റിംഗ് വിരളമായിരുന്നു. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഇയർ സീറോയെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട 10 ഡോക്യുമെന്ററികളിൽ ഒന്നായി പട്ടികപ്പെടുത്തിയിരുന്നു. ഇത് 50 രാജ്യങ്ങളിൽ 150 ദശലക്ഷം ആളുകൾ കണ്ടു തീർത്ത ഡോക്യൂമെന്ററി 30-ലധികം അന്താരാഷ്ട്ര അവാർഡുകളാണ് നേടിയത്.

2003 മാർച്ചിൽ ഇറാഖ് അധിനിവേശം നടന്ന് ആറ് മാസവും 2001 ഒക്ടോബറിൽ അഫ്ഗാനിസ്ഥാൻ അധിനിവേശത്തിന് രണ്ട് വർഷവും കഴിഞ്ഞ് ജോൺ പിൽജറിന്റെ ബ്രേക്കിംഗ് ദ സൈലൻസ്: ട്രൂത്ത് ആൻഡ് ലൈസ് ഇൻ ദി വാർ ഓൺ ടെറർ എന്ന ഡോക്യുമെന്ററിയിൽ ജോർജ്ജ് ഡബ്ല്യു. ബുഷിന്റെ യുഎസ് ഗവൺമെന്റ്ന്റെയും ബ്രിട്ടന്റെയും സാഹസികതയുടെ കാപട്യവും ഇരട്ടത്താപ്പും ഉയർത്തിക്കാട്ടിയിരുന്നു . 2001-3, കാലയളവുകളിൽ ഒരു ദശലക്ഷത്തിലധികം ആളുകളുടെ മരണത്തിലേക്ക് നയിച്ച സംഭവമായിരുന്നു ഇത്.ഹൃദയഭേദഗമായ യുദ്ധ ഫോട്ടോഗ്രാഫുകളുടെ ഒരു പരമ്പരയോടെയാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്. ‘അമേരിക്കൻ ഇറാഖി ജനതയ്ക്ക് ഭക്ഷണവും മരുന്നുകളും സാധനങ്ങളും സ്വാതന്ത്ര്യവും കൊണ്ടുവരു’മെന്ന കൂട്ടക്കൊലയെക്കുറിച്ചുള്ള ജോർജ്ജ് ഡബ്ല്യു ബുഷിൻറെ പരാമർശവും ഡോക്യുമെന്ററിയിലുണ്ട്. എന്നാൽ പിന്നീട് ഡോണള്‍ഡ്‌ ട്രംപിന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവായ ജോൺ ബോൾട്ടനുമായി ജോൺ പിൽജർ നടത്തിയ അഭിമുഖവും ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ആളുകളെ സ്വതന്ത്രരാക്കാൻ ഏറ്റവും കൂടുതൽ ശ്രമിച്ചത് അമേരിക്കയാണെന്ന് ഇതിൽ ബോൾട്ടൺ അവകാശപ്പെടുന്നു. രാജ്യങ്ങളെ ബോംബെറിഞ്ഞതിന്റെ യുഎസിന്റെ റെക്കോർഡ് ചരിത്രം പരാമർശിച്ചുകൊണ്ടാണ് പിൽജർ ഇതിനെ നേരിടുന്നത്. ജോൺ പിൽജർ ഓസ്‌ട്രേലിയയെക്കുറിച്ച് നിരവധി ഡോക്യുമെന്ററികൾ നിർമ്മിച്ചിരുന്നു. 1985-ലെ, ദി സീക്രട്ട് കൺട്രി, എന്ന ഡോക്യുമെന്ററി ചരിത്രകാലം മുതൽ തുടർന്നുപോന്നിരുന്ന ഫസ്റ്റ് നേഷൻസ് ആളുകളോടുള്ള പെരുമാറ്റത്തെക്കുറിച്ചുള്ളതായിരുന്നു. ഡോക്യുമെന്ററി അന്നത്തെ ലേബർ പ്രധാനമന്ത്രി ബോബ് ഹോക്കിനെ നന്നായി പ്രകോപിപ്പിച്ചിരുന്നു. ലോകമെമ്പാടും സഞ്ചരിച്ചിരുന്ന അദ്ദേഹത്തെ 1967-ൽ ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചന ഭരണകൂടം  രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കി. അടുത്ത വർഷം, ലോസ് ഏഞ്ചൽസിൽ റോബർട്ട് എഫ് കെന്നഡി കൊല്ലപ്പെട്ട സ്ഥലത്തിന് വളരെ അടുത്തായി അദ്ദേഹവും ഉണ്ടായിരുന്നു.

വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചെയെ അദ്ദേഹം  പിന്തുണച്ചിരുന്നു. ലണ്ടനിലെ ഇക്വഡോർ എംബസിയിൽ അഭയം തേടിയ അസാഞ്ചെയെ പിൽജർ സന്ദർശിച്ചിരുന്നു.“ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് വേണ്ടി നിരന്തരം നിലകൊണ്ട ജോൺ അവരുടെ കഥകൾ പറയാൻ തന്റെ ജീവിതം സമർപ്പിക്കുകയും ലോകത്തെ ഏറ്റവും വലിയ അനീതികളിലേക്കും വെളിച്ചം വീശിയിരുന്നു.” അസാഞ്ചയുടെ ഭാര്യ സ്റ്റെല്ല സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

Related news


Share on

മറ്റുവാര്‍ത്തകള്‍