UPDATES

വിദേശം

വീഞ്ഞും വിരുന്നുമൊരുക്കിയും സ്ത്രീകളെ കാഴ്ച്ചവച്ചും യു എസ് നാവിക സേനയെ വലയില്‍ വീഴ്ത്തിയ ലിയോനാര്‍ഡ് ഫ്രാന്‍സിസ്

എങ്ങനെയാണ് ലിയോനാര്‍ഡ് അമേരിക്കയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനലായത്?

                       

ഇത് മറ്റൊരു ലിയോയുടെ കഥയാണ്. അമേരിക്ക മോസ്റ്റ് വാണ്ടഡ് ക്രിമിനിലായി പ്രഖ്യാപിച്ച ലിയോനാര്‍ഡ് ഗ്ലെന്‍ ഫ്രാന്‍സിസിന്റെ കഥ. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ വലിയൊരു പ്രതിരോധ അഴിമതി കേസില്‍ ശിക്ഷ വിധിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ലിയോനാര്‍ഡ് യു എസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം രക്ഷപ്പെട്ട ലിയോനാര്‍ഡ് വൈകാതെ തന്നെ യു എസ്സിന്റെ കൈകളിലേക്ക് എത്തും. ഇപ്പോഴയാള്‍ വെനസ്വേലയുടെ കസ്റ്റഡിയിലുണ്ട്. കുറ്റവാളികളെ കൈമാറാനുള്ള നയതന്ത്ര ബന്ധങ്ങള്‍ അമേരിക്കയ്ക്കും വെനസ്വേലയ്ക്കും തമ്മില്‍ ഇല്ലാത്തതുകൊണ്ട്, സാധാരണയല്ലാത്തൊരു വഴിയിലൂടെ-തടവ് പുള്ളികളെ രാജ്യങ്ങള്‍ പരസ്പരം കൈമാറുന്നൊരു കരാര്‍ പ്രകാരം- ലിയോനാര്‍ഡ് അമേരിക്കയിലെത്തും. ലിയോനാര്‍ഡിനെ കൈമാറാന്‍ വെനസ്വേല സമ്മതിച്ചിട്ടുണ്ടെന്നാണ് പ്രസിഡന്റ് ജോ ബൈഡന്‍ ബുധനാഴ്ച്ച അറിയിച്ചത്.

സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഗ്ലെന്‍ ഡിഫന്‍സ് മറീന്‍ ഏഷ്യയുടെ ഉടമയായ മലേഷ്യന്‍ പൗരനാണ് 59 കാരനായ ലിയോനാര്‍ഡ്. ലിയോനാര്‍ഡിന്റെ കമ്പനി 250 മില്യണ്‍ അമേരിക്കന്‍ ഡോളറിനാണ് ഏഷ്യയിലുടനീളമുള്ള തുറമുഖങ്ങളില്‍ യു എസ് നേവിയുടെ കപ്പലുകള്‍ പുനര്‍വിതരണം ചെയ്യുന്നതിനും സര്‍വീസ് നടത്തുന്നതിനുമുള്ള യു എസ് പ്രതിരോധ കരാര്‍ സ്വന്തമാക്കുന്നത്. അമേരിക്കന്‍ നാവിക സേനയിലുള്ളവരാണ് തടിയന്‍ ലിയോനാര്‍ഡ് എന്ന പേര് അയാള്‍ക്ക് നല്‍കുന്നത്.

ഒരുകാലത്ത് 226 കിലോ (500 പൗണ്ട്) ആയിരുന്നു അയാളുടെ ശരീരഭാരം. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയൊരു ശസ്ത്രക്രിയ്ക്ക് ശേഷമാണ് 158 കിലോയായി (350 പൗണ്ട്)കുറഞ്ഞത്!

അമേരിക്കന്‍ നാവിക സേനയുടെ കരാര്‍ സ്വന്തമാക്കിയശേഷം അവിടെ നടത്തിയ തട്ടിപ്പാണ് ആയാളെ യു എസ്സിന്റെ മോസ്റ്റ് വാണ്ടഡ് ക്രിമിനാലാക്കി മാറ്റിയത്. മദ്യവും ഭക്ഷണവും സ്ത്രീകളെയുമൊക്കെ നല്‍കി അയാള്‍ നാവികോദ്യോഗസ്ഥരെ തനിക്ക് വിധേയപ്പെടുത്തി. അവര്‍ വഴി അഴിമതി മാത്രമല്ല, യു എസ് നേവിയുടെ ഔദ്യോഗിക രഹസ്യങ്ങള്‍ വരെ ചോര്‍ത്തി.

