UPDATES

അഭിമുഖം

‘ഇന്നത്തെ മാധ്യമ പ്രവര്‍ത്തനത്തിന് ജയില്‍വാസം അനിവാര്യം, ആ പുഞ്ചിരിയിലെ അര്‍ത്ഥമതാണ്’

പ്രബിര്‍ പുരകായസ്തയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ സംസാരിക്കുന്നു

                       

2020 ഒക്‌ടോബറിലാണു മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. രാജ്യം ഒന്നടങ്കം പ്രതിഷേധിച്ച ഹത്രാസ് പീഡന കൊലപാതകം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ കാപ്പനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി. വിചാരണപോലുമില്ലാതെ രണ്ടുവര്‍ഷത്തെ ജയില്‍വാസം. ജാമ്യം അനുവദിക്കപ്പെട്ടിട്ടും ജയില്‍ മോചിതനാക്കാതെ പൊലീസ്/ഭരണകൂട പ്രതികാരം. 2023 ഫെബ്രുവരിയിലാണ് കാപ്പന്‍ മോചിതനാകുന്നത്. സിദ്ദീഖ്
കാപ്പനെതിരേയുള്ള കുറ്റങ്ങള്‍ പൊലീസിന്റെ വെറും ആരോപണങ്ങള്‍ മാത്രമാണെന്ന് നീതിന്യായ സംവിധാനത്തിനു ബോധ്യമായി. കാപ്പന് മുമ്പും പിന്നാലെയും ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകരെ ഭരണകൂടം വെറും ആരോപണങ്ങളുടെ പേരില്‍ കുറ്റവാളികളാക്കുന്നു, ജയിലടയ്ക്കുന്നു, നീതി നിഷേധിക്കുന്നു. ആ കൂട്ടത്തിലൊരാളാണ് ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍-ഇന്‍-ചീഫുമായ പ്രബിര്‍ പുരകായസ്ത. താന്‍ നേരിട്ട അതേ സാഹചര്യങ്ങളോട് പൊരുതാന്‍ തയ്യാറെടുക്കുന്ന പ്രബിറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സിദ്ദീഖ് കാപ്പന്‍ അഴിമുഖത്തോട് പ്രതികരിക്കുന്നു.

തങ്ങളെ പിന്തുണക്കുന്ന മാധ്യമങ്ങളെ ഭരണകൂടം ചേര്‍ത്ത് പിടിക്കും. സ്തുതിപാഠകരാകാത്ത, വിമര്‍ശന മനോഭാവമുള്ള മാധ്യമപ്രവര്‍ത്തകരെ യു എ പി എ അടക്കമുള്ള കേസുകള്‍ ചുമത്തി ജയിലിലും അടയ്ക്കും. നിലവില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത് ഇതാണ്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നത് തീവ്രവാദം, ഭീകരവാദം, അയല്‍ രാജ്യങ്ങളുമായുള്ള അനധികൃത ബന്ധം തുടങ്ങിയ കുറ്റങ്ങളാരോപിച്ചാണ്. മുസ്ലിം വിഭാഗത്തിലുള്ള മാധ്യമപ്രവര്‍ത്തകനെതിരേ പാകിസ്താന്‍ ബന്ധവും, മുസ്ലിം ഇതര വിഭാഗത്തില്‍ പെട്ടവര്‍ക്ക് ചൈനീസ് അല്ലെങ്കില്‍ മാവോയിസ്റ്റ് ബന്ധവും ചാര്‍ത്തുന്നതാണ് പതിവ്.

മുസ്ലിം നാമധാരിയായ മാധ്യമപ്രവര്‍ത്തകനെ ഇത്തരം ബന്ധങ്ങള്‍ ആരോപിച്ച് അറസ്റ്റ് ചെയ്താല്‍ കുറ്റക്കാരാണെന്ന് തെളിയുന്നതിനു മുമ്പ് തന്നെ ഇതില്‍ കഴമ്പുണ്ടെന്ന് സാധാരണക്കാര്‍ വിശ്വാസിക്കാന്‍ പാകത്തിലുള്ള സാഹചര്യം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഭരണകൂടമതില്‍ പൂര്‍ണമായി വിജയിച്ചിട്ടുമുണ്ട്. ഞാന്‍ ജയിലില്‍ കിടന്ന കാലയളവില്‍ എനിക്ക് നേരെ നടന്നതും സമാനമായ ആക്രമണമാണ്. എനിക്കെതിരെയുള്ള കുപ്രചാരണങ്ങള്‍ കോടതിയില്‍ തെളിയിക്കാന്‍ സാധിക്കാതെ വന്നത് അതത്രയും വ്യജമായതുകൊണ്ടാണ്.

ഞാന്‍ അഴിമുഖത്തിലടക്കം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചെഴുതിയ ലേഖനങ്ങളും, മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന മാധ്യമത്തിന്റെ രാഷ്ട്രീയവും ഉപയോഗിച്ചാണ്
എന്നെ രാജ്യദ്രോഹിയാണെന്ന് മുദ്രകുത്താന്‍ ശ്രമിച്ചത്. വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത കൊണ്ടാണത്.

