UPDATES

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ സുവർണ വർഷം എന്തിന് ബലാത്സംഗികളുടെയും കൊലപാതകികളുടെയും മോചനത്തിനായി ഉപയോഗിച്ചു ? ഈ ചോദ്യത്തിനായിരുന്നു ഞങ്ങൾ ഉത്തരം തേടിയത്’-മാധ്യമ പ്രവര്‍ത്തക രേവതി ലോള്‍

സ്വതന്ത്രരായ ഈ രാജ്യത്തെ പൗരന്മാര്‍ എന്ന നിലയില്‍ തന്നെയാണ് ഹര്‍ജിയുമായി മുന്നോട്ടു പോയത്.

                       

സ്വതന്ത്ര്യ ഇന്ത്യ ഇന്നേവരെ കണ്ടതില്‍ വച്ച് ഏറ്റവും ഭയാനകവും ഹീനവുമായൊരു കുറ്റകൃത്യം. ഒരു ജനാധിപത്യ രാജ്യം മുഴുവന്‍ നിരാശരായി തല കുമ്പിട്ടു നിന്നു. എന്നാല്‍ നാലു സ്ത്രീകള്‍ അതിനൊരുക്കമായിരുന്നില്ല; രേവതി ലോള്‍, സുഭാഷിണി അലി, മൊഹുവ മൈത്ര, രൂപ് രേഖ വര്‍മ്മ. ബില്‍ക്കിസ് ബാനോവിന് നഷ്ടപെട്ട നീതി തിരിച്ചു കിട്ടുന്നതിന് അവര്‍ ആത്മാര്‍ത്ഥമായി പോരാടി. ബില്‍ക്കിസ് ബാനോ കേസിലെ പ്രതികളെ വെറുതെ വിട്ട ഗുജറാത്ത് സര്‍ക്കാര്‍ നടപടി സുപിം കോടതി റദ്ദ് ചെയ്തതോടെ ഫലം കണ്ടത് ആ പോരാട്ടത്തിന് കൂടിയായിരുന്നു. ഗുജറത്ത് സര്‍ക്കാരിന്റെ നടപടിക്കെതിരെ ബില്‍ക്കിസ് സമര്‍പ്പിച്ച ഹര്‍ജിക്കൊപ്പം ഈ നാല് പേര്‍ സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജികളുമുണ്ടയിരുന്നു. ബില്‍ക്കിസ് ബാനോ കേസിലെ സുപ്രിം കോടതി വിധിയെ കുറിച്ച് അഴിമുഖവുമായി സംസാരിക്കുകയാണ് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക രേവതി ലോള്‍.

ഈ വിധി അവര്‍ ആസ്വദിക്കട്ടെ

ബില്‍ക്കീസ് ബാനോവിനെ ഒരിക്കല്‍ കൂടി ‘ഇര’ യാക്കി ചിത്രീകരിക്കാന്‍ ഞാന്‍ ഒരുക്കമല്ല. അതുകൊണ്ട് തന്നെ ഇതുവരെയും അവരോട് നേരിട്ട് സംസാരിച്ചിട്ടില്ല. യഥാര്‍ത്ഥത്തില്‍ ബില്‍ക്കീസ് ബാനോകേസിലെ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ സുഭാഷിണി അലി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഒപ്പിട്ട ഒരാള്‍ മാത്രമാണ് ഞാന്‍. ബില്‍ക്കിസുമായി ബന്ധപ്പെടണമെന്നും ഇതുവരെയും ആഗ്രഹിച്ചിട്ടില്ല. ബില്‍ക്കിസിന് സ്വന്തമായി ഒരു വ്യക്തി ഇടം ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മാധ്യമങ്ങള്‍ക്കോ ഹര്‍ജിക്കാര്‍ക്കോ ഒന്നും കടന്നു ചെല്ലാന്‍ കഴിയാത്ത വ്യക്തിയിടം. അവിടെ നിന്നുകൊണ്ട് ഈ നിമിഷം അവര്‍ അത്രമേല്‍ ആസ്വദിക്കണമെന്ന് ഞാന്‍ അതിയായി ആശിക്കുന്നുണ്ട്.