നൂറു കണക്കിന് നാവികസേന ഉദ്യോഗസ്ഥര്‍ അയാളുടെ വലയില്‍ വീണിരുന്നുവെന്നാണ് ദ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ 25 കൊല്ലത്തോളം അയാള്‍ നൂറു കണക്കിന് നാവിക സേന ഉദ്യോഗസ്ഥരെ മദ്യവും ഭക്ഷണവും നല്‍കി മയക്കിയെടുത്തു. സൈനികര്‍ക്ക് ക്യൂബന്‍ സിഗാറുകളും, ക്രിസ്റ്റല്‍ ഷാംപെയ്‌നുകളും ആവശ്യാനുസരണം വിളമ്പി. ഹോങ്കോംഗ്, ജക്കാര്‍ത്ത, ക്വാലാലംപൂര്‍, ലുമ്പാര്‍, സിഡ്‌നി, ബാങ്കോക് തുടങ്ങിയ പോര്‍ട്ടുകളില്‍ വിഭസമൃദ്ധമായ വിരുന്നുകള്‍ ഒരുക്കി. ഇതിന്റെയെല്ലാം മറവില്‍ അയാള്‍ പലതരം കരാറുകള്‍ സ്വന്തമാക്കി കൊണ്ടിരുന്നു. അതിലൂടെ ശതകോടികളാണ് സ്വന്തമാക്കിയിരുന്നതും.

നാവിക ഓഫിസര്‍മാരെ വലയില്‍ വീഴ്ത്താനുള്ള ലിയോനാര്‍ഡിന്റെ ഏറ്റവും പ്രധാന ആയുധം സ്ത്രീകളായിരുന്നുവെന്നാണ് ഫെഡറല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. സ്ത്രീകളെ നല്‍കി പകരം അയാള്‍ പല പ്രതിരോധ രഹസ്യങ്ങളും ചോര്‍ത്തി. കോടതി രേഖകളില്‍ പറയുന്നത്, പത്തോളം നാവികോദ്യോഗസ്ഥര്‍ പസഫിക് സമുദ്രത്തിലെ യു എസ് സൈനിക കപ്പലുകളുടെ നീക്കങ്ങള്‍ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ലിയോനാര്‍ഡിന് കൈമാറിയിട്ടുണ്ടെന്നാണ്.

വര്‍ഷങ്ങളോളം ലിയോനാര്‍ഡിന്റെ കമ്പനിയെക്കുറിച്ചുള്ള അഴിമതിയാരോപണങ്ങള്‍ മറയത്ത് തന്നെ കിടന്നു. 2010 മുതല്‍ നേവല്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേറ്റീവ് സര്‍വീസ്(എന്‍ സി ഐ എസ്) അയാളെ കുറിച്ചുള്ള ആത്മാര്‍ത്ഥമായ അന്വേഷണം ആരംഭിച്ചു. പക്ഷേ, ഈ വിവരം ലിയോനാര്‍ഡും അറിഞ്ഞിരുന്നുവെന്നടിത്താണ് ട്വിസ്റ്റ്. വിവരം ചോര്‍ത്തിയത് വേറാരുമല്ല, ഒരു എന്‍ സി ഐ എസ് ഉദ്യോഗസ്ഥന്‍! അയാളെ കൈക്കൂലി കൊടുത്ത് തന്റെയാളിക്കി വച്ചിട്ടുണ്ടായിരുന്നു. പക്ഷേ, ഇത്തവണ എതിരാളിയെക്കാള്‍ കുറച്ച് ഉയരത്തില്‍ കളിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞു. അവര്‍ ഒരു നാടകം ഒരുക്കി. 2013 സെപ്തംബറില്‍ സാന്‍ ഡിഗോയില്‍ കരാര്‍ അധികൃതരുടെ ഒരു യോഗം വിളിച്ചു ചേര്‍ത്തു. ലിയോനാര്‍ഡിനെ അമേരിക്കയില്‍ എത്തിക്കാനുള്ള ഒരു വ്യാജ യോഗമായിരുന്നു അത്. വിരിച്ച വലയിലേക്ക് അയാള്‍ കടന്നു വരികയും ചെയ്തു. സാന്‍ ഡിഗോയിലെ മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലില്‍ വച്ച് നൂറിലധം ഫെഡറല്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്റുമാര്‍ പങ്കെടുത്ത ഒരു രഹസ്യ ഓപ്പറേഷനിലൂടെ ലിയോനാര്‍ഡിനെ അറസ്റ്റ് ചെയ്തു.

