UPDATES

വിദേശം

ബിബിസി റിപ്പോര്‍ട്ടറുടെ ഇടപെടല്‍ രക്ഷിച്ചത് ട്രക്കിലെ തണുപ്പില്‍ മരവിച്ച് മരിക്കുമായിരുന്ന ആറ് സ്ത്രീകളെ

39 വിയറ്റ്‌നാമീസ് കുടിയേറ്റക്കാരുടെ ദാരുണാന്ത്യമാണ് അപ്പോള്‍ മനസില്‍ വന്നതെന്ന് ബിബിസി റിപ്പോര്‍ട്ടര്‍ പറഞ്ഞു

                       

അന്നും പതിവുപോലെ ഉച്ചയോടടുത്ത് ഫ്രാന്‍സിലെ ബിബിസിയുടെ ഓഫീസില്‍ തിരക്കിട്ട ജോലിയിലായിരുന്ന റിപ്പോര്‍ട്ടര്‍ ക്വേ ബി ലൂ. ഫോണില്‍ തുടര്‍ച്ചയായ വന്നുകൊണ്ടിരിക്കുന്ന സന്ദേശങ്ങളിലേക്ക് പാളി നോക്കി. ഫ്രാന്‍സില്‍ നിന്ന് ഇംഗ്ലണ്ടിന്റെ അതിര്‍ത്തിയിലേക്ക് ഈ ശീതികരിച്ച വാന്‍ നീങ്ങികൊണ്ടിരിക്കുന്നു എന്നായിരുന്നു സന്ദേശം. പ്രത്യേകിച്ചൊന്നും തോന്നതിരുന്ന ലൂ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തിയിലേക്ക് വീണ്ടും ശ്രദ്ധ തിരിച്ചു. എന്നാല്‍ അതിന് പിന്നാലേ എത്തിയ സന്ദേശം അവരെ ഭയപ്പെടുത്താന്‍ പോന്നതായിരുന്നു. ‘നിങ്ങള്‍ യൂറോപ്പിലാണോ? ദയവായി സഹായിക്കൂ, ഇത് അടിയന്തിരമാണ്’ ഫോണ്‍ സ്‌ക്രീനിലെ വെളിച്ചം നില്‍ക്കും വരെ അവര്‍ കാര്യമറിയാതെ പകച്ചുനിന്നു.

മാധ്യമപ്രവര്‍ത്തകരുടെ സ്വതസിദ്ധമായ വേഗതയോടെ അവര്‍ വിവരം തന്റെ സഹപ്രവര്‍ത്തകരെ അറിയിച്ചു. ഈ സമയമത്രയും ഒരു ട്രക്കിനുള്ളില്‍ നിന്നും അകത്തെ ദൃശ്യങ്ങളും പഴങ്ങളുടെ പെട്ടികള്‍ നിറച്ചിട്ടുണ്ടെന്നു കാണിക്കുന്ന സന്ദേശങ്ങളും വീഡിയോകളും അയച്ചു കൊണ്ടിരുന്നു. സംഭവത്തിന്റെ തീവ്രത ഉള്‍കൊണ്ട മാധ്യമപ്രവര്‍ത്തകര്‍ പോലീസില്‍ വിവരമറിയിച്ചു. ലൂ ട്രക്കിനെ കണ്ടെത്തുന്നതിനായി തിരക്ക് ഒഴിയാത്ത റോഡിലേക്ക് അടക്കാനാവാത്ത നെഞ്ചിടിപ്പോടെ യാത്ര തിരിച്ചു.

”എനിക്ക് ശ്വാസം കിട്ടുന്നില്ല” ലൂവിന്റെ ഫോണിലെത്തിയ ഒരു സന്ദേശം അതായിരുന്നു.

ട്രക്കിനുള്ളില്‍ ഒന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്നും തങ്ങള്‍ക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നതായും പറഞ്ഞുകൊണ്ടുള്ള ഹ്രസ്വ വീഡിയോകള്‍ ലൂവിന്റെ ഫോണിലേക്ക് തുടര്‍ച്ചയായി എത്തിക്കൊണ്ടിരുന്നു.