ഹര്‍ജി

വസ്തുതകളെ മാത്രം മുറുകെ പിടിച്ചു സംസാരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആ നിലയിൽ ഞങ്ങൾ ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കണിച്ച പ്രധാന വസ്തുതകളിൽ ഒന്ന് സുപ്രിം കോടതി തന്നെ ശരി വച്ചിരുന്നു. അതിലൊന്ന് ഒരാൾ പ്രതിയാണെന്ന് തെളിയിക്കപ്പെട്ടിട്ടും ശിക്ഷ വിധിച്ചിട്ടും; പത്തുവർഷത്തെ ശിക്ഷ അനുഭവിച്ചു കഴിഞ്ഞതിനാൽ വെറുതെ വിടാമെന്ന തീരുമാനത്തിൽ കേന്ദ്രവും സംസ്ഥാന സർക്കാരും എത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണ്? രണ്ടോ മൂന്നോ ജീവപര്യന്തം തടവിന് ശിക്ഷിച്ച കോടതി വിധിക്ക് വിരുദ്ധമായി ശിക്ഷ ഇളവ് ചെയ്യാമെന്ന് അവർ എന്ത് അടിസ്ഥാനത്തിലാണ് തീരുമാനിച്ചത്? അപ്പോൾ ഇതിന്റെ എല്ലാം അടിസ്ഥാനം എന്തായിരുന്നു? ഞങ്ങളുടെ ഈ ചോദ്യങ്ങൾക്ക് ഉത്തരം അനിവാര്യമായിരുന്നു.

ഇതിനുമപ്പുറം രാജ്യത്തെ കോടതികളും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം പരിശോധിക്കുമ്പോൾ ഒരു നേർരേഖ കാണാൻ സാധിക്കില്ല. അതുകൊണ്ടു തന്നെ ഞങ്ങൾ ഒരു കൂട്ടം മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും കോടതിയിൽ ന്യായാധിപന്മാരുടെ കൃത്യമായ നിയമനം നടത്തുന്നതിനായുള്ള നിരന്തര പോരാട്ടത്തിലാണ്. ജഡ്ജിമാരുടെ നിയമനത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകാതിരിക്കാനും അല്ലെങ്കിൽ വ്യത്യസ്ത ജഡ്ജിമാരെ വ്യത്യസ്ത കോടതികളിലേക്ക് വിഭജിക്കുന്ന രീതിയിലും ആ വിധികൾ പോകുന്ന രീതിയിലും മാറ്റം കൊണ്ടുവരുന്നതിന് വേണ്ടികൂടിയാണ്. ഇവിടെ അധികാരത്തിലിരിക്കുന്ന സർക്കാർ മാത്രമാണ് ഈ പറഞ്ഞ വെല്ലുവിളികൾക്ക് കാരണമെന്ന് കരുതാൻ കഴിയില്ല. വിരോധാഭാസമെന്നു പറയട്ടെ, കാലക്രമേണ ഈ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്നതിന് മാറി മാറി വന്ന സർക്കാരുകൾക്ക് വലിയ പങ്കുവഹിച്ചിട്ടുണ്ട് . എന്നാൽ മുൻ സർക്കാരുകളെ അപേക്ഷിച്ച് ഈ സർക്കാർ കുറച്ചു കൂടി കേന്ദ്രീകൃതമാണ്. അതുകൊണ്ടു തന്നെ മറ്റ് സർക്കാരുകൾക്ക് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ അധികാരങ്ങൾ ഉണ്ടായിരിക്കാം. ഇത് പുതിയതായി സംഭവിച്ച ഒന്നാണെന്ന് പറയാൻ കഴിയില്ല. സർക്കാരുകൾ തമ്മിലുള്ള ഈ സൂക്ഷ്മതകൾ കണ്ടെത്തേണ്ട ബാധ്യത നമ്മുടെതാണ്. നിങ്ങളും ഞാനും അടങ്ങുന്നതാണ് ഈ സിസ്റ്റം. ആവശ്യമുള്ളപ്പോൾ കാര്യങ്ങൾ ചോദ്യം ചെയ്യുകയും വെല്ലുവിളിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും നാം അറിഞ്ഞിരിക്കണം. ഉദാഹരണമായി നാസി ജർമ്മനിയുടെ സമഗ്രാധിപത്യത്തിന്റെ ഉത്ഭവത്തെക്കുറിച്ച് എഴുതിയ ഹന്ന ആരെൻഡ്, ഒരു ജർമ്മൻ ജൂതയായിരുന്നു. ജൂതന്മാരെ ഇത്രയധികം വെറുക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യം അവർ സ്വയം ചോദിക്കുകയായിരുന്നു. തിന്മ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുന്നതിനെക്കുറിച്ചും അവർ നിരന്തരം സംസാരിച്ചു.