2015 ജനുവരിയില്‍ വഞ്ചന, കൈക്കൂലി, ഗൂഢാലോചന എന്നീ കുറ്റങ്ങളില്‍ ലിയോനാര്‍ഡ് കുറ്റസമ്മതം നടത്തി. സ്ത്രീകള്‍, മദ്യം, വിഭവസമൃദ്ധമായ ഭക്ഷണം, സൗജന്യ വിനോദ യാത്രകള്‍ മറ്റ് സമ്മാനങ്ങള്‍ എന്നിവ നല്‍കിയാണ് താന്‍ യു എസ് നാവികോദ്യോഗസ്ഥരെ വശത്താക്കിയതെന്ന് ലിയോനാര്‍ഡ് വെളിപ്പെടുത്തി. 35 മില്യണ്‍ യു എസ് ഡോളറിന്റെ(291 കോടിക്കു മുകളില്‍) അഴിമതി യു എസ് നാവികസേനയുമായി ബന്ധപ്പെട്ട് നടത്തിയിട്ടുണ്ടെന്നാണ് ലിയോനാര്‍ഡ് കുറ്റസമ്മതം നടത്തിയത്. എന്നാല്‍, അമേരിക്കന്‍ നീതിന്യായ വകുപ്പ് പറയുന്നത്, ഈ തുക 50 മില്യണ്‍(416 കോടിക്കു മുകളില്‍) ഡോളറിനടുത്ത് വരുമെന്നാണ്.

തന്റെ ജാമ്യാപേക്ഷയില്‍ ലിയോനാര്‍ഡ് അന്വേഷണത്തില്‍ സഹായിക്കാമെന്നും 600 ന് മുകളില്‍ നാവിക ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വ്യക്തമായ തെളിവുകള്‍ നീതിന്യായ വകുപ്പിന് കൈമാറാമെന്നും വാഗ്ദാനം ചെയ്തിരുന്നു. നാവിക സേനയില്‍ നിന്നുള്ള 30-ലധികം പ്രതികള്‍ ഫെഡറല്‍ കോടതിയില്‍ ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ കുറ്റസമ്മതം നടത്തുകയുണ്ടായി. നാവികസേന അഞ്ച് നേവി ഉദ്യോഗസ്ഥരെ കോര്‍ട്ട് മാര്‍ഷലിന് വിധേയരാക്കി. ഏഴ് അഡ്മിറല്‍മാര്‍ കുറ്റക്കാരാണെന്നു കണ്ടെത്തി. ഡസണ്‍ കണക്കിന് ഉദ്യോഗസ്ഥര്‍ ഫെഡറല്‍ നിയമങ്ങളുടെ ലംഘനം നടത്തി ലിയോനാര്‍ഡില്‍ നിന്നും പാരിതോഷികങ്ങള്‍ കൈപ്പറ്റിയതായും കണ്ടെത്തി.

2018-ല്‍ ലിയോനാര്‍ഡ് കോടതിയില്‍ ഒരു അപേക്ഷ കൊടുത്തു. തനിക്ക് കിഡ്‌നി കാന്‍സര്‍ ആണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ വീട്ടു തടങ്കലിലേക്ക് മാറ്റണമെന്നുമായിരുന്നു അപേക്ഷ. കോടതിയില്‍ നിന്നും അനുകൂല വിധി നേടിയെടിക്കാനും അയാള്‍ക്ക് സാധിച്ചു. വിചാരണ തീരും വരെ വീട്ടു തടങ്കലിലാക്കി. എന്നാല്‍ കേസില്‍ വിധി വരുന്നത് അടുത്തിരിക്കെ കഴിഞ്ഞ വര്‍ഷം അയാള്‍ അമേരിക്കയില്‍ നിന്നും രക്ഷപ്പെട്ടു. അയാളെ നിരീക്ഷിക്കാന്‍ കണങ്കാലില്‍ ഘടിപ്പിച്ചിരുന്ന ജിപിഎസ് ട്രാക്കര്‍ വേര്‍പ്പെടുത്തിയശേഷമായിരുന്നു രക്ഷപ്പെടല്‍. അതിര്‍ത്തി കടന്ന് മെക്‌സികോയിലേക്കായിരുന്നു ആദ്യം പോയത്. അവിടെ നിന്നും ക്യൂബയിലേക്ക്. എന്നാല്‍ ക്യൂബയില്‍ അയാള്‍ക്ക് അഭയം നിഷേധിച്ചു. തുടര്‍ന്നാണ് വെനസ്വേലയിലേക്ക് പോകുന്നത്. ഇതിനിടയില്‍ ലിയോനാര്‍ഡിനെ പിടികൂടാന്‍ അമേരിക്ക ഇന്റര്‍പോളിനെക്കൊണ്ട് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കറാകസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് വെനസ്വേല ഉദ്യോഗസ്ഥര്‍ ലിയോനാര്‍ഡിനെ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍, അമേരിക്കയും വെനസ്വേലയും തമ്മില്‍ നയതന്ത്രബന്ധം നിലവില്‍ ഇല്ലാത്തതിനാല്‍ സാധാരണ മാര്‍ഗത്തിലൂടെയുള്ള കുറ്റവാളി കൈമാറ്റത്തിന് ആ രാജ്യത്തോട് ആവശ്യപ്പെടാന്‍ അമേരിക്കയ്ക്ക് സാധിക്കില്ലായിരുന്നു.