സന്ദേശങ്ങള്‍ അയക്കുന്ന ഫോണിന്റെ തത്സമയ ജിപിഎസ് ലൊക്കേഷന്‍ മൂലം, ലോറി ലിയോണിന് വടക്ക് ഡ്രാസിക്ക് സമീപമുള്ള ഇ-15 ഹൈവേയിലാണ് ട്രക്കെന്ന് പോലീസ് കണ്ടെത്തി. മേഖലയില്‍ നടത്തിയ തിരച്ചലില്‍ ഫ്രഞ്ച് പോലീസ് റോണ്‍ മേഖലയില്‍ ട്രക്ക് കണ്ടെത്തി. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടച്ചിരുന്ന ആ ശീതികരിച്ച വാനിനുള്ളില്‍ ആറു സ്ത്രീകള്‍ ജീവനും മുറുകെ പിടിച്ചിരിപ്പുണ്ടായിരുന്നു.

പഴങ്ങള്‍ നിറച്ച ട്രക്കിനുള്ളില്‍ മനുഷ്യക്കടത്ത് സംശയിക്കുന്ന സാഹചര്യത്തിലാണ് വിയറ്റ്‌നാമില്‍ നിന്നുള്ള നാല് സ്ത്രീകളെയും ഇറാഖില്‍ നിന്നുള്ള രണ്ട് സ്ത്രീകളെയും ഫ്രഞ്ച് പോലീസ് കണ്ടെത്തിയത്. വാഹനം യുകെയിലേക്കോ അയര്‍ലന്‍ഡിലേക്കോ പോകുകയാണെന്ന് വിശ്വസിച്ച് വടക്കന്‍ ഫ്രാന്‍സിലെ വാഴപ്പഴങ്ങള്‍ നിറച്ച ട്രക്കില്‍ ഏകദേശം 10 മണിക്കൂറിലധികമാണ് ആറു കുടിയേറ്റ വനിതകള്‍ ഒളിച്ചിരുന്നത്. ട്രക്ക് തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് തിരിച്ചറിഞ്ഞ സ്ത്രീകള്‍, വാഹനത്തിനുള്ളിലെ ഇടുങ്ങിയ സ്ഥലവും അധികരിച്ചു വരുന്ന തണുപ്പിലും പരിഭ്രാന്തരാകാന്‍ തുടങ്ങി. തുടര്‍ന്ന് അവരിലൊരാള്‍ ബിബിസി റിപ്പോര്‍ട്ടര്‍ക്ക് അയച്ച സന്ദേശം മൂലമാണ് പോലീസ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

സഹായമഭ്യര്‍ഥിച്ചു കൊണ്ടുള്ള സന്ദേശമെത്തിയപ്പോള്‍ 2019-ല്‍ ഇംഗ്ലണ്ടിലെ എസെക്‌സില്‍ ട്രക്ക് ട്രെയിലറില്‍ കുടുങ്ങി 39 വിയറ്റ്‌നാമീസ് കുടിയേറ്റക്കാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമാണ് ഓര്‍മ്മയില്‍ ആദ്യം എത്തിയതെന്ന് ക്വേ ബി ലൂ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. യുകെയില്‍ മെച്ചപ്പെട്ട ജീവിതം തേടുന്ന കുടിയേറ്റക്കാര്‍ പലപ്പോഴും നേരിടുന്ന അപകടങ്ങളെ എടുത്തുകാണിച്ച ഒരു ദുരന്തമാണിത്. ഇത്തരം ദുരന്താനുഭവങ്ങള്‍ക്ക് ശേഷവും, എന്തുകൊണ്ടാണ് വിയറ്റ്‌നാമില്‍ നിന്നുള്ള യുവതികള്‍ അതിര്‍ത്തി കടക്കാന്‍ ലോറിയുടെ പിന്നില്‍ കയറുന്നതെന്നും ലൂ ചോദിച്ചു.

