UPDATES

ബിബിസി ഇന്ത്യയുടെ മാധ്യമ പ്രവർത്തനത്തിന് തിരിച്ചടിയാകുമോ?

കേന്ദ്രത്തിന്റെ എഫ്ഡിഐ നിയമങ്ങൾ

                       

അന്തർദേശിയ വാർത്താമാധ്യമമായ ബിബിസി ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നുവെന്ന് ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ബ്രിട്ടീഷ് കമ്പനി ഇന്ത്യയിലെ ന്യൂസ് റൂമിന്റെ ഓഹരികൾ വിട്ട് നൽകിയിരിക്കുകയാണ്. ബിബിസിയുടെ പ്രസിദ്ധീകരണ ലൈസൻസ് സ്ഥാപനത്തിന്റെ ഇന്ത്യൻ ജീവനക്കാർ സ്ഥാപിച്ച ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറുകയും ചെയ്തു. ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്ന് ഒരു വർഷത്തിനുള്ളിലാണ് സുപ്രധാന നീക്കം. ആഗോള തലത്തിൽ സാന്നിധ്യമുള്ള ബിബിസി ആദ്യമായിട്ടാണ് ഓഹരികൾ കൈമാറുന്നത്.

നാല് മുൻ ബിബിസി ജീവനക്കാർ “കളക്ടീവ് ന്യൂസ്റൂം” എന്ന പേരിൽ ഒരു സ്വകാര്യ കമ്പനി രൂപീകരിച്ചിരുന്നു. അടുത്ത ആഴ്ച മുതൽ,ബിബിസിയുടെ ഡിജിറ്റൽ സേവനങ്ങൾക്കായി ഈ കമ്പനിയുടെ ഇന്ത്യയിലെ ഓഫീസുകളായിരിക്കും ഏഴ് ഭാഷകളിൽ ഉള്ളടക്കം നിർമ്മിക്കുക. ഹിന്ദി, ഗുജറാത്തി, മറാത്തി, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നിവയാണ് ഈ ഭാഷകൾ.

ഈ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ 26% ഓഹരികൾ സ്വന്തമാക്കാനായി ബിബിസി സർക്കാരിനെ സമീപിച്ചിരുന്നു.

ഇന്ത്യൻ എക്‌സ്‌പ്രസിനോട് പ്രതികരിച്ച കളക്ടീവ് ന്യൂസ് റൂമിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ രൂപ ഝാ പറയുന്നത് , “ബിബിസി മറ്റൊരു സ്ഥാപനത്തിന് പ്രസിദ്ധീകരിക്കാനുള്ള ലൈസൻസ് നൽകുന്നത് അത്യപൂർവ്വമായാ സ്ഥിതി വിശേഷമാണ്. ഞങ്ങൾ ഒരിക്കലും പത്രപ്രവർത്തനത്തിൽ വിട്ടുവീഴ്ച ചെയ്യില്ല, ബിബിസി എല്ലായിപ്പോഴും ഞങ്ങൾക്ക് പിന്തുണ നൽകുന്നുണ്ട്. ബിബിസി ഇന്ത്യയിലെ സീനിയർ ന്യൂസ് എഡിറ്ററായിരുന്ന രൂപ, കളക്ടീവ് ന്യൂസ് റൂമിൻ്റെ നാല് സ്ഥാപക ഓഹരി ഉടമകളിൽ ഒരാളാണ്.

വിദേശ കമ്പനികൾക്ക് ഇന്ത്യയിലെ ഡിജിറ്റൽ മീഡിയ കമ്പനികളുടെ 26% വരെ മാത്രം ഓഹരി നിക്ഷേപിക്കാനാകുകയുള്ളു. 2020-ൽ അവതരിപ്പിച്ച ഈ എഫ്ഡിഐ നിയമമാണ് ബിബിസിയുടെ ഇന്ത്യയിലെ പുനഃക്രമീകരണത്തിന് വഴി വച്ചത്.

