UPDATES

ശ്രീലങ്കയില്‍ നിന്നു പലായനം ചെയ്യേണ്ടി വന്ന ആദ്യ ജേര്‍ണലിസ്റ്റിന്റെ അനുഭവങ്ങള്‍: ബാഷാന അഭേയ്‌വര്‍ദ്ധനെ/ അഭിമുഖം 

‘ശിവറാമിന്റെ മൃതദേഹം പാര്‍ലമെന്റിന് മുന്നില്‍ കണ്ടെത്തിയതോടെ എല്ലാവരും എന്നോടും രാജ്യം വിടാന്‍ ഉപദേശിച്ചു’

                       

ലേഖനത്തിന്റെ അവസാനവരിയും പൂര്‍ത്തിയാക്കിയാണ് ശിവറാം തമിഴ് നെറ്റിന്റെ ഓഫീസ് വിട്ടറങ്ങിയത്. അടുത്ത ദിവസം പ്രസിദ്ധീകരിക്കാനിരിക്കുന്ന ആ ലേഖനം മാത്രമല്ല, മുന്‍പ് പ്രസിദ്ധീകരിച്ചിട്ടുള്ള ആ ശ്രീലങ്കന്‍ മാധ്യമപ്രവര്‍ത്തകന്റെ ലേഖനങ്ങള്‍ക്കും രാജ്യത്തിനകത്തും പുറത്തും വായനക്കാരുണ്ടായിരുന്നു. ഭരണകൂടം അതിന്റ അധികാരം ഉപയോഗിച്ചും, ജനസംഖ്യയുടെ ബഹു ഭൂരിപക്ഷത്തിന്റെ വംശീയ വെറുപ്പ് ഉപയോഗപ്പെടുത്തിയും ഒരു വിഭാഗം ജനങ്ങള്‍ക്കു നേരെ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരമായ അവകാശ ലംഘനങ്ങളുടെ നേര്‍കാഴ്ച്ചകളായിരുന്നു ശിവറാം എഴുതിയിരുന്നത്. എന്നാല്‍ ഭരണകൂടത്തെ സംബന്ധിച്ച് അയാള്‍ ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം (LTTE) പ്രവര്‍ത്തകനും ഒരു തീവ്രവാദ അനുഭാവിയുമായിരുന്നു. തമിഴ് ജനത ശ്രീലങ്കയില്‍ നേരിടേണ്ടി വന്നിരുന്ന മനുഷ്യാവകാശ ലംഘനങ്ങളെ തുറന്നു കാണിച്ച അദ്ദേഹത്തിന് നിരന്തരമായി വധഭീഷിണികള്‍ ലഭിച്ചുകൊണ്ടിരുന്നു. ജീവന്‍ രക്ഷിക്കാന്‍ രാജ്യം ഉപേക്ഷിക്കാന്‍ പലരും ഉപദേശിച്ചു, നിര്‍ബന്ധിച്ചു. അവരോടെല്ലാം ശിവാറാമിന്റെ മറുപടി ഇതായിരുന്നു; ”ഇവിടെയല്ലാതെ മറ്റെവിടെയാണ് മരിക്കേണ്ടത്?”

രാജ്യത്തെ ഒരു വിഭാഗം ജനങ്ങള്‍ ഭരണകൂടത്തിന്റെയും, മറ്റു ഭൂരിപക്ഷത്തിന്റെയും അടിച്ചമര്‍ത്തലിന് ഇരയായി കൊണ്ടിരിക്കുമ്പോള്‍ ജീവന് വേണ്ടി രാജ്യം വിടാന്‍ അയാള്‍ ഒരുക്കമായിരുന്നില്ല. എന്നാല്‍ ആ ലേഖനം പ്രസിദ്ധീകരിക്കപെടും മുന്‍പ് ധര്‍മരത്‌നം ശിവറാം എന്ന ധീരനായ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.

2005 ഏപ്രില്‍ 28 നാണ് കൊളംബോയിലെ ബംബാലിപിറ്റിയ പോലീസ് സ്റ്റേഷനു മുന്നില്‍ നിന്ന് തട്ടിക്കൊണ്ടു പോയ ശിവറാമിനെ മണിക്കൂറുകള്‍ക്ക് ശേഷം ശ്രീലങ്കന്‍ പാര്‍ലമെന്റിന് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. ‘ലജ്ജാകരമായ കുറ്റകൃത്യം’ എന്ന് യുനെസ്‌കോ പോലും അടിവരയിട്ട ആ കൊലപാതകത്തില്‍ അന്നത്തെ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗയുടെ സര്‍ക്കാരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കൊലയാളികള്‍ ഒരിക്കലും പിടിക്കപ്പെട്ടില്ല. പിന്നീടങ്ങോട്ട് മാധ്യമപ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോകുന്നതും കൊലപ്പെടുത്തുന്നതും രാജ്യത്ത് സര്‍വ്വസാധാരണമായി മാറി. ഈ കൊലപതകങ്ങളില്‍ ഭൂരിഭാഗവും തെളിയക്കപ്പെടാതെ പോയി.

 

ധർമ്മരത്നം ശിവറാം

ശിവറാമിന്റെ അവസാന യാത്ര മറ്റൊരു മാധ്യമപ്രവര്‍ത്തകന് സമീപത്തേക്കായിരുന്നു. തന്റെ പ്രിയ സുഹൃത്തും സിംഹള മാധ്യമപ്രവര്‍ത്തകനുമായ ബാഷാന അഭേയ്‌വര്‍ദ്ധനെയുടെ അടുത്തേക്ക്. ആ യാത്ര മധ്യേയാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോകുന്നതും, കൊല ചെയ്യുന്നതും.