അവിടെയാണ് വെനസ്വേലന്‍ സര്‍ക്കാര്‍ ഒരു വിലപേശലിന് തയ്യാറെടുത്തത്. ലിയോനാര്‍ഡിന് പകരം അവര്‍ അലക്‌സ് സാബിനെ ആവശ്യപ്പെട്ടു. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മദുറോയുടെ ഏറ്റവും അടുത്തയാളാണ് അലക്‌സ്. കള്ളപ്പണക്കേസില്‍ ഇപ്പോള്‍ അമേരിക്കയുടെ കസ്റ്റഡയിലാണ് അയാളിപ്പോള്‍ ഉള്ളത്. ഈയൊരു ഡീലിന് വേണ്ടി 15 മാസത്തോളം ലിയോനാര്‍ഡിനെ വെനസ്വേല അവരുടെ കസ്റ്റഡിയില്‍ വച്ചുകൊണ്ടിരിക്കുകയായിരുന്നു.

അതേസമയം, ലിയോനാര്‍ഡ് വെനസ്വേലയിലും റഷ്യയിലും മാനുഷിക പരിഗണന മാനിച്ച് അഭയം തരാന്‍ അപേക്ഷിച്ചിരുന്നു. അതിനാല്‍, ഇപ്പോള്‍ തന്റെ കക്ഷിയെ അമേരിക്കയ്ക്ക് കൈമാറാനുള്ള തീരുമാനം വെനസ്വേലന്‍ ഭരണഘടനയ്ക്കും ക്രിമിനല്‍ നിയമങ്ങള്‍ക്കും വിരുദ്ധമായ കാര്യമാണെന്നാണ് ലിയോനാര്‍ഡിന്റെ വെനസ്വേലന്‍ അഭിഭാഷകന്‍ മാര്‍കോ റോഡിഗ്രസ് അകോസ്റ്റ ആരോപിക്കുന്നത്.

അമേരിക്കയുടെ കൈയിലേക്ക് വീണ്ടും ചെന്നാല്‍ തന്നെ കാത്തിരിക്കുന്നത് വര്‍ഷങ്ങളോളം നീളുന്ന തടവ് ശിക്ഷയാണെന്ന് ലിയോനാര്‍ഡിന് അറിയാം. സാന്‍ ഡിഗോ ജില്ല കോടതിയില്‍ അയാളുടെ കേസിന്റെ വിചാരണ വൈകാതെ പുനരാരംഭിക്കും. ഇത്തവണ ലിയോനാര്‍ഡിനെ വിചാരണ അവസാനിക്കും വരെ ജയിലില്‍ ഇടണമെന്ന് പ്രോസിക്യൂട്ടര്‍ ആവിശ്യപ്പെടുമെന്നാണ് വിവരം. കഴിഞ്ഞ തവണ ഡോക്ടര്‍മാരും പ്രതിഭാഗം അഭിഭാഷകനും ചേര്‍ന്ന് കോടതിയെ കബളിപ്പിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. ലിയോനാര്‍ഡിന്റെ ശരീരഭാരവും അയാളുടെ അപകടകരമായ ആരോഗ്യസ്ഥിതിയുമൊക്കെ പറഞ്ഞ് അയാള്‍ രക്ഷപ്പെട്ടു പോകാന്‍ സാധ്യതയില്ലെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇത്തവണയങ്ങനെ ഉണ്ടാകരുതെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നത്.

Share on

മറ്റുവാര്‍ത്തകള്‍