മുമ്പ്, ബിബിസിയുടെ രാജ്യത്തെ എഡിറ്റോറിയൽ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തത് ബിബിസി ഇന്ത്യയാണ്, ഇതിൽ 99 ശതമാനവും യുകെ ആസ്ഥാനമായുള്ള ബ്രോഡ്കാസ്റ്ററിൻ്റെ ഉടമസ്ഥതയിലായിരുന്നു. എന്നിരുന്നാലും, നിക്ഷേപ പരിധി അവതരിപ്പിച്ചുകഴിഞ്ഞാൽ, 26 ശതമാനം എഫ്ഡിഐ പരിധി കവിയുന്ന കമ്പനികൾ 2021 ഒക്ടോബറോടെ ഈ നിയന്ത്രണം പാലിക്കുന്നതിന് അവരുടെ വിദേശ നിക്ഷേപം കുറയ്ക്കേണ്ടതുണ്ട്.

ഏകദേശം 200 പേർ അടങ്ങുന്ന ബിബിസിയുടെ ഇന്ത്യ ബ്യൂറോയാണ് യുകെക്ക് പുറത്ത് ഏറ്റവും കൂടുതൽ ജീവനക്കാരുള്ള ബ്യൂറോ.

1940 മെയിലാണ് ബിബിസി ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്യുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, 2002 ലെ ഗുജറാത്ത് കലാപത്തെ ചിത്രീകരിച്ച ഒരു ഡോക്യുമെൻ്ററിയുടെ സംപ്രേഷണം നടത്തിയിരുന്നു. അതേ മാസം ഡൽഹിയിലെയും മുംബൈയിലെയും ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ റൈഡും നടന്നിരുന്നു.

പുതിയ എഫ്ഡിഐ നിയമങ്ങൾ ഇന്ത്യയിലെ ബിബിസിയുടെ പ്രവർത്തനങ്ങളിൽ വലിയ അനിശ്ചിതത്വാമാണ് ഉണ്ടാക്കിയിരിക്കുന്നത്. “ഞങ്ങൾക്ക് മുന്നിൽ നിരവധി ഓപ്ഷനുകൾ ഉണ്ടായിരുന്നു. ബിബിസിക്ക് ഇന്ത്യയിലെ തങ്ങളുടെ സാന്നിദ്ധ്യം ഇല്ലാതാക്കാനോ ജീവനിക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനോ പദ്ധതിയില്ല. സാമ്പത്തിക ലാഭമല്ല ബിബിസിയുടെ അത്യന്തിക ലക്ഷ്യം. ഇതോടെയാണ് സാധ്യമായ വഴികൾ ചിന്തിക്കാൻ ഞങ്ങളെ നിർബന്ധിതരായി. ബിബിസിക്ക് ലഭിക്കുന്ന നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ, എല്ലാവരും ഇതിലേക്ക് (കളക്ടീവ് രൂപീകരിക്കുന്നതിനുള്ള) സാധ്യമായ ഓപ്ഷനായി പരിശ്രമിക്കുകയായിരുന്നു,” രൂപ പറഞ്ഞു.

നിലവിൽ, ബിബിസി ഇന്ത്യയിലെ 200-ഓളം ജീവനക്കാർ കളക്ടീവ് ന്യൂസ് റൂമിലേക്ക് മാറിയിട്ടുണ്ട്.

ബിബിസി ന്യൂസ്ഡെപ്യൂട്ടി സിഇഒ ജോനാഥൻ മൺറോ പറഞ്ഞു: “ഇന്ത്യയിലെ ബിബിസിക്ക് വ്യക്തമായ ഒരു ചരിത്രമുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങൾ എല്ലായ്പ്പോഴും പ്രേക്ഷകർക്ക് നിലവാരമുള്ള വാർത്തകൾ നൽകാൻ കഴിഞ്ഞിരുന്നു. പുതിയ ബിബിസി സംരംഭമായ കളക്റ്റീവ് ന്യൂസ്റൂമിൻ്റെ രൂപീകരണത്തെ ഞങ്ങൾ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.” അദ്ദേഹംപറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