മാധ്യമപ്രവര്‍ത്തകര്‍ക്ക് ജീവഹാനി എന്ന ഭയമില്ലതെ ശ്രീലങ്കയില്‍ മാധ്യമപ്രവര്‍ത്തനം അസാധ്യമായി. തമിഴ്-സിംഹള വംശീയ യുദ്ധങ്ങളും, ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ബുദ്ധമത പ്രചാരണവും രാജ്യത്തെ മാധ്യമപ്രവര്‍ത്തനത്തെ കൂടുതല്‍ കഠിനമാക്കി. ബുദ്ധ മതത്തിന്റെ അതിപ്രചരണം ശ്രീലങ്കയിലെ മറ്റു മത ന്യൂനപക്ഷങ്ങളെയും, മാധ്യമ സ്വാതന്ത്ര്യത്തെയും ബാധിച്ചതെങ്ങനെയെന്ന് തുറന്നു കാണിച്ചൊരു മാധ്യമപ്രവര്‍ത്തകനാണ് ബാഷാന അഭേയ്‌വര്‍ദ്ധനെ. ശിവറാമിന്റെ മരണത്തെ തുടര്‍ന്ന് രാജ്യം വിടാന്‍ നിര്‍ബന്ധിതനായ ആദ്യത്തെ മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ് അദ്ദേഹം. ആഭ്യന്തര യുദ്ധത്തിന്റെ ഏറ്റവും അപകടം നിറഞ്ഞ കെടുതികള്‍ ലോകത്തിന് മുന്നില്‍ തുറന്നു കാണിച്ചതോടെയാണ് അദ്ദേഹം ഉള്‍പ്പെടുന്ന ശ്രീലങ്കന്‍ മുഖ്യധാര മാധ്യമപ്രവര്‍ത്തകര്‍ക്ക് രാജ്യം വിടേണ്ടി വന്നത്.

ആഭ്യന്തര യുദ്ധ കാലത്തും അതിനുശേഷം സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ടു പോകുന്ന ശ്രീലങ്കയില്‍ മാധ്യമപ്രവര്‍ത്തനത്തിന് നിലവില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടരിക്കുന്ന സാഹചര്യവുമായി സമാനതകളേറെയാണ് എന്നാണ് അഭേയ്‌വര്‍ദ്ധനെ പറയുന്നത്. ”ഏറ്റക്കുറച്ചിലുകളോടെ അവിടെ നടക്കുന്ന അതേ കാര്യങ്ങള്‍ തന്നെയാണ് ഇന്ത്യയിലും നടക്കുന്നത്”- ബാഷാന  അടിവരയിടുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരടക്കം കൂട്ട പലായനം ചെയ്ത ശ്രീലങ്കയിലെ മാധ്യമപ്രവര്‍ത്തനത്തെ കുറിച്ചും ശ്രീലങ്കയുടെ ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ചുമെല്ലാം വിശദീകരിക്കുന്ന ബാഷാന അഭേയ്‌വര്‍ദ്ധനെയുമായി അഴിമുഖം പ്രതിനിധി രശ്മി ജയദാസ് നടത്തിയ ദീര്‍ഘ സംഭാഷണം;

2009 ലെ സായുധ പോരാട്ടം, 12 വര്‍ഷം പിന്നിട്ടിട്ടും ഇപ്പോഴും യുദ്ധ കുറ്റങ്ങള്‍ക്കും മറ്റുമുള്ള ശിക്ഷ നടപ്പിലാക്കാത്തത്, ഏറ്റവുമൊടുവിലായി രാജ്യം നേരിടേണ്ടി വന്ന പണപ്പെരുപ്പവും സാമ്പത്തിക അരക്ഷിതാവസ്ഥയും. ഈ സാഹചര്യങ്ങളൊക്കെ വിശകലനം ചെയ്യുമ്പോള്‍ രാജ്യത്തെ മാധ്യമ സ്വാതന്ത്രം എങ്ങനെയാണ് വിലയിരുത്തുന്നത്?

2009-10 മുതല്‍ സമീപ കാലങ്ങളിലടക്കം പ്രസ് ഫ്രീഡം ഇന്‍ഡക്‌സ് റാങ്കിങ്ങില്‍ ശ്രീലങ്ക തങ്ങളുടെ നില മെച്ചപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ റാങ്കിങ്ങിനുമപ്പുറം കാര്യങ്ങള്‍ സങ്കീര്‍ണമാണ്. പ്രത്യേകിച്ച് നിലവിലെ ശിക്ഷാരഹിതാവസ്ഥയും മാധ്യമപ്രവര്‍ത്തകരില്‍ അതിന്റെ സ്വാധീനവും പരിശോധിക്കുമ്പോള്‍ മാധ്യമങ്ങള്‍ നേരിടേണ്ടി വരുന്ന ഗുരുതര പ്രതിസന്ധി വ്യക്തമാകും.

(ശ്രീലങ്കയിലെ സായുധ പോരാട്ടം അവസാനിച്ച് ഏകദേശം 12 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും, ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ദുരുപയോഗങ്ങള്‍ക്കും ശിക്ഷ നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രമേയം പാസാക്കിയിരുന്നു. മുന്‍കാല അവകാശ ലംഘനങ്ങള്‍ പരിഹരിക്കുന്നതിലുള്ള പരാജയവും മനുഷ്യാവകാശ ലംഘനങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിച്ചതായും 2021 ല്‍ യുഎന്‍ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു)

2004 മുതല്‍ രാജ്യത്തു നിലനില്‍ക്കുന്ന ശിക്ഷാരഹിത നയങ്ങളിലെ ആശങ്കകളാണ് ജേര്‍ണലിസ്റ്റ്സ് ഫോര്‍ ഡെമോക്രസി ഇന്‍ ശ്രീലങ്ക (ജെഡിഎസ്) ഉയര്‍ത്തിക്കാട്ടി കൊണ്ടിരിക്കുന്നത്. തത്ഫലമായി 2004-നും 2010-നും ഇടയില്‍ കൊല്ലപ്പെട്ട 44 മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇനിയും നീതി ലഭിച്ചിട്ടില്ല. ഈ കേസുകളില്‍ നീതിയും അന്വേഷണവും നടപ്പിലാക്കാത്തത്, മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രത്യാഘാതങ്ങളെ മാധ്യമ പ്രവര്‍ത്തകര്‍ തന്നെ ഭയക്കുന്ന സഹചര്യമുണ്ടാക്കി. ഈ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടതിന്റെ ഫലമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് രാജ്യം വിടേണ്ടി വന്നു. 2010-ന് ശേഷം അക്രമ സംഭവങ്ങളില്‍ കുറവുണ്ടായെങ്കിലും, കുറ്റകൃത്യങ്ങളില്‍ ശിക്ഷ നടപ്പിലാക്കാത്ത നയം മാധ്യമ സ്വാതന്ത്ര്യത്തിന്മേല്‍ കരിനിഴല്‍ വീഴ്ത്തി.