അപ്പോൾ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ഈ വസ്തുതയെ നമുക്ക് എന്തുചെയ്യാൻ കഴിയും,ഈ സിസ്റ്റത്തെ തിരികെ കൊണ്ടുവരാൻ ദൈനംദിന ജീവിതത്തിൽ എന്താണ് നമ്മൾ ചെയ്യേണ്ടത്. സിസ്റ്റം നഷ്‌ടപ്പെട്ടുവെന്ന് നമുക്ക് തോന്നുന്നുവെങ്കിൽ, അത് മറ്റെവിടേങ്കിലും ഉണ്ടെന്നോ, ആരെങ്കിലും അത് തിരികെ വയ്ക്കുമെന്നും സങ്കൽപ്പിക്കരുത്. സിസ്റ്റത്തിന്റെ ഭാഗമായ നമ്മൾ തന്നെയാണ് അത് തിരികെ പിടിക്കേണ്ടത്. ഒരു ഹർജിയിലൂടെ നല്ല മാറ്റങ്ങൾ ഞങ്ങൾക്ക് വിഭാവനം ചെയ്യാൻ കഴിഞ്ഞതു പോലെ. ഇവയെല്ലാം ചെറിയ ചുവടുകളാണ് , എന്നാൽ ഈ ചുവടുകൾ പ്രതീക്ഷയോടെ കാര്യങ്ങളെ സമീപിക്കാനും നഷ്ടപ്പെട്ടുപോയേക്കാവുന്ന വിശ്വാസം തിരികെ പിടിക്കാനും നമ്മളെ സഹയിക്കുന്നുണ്ട്.

വിധി

പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി രാജ്യത്തെ മറ്റെല്ലാവരെയും പോലെ എന്നെയും തകര്‍ത്തു കളഞ്ഞിരുന്നു. ഇന്ത്യ അതിന്റെ സ്വാതന്ത്രം വീണ്ടെടുത്ത 75-ാം വര്‍ഷം, ഈ വിധി പ്രഖ്യാപനത്തിലൂടെ കളങ്കപെട്ട് പോയിരുന്നു. ആസാദി കാ അമൃത് മഹോത്സവ് അല്ലെങ്കില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ വര്‍ഷം എന്തിന് വേണ്ടിയാണ് ബലാത്സംഗികളുടെയും കൊലപാതകികളുടെയും മോചനത്തിനായി ഉപയോഗിച്ചത്? ഈ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഈ മോചനം എന്ത് സന്ദേശമാണ് നല്‍കുന്നത്? ആ സമയങ്ങളില്‍ ഞങ്ങള്‍ അവര്‍ത്തിച്ചിരുന്ന ഒരു ചോദ്യമായിരുന്നു ഇത്. എന്നോട് തന്നെ പലയാവര്‍ത്തി ഞാന്‍ ഇത് ചോദിച്ചു നോക്കിയിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം മറികടന്ന് ഒടുവില്‍ നീതി ലഭിച്ചതില്‍ വളരെ സന്തോഷമുണ്ട്. ഈ നീതി നേടിയെടുത്തതാകട്ടെ വെല്ലുവിളി നിറഞ്ഞ രാഷ്ട്രീയം വിഷലിപ്തമായ ഈ കാലഘട്ടത്തിലും. പൊതുവില്‍, ഞാന്‍ ശുപാപ്തി വിശ്വാസം ഉള്ള ആളല്ല. എന്നാല്‍ ബില്‍ക്കിസ് ബാനുവിന് വേണ്ടി ശുഭാപ്തി വിശ്വാസത്തോടെ ഈ ഹര്‍ജി ഫയല്‍ ചെയ്തത് നീതിപീഠത്തോടുളള വിശ്വാസം കൊണ്ട് കൂടിയാണ്. കോടതിയില്‍ നിന്ന് എന്തെങ്കിലും പ്രതീക്ഷിച്ചിരുന്നില്ലെങ്കില്‍ ഞങ്ങള്‍ ഈ ഹര്‍ജി ഫയല്‍ ചെയ്യില്ലായിരുന്നു. വിധിയില്‍, ഇനി കാര്യമായി ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്ന് പറയുന്നവരും കുറവല്ലായിരുന്നു. ഞാനും സുഭാഷിണി അലിയും, മഹുവ മൊയ്ത്രയും രൂപ് രേഖ വര്‍മ്മയും ഈ ചിന്താഗതിക്കാരായിരുന്നെങ്കില്‍ ഹര്‍ജിയുമായി മുന്നോട്ടുപോകില്ലായിരുന്നു. സമൂഹത്തിലെ സ്വതന്ത്ര അംഗങ്ങള്‍ എന്ന നിലയിലാണ് ഞങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നത്. ഈ രാജ്യത്തെ പൗരന്മാര്‍ എന്ന നിലയില്‍, സ്ത്രീകള്‍ എന്ന നിലയില്‍, ഞങ്ങള്‍ക്ക് അതിനുള്ള അവകാശമുണ്ട്. സ്വതന്ത്രരായ ഈ രാജ്യത്തെ പൗരന്മാര്‍ എന്ന നിലയില്‍ തന്നെയാണ് ഹര്‍ജിയുമായി മുന്നോട്ടു പോയത്.