വാഹനത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ ആറ് സ്ത്രീകളില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മാധ്യമങ്ങളെ കണ്ട ഫ്രഞ്ച് പ്രോസിക്യൂട്ടര്‍ ലെറ്റിഷ്യ ഫ്രാങ്കാര്‍ട്ട് പറഞ്ഞു. ലിത്വാനിയയില്‍ നിന്നുള്ള വാഹനത്തില്‍ ഐറിഷ് രജിസ്‌ട്രേഷന്‍ പ്ലേറ്റുകള്‍ കണ്ട സ്ത്രീകള്‍ വാഹനം ഇംഗ്ലണ്ടിലേക്ക് പോകുന്നുവെന്ന് കരുതിയാണ് കയറിയതെന്ന് സമ്മതിച്ചതായി ഫ്രാങ്കാര്‍ട്ട് പ്രസ്താവനയില്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ഇറ്റലിയിലേക്ക് പോവുകയായിരുന്ന ട്രക്ക് ഡ്രൈവര്‍ സ്ത്രീകള്‍ വാഹനത്തില്‍ കയറിയത് അറിഞ്ഞിരുന്നില്ലെന്നും മണിക്കൂറുകളോളം സ്റ്റോപ്പില്ലാതെ റോഡില്‍ കിടന്നപ്പോള്‍ അബദ്ധം മനസ്സിലാക്കിയ അവര്‍ മാധ്യമപ്രവര്‍ത്തകയോട് സഹായം അഭ്യര്‍ത്ഥിക്കുകയയായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു. ട്രക്കിനുള്ളില്‍ വെറും ആറു ഡിഗ്രി സെല്‍ഷ്യസ് (43 ഡിഗ്രി ഫാരന്‍ഹീറ്റ്) മാത്രമായിരുന്നുവെന്ന് വില്ലെ ഫ്രാഞ്ചെ-സുര്‍-സൗണിന്റെ പ്രോസിക്യൂട്ടര്‍ ഫ്രാങ്കാര്‍ട്ട് പറഞ്ഞു. സ്ത്രീകളെല്ലാം കട്ടിയുള്ള കോട്ട് ധരിച്ചവരാണെന്നും ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. അതെ സമയം തന്റെ ട്രക്കില്‍ നിന്ന് ശബ്ദങ്ങള്‍ കേട്ട ഡ്രൈവറും പോലീസിനെ ബന്ധപെട്ടതായി ഫ്രാങ്കാര്‍ട്ട് പറഞ്ഞു.

ആറ് സ്ത്രീകളെ മോചിപ്പിക്കുന്നതിന് മുമ്പ് അനധികൃതമായി ഫ്രാന്‍സില്‍ കഴിഞ്ഞതിന് തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. നാല് പേര്‍ക്ക് രാജ്യം വിടാന്‍ 30 ദിവസത്തെ സമയം അനുവദിച്ചപ്പോള്‍, മറ്റ് രണ്ട് പേര്‍ക്ക് അഭയം തേടാനുള്ള അനുമതിയും നല്‍കി. എങ്ങനെയാണ് യുവതികള്‍ ഫ്രാന്‍സിലെത്തിയതെന്നതിനെക്കുറിച്ച് വിവരം പുറത്തു വിട്ടിട്ടില്ല.

യുകെയില്‍ മെച്ചപ്പെട്ട ജീവിതം തേടുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ എല്ലാ വര്‍ഷവും വടക്കന്‍ ഫ്രാന്‍സില്‍ നിന്ന് ട്രക്കുകളില്‍ ഒളിച്ചിരുന്നോ ഇംഗ്ലീഷ് ചാനലിന് കുറുകെയുള്ള ചെറിയ, ക്ഷോഭമില്ലാത്ത കടല്‍ കടന്നു ബോട്ടുകളിലോ കുടിയേറാന്‍ ശ്രമിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാന്‍, സിറിയ, ഇറാഖ് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരില്‍ പലരും, ഇംഗ്ലീഷില്‍ സംസാരിക്കാനറിയുന്നതിനാലോ അല്ലെങ്കില്‍ അവര്‍ക്ക് ഇതിനകം തന്നെ ബന്ധുക്കള്‍ ഉള്ളതിനാലോ ആണ് യൂറോപ്പിലെ പ്രധാന ഭൂപ്രദേശങ്ങളില്‍ നിന്ന് യുകെയിലേക്ക് കടക്കുന്നത്. ഈ രണ്ട് വഴികളും അപകടം നിറഞ്ഞതാണ്.