കേസുകളില്‍ ശിക്ഷയും നീതിയും നടപ്പിലാക്കാത്തത് സ്റ്റേറ്റിന്റെ ഭാഗമായ സൈന്യവും രഹസ്യാന്വേഷണ ഏജന്‍സികളും നടത്തുന്ന കുറ്റകൃത്യങ്ങള്‍ അടക്കമുള്ള സെന്‍സിറ്റീവ് വിഷയങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ നിന്ന് പത്രപ്രവര്‍ത്തകരെ പിന്തിരിപ്പിക്കുന്നുണ്ട്. അതിനുമപ്പുറം ഏറ്റവും പ്രഗത്ഭരായ റിപ്പോര്‍ട്ടര്‍മാരും എഴുത്തുകാരും തങ്ങള്‍ സുരക്ഷിതരല്ലെന്ന് കാരണത്താല്‍ രാജ്യം വിട്ടതോടെ മാധ്യമ മേഖലയില്‍ പ്രൊഫഷണലുകളുടെ അഭാവം നേരിട്ടു. അവശേഷിക്കുന്നവരില്‍ ചിലരാകട്ടെ തങ്ങള്‍ക്ക് എന്തും സംഭവിക്കാമെന്ന ആശങ്കയെ പ്രതി സുപ്രധാന വിഷയങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തയ്യാറവുന്നില്ല. പരിണതഫലങ്ങളെ ഭയന്ന് ചില നിര്‍ണായക വിഷയങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്ന മാധ്യമങ്ങള്‍ സ്വയം അടിച്ചേല്‍പ്പിക്കപ്പെട്ട സെന്‍സര്‍ഷിപ്പിനുള്ളിലാണെന്ന് പറയാന്‍ കഴിയും.

ഭരണകൂടവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഭയപ്പെടുന്നുണ്ട്. ഉപരിതലത്തില്‍ കാര്യങ്ങള്‍ വളരെ ശാന്തമാണെന്ന് തോന്നുമെങ്കിലും, അനന്തര ഫലങ്ങളെ ഭയന്ന് സര്‍ക്കാര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും ഭയമാണ്. ഭരണകൂട കുറ്റകൃത്യങ്ങള്‍ വെളിപ്പെടുത്തുന്ന ഈ നിലപാട് മാധ്യമപ്രവര്‍ത്തകരെ ഭരണകൂടത്തിന്റെ എതിരാളികളായി മുദ്രകുത്തുകയാണ്.

2009 ജൂലൈയില്‍ സ്ഥാപിതമായ ശ്രീലങ്കയിലെ ജേര്‍ണലിസ്റ്റ്സ് ഫോര്‍ ഡെമോക്രസി, യുദ്ധക്കുറ്റ തെളിവുകള്‍ തുറന്നുകാട്ടിക്കൊണ്ട് ഈ പ്രവണതയെ കൂടിയാണ് ചൂണ്ടിക്കാണിക്കുന്നത്. ഇതിനെല്ലാം പുറമെ തമിഴരും മുസ്ലിങ്ങളും കൂടുതലായി താമസിക്കുന്ന വടക്ക്, കിഴക്ക് പ്രദേശങ്ങള്‍ക്കിടയില്‍ മാധ്യമ സ്വാതന്ത്ര്യത്തില്‍ അസമത്വം നിലനില്‍ക്കുന്നുണ്ട്. ഈ കമ്മ്യൂണിറ്റികളെ ബാധിക്കുന്ന സംഭവങ്ങള്‍ പലപ്പോഴും തമിഴ് ഭാഷ മാധ്യമങ്ങളില്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സമീപകാലത്തു തമിഴ് വീരരുടെ അനുസ്മരണ ദിനത്തിലുണ്ടായ അറസ്റ്റുകളും ഭീഷണിപ്പെടുത്തലും പോലുള്ള സംഭവങ്ങള്‍ മുഖ്യധാര സിംഹള, ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വിസമ്മതിച്ചിരുന്നു.

പ്രസ് ഫ്രീഡം ഇന്‍ഡക്‌സില്‍ ഉപരിപ്ലവമായ വളര്‍ച്ചയുടെ നല്ല മുന്നേറ്റങ്ങള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും, സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോള്‍ യാഥാര്‍ത്ഥ്യം വളരെ അകലയെയാണ്. ആ യാഥാര്‍ത്ഥ്യം അടിവരയിടുന്നത് ശ്രീലങ്കയിലെ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന നിരന്തരമായ വെല്ലുവിളികളെയാണ്. ഈ വെല്ലുവിളികളാകട്ടെ രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അവസ്ഥയെക്കുറിച്ച് കൂടുതല്‍ സമഗ്രമായ വിലയിരുത്തലിന് പ്രേരിപ്പിക്കുന്നുണ്ട്.

രാജ്യം വിടുന്നതിനുള്ള താങ്കളുടെ തീരുമാനം മാധ്യമ പ്രവര്‍ത്തകര്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ പ്രതിസന്ധികളില്‍ അധിഷ്ഠിതമായതാണോ?