രാഷ്ട്രീയം

രാഷ്ട്രീയക്കാര്‍ പറയുന്നതും യഥാര്‍ത്ഥത്തില്‍ ചെയ്യുന്നതും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ആളുകള്‍ പഠിക്കേണ്ടതുണ്ട്. പൊതുജനമെന്ന നിലയില്‍, സമൂഹത്തില്‍ നമ്മള്‍ സജീവമാവാന്‍ പഠിക്കേണ്ടതുണ്ട്. പിന്നെ ഇതാണ് നമ്മുടെ രാഷ്ട്രീയം. ഇത് നമ്മുടെ രാഷ്ട്രീയ പോരാട്ടമാണ്. നമ്മുടെ പോരാട്ടം അസത്യത്തിന്റെയും, വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തില്‍ നിന്നും നമ്മെത്തന്നെ സ്വതന്ത്രമാക്കാന്‍ കഴിയുന്ന ഒരു ലോകത്തെ സങ്കല്‍പ്പിക്കാനാണ്. അതിനായി ആദ്യം ചെയ്യേണ്ടത് ജാതി, സമുദായം, മതം, ലിംഗഭേദം എന്നിവ പരിഗണിക്കാതെയുള്ള പരസ്പര പിന്തുണയാണ്. അപ്പോള്‍ ഇത്തരത്തില്‍ ഒരുമിച്ച് നില്‍ക്കുന്ന, ഒരു കൂട്ടം ജനങ്ങളെ ഈ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് ഭിന്നിപ്പിക്കാന്‍ കഴിയില്ല. പല കഷ്ണങ്ങളാക്കി ഹിന്ദുക്കള്‍ മുസ്ലിങ്ങള്‍ എന്നിങ്ങനെ വേര്‍തിരിക്കാനും സാധിക്കില്ല. വ്യത്യസ്ത ജാതികള്‍, വ്യത്യസ്ത ലിംഗഭേദങ്ങള്‍ സമൂഹം ഇത്രയേറെ പിളര്‍ന്നത് കൊണ്ടാണ് രാഷ്ട്രീയക്കാര്‍ക്ക് അവര്‍ക്കിഷ്ടമുള്ള ആഖ്യാനം നല്‍കാനും, പറയാനും കഴിയുന്നത്. അപ്പോള്‍ ഈ ആഖ്യാനങ്ങള്‍ എങ്ങനെയാണ് സത്യമാകുന്നത്. അത് നമ്മുടെ സത്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