UPDATES

‘ക്ലിഫ് ഹൗസ് അടുക്കളയില്‍ നിന്നു ഡിവൈഎഫ്‌ഐ പ്രസിഡന്റിനെയും സെക്രട്ടറിയെയും തീരുമാനിക്കുന്നതുപോലല്ല, തെരഞ്ഞെടുപ്പ് ജനാധിപത്യമാണ് യൂത്ത് കോണ്‍ഗ്രസിലുള്ളത്’-രാഹുല്‍ മാങ്കൂട്ടത്തില്‍/ അഭിമുഖം

കശ്മീര്‍ മുതല്‍ കേരളം വരെ ശക്തമായ യൂത്ത് കോണ്‍ഗ്രസിന് പ്രാദേശിക സംഘടനയായ ഡിവൈഎഫ്‌ഐയ്ക്ക് ബദലാകേണ്ട കാര്യമില്ല

                       

‘സര്‍ക്കാരുകളെ താഴെ ഇറക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ അധികാരം സ്ഥാപിക്കുന്നതിനല്ല, മറിച്ച് ഇന്ത്യ പോലൊരു രാജ്യത്ത് ഒരു കാരണവശാലും അധികാരത്തില്‍ വരാന്‍ പാടില്ലാത്തൊരു സര്‍ക്കാരുകള്‍ മാറണമെന്ന ഉദ്ദേശ്യത്തിനു പുറത്താണ്. ഇതിനു സാധിക്കുന്ന ഊര്‍ജ്ജസ്വലമായ സിസ്റ്റം കൂടിയാണ് യുവാക്കള്‍. ഇവരെ ഏകോപിപ്പിക്കുകയാണ് പ്രാഥമിക ലക്ഷ്യം’: യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന പ്രസിഡന്റ് എന്ന ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന ചെറുപ്പക്കാരനായ രാഷ്ട്രീയക്കാരന് കൃത്യമായ ലക്ഷ്യങ്ങളാണുള്ളത്. അവ പ്രാവര്‍ത്തികമാക്കുകയാണ് ഇനിയുള്ള കര്‍മം. അക്കാര്യത്തില്‍ തികഞ്ഞ ആത്മവിശ്വാസമുണ്ട് രാഹുലിന്. യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ ചുമതലകളെപ്പറ്റിയും സംഘടനയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തെപ്പറ്റിയും അഴിമുഖവുമായി സംസാരിക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.


കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ശക്തിപ്പെടുത്തേണ്ട ചുമതല വിട്ടുവീഴ്ച്ചയില്ലാത്ത വിധം നിറവേറ്റാന്‍ പുതിയ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസിന് സാധിക്കുമെന്ന് കരുതാമോ?