90-കളുടെ തുടക്കത്തിലാണ് പഠനം പൂര്‍ത്തിയാക്കി ഞാന്‍ മാധ്യമപ്രവര്‍ത്തനത്തിലേക്ക് കടക്കുന്നത്. 80-കളുടെ അവസാനത്തോടെ, പത്രപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമല്ലാത്ത ഇടമായി ശ്രീലങ്ക മാറിയിരുന്നു. അന്തര്‍ലീനമായ അപകടസാധ്യതകള്‍ ഉണ്ടായിരുന്നിട്ടും പോലും, രാജ്യത്തെ മറ്റ് മാധ്യമപ്രവര്‍ത്തകരെയും പോലെ, ഈ വെല്ലുവിളികള്‍ തരണം ചെയ്യാന്‍ എനിക്ക് കഴിഞ്ഞിരുന്നു. ഇതിനെ പിന്‍പറ്റി 90 കളുടെ തുടക്കത്തില്‍ ഈ രംഗത്തേക്ക് പ്രവേശിച്ചതിന് ശേഷം ഈ പ്രതിസന്ധികളില്‍ നിന്ന് കൊണ്ട് തന്നെ പത്രപ്രവര്‍ത്തനം തുടരാന്‍ എനിക്ക് സാധിച്ചിരുന്നു. എന്നാല്‍ കാലക്രമേണ കാര്യങ്ങള്‍ മാറി മറിഞ്ഞു. മാധ്യമ പ്രവര്‍ത്തനം കുറച്ചു കൂടി കഠിനമായി തീര്‍ന്നു. അതിന്റെ അനന്തര ഫലമായി എനിക്ക് മാതൃരാജ്യം വിടേണ്ടി വന്നു.

ബാഷാന അഭേയ്‌വര്‍ദ്ധനെ

രാജ്യത്തു നിന്നു തന്നെയുള്ള ഈ ആദ്യ പലായനത്തില്‍ എന്നെ കൂടാതെ മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്നുള്ള മറ്റു രണ്ടു പേര്‍ കൂടിയുണ്ടായിരുന്നു. പിന്നീട്, അത് ഒരു തരം തുടര്‍ച്ചയായ സംഭവമായി മാറി. 2009 ന്റെ പകുതിയോടെ, വന്‍തോതില്‍ മാധ്യമപ്രവര്‍ത്തകര്‍ സ്ഥിരമായി രാജ്യത്തിനു പുറത്തേക്ക് പലായനം ചെയ്തു തുടങ്ങിയിരുന്നു.

2006-ല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ മാധ്യമപ്രവര്‍ത്തകരെ ആസൂത്രിതമായി ടാര്‍ഗറ്റ് ചെയ്യുന്ന അസ്വസ്ഥജനകമായ പ്രവണത അധികരിച്ചു. 2004 മുതല്‍, എന്റെ സഹപ്രവര്‍ത്തകരും എനിക്കറിയാവുന്ന മറ്റ് പത്രപ്രവര്‍ത്തകരും നിരന്തരമായ ഭീഷണികളും തട്ടിക്കൊണ്ടുപോകലുകളും നേരിട്ടിട്ടുണ്ട്, ചിലര്‍ കൊല ചെയ്യപ്പെട്ടു. ഇത് ഭരണകൂടത്തിന്റെ വ്യക്തവും ആസൂത്രിതവുമായ നയത്തിന്റെ സൂചനയാണ് നല്‍കിക്കൊണ്ടിരുന്നത്. 2004 ഞാന്‍ ഊന്നിപ്പറഞ്ഞത് യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് (യുപിഎഫ്എ) അധികാരത്തിലെത്തിയ വര്‍ഷം കൂടിയായതു കൊണ്ടാണ്. ആദ്യം ചന്ദ്രിക ബണ്ഡാരനായകെ കുമാരതുംഗയും പിന്നീട് മഹീന്ദ രാജപക്ഷെയും യുപിഎഫ്എയെ ഏറ്റെടുത്തിരുന്നു. ഈ കാലയളവില്‍ പത്രപ്രവര്‍ത്തനത്തിന്റെ ചലനാത്മകതയില്‍ കാതലായ മാറ്റങ്ങള്‍ സംഭവിച്ചു തുടങ്ങി.

ധര്‍മരത്നം ശിവറാം എന്ന പ്രമുഖ ശ്രീലങ്കന്‍ -തമിഴ് പത്രപ്രവര്‍ത്തകന്റെ കൊലപാതകം നടക്കുന്നത് 2005 ഏപ്രിലിലായിരുന്നു. വംശീയ പ്രശ്‌നം, ഭൗമരാഷ്ട്രീയം, സൈനിക തന്ത്രം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന, ശ്രീലങ്ക ഇതുവരെ കണ്ട ഏറ്റവും മികച്ച മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു അദ്ദേഹം.

ശിവറാമിന്റെ മരണത്തിൽ പ്രതിഷേധിക്കുന്ന തമിഴ് ജനങ്ങൾ

നേരെത്തെ നിശ്ചയിച്ചുറപ്പിച്ച പ്രകാരം എന്നെ കാണുന്നതിനായി ഇറങ്ങിയ അദ്ദേഹത്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. അദ്ദേഹം എന്നെ സന്ദര്‍ശിക്കാനായി പുറപ്പിട്ടതു കൊണ്ടുതന്നെ എനിക്ക് രാജ്യം വിടുന്നതിനുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചു തുടങ്ങിയിരുന്നു. എന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എന്നെ പോകാന്‍ പ്രേരിപ്പിച്ചെങ്കിലും, പിന്നീട് ശ്രീലങ്കയിലേക്ക് തിരിച്ചുവരാനുള്ള അസാധ്യത വളരെ വിരളമാണെന്നത് കൊണ്ട് തന്നെ എനിക്കതിനോട് യോജിക്കാന്‍ കഴിഞ്ഞിരുന്നില്ല. സിംഹള സമുദായത്തില്‍ നിന്നുള്ള ഞാനടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന പല വെല്ലുവിളികളും തമിഴ് ജനതയുടെ ദുരവസ്ഥയുമായി ഇഴചേര്‍ന്നിരിക്കുന്നതാണ്. തമിഴ് സാഹചര്യത്തെക്കുറിച്ച് എഴുതുന്നവര്‍ രാജ്യദ്രോഹിയായി മുദ്രകുത്തപ്പെടും, പലരും അതിനെ കണക്കിലെടുത്തിരുന്നത് സ്വന്തം വംശത്തെ ഒറ്റികൊടുക്കുന്നതിന് സമാനമായാണ്.

