UPDATES

നികരാഗ്വയിലേക്ക് പറന്ന് ഫ്രാന്‍സില്‍ ലാന്‍ഡ് ചെയ്യേണ്ടി വന്നൊരു ഡങ്കി ഫ്‌ളൈറ്റ്

പാതിവഴിയില്‍ അവസാനിച്ച മറ്റൊരു അമേരിക്കന്‍ പലായനം

                       

ഡിസംബര്‍ 26 ചൊവാഴ്ച പുലര്‍ച്ചെ മുംബൈ നഗരത്തിലെ ഛത്രപതി പിതാജി മഹാരാജ് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനത്തില്‍ ഉണ്ടായിരുന്ന 280-ഓളം യാത്രക്കാരുടെയും ചലനങ്ങള്‍ സാധാരണമായതായിരുന്നില്ല. അവരില്‍ ചിലര്‍ തൊപ്പികൊണ്ട് മുഖം മറച്ചും മറ്റു ചിലര്‍ തല കുനിച്ചും മാധ്യങ്ങള്‍ക്കു മുഖം കൊടുക്കാതെയുമൊക്കെ പല വഴികളിലൂടെ പിരിഞ്ഞു പോയി. മനുഷ്യക്കടത്ത് എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ നാലു ദിവസത്തോളം ഫ്രാന്‍സില്‍ തടഞ്ഞു വച്ചിരുന്നവരായിരുന്നു ആ യാത്രക്കാര്‍.

പഞ്ചാബ് ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു അവരിലധികവും. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഇവരെ മുംബൈയില്‍ പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ എത്തിക്കുന്നത്. സുരക്ഷ ഉദ്യോഗസ്ഥരുടെ കര്‍ശന നിരീക്ഷണത്തിലായിരുന്നു ഓരോ യാത്രക്കാരും എത്തിയത്. ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെയും(സി.ബി.ഐ) കര്‍ശനമായ ചോദ്യം ചെയ്യല്‍ കഴിഞ്ഞതിനു ശേഷമായിരുന്നു, അന്നു രാവിലെ 8.30 യോടെ മടക്കി കൊണ്ടുവന്നവരെ വിമാനത്താവളത്തില്‍ നിന്നും പുറത്തിറക്കിയത്.

അമേരിക്കന്‍ സ്വപ്നത്തിലേക്കുള്ള മരണ പാത

300ലധികം യാത്രക്കാരുമായി ഫ്രാന്‍സിലെ ഷാംപെയ്ന്‍ പ്രദേശത്തുള്ള വാട്രി എയര്‍പോര്‍ട്ടില്‍ നിലയുറപ്പിച്ചിരുന്ന വിമാനം നാലു ദിവസം കഴിഞ്ഞതോടെയാണ് വിട്ടയച്ചത്. ഫ്രാന്‍സിലെ നിയമമനുസരിച്ച് വിദേശികളെ നാല് ദിവസത്തില്‍ കൂടുതല്‍ പൊലീസിന് കസ്റ്റഡിയില്‍ വയ്ക്കാനോ ചോദ്യം ചെയ്യാനോ സാധിക്കില്ല. ചോദ്യം ചെയ്യല്‍ എട്ട് ദിവസത്തേക്ക് നീട്ടണമെങ്കില്‍ കോടതിയുടെ പ്രത്യേക ഉത്തരവ് വേണം. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് ഫ്രഞ്ച് കോടതി വിമാനം വിട്ടയക്കാന്‍ തീരുമാനിച്ചത്.