പൊതു തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ മണിപ്പൂരിലെയും ഹരിയാനയിലെ നൂഹിലെയും കലാപങ്ങളില്‍ നിന്നും വംശഹത്യകളില്‍ നിന്നും രാജ്യത്തിന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും ശ്രദ്ധ തിരിക്കാന്‍ നടത്തുന്ന ശ്രമമായിട്ടു വേണം ഇപ്പോഴത്തെ അറസ്റ്റും റെയ്ഡുകളും കാണാന്‍.

ഇന്ത്യയില്‍ എന്ത് നടക്കുന്നുവെന്ന ചോദ്യത്തിന് ചൈനയുടെ പണം വാങ്ങി രാജ്യത്തിനെതിരെ വാര്‍ത്ത നല്‍കുന്ന മാധ്യമപ്രവര്‍ത്തകരെ കണ്ടെത്തിയെന്ന മറുപടിയാണ് സര്‍ക്കാര്‍ കൊടുക്കാന്‍ പോകുന്നത്. ദേശീയതയിലൂന്നി ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ പാകിസ്താന്‍, ചൈന പോലുള്ള അയല്‍ രാജ്യങ്ങളുമായുള്ള വ്യാജ ബന്ധമാണ് സര്‍ക്കാര്‍ തുറുപ്പ് ചീട്ടാക്കുന്നത്. താത്കാലികമായ തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി സര്‍ക്കാര്‍ ഈ രാജ്യങ്ങളുടെ മേല്‍ വ്യജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതുവഴി ഇവരുമായുള്ള നയതന്ത്ര ബന്ധത്തിന് കൂടിയാണ് വിള്ളല്‍ വീണുകൊണ്ടിരുക്കുന്നത്. തെരഞ്ഞെടുപ്പ് കാലഘട്ടങ്ങളില്‍ രാജ്യത്തെ പൊതു ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിനായി അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്ക് നേരെ കലാപശ്രമങ്ങള്‍ ഉണ്ടാകുന്നുവെന്ന വ്യാജാരോപണങ്ങള്‍ സ്ഥിരം കാഴ്ച്ചയാവുകയാണ്.

മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള ഇത്തരം നീക്കങ്ങള്‍, അവരെ ഭയപ്പെടുത്തി നിര്‍ത്താന്‍ ലക്ഷ്യം വച്ചുള്ളതാണ്. ഞാന്‍ ജയിലില്‍ കഴിഞ്ഞിരുന്ന നാളുകളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ മാറി നിന്നത് ഭയം കൊണ്ട് കൂടിയാണ്. എന്നാല്‍ എന്റെ ജയില്‍ വാസത്തിനു ശേഷം സര്‍ക്കാര്‍ സൃഷ്ടിച്ച ഈ സാഹചര്യത്തിന് മാറ്റം വന്നിരുന്നു. നീതി തന്നെ വിജയിക്കുമെന്ന് ബോധ്യപെട്ടത് കൊണ്ടുള്ള മാറ്റം കൂടിയാണത്. അറസ്റ്റിലായ ന്യൂസ് ക്ലിക്കിന്റെ മാധ്യമപ്രവര്‍ത്തകന്‍ പുഞ്ചിരിച്ചു കൊണ്ട് പോലീസ് വാഹനത്തില്‍ കയറുന്നത് രാജ്യം കണ്ടതാണ്, ആ പുഞ്ചിരി അദ്ദേഹം നല്‍കുന്ന സന്ദേശമാണ്. ഈ കാലഘട്ടത്തിലെ മാധ്യമപ്രവര്‍ത്തനത്തിന് ജയില്‍ വാസം കൂടി അനിവാര്യമാണെന്ന സന്ദേശം. ഫാസിസ്റ്റ് ഭരണകൂടത്തെ പിന്തുണയ്ക്കുന്നവര്‍ മാത്രമേ മാധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ ജയിലില്‍ കിടക്കാതിരിക്കുന്നുള്ളൂ. നീതി ബോധമുള്ള മാധ്യമപ്രവര്‍ത്തകര്‍ ഇത്തരം സന്ദേശം നല്‍കുമ്പോള്‍ സര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ പരാജയപ്പെടുകയാണ്. ഇത്തരം അനീതികള്‍ക്കെതിരെ പ്രതികരിക്കാന്‍ മറ്റൊരു കൂട്ടം മാധ്യമ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുക കൂടിയാണ് ഭരണകൂടത്തിന്റെ ദുഷ്പ്രവര്‍ത്തികള്‍. ജനാധിപത്യത്തിന്റെ തന്നെ ഇരുണ്ട നാളുകളില്‍ എന്താണ് നിര്‍ഭയമായ, യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനം എന്ന് യുവതലമുറക്ക് പഠിപ്പിച്ചുകൊടുക്കുകയാണ് പരോക്ഷത്തില്‍ സര്‍ക്കാര്‍ ചെയ്യുന്നത്. അതായത്, ഭരണകൂടം അവരുടെ മാധ്യമ വേട്ട കൊണ്ട് രാജ്യത്തില്‍ മികച്ച മാധ്യമപ്രവര്‍ത്തകരെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