മുഖ്യധാരാ പത്രങ്ങളില്‍ ഞാന്‍ സ്ഥിരമായി കോളങ്ങള്‍ എഴുതിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. 2006, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ സര്‍ക്കാരിന്റെ നിലപാടുകളെ കുറിച്ചുള്ള നിരന്തരമായ മുന്നറിയിപ്പുകള്‍ എനിക്ക് ലഭിച്ചു തുടങ്ങി. കാലേകൂട്ടി എനിക്ക് ലഭിച്ചിരുന്ന ഈ മുന്നറിയിപ്പുകള്‍ രാജ്യം വിടാന്‍ എന്നെ പ്രേരിപ്പിച്ചു. തുടക്കകാലത്ത് ഇന്ത്യയില്‍ ചെലവിടാനും പിന്നീട് ശ്രീലങ്കയിലേക്ക് മടങ്ങാനുമായിരുന്നു ഞാന്‍ പദ്ധതിയിട്ടത്. എന്നാല്‍ തിരിച്ചു വരവ് സാധ്യമാകില്ലെന്ന് ഉറപ്പായതോടെ 2006 നവംബറില്‍ എനിക്ക് രാജ്യം വിടേണ്ടി വന്നു. എന്റെ രണ്ട് സഹ പത്രപ്രവര്‍ത്തകരും അന്ന് ശ്രീലങ്ക വിട്ടു. 2009 ആയപ്പോഴേക്കും, രാജ്യത്തിന് പുറത്തേക്ക് വന്ന മാധ്യമപ്രവര്‍ത്തകരുടെ അളവില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായി. മാതൃരാജ്യത്തിന് പുറത്ത് അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഒരു സംഘടനയായ ജേണലിസ്റ്റ്‌സ് ഫോര്‍ ഡെമോക്രസി രൂപീകരിക്കുന്നതിന് അടിസ്ഥാനമായത് മാധ്യമ പ്രവര്‍ത്തകരുടെ ഈ പലായനമാണ്.

ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധകാലത്തെ കുറ്റകൃത്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഒരു മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ അന്നത്തെ യുദ്ധാനുഭവങ്ങള്‍ എന്തൊക്കെയാണ് ?

ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധ കാലത്തും, അതിനുശേഷവും എന്നിങ്ങനെ രണ്ട് വ്യത്യസ്ത ഘട്ടങ്ങളായാണ് യുദ്ധത്തിലെ പല അതിക്രമങ്ങളും ലോകത്തിനു മുന്നിലെത്തിയത്. യുദ്ധം നടക്കുന്ന കാലയളവില്‍ ടെലിവിഷന്‍ ആഖ്യാനം ഭരണകൂടത്തിന്റെയും സൈനിക പ്രവര്‍ത്തനങ്ങളുടെയും മഹത്തായ വിവരണങ്ങളാണ് ചിത്രീകരിച്ചിരുന്നത്. എല്‍ടിടിഇ നിയന്ത്രിത പ്രദേശങ്ങളിലുള്ള ആഘാതവും അനന്തരഫലങ്ങളും പുറത്തു വന്നിരുന്നില്ല. പ്രാഥമികമായി തമിഴ് ഉറവിടങ്ങളില്‍ നിന്നാണ് പിന്നീട് വിവരങ്ങള്‍ പുറത്തുവന്നത്. പ്രദേശ വാസികളായ തമിഴ് ജനങ്ങള്‍ യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകളില്‍ ഭയാനകമായ യാഥാര്‍ഥ്യങ്ങള്‍ സ്വമേധയ പങ്കു വച്ചതിലൂടെയാണ് ഈ വിവരങ്ങള്‍ പുറം ലോകത്തെത്തുന്നത്. എന്നാല്‍ വളരെ കുറച്ച് ആളുകളിലേക്ക് മാത്രമാണ് ഈ വീഡിയോകള്‍ എത്തിപ്പെട്ടത്. പിന്നീട് യുദ്ധം അവസാനിച്ചതിനുശേഷം, സിംഹള സമൂഹത്തില്‍ നിന്നാണ് ഇതിനെ പ്രതിയുള്ള തെളിവുകള്‍ ഉയര്‍ന്നുവന്നത്. ഇത് പിന്നീട് പല മാറ്റങ്ങള്‍ക്കും കാരണമായിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ യുദ്ധ സമയങ്ങളില്‍ സൈനികര്‍ ശേഖരിച്ച വീഡിയോകള്‍ സിംഹള സമൂഹത്തില്‍ പ്രചരിക്കാന്‍ തുടങ്ങി, അത് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇടയില്‍ അതീവ സാധാരണമായി പങ്കിട്ടുകൊണ്ടിരുന്നു. അവര്‍ പരസ്പരം പങ്കുവച്ചിരുന്ന ഒരു വീഡിയോ തെളിവായി ഞങ്ങള്‍ക്ക് ലഭിക്കുന്നത് അങ്ങനെയാണ്. നഗ്നരാക്കി ബന്ധിച്ച ആളുകളെ സൈന്യം വളരെ അടുത്ത് നിന്ന് വെടിവെക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ ആ വീഡിയോ അന്താരാഷ്ട്ര മാധ്യമങ്ങളും സംപ്രേഷണം ചെയ്തു. ഇതോടെ യുദ്ധത്തിന്റെ അവസാന ഘട്ടങ്ങളില്‍ നടന്ന കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള സമ്മര്‍ദങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തു നിന്നും എത്തിത്തുടങ്ങി. ഇതിനുശേഷവും കാര്യമായ തെളിവുകള്‍ ഉയര്‍ന്നുവന്നിട്ടും, കുറ്റകൃത്യങ്ങളുടെ യഥാര്‍ത്ഥ വ്യാപ്തി അവ്യക്തമായി തന്നെ തുടരുകയാണ്.

വേലുപ്പിള്ള പ്രഭാകരന്റെ മകന്‍ ബാലചന്ദ്രനും മറ്റു തമിഴ് വിമത നേതാക്കളും കൊല്ലപ്പെട്ടതിന്റെ തെളിവുകള്‍ കണ്ടെത്തുന്നതിനായി ഞങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രധാനമായും സൈന്യത്തില്‍ നിന്ന് പ്രചരിച്ച ഈ ഫോട്ടോകളില്‍ നിന്നു മനസിലായത്, ബാലചന്ദ്രനെ ഒരു സൈനിക ബങ്കറിലാണ് സൂക്ഷിച്ചിരുന്നതെന്നാണ്.

