റോമിലെ കൊളോസിയത്തില്‍ നടന്ന ദുഖവെള്ളി പ്രദക്ഷിണത്തില്‍ നിന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അവസാന നിമിഷം പിന്‍വാങ്ങിയത് ആരോഗ്യസംബന്ധമായ കാര്യങ്ങളാലാണെന്ന് വത്തിക്കാന്‍. ഈസ്റ്റര്‍ ആഘോഷത്തിന്റെ ഭാഗമായി മാര്‍പാപ്പയുടെ സജീവ സാന്നിധ്യം ഉണ്ടാകേണ്ടതിനാല്‍, അതിനു മുന്നോടിയായുള്ള ആരോഗ്യസംരക്ഷണാര്‍ത്ഥമാണ് വെള്ളിയാഴ്ച്ചത്തെ അസാന്നിധ്യമെന്നാണ് വത്തിക്കാന്റെ വിശദീകരണം. അടുത്ത രണ്ടു ദിവസത്തെ മാര്‍പാപ്പയുടെ അജണ്ടയില്‍, ശനിയാഴ്ച്ച വൈകുന്നേരം ഉയിര്‍പ്പ് ആഘോഷം, രാത്രിയില്‍ ഈസ്റ്റര്‍ കുര്‍ബാന, ഞായറാഴ്ച്ച രാവിലെ ലോകത്തിനും നഗരത്തിനും വേണ്ടിയുള്ള മാര്‍പാപ്പയുടെ ആശീര്‍വാദവും അപ്പോസ്തലിക അനുഗ്രഹ(ഉര്‍ബി എറ്റ് ഓര്‍ബി-നഗരത്തിലേക്കും ലോകത്തിലേക്കും) സന്ദേശം എന്നിവയാണ് ഉള്‍പ്പെടുന്നത്.
വെള്ളിയാഴ്ച്ചത്തെ പാപ്പയുടെ അസാന്നിധ്യം 82 കാരനായ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതല്‍ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. കാല്‍മുട്ടിന്റെ വേദന കാരണം നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. വീല്‍ ചെയറിന്റെയോ, ഊന്നുവടിയുടെയോ സഹായം ആവശ്യമാണ്. ബ്രോങ്കൈറ്റീസ്, ഇന്‍ഫ്‌ളുവന്‍സ എന്നിവ അദ്ദേഹത്തെ വിട്ടൊഴിയുന്നില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
വെള്ളിയാഴ്ച്ച ‘ കുരിശിന്റെ വഴി’ ആരംഭിക്കുന്നത് തൊട്ടുമുമ്പായാണ് മാര്‍പാപ്പയുടെ അസാന്നിധ്യത്തെ കുറിച്ച് വത്തിക്കാന്‍ വിവരം കൊടുക്കുന്നത്. വത്തിക്കാന്‍ വസതിയില്‍ ഇരുന്ന പാപ്പ പ്രദക്ഷിണം വീക്ഷിക്കുമെന്നും വത്തിക്കാന്റെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
മുന്‍ ആഴ്ച്ചകളെ അപേക്ഷിച്ച് ഈ ആഴ്ച്ച അദ്ദേഹത്തിന്റെ ആരോഗ്യം കുറച്ചു ഭേദമായിരുന്നുവെന്നാണ് പറയുന്നത്. കഴിഞ്ഞാഴ്ച്ചകളില്‍ ആരോഗ്യം മോശമായതുമൂലം ജനങ്ങളോട് സംസാരിക്കുന്നത് ഒഴിവാക്കിയിരുന്നു. ചില യോഗങ്ങളും മാറ്റിവച്ചു. ബ്രോങ്കൈറ്റീസ് മൂര്‍ച്ചിച്ചതുമൂലം നാല് ദിവസത്തെ ആശുപത്രി വാസം വേണ്ടി വന്നതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ പ്രദക്ഷിണത്തില്‍ നിന്നും മാര്‍പാപ്പ വിട്ടുനിന്നിരുന്നു.
പീഢിതനായ യേശുവിന്റെ ഭാരമേറിയ മരക്കുരിശും താങ്ങി ഗാഗുല്‍ത്താ മലയിലേക്കുള്ള യാത്രയുടെ പുനരാവിഷ്‌കരമാണ് റോമിലെ കൊളോസിയത്തില്‍ നടക്കുന്ന കുരിശിന്റെ വഴി. നിരവധി പേരാണ് ഈ ചടങ്ങില്‍ പങ്കെടുക്കുന്നത്.
തന്റെ പതിന്നൊന്ന് വര്‍ഷത്തെ വത്തിക്കാന്‍ ജീവിതത്തിനിടയില്‍ ഇതാദ്യമായി പാപ്പ ഈവര്‍ഷം ധ്യാനങ്ങളെക്കുറിച്ച് എഴുതിയിരുന്നു. തിന്മകളോടുള്ള പ്രതികരണമായി സൗമ്യതയ്ക്കും ക്ഷമയ്ക്കും വേണ്ടിയുള്ള സ്തുതികളും, പീഡിപ്പിക്കപ്പെട്ട ക്രിസ്ത്യാനികള്‍ക്കും യുദ്ധത്തില്‍ ഇരയായവര്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനകളും അവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, മാര്‍പാപ്പ പദവിയില്‍ നിന്നും വിരമിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഫ്രാന്‍സിസ് പാപ്പ വ്യക്തമാക്കിയിട്ടുള്ളത്. ‘ലൈഫ്, മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി’ എന്ന ആത്മകഥയില്‍ തുറന്നു പറഞ്ഞിരിക്കുന്ന പലകാര്യങ്ങള്‍ക്കൊപ്പമാണ് ‘വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്കും പാപ്പ വ്യക്തത നല്‍കിയിരിക്കുന്നത്. വിരമിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ മുമ്പ് ചില സൂചനകള്‍ നല്‍കിയിരുന്നുവെങ്കിലും, പുസ്തകത്തില്‍ ബെനഡിക്ടിനെപ്പോലെ വിരമിക്കില്ലെന്നാണ് അദ്ദേഹം ഉറച്ചു പറയുന്നത്. വിരമിക്കലിന് യാതൊരു സാധ്യതയുമില്ലെന്നും, ഒരു മാര്‍പ്പാപ്പയുടെ കടമ ആജീവനാന്തമുള്ളതാണെന്നും വിരമിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വിമര്‍ശകരോട് ഫ്രാന്‍സിസ് പാപ്പ വ്യക്തമാക്കുന്നു. അതോടൊപ്പം വിരമിക്കുന്നതിലൂടെ ബെനഡിക്റ്റിന്റെ പാത പിന്തുടരാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നിരുന്നാലും, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ കാരണം വിരമിക്കാന്‍ നിര്‍ബന്ധിതനായാല്‍ സേവനമനുഷ്ഠിക്കുന്നതിനും രോഗികള്‍ക്ക് കുര്‍ബാന നല്‍കുന്നതിനുമായി അദ്ദേഹം സാന്റ മരിയ മാഗിയോറിന്റെ ബസിലിക്കയിലേക്ക് പോകുമെന്നും പറയുന്നു.