ചിരിച്ചു കൊണ്ട് ജയിലില്‍ പോകുന്ന പ്രബിര്‍ പുരകായസ്തയെ ചരിത്രം രേഖപ്പെടുത്തുക തന്നെ ചെയ്യും. അപ്രഖ്യാപിത അടിയന്തരാവസ്ഥ കാലത്തില്‍ വസ്തുനിഷ്ഠമായ മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ചരിത്രത്തില്‍ ലഭിക്കുന്ന സ്വീകാര്യതയായിരിക്കില്ല, പരസ്യത്തിനു വേണ്ടി നിലകൊള്ളുന്നവര്‍ക്ക് ലഭിക്കുക. 2014 ന് മുമ്പും ശേഷവുമുള്ള കാലഘട്ടങ്ങളിലെ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തനത്തെ വേര്‍തിരിക്കുന്നത് പ്രസ് ഫ്രീഡം ഇന്‍ഡക്‌സിലെ സ്ഥാനം മാത്രമല്ല, മാധ്യമപ്രവര്‍ത്തനത്തിലെ നിലപാടുകള്‍ കൂടിയാണ്.

വാര്‍ത്താസമ്മേളനത്തിടയില്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തെ ചെരുപ്പെറിയാന്‍ പോലും നിര്‍ഭയത്വം കാണിച്ചിരുന്ന മാധ്യമപ്രവര്‍ത്തകര്‍ 2014 മുമ്പുള്ള ഭരണകാലത്ത് ഇന്ത്യയിലുണ്ടായിരുന്നു. അതുപോലെ, കേരളത്തിലെ ഭരണപക്ഷത്തെ നിശിതമായി വിമര്‍ശിക്കുന്ന മലയാള മാധ്യമങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം, ദേശീയ തലസ്ഥന നഗരിയിലില്ല. കേവലം വാര്‍ത്ത നല്‍കിയെന്നതുകൊണ്ട് മാത്രം യുഎ പി എ ചുമത്തി ജയിലിലടക്കുന്ന, അനധികൃതമായി പോലീസ് റെയ്ഡുകള്‍ക്ക് വിധേയരാകേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ഒരു രാജ്യത്തെ ജനാധിപത്യത്തിന്റെ പരിതസ്ഥിയെ അളക്കുന്നതിനുള്ള അളവുകോലാണ് മാധ്യമസ്വാതന്ത്രം. അരക്ഷിതാവസ്ഥ നിറഞ്ഞു നില്‍ക്കുന്ന അഫ്ഗാനിസ്ഥാനും, ബംഗ്ലാദേശുമൊക്കെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പട്ടികയില്‍ നമ്മളെക്കാള്‍ മുകളിലാണ്.

രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ഭരണകൂട അതിക്രമങ്ങളില്‍ മാധ്യമങ്ങള്‍ തന്നെ മൗനം അവലംബിക്കുന്നത് നിരാശാജനകമാണ്. നിലവില്‍ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമപ്രവര്‍ത്തനം വ്യവസായമായി മാറിയിരിക്കുകയാണ്. സര്‍ക്കാരിന്റെയും കോര്‍പ്പറേറ്റ് കമ്പനികളുടെയും പരസ്യ വരുമാനം കൊണ്ട് മാത്രം നിലനിന്നു പോരുന്ന ഇന്ത്യന്‍ മാധ്യമങ്ങള്‍ ഭരണകൂട പ്രതികാരങ്ങള്‍ക്കെതിരേ പ്രതികരിക്കുന്നതിന് വിമുഖത കാണിക്കും. സഹപ്രവര്‍ത്തകര്‍ക്കു നേരെയുള്ള അതിക്രമങ്ങളില്‍ നിന്ന് കണ്ണും കാതും കാമറയും തിരിക്കും. പരസ്യവരുമാനം നഷ്ടപ്പെടുത്തികൊണ്ടു മാധ്യമധര്‍മം മുറുകെ പിടിക്കാന്‍ മലയാള മാധ്യമങ്ങള്‍ പോലും തയ്യാറല്ല. സര്‍ക്കാരിന്റെ സ്തുതിപാഠകരായുള്ള മാധ്യമപ്രവത്തനം അവര്‍ തുടരുന്നതുവരെ ഈ അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ തയ്യാറാകില്ല.

(സിദ്ദീഖ് കാപ്പനുമായി രശ്മി ജയദാസ് സംസാരിച്ചു തയ്യാറാക്കിയത്)

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