വേലുപ്പിള്ള പ്രഭാകരനും, മകന്‍ ബാലചന്ദ്രനും

ഞങ്ങള്‍ക്ക് ലഭിച്ച തെളിവുകള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് കൈ മാറി. ഈ സംഭവങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ തുറന്നുകാട്ടിയെങ്കിലും, വെളിപ്പെടുത്തിയ വിവരങ്ങള്‍ മൊത്തത്തിലുള്ള ക്രൂരതയുടെ ഒരു ചെറിയ ഭാഗം മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂ. ആ കാലഘട്ടത്തില്‍ തമിഴര്‍ക്കെതിരേ നടന്ന കുറ്റകൃത്യങ്ങളുടെ വ്യാപ്തി ഇനിയും കൃത്യമല്ല. ഇതുവരെ കണ്ടെത്തിയ തെളിവുകള്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണ്.

ലോകം മുഴവന്‍ ശ്രീലങ്കയിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ചു വച്ച സമയമായിരുന്നു തമിഴ്-സിംഹള യുദ്ധം. വര്‍ഷങ്ങള്‍ക്കിപ്പുറം തമിഴ്-സിംഹള ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തെ എങ്ങനെ നിര്‍വചിക്കാനാകും?

ഈ യുദ്ധം രാഷ്ട്രീയത്തിന്റെ വിപുലീകരണം എന്ന ആശയത്തെയാണു പരിഗണിച്ചത്. ഇതിന്റെ ഫലമായി കാണാന്‍ കഴിയുക വടക്കന്‍, കിഴക്കന്‍ മേഖലകളിലെ യുദ്ധകാല നയങ്ങളുടെ തുടര്‍ച്ചയാല്‍ രൂപപ്പെട്ട ഒരു രാഷ്ട്രീയ ഭൂപ്രകൃതിയെയാണ്. കശ്മീര്‍ പോലുള്ള പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശ്രീലങ്കന്‍ ഭരണകൂടം ഈ പ്രദേശത്ത് ഇപ്പോഴും ഗണ്യമായ അളവില്‍ സൈനിക സാന്നിധ്യം നിലനിര്‍ത്തുന്നുണ്ട്. ശ്രീലങ്കയിലെ തന്നെ ഏറ്റവും സൈനികവത്കരിക്കപ്പെട്ട സ്ഥലങ്ങളിലൊന്നായി ഇത് മാറിയിരിക്കുകയാണ്. അമ്പരപ്പിക്കുന്ന മറ്റൊരു വസ്തുത, വടക്കന്‍ പ്രവിശ്യയിലെ ഓരോ ഏഴ് സിവിലിയന്‍മാര്‍ക്കും ഒരു സൈനികനെന്ന നിലയിലാണ് സൈനികവത്കരണം നടത്തിയിരിക്കുന്നതെന്നതാണ്. രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും ഉള്‍ക്കൊള്ളുന്ന വടക്കും കിഴക്കും അഞ്ച് പ്രാദേശിക കമാന്‍ഡുകളിലുടനീളം ഈ സൈനിക ആധിപത്യം വ്യാപിച്ചിരിക്കുന്നു, അതേസമയം രാജ്യത്തിന്റെ മൂന്നില്‍ രണ്ട് ഭാഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും തെക്ക് രണ്ട് കമാന്‍ഡുകളുടെ മേല്‍നോട്ടമാണുള്ളത്. ശ്രീലങ്കന്‍ സൈന്യത്തിലെ 21 ഡിവിഷനുകളില്‍ ഏകദേശം 16 അല്ലെങ്കില്‍ 17 എണ്ണം വടക്കും കിഴക്കും വിന്യസിച്ചിട്ടുണ്ടെന്ന് യുദ്ധാനന്തര അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഒരു ഡിവിഷനില്‍ 10,000 പട്ടാളക്കാര്‍ എന്ന യാഥാസ്ഥിതിക കണക്കെടുത്താല്‍ പോലും, ഇത് കുറഞ്ഞത് 150,000 സൈനികര്‍ക്ക് തുല്യമാണ്. പൊലീസ്, അര്‍ദ്ധസൈനിക സേനകള്‍, വ്യോമസേന, നാവിക സേന, വ്യോമസേന, നേവി ക്യാമ്പുകള്‍ എന്നിവയും ആ പ്രദേശത്താണ്. 14 വര്‍ഷം മുമ്പ് യുദ്ധം ഔദ്യോഗികമായി അവസാനിച്ചിട്ടും, തമിഴര്‍ക്കെതിരായ ഭരണകൂടത്തിന്റെ പീഡനം തുടരുകയാണ്. ഭൂമി കയ്യേറ്റം, ഭരണകൂടം സ്‌പോണ്‍സേര്‍ഡ് കോളനിവത്കരണം എന്നിങ്ങനെയുള്ള വിവിധ രീതിയിലാണ് ഈ പീഡനം പ്രകടമാകുന്നത്, പ്രത്യേകിച്ച് വടക്കും കിഴക്കും പ്രദേശങ്ങളിലെ തമിഴരെയും മുസ്ലിങ്ങളെയുമാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.

സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന ബുദ്ധിസം എങ്ങനെയാണ് തമിഴ് സിംഹള വിഭാഗങ്ങളില്‍ പ്രതിഫലിക്കുന്നത്?

സര്‍ക്കാര്‍ മുന്നോട്ടുവച്ച ബുദ്ധിസത്തില്‍ പ്രധനമായും ഉള്‍പ്പെട്ടിരിക്കുന്നത് ക്ഷേത്രങ്ങളുടെ നിര്‍മാണമാണ്. ചരിത്രപരമായി, മഹാവേലി വികസന പദ്ധതി പോലെയുള്ള വികസന ജലസേചന പദ്ധതികളിലൂടെ വടക്കും കിഴക്കും സിംഹള കോളനികള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന്റെയും അണക്കെട്ടുകള്‍ നിര്‍മിക്കുന്നതിന്റെയും മറവിലാണ് തുടക്കത്തില്‍ സിംഹള ജനങ്ങളെ ഇവിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. ഈ പുനരധിവാസം പ്രധാനമായും നടന്നത് വടക്കും കിഴക്കുമാണ്. വ്യത്യസ്തമായ തന്ത്രങ്ങളാണ് സമീപകാലത്തായി സര്‍ക്കാര്‍ പ്രയോഗിച്ച് കൊണ്ടിരിക്കുന്നത്. ഉദാഹരണത്തിന് എണ്‍പതുകളില്‍, ആക്രമണത്തിലൂടെയും മറ്റും തമിഴ് ജനതയെ മാറ്റിപ്പാര്‍പ്പിക്കുകയും പിന്നീട് ആ പ്രദേശങ്ങളില്‍ സിംഹളരെ കുടിയിരുത്തുകയും ചെയ്യുന്ന പതിവ് രീതി അവലംബിക്കുന്നതിനു പകരം, നിലവിലെ രീതികള്‍ പുരാവസ്തു-വനം വകുപ്പുകള്‍ പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തികൊണ്ടാണ്.

