ഏകപക്ഷീയമായും വര്‍ഗീയപരമായും വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നുവെന്നാരോപിച്ച് ഏതാനും ദേശീയ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് വിലക്ക് പ്രഖ്യപിച്ച് പ്രതിപക്ഷ സഖ്യമായ ഇന്ത്യ(ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് (I.N.D.I.A).
പൊതുതാല്പര്യ വിഷയങ്ങളെ ജനമധ്യത്തിലെത്തിക്കാന്‍ വിസമ്മതിച്ച നാലു വാര്‍ത്ത ചാനലുകളെയും 14 വാര്‍ത്ത അവതാരകരെയുമാണ് ഇന്ത്യ സഖ്യം
ബോയ്‌കോട്ട് ചെയ്തിരിക്കുന്നത്. ബുധനാഴ്ച നടന്ന കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് തീരുമാനമെടുത്തത്. ബഹിഷ്‌കരിച്ച നാലു ചാനലുകളില്‍ തങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കില്ലെന്നാണ് സഖ്യം അറിയിച്ചത്. റിപ്പബ്ലിക് ഭാരത്, ടൈംസ് നൗ, സുദര്‍ശന്‍ ന്യൂസ്, ദൂരദര്‍ശന്‍ എന്നീ ചാനലുകളാണ് ഇന്ത്യ സഖ്യം ബഹിഷ്‌കരിച്ചത്. ന്യൂസ് 18 ചാനല്‍ അവതാരകരായ അമന്‍ ചോപ്ര, അമീഷ് ദേവ്ഗണ്‍, ആനന്ദ് നരസിംഹന്‍, ഭാരത് എക്സ്പ്രസിലെ അദിതി ത്യാഗി, ഡിഡി ന്യൂസിലെ അശോക് ശ്രീവാസ്തവ്, സുധീര്‍ ചൗധരി, ആജ് തക്കിലെ ചിത്ര ത്രിപാഠി, ഭാരത് 24-ലെ റൂബിക ലിയാഖത്ത്, ഇന്ത്യ ടുഡേയിലെ ഗൗരവ് സാവന്ത്, ശിവ് അരൂര്‍, ഇന്ത്യ ടിവി അവതാരാകന്‍ പ്രാചി പരാശര്‍ , ടൈംസ് നൗ നവഭാരതിലെ നവിക കുമാര്‍, സുശാന്ത് സിന്‍ഹ, റിപ്പബ്ലിക് ഭാരതിന്റെ അര്‍ണബ് ഗോസ്വാമി എന്നിവരെയാണ് ബോയ്‌ക്കോട്ട് ചെയ്തത്.
ബഹിഷ്‌കരിച്ച ചാനലുകള്‍ അടുത്ത കുറച്ച് മാസങ്ങളില്‍ നിരീക്ഷിക്കുമെന്നും മെച്ചപ്പെടുകയാണെങ്കില്‍ നിരോധനം പിന്‍വലിക്കും. ചാനലുകള്‍ തങ്ങളുടെ നിലവാരം ഉയര്‍ത്താത്ത സാഹചര്യത്തില്‍, ഈ ചാനലുകളുടെ പരസ്യങ്ങള്‍ നിരോധിക്കുന്നത് പോലുള്ള നടപടികളിലേക്കും കടക്കുമെന്ന് ഇന്ത്യ സഖ്യം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ന്യൂസ് ലോണ്‍ട്രി പുറത്തുകൊണ്ടുവന്നൊരു റിപ്പോര്‍ട്ടില്‍ രാഹുല്‍ ഗാന്ധിയുടെ വാര്‍ത്ത സമ്മേളനം ബഹളമായാക്കാന്‍ എന്‍ഡിടിവി മുംബൈ ബ്യൂറോ ചീഫിന് നിര്‍ദേശം കൊടുത്തിരുന്നുവെന്ന ആരോപണമുണ്ടായിരുന്നു. ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് ഓഹരി വിപണയില്‍ നടത്തിയ ക്രമക്കേടുകള്‍ ആരോപിച്ച് പുറത്തു വന്ന ഒസിസിആര്‍പി റിപ്പോര്‍ട്ടിന് പിന്നാലെയായിരുന്നു രാഹുല്‍ ഗാന്ധി വാര്‍ത്ത സമ്മേളനം വിളിച്ചു ചേര്‍ത്തത്. രാഹുലിനെ യഥാര്‍ത്ഥ വിഷയത്തില്‍ നിന്നും അകറ്റണമെന്ന നിര്‍ദേശമായിരുന്നു ബ്യൂറോ ചീഫിന് എഡിറ്റര്‍ ഇന്‍ ചീഫ് നല്‍കിയത്. ഇത് തയ്യാറാകാതെ ബ്യൂറോ ചീഫ് രാജിവച്ചുവെന്നാണ് ന്യൂസ് ലോണ്‍ട്രി റിപ്പോര്‍ട്ട്. എന്നാല്‍, ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് എന്‍ഡിടിവി പിന്നീട് പ്രതികരിച്ചത്. എന്തായാലും പ്രതിപക്ഷ സഖ്യം ബോയ്‌കോട്ട് ചെയ്തവരില്‍ എന്‍ഡിടിവി ഉള്‍പ്പെട്ടിട്ടില്ല. നിലവില്‍ എന്‍ഡിടിവിയുടെ ഉടമസ്ഥാവകാശം അദാനി ഗ്രൂപ്പിനാണ്.
ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് റിപ്പബ്ലിക് ടി വി യുടെ വാര്‍ത്ത അവതരകനായി അര്‍ണാബ് ഗോസ്വാമി അടക്കമുള്ള ചില അവതാരകരുടെ കടന്നു വരവോടെ കാതലായ മാറ്റങ്ങള്‍ സംഭവിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസിറ ഇംഗ്ലീഷ് വിമര്‍ശനം ഉന്നയിച്ചത്. സംഘട്ടന ശൈലിയിലൂടെയും മറ്റും റേറ്റിംഗ് വര്‍ധിപ്പിക്കുന്നതിനായി ചാനല്‍ ചര്‍ച്ചകള്‍ വ്യതിചലിപ്പിക്കുന്നുവെന്നും അല്‍ ജസിറ പറയുന്നു.
നിശിതമായ വിമര്‍ശനങ്ങള്‍ മാധ്യമങ്ങള്‍ക്കെതിരേ നിരന്തരം ഇപ്പോള്‍ ഉയരുന്നുണ്ട്. ബിജെപിയ്ക്കും കേന്ദ്രസര്‍ക്കാരിനും അനുകൂലമായി മാറിയിരിക്കുന്ന മാധ്യമങ്ങള്‍ പ്രതിപക്ഷങ്ങളെ അവഗണിക്കുകയും അവര്‍ക്കെതിരേ ബിജെപിയുടെ സംഘപരിവാറിന്റെയും അജ്ഞാനുസരണം പ്രവര്‍ത്തിക്കുകയാണെന്നാണ് ഇന്ത്യ സഖ്യം ഉള്‍പ്പെടെ വിമര്‍ശിക്കുന്നത്. വ്യാജ വാര്‍ത്തകളും സംഭവങ്ങളും പ്രചരിപ്പിക്കുന്നതിലും ദേശീയ മാധ്യമങ്ങള്‍ അടക്കം മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്ന ആരോപണവും ശക്തമാണ്.
റിപ്പബ്ലിക് ഭാരതിന്റെ അവതാരകയായ ശ്വേതാ ത്രിപാഠി വാര്‍ത്ത അവതരണത്തിനിടെ ഗുജറാത്തിലെ ചുഴലിക്കാറ്റ് എന്ന പേരില്‍ പുറത്തു വിട്ടത് ഫ്‌ളോറിഡയിലെ ഒരു ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങളായിരുന്നുവെന്നു ന്യൂസ് ലോണ്‍ട്രി റിപ്പോര്‍ട്ടിലുണ്ട്.
ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ പുരോല പട്ടണത്തില്‍ ലൗ ജിഹാദ് ആരോപിച്ച് മുസ്ലീം കുടുംബങ്ങള്‍ക്ക് വീട് വിട്ട് പുറത്തു പോകേണ്ടി വന്നിരുന്നു. ഈ സംഭവത്തില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന ടെലിവിഷന്‍ പരിപാടിയുടെ അവതാരകനായ സുധീര്‍ ചൗധരി പ്രതികരിച്ചത് മുസ്ലിം ജനസംഖ്യ വര്‍ദ്ധിക്കുന്നത് എങ്ങനെ ഭീഷണിയാകുന്നു എന്ന തരത്തിലായിരുന്നുവെന്നും ന്യൂസ് ലോണ്‍ട്രി ചൂണ്ടി കാണിക്കുന്നു.