ഇത്തരത്തിലുള്ള മനുഷ്യ കടത്തും അതിനെ തുടര്‍ന്നുള്ള മരണങ്ങളും ഫ്രാന്‍സില്‍ തുടര്‍ക്കഥയാണ്. 2019-ല്‍ വിയറ്റ്നാമില്‍ നിന്ന് മനുഷ്യക്കടത്തുകാര്‍ക്ക് വലിയ തുക നല്‍കിയ 39 കുടിയേറ്റക്കാര്‍ ഇംഗ്ലണ്ടില്‍ വച്ചു ട്രക്കില്‍ ശ്വാസം മുട്ടി മരിച്ചിരുന്നു. ജൂലൈയില്‍, കുടിയേറ്റക്കാരെ ചൂഷണം ചെയ്ത് വന്‍ ലാഭമുണ്ടാക്കിയ അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘത്തിലെ പ്രധാനിയെ 12 വര്‍ഷത്തിലധികം തടവിന് ശിക്ഷിച്ചിരുന്നു. മറ്റ് നാല് സംഘാംഗങ്ങള്‍ 2021-ല്‍ നരഹത്യയ്ക്ക് 13 മുതല്‍ 27 വര്‍ഷം വരെ തടവിലാക്കപ്പെട്ടു. ബെല്‍ജിയത്തില്‍ 18 പേരെ കൂടി കുറ്റക്കാരായി കണ്ടെത്തി. അവിടെ വിയറ്റ്‌നാമീസ് റിംഗ് ലീഡറെ 15 വര്‍ഷം തടവിന് ശിക്ഷിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് ഇത്തരം അനധികൃത മാര്‍ഗങ്ങളിലൂടെ എത്തുന്ന ആളുകളോട് കൂടുതല്‍ ശിക്ഷാര്‍ഹമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

ചെറുവള്ളങ്ങളില്‍ എത്തുന്ന കുടിയേറ്റക്കാരെ തടഞ്ഞുവയ്ക്കുകയും തുടര്‍ന്ന് അവരുടെ മാതൃരാജ്യത്തേക്കോ മൂന്നാം രാജ്യങ്ങളിലേക്കോ സ്ഥിരമായി നാടുകടത്തണമെന്നുമുള്ള വിവാദ നിയമം സര്‍ക്കാര്‍ പാസാക്കി. അവരെ കൊണ്ടുപോകാന്‍ സമ്മതിച്ച മൂന്നാമത്തെ രാജ്യം റുവാണ്ടയാണ്, യുകെ കോടതികളില്‍ ആ പദ്ധതി വെല്ലുവിളിക്കപ്പെടുന്നതിനാല്‍ ഇതുവരെ ആരെയും അവിടേക്ക് അയച്ചിട്ടില്ല.

ഫ്രാന്‍സിന്റെ ഇറ്റലിയുമായുള്ള തെക്കന്‍ അതിര്‍ത്തിയില്‍ പട്രോളിംഗ് ശക്തമാക്കി യൂറോപ്പിന് പുറത്ത് നിന്ന് രാജ്യത്തേക്ക് കുടിയേറ്റക്കാര്‍ പ്രവേശിക്കുന്നത് തടയാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കഷ്ടതകളില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും പലായനം ചെയ്യുന്ന ജനങ്ങള്‍ക്ക് തങ്ങളുടെ തുറമുഖങ്ങള്‍ തുറന്നു കൊടുക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോടും മറ്റ് യൂറോപ്യന്‍ നേതാക്കളോടും ഫ്രാന്‍സിസ് മാര്‍പാപ്പ ആവിശ്യപെട്ടിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