ഈ മേഖലകളിലുള്ള പ്രദേശങ്ങള്‍ ഒന്നുകില്‍ വനമേഖലയായി പ്രഖ്യാപിക്കും, അല്ലെങ്കില്‍ സംരക്ഷണത്തിന്റെ മറവില്‍ തമിഴ് ജനതയെ ഒഴിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യും. ഇതുമല്ലെങ്കില്‍ ബുദ്ധമതത്തിന്റെ ചരിത്ര അവശേഷിപ്പുകള്‍ ചൂണ്ടികാണിച്ച് ഈ സ്ഥലങ്ങള്‍ പുരാവസ്തു വകുപ്പ് ഏറ്റെടുക്കും. ഇത്തരം നീക്കങ്ങളിലൂടെ ഈ പ്രദേശങ്ങളെ അധിനിവേശത്തിലേക്ക് നയിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

1972-ലെ റിപ്പബ്ലിക്കന്‍ ഭരണഘടന പ്രകാരം ബുദ്ധമതം ദേശീയ മതമായതിനാല്‍, സ്ഥിരമായി സ്റ്റേറ്റ് സ്‌പോണ്‍സര്‍ഷിപ്പ് ലഭിക്കുന്നുണ്ട്. സമകാലികമായി ഹിന്ദുക്കളും ക്രിസ്ത്യാനികളും കൂടുതലായി അധിവസിക്കുന്നതും എന്നാല്‍ ബുദ്ധമത സാന്നിദ്ധ്യം ഇല്ലാത്തതുമായ പ്രദേശങ്ങളില്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുക, ബുദ്ധ സന്യാസിമാരെ കുടിയിരുത്തുക, മതപരമായ സ്ഥലങ്ങളില്‍ മാറ്റം വരുത്തുക എന്നിവയാണ് ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ബുദ്ധവത്കരണത്തിന്റെ ഭാഗമായി നടന്നു കൊണ്ടിരിക്കുന്നത്. സിംഹള ബുദ്ധമതക്കാര്‍ ഈ പ്രദേശത്ത് വസിച്ചിട്ടില്ലെങ്കിലും, ‘ചരിത്രപരമായ ബന്ധങ്ങളെ’ അടിസ്ഥാനമാക്കി ഇവര്‍ക്കും ഈ പ്രദേശങ്ങളില്‍ അവകാശം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രപരമായ സാന്നിധ്യമുണ്ടെന്ന വാദം ഉയര്‍ത്തിയാണ് ഈ സമ്പ്രദായത്തെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നത്. മാത്രമല്ല, ഈ നടപടികള്‍ ആ പ്രദേശങ്ങളിലെ തമിഴ് ബുദ്ധമതക്കാരുടെ സാന്നിധ്യവുമായി ബന്ധപ്പെട്ട തെളിയിക്കപ്പെട്ട ചരിത്ര വസ്തുതകളെ കൂടി ബോധപൂര്‍വം അവഗണിക്കുന്നണ്ട്. ഈ പ്രക്രിയ സംസ്ഥാനത്തിന്റെ അംഗീകാരത്തോടെ പരസ്യമായാണ് സംഭവിക്കുന്നത്. ഏറ്റക്കുറച്ചലുകളോടെ ഇതേ കാര്യം തന്നെയാണ് വ്യത്യസ്തമായ രീതിയില്‍ ഇന്ത്യയില്‍ നടക്കുന്നത്.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വലിയ സാമ്പത്തിക ആഘാതങ്ങളിലൂടെയാണ് ശ്രീലങ്ക കടന്നു പോയിക്കൊണ്ടിരിക്കുന്നത്. നിലവിലെ സ്ഥിതി എന്താണെന്നു മനസിലാക്കിയിട്ടുണ്ടോ?

2022 ല്‍ റനില്‍ വിക്രമസിംഗെയുടെ സ്ഥാനാരോഹണം മുതല്‍ രാഷ്ട്രീയപരമായി വലിയ ചലനങ്ങളാണ് രാജ്യത്തു നടന്നുകൊണ്ടിരിക്കുന്നത്. രാജ്യം സാമ്പത്തിക സ്ഥിരത കൈവരിച്ചെന്നും, പുരോഗതിയുടെ പാതയിലുമാണെന്നാണ് ഔദ്യോഗിക തലത്തില്‍ പുറത്തു വിടുന്ന സ്ഥിതിവിവര കണക്കുകള്‍ പറയുന്നത്. ഈ കണക്കുകളും, രാജ്യത്തെ യഥാര്‍ത്ഥ സാഹചര്യവും തമ്മില്‍ വലിയ പൊരുത്തക്കേടുകളുണ്ട്. പണപ്പെരുപ്പത്തിന്റെ നിരക്ക് താഴോട്ടാണെന്ന കണക്കുകള്‍ പുറത്തുവരുന്ന അതെ സമയം തന്നെയാണ് ഭക്ഷണമടക്കമുള്ള അവശ്യ വസ്തുക്കളുടെ വില രാജ്യത്ത് ഗണ്യമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. സ്വാഭാവികമായും ഈ വിലക്കയറ്റം ഏറ്റവുമധികം ബാധിക്കുന്നത് രാജ്യത്തെ ഇടത്തരക്കാരെയും താഴ്ന്ന ജനവിഭാഗങ്ങളെയുമാണ്. കഴിഞ്ഞ മാസം മാത്രം വൈദ്യുതി വിലയിലുണ്ടായ വര്‍ദ്ധനവ് 18 ശതമാനമാണ്. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് വൈദ്യുതി ഉപയോഗം താരതമ്യേന കൂടുതലുള്ളത് നഗരപ്രദേശങ്ങളിലാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നഗരപ്രദേശങ്ങളിലെ ജനങ്ങളെ ഈ വിലക്കയറ്റം ഒന്ന് കൂടി ദുരിതത്തിലാഴ്ത്തി.