പാതിവഴിയില്‍ അവസാനിച്ച പലായനം

കൃത്യം 303 യാത്രക്കാരുമായി യുഎസിലെ നിക്കരാഗ്വയിലേക്ക് പുറപ്പെട്ട ചാര്‍ട്ടര്‍ വിമാനം, മനുഷ്യക്കടത്ത് സംശയത്തിന്റെ പേരില്‍ ഫ്രാന്‍സില്‍ ഇറക്കുകയായിരുന്നു. നിയമപരമായ നടപടി ക്രമങ്ങള്‍ക്ക് ശേഷമാണ് യാത്രക്കാരെ വിട്ടയച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരുള്‍പ്പടെ 25 പേര്‍ ഫ്രാന്‍സില്‍ തന്നെ അഭയം തേടാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനാല്‍ അവര്‍ ഇപ്പോഴും ഫ്രാന്‍സില്‍ തന്നെയാണുള്ളത്.

അഭയാര്‍ത്ഥികളായ ഇവരെ പാരീസിലെ ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തിലെ പ്രത്യേക മേഖലയിലേക്ക് മാറ്റിയതായി വാര്‍ത്താ ഏജന്‍സിയായ എ പി (അസോസിയേറ്റഡ് പ്രസ്) റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, രേഖകളില്ലാതെ വിദേശികളെ രാജ്യത്തേക്ക് കടത്താന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവരെയും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചതായി ഫ്രഞ്ച് വാര്‍ത്താ ചാനല്‍ അറിയിച്ചു.

റൊമാനിയന്‍ ചാര്‍ട്ടര്‍ കമ്പനിയായ ലെജന്‍ഡ് എയര്‍ലൈന്‍സ് നടത്തുന്ന വിമാനം നിക്കരാഗ്വയിലേക്ക് പോകും വഴി ദുബായില്‍ നിന്നുള്ള സാങ്കേതിക തകരാറുമൂലം 21 തീയതി വ്യാഴാഴ്ച്ച വാട്രിയില്‍ ഇറക്കിയപ്പോള്‍ മനുഷ്യക്കടത്തെന്ന അജ്ഞാത വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫ്രഞ്ച് പോലീസ് ഇടപെടുകയായിരുന്നു. മനുഷ്യക്കടത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് വിമാന കമ്പനി വക്താക്കള്‍ ആദ്യം തന്നെ അറിയിച്ചു. തുടര്‍ന്ന് യാത്രയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ പറ്റി കൃത്യമായ ധാരണ ലഭിക്കുന്നതിന് വേണ്ടി ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചതിനാല്‍ മൂന്ന് ദിവസം വിമാനവും യാത്രക്കാരും ഫ്രാന്‍സില്‍ തന്നെ തുടരേണ്ടി വന്നു. പുറത്തു വരുന്ന റിപോര്‍ട്ടുകള്‍ പ്രകാരം ഫ്രാന്‍സിലെ ദേശീയ സംഘടിത കുറ്റകൃത്യ വിരുദ്ധ യൂണിറ്റ് JUNALCO ആണ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.

അമേരിക്കന്‍ അതിര്‍ത്തി കടക്കുന്ന അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്

ഡിസംബര്‍ 25 തിങ്കളാഴ്ച ഫ്രാന്‍സിലുള്ള ഇന്ത്യന്‍ എംബസി ഫ്രഞ്ച് സര്‍ക്കാരിനും വാട്രി എയര്‍പോര്‍ട്ട് അധികാരികള്‍ക്കും ഇന്ത്യന്‍ യാത്രക്കാരുടെ മടക്കയാത്രയുടെ കാര്യത്തില്‍ വേഗത്തില്‍ തീരുമാനമെടുത്തതിനും തങ്ങളോട് കാണിച്ച ആതിഥ്യ മര്യാദക്കും നന്ദി രേഖപ്പെടുത്തി കൊണ്ട് ഒരു കുറിപ്പ് എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു.

എന്തുകൊണ്ട് നിക്കരാഗ്വ?

പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2023 ല്‍ മാത്രം 96,917 ഇന്ത്യക്കാര്‍ അനധികൃതമായി യു എസിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇത്തരത്തില്‍ അനധികൃതമായി യു എസിലേക്കും കാനഡയിലേക്കും കടക്കുന്നവരുടെ പ്രിയപ്പെട്ട സ്ഥലവും കൂടിയാണ് നിക്കരാഗ്വ. ഇതേ രീതിയില്‍ നിക്കരാഗ്വ വഴി യു എസിലേക്കോ കാനഡയിലേക്കോ അനധികൃതമായി പ്രവേശിക്കാന്‍ ആണ് യാത്രക്കാരെയും കൊണ്ട് അനധികൃതമായി വിമാനം എത്തിയത് എന്നാണ് ഫ്രാന്‍സിലെ അധികൃതര്‍ വ്യക്തമാക്കുന്നത്. നിക്കരാഗ്വയിലേക്കുള്ള ടൂറിസം യാത്രയ്ക്ക് പണം നല്‍കിയതിനാല്‍ ചില യാത്രക്കാര്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ലെജന്‍ഡ് എയര്‍ലൈന്‍സ് അഭിഭാഷകന്‍ ലിലിയാന ബകയോക്കോ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ യാത്രാനുഭവങ്ങളെ കുറിച്ച് സംസാരിക്കാനോ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനോ യാത്രക്കാര്‍ തയ്യാറായിരുന്നില്ല.

ലെജന്‍ഡ് എയര്‍ലൈന്‍സിന്റെ പങ്ക് എന്തായിരുന്നു?

റൊമാനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാര്‍ട്ടര്‍ കമ്പനിയായ ലെജന്‍ഡ് എയര്‍ലൈന്‍സാണ് ഇന്ത്യയില്‍ നിന്ന് നിക്കരാഗ്വയിലേക്ക് യാത്രക്കാരെയും കൊണ്ട് പറന്നത്. യാത്രക്കാരെ കൊണ്ടുപോകാനായി ചാര്‍ട്ടര്‍ വിമാന സര്‍വീസ് തെരഞ്ഞെടുത്തത് ഒരു കമ്പനിയാണ്, അതിനാല്‍ തന്നെ യാത്രക്കാരുടെ രേഖകള്‍, വീസ യാത്ര രേഖകള്‍ മുതലായവ പരിശോധിക്കേണ്ട ഉത്തരവാദിത്തം വിമാനം ചാര്‍ട്ട് ചെയ്ത കമ്പനിക്കാണ് എയര്‍ലൈന്‍സിന് ഇതില്‍ യാതൊരു പങ്കുമില്ല. അതോടൊപ്പം വിമാനത്തിലെ ജോലിക്കാരെ നിയമിക്കുന്നതും വിമാനം എവിടെ നിന്ന് എവിടേക്ക് യാത്ര ചെയ്യണം തുടങ്ങിയ കാര്യങ്ങളും വിമാനം ചാര്‍ട്ട് ചെയ്ത കമ്പനിയാണ് തീരുമാനിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ചാര്‍ട്ട് ചെയ്ത കമ്പനി കുറ്റക്കാരാണെന്ന് കണ്ടെത്താനായിട്ടില്ല. കൂടാതെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത രണ്ട് പേരെ ഫ്രാന്‍സ് വിട്ടയക്കുകയും ചെയ്തിരുന്നു. ഫ്രാന്‍സിലെ ലെജന്‍ഡ് എയര്‍ലൈന്‍സിന്റെ അഭിഭാഷകയായ ലിലിയാന ബകയോക്കോ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു. ലെജന്‍ഡ് എയര്‍ലൈന്‍സ് തങ്ങളുടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറല്ലാത്തതിനാല്‍ വിമാനം ചാര്‍ട്ട് ചെയ്ത കമ്പനിയേതാണെന്ന് വ്യക്തമല്ല ഒരു നോണ്‍-യൂറോപ്യന്‍ കമ്പനിയാണ് ഇതെന്ന് ലെജന്‍ഡ് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു എന്നാല്‍ ഇന്ത്യന്‍ കമ്പനിയാണോ എന്നതില്‍ സ്ഥിരീകരണമൊന്നും ഇതുവരെ നല്‍കിയിട്ടില്ല.

Share on

മറ്റുവാര്‍ത്തകള്‍