ഔദ്യോഗിക സ്ഥിതി വിവര കണക്കുകള്‍ പ്രകാരം രാജ്യം സാമ്പത്തിക പുരോഗതിയുടെ പാതയിലാണ്. ഐക്യരാഷ്ട്രസഭയുടെ സമീപകാല റിപ്പോര്‍ട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വാദത്തില്‍ വലിയ പൊരുത്തക്കേടുകളുണ്ട്. ലോകബാങ്കിന്റെ ഡാറ്റ അടിസ്ഥനമാക്കിയുള്ള ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം ദേശീയ ദാരിദ്ര്യ നിലവാരം 2021 ല്‍ 13.1 ശതമാനമായിരുന്നെങ്കില്‍ 2022-ല്‍ ഇത് 25% ആയി കുത്തനെ ഉയര്‍ന്നു. സമാനമായി നഗര പ്രദേശങ്ങളിലെ ദാരിദ്ര്യം അതേ കാലയളവില്‍ മൂന്നിരട്ടിയായി. സമൂഹത്തിലെ താഴെ തട്ടുകളിലുള്ള ജനങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളിലുള്ള സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണവും സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട മാക്രോ ഇക്കണോമിക് സ്ഥിതിവിവരക്കണക്കുകളും തമ്മില്‍ വ്യക്തമായ വൈരുദ്ധ്യം കാണാനാവും.

ഇതിനു പുറമെ, സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കര കയറാന്‍ ഗവണ്‍മെന്റിനെ പുനഃസംഘടിപ്പിക്കാനും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും ലക്ഷ്യമിട്ടുള്ള ഐഎംഎഫ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍, പ്രത്യേകിച്ച് ശ്രീലങ്കന്‍ ഇലക്ട്രിസിറ്റി ബോര്‍ഡ്, ടെലികോം തുടങ്ങിയ മേഖലകളില്‍ വലിയ അസ്വാരസ്യങ്ങളാണ് സൃഷ്ടിച്ചത്. 60 ഓളം സര്‍ക്കാര്‍ സ്ഥാപനങ്ങളെയാണ് സ്വകാര്യവത്കരിക്കാന്‍ പദ്ധതിയിട്ടു കൊണ്ടിരിക്കുന്നത്. ഇതിനൊപ്പം തന്നെ വേതനം മരവിപ്പിക്കുക, ക്ഷേമ ചെലവുകള്‍ ഉള്‍പ്പെടെയുള്ള പൊതു ചെലവുകള്‍ വെട്ടിക്കുറയ്ക്കുക തുടങ്ങിയ ഐഎംഎഫ് ഫോര്‍മുലകളും രാജ്യത്തു നടപ്പിലാക്കപ്പെടുന്നുണ്ട്. ഈ നയങ്ങളുടെ ആഘാതം നേരിടേണ്ടിവരുന്നത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളാണ്. വില കയറ്റം മൂലം വലയുന്ന ജനങ്ങളുടെ വേതനം കൂടി വെട്ടികുറക്കുമ്പോള്‍ വലിയ സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് ഇവര്‍ക്ക് കടന്നു പോകേണ്ടി വരുന്നത്.

കുട്ടികളുടെ വിദ്യാഭ്യാസം മുതല്‍ സ്വന്തം ഭക്ഷണത്തില്‍ നിന്ന് മിച്ചം പിടിച്ചുകൊണ്ട് അതുകൂടി കുടുംബങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ് വരെ അനേകം പ്രകടമായ വെല്ലുവിളികളിലൂടെയാണ് ശ്രീലങ്കയിലെ സാധാരണ ജനങ്ങള്‍ ജീവിതം നയിക്കുന്നത്. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളില്‍ സ്ഥൂലമായ സാമ്പത്തിക പുരോഗതിയുണ്ടെന്ന് അക്കമിടുമ്പോള്‍, ജനസംഖ്യയുടെ ദൈനംദിന ജീവിതത്തില്‍, പ്രത്യേകിച്ച് ഈ മാറ്റങ്ങള്‍ നേരിട്ട് ബാധിക്കുന്ന സാമൂഹിക തലങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരില്‍ അതിന്റെ സ്വാധീനം പരിശോധിക്കുമ്പോഴാണു പ്രതിസന്ധിയുടെ ആഴം വ്യക്തമാകുന്നത്.

ശ്രീലങ്കയില്‍ നിന്ന് യൂറോപ്പിലേക്ക് പലായനം ചെയ്ത ബഷാന അഭയ്‌വര്‍ദ്ധനെ ശ്രീലങ്കയിലെ ജനാധിപത്യത്തിനായി ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുന്ന ജേര്‍ണലിസ്റ്റ്‌സ് ഫോര്‍ ഡെമോക്രസിയുടെ (JDS) കോ-ഓര്‍ഡിനേറ്ററാണ്. ശ്രീലങ്കയിലെ മനുഷ്യാവകാശ സാഹചര്യങ്ങളെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂറോപ്പിലെക്കും മറ്റും കുടിയേറിയ ശ്രീലങ്കന്‍ പത്രപ്രവര്‍ത്തകരുടെയും പ്രവാസത്തിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും കൂട്ടയ്മയായ ജെഡിഎസ് പ്രവര്‍ത്തിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കുന്നതിലും ശ്രീലങ്കയിലെ മാധ്യമസ്വാതന്ത്ര്യ ലംഘനങ്ങളെക്കുറിച്ച് ലോകത്തെ അറിയിക്കുന്നതിനുള്ള ശ്രമങ്ങളിലും റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സുമായി സഹകരിച്ച് ജെഡിഎസ് പ്രവര്‍ത്തനം നടത്തുന്നുണ്ട്.

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