ലോക രാഷ്ട്രങ്ങളില്‍ നിലവില്‍ വന്നിട്ടുള്ള പ്രസ്ഥാനങ്ങള്‍ക്ക് എല്ലാകാലത്തും നേതൃത്വം കൊടുത്തിട്ടുള്ളത് യുവ ജനതയാണ്. ഭരണകൂടങ്ങളെ അധികാരത്തിലേറ്റാനും താഴെയിറക്കാനും ഏറ്റവും വലിയ പ്രേരക ശക്തിയാകുന്നതും ഇതേ യുവാക്കള്‍ തന്നെയാണ്. ലോകത്തിലെ ഏറ്റവും യുവജനതയുള്ള രാജ്യമാണ് ഇന്ത്യ. ഇവിടെ തൊഴിലില്ലായ്മ പോലുള്ള വിവിധ വിഷയങ്ങള്‍ യുവാക്കളെ നേരിട്ട് ബാധിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം മേഖലയായ ബി എസ് എന്‍ എല്ലിലും, ഏറ്റവും വലിയ തൊഴില്‍ ദാതാവായ ഇന്ത്യന്‍ റെയില്‍വേയിലും ജോലി നേടുന്ന എത്ര ചെറുപ്പക്കാരെ നിങ്ങള്‍ക്കറിയാം? പണ്ടെല്ലാം റെയില്‍വേയില്‍ ജോലി ലഭിച്ചെന്ന വാര്‍ത്ത നമ്മള്‍ നിരന്തരം കേള്‍ക്കാറുണ്ടയിരുന്നു. ഇന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത ഒന്നായി. നമ്മുടെ കൂട്ടത്തിലൊരാള്‍ക്ക് അവിടെ ജോലി ലഭിക്കുന്നില്ല. 2015 നു ശേഷമുണ്ടായ സ്ഥിതി വിശേഷമാണിത്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ കൊണ്ടുകൂടിയാണിത്. തൊഴില്‍ നിഷേധം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മുഖമുദ്രയായി മാറികൊണ്ടിരിക്കുകയാണ്. സാങ്കേതിക വൈദഗ്ധ്യമുള്ളവരും, അഭ്യസ്തവിധ്യരും തൊഴിലന്വേഷകരായി തുടരുന്ന സാഹചര്യം കൂടിയാണിവിടെ നിലനില്‍ക്കുന്നത്. രണ്ടാമതായി അഭിമുഖീകരിക്കേണ്ടി വരുന്ന മറ്റൊരു പ്രശ്‌നം, ജനാധിപത്യമാണ്. വ്യക്തി ജീവിതത്തില്‍ പോലും ജനാധിപത്യത്തിന് അത്രയും പ്രാധാന്യമുള്ള ഒരു കാലത്ത് രാജ്യത്തും സംസ്ഥാനത്തും അധികാരത്തിലിരിക്കുന്ന സര്‍ക്കാരുകള്‍ ഏറ്റവും കുറച്ചു മൂല്യം കണക്കാക്കുന്ന പദമായി ജനാധിപത്യം മാറുകയാണ്. ഇതിനെതിരെയും രാജ്യത്ത് വളര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ഗീയതക്കെതിരെയും ചെറുപ്പക്കാര്‍ക്ക് ഇടയില്‍ പ്രതിഷേധം ശക്തമാണ്. മതത്തില്‍ വിശ്വസിക്കാത്ത അല്ലങ്കില്‍ മതം സ്വകാര്യമായ വ്യക്തിയിടത്തില്‍ ഉള്‍ക്കൊള്ളേണ്ട ഒന്നാണെന്ന് വിശ്വസിക്കുന്ന വര്‍ഗീയതക്കെതിരെ മാതൃകയാക്കാവുന്ന നിരവധി ചെറുപ്പക്കാര്‍ ഇവിടെയുണ്ട്. മതം സാമൂഹിക വ്യവഹാരത്തിലെത്തിച്ച് മറ്റൊരാളെ വേദനിപ്പിക്കാന്‍ ഉതകുന്ന തരത്തിലാവരുതെന്ന ബോധ്യമുള്ള രാജ്യത്ത് വര്‍ഗീയത അജണ്ടയാക്കി മാറിയിരിക്കുന്ന രണ്ടു സര്‍ക്കാരുകള്‍ക്കെതിരെയുള്ള വികാരവും യുവാക്കള്‍ക്കിടയിലുണ്ട്. പെട്രോള്‍, ഡീസല്‍ മുതല്‍ തുടങ്ങുന്ന നികുതി കൊള്ളയും, വിലക്കയറ്റത്തിനും ദിനംപ്രതി എത്ര തവണയാണ് സാധാരണക്കാര്‍ ഇരയായി കൊണ്ടിരിക്കുന്നത്. ഇതടക്കമുള്ള ഗുരുതര വിഷയങ്ങളില്‍ യുവാക്കള്‍ അസ്വസ്ഥരാണ്. ഇവരെ ഏകീകരിക്കുക എന്നതാണ് ചെയ്യാനുള്ളത്. സര്‍ക്കാരുകളെ താഴെ ഇറക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ അധികാരം സ്ഥാപിക്കുന്നതിനല്ല, മറിച്ച് ഇന്ത്യ പോലൊരു രാജ്യത്ത് ഒരു കാരണവശാലും അധികാരത്തില്‍ വരാന്‍ പാടില്ലാത്തൊരു സര്‍ക്കാരുകള്‍ മാറണമെന്ന ഉദ്ദേശ്യത്തിനു പുറത്താണ്. ഇതിനു സാധിക്കുന്ന ഊര്‍ജ്ജസ്വലമായ സിസ്റ്റം കൂടിയാണ് യുവാക്കള്‍. ഇവരെ ഏകോപിപ്പിക്കുകയാണ് പ്രതിപക്ഷത്തിന്റെ പ്രാഥമിക ലക്ഷ്യം.

രാഹുല്‍ മാങ്കൂട്ടത്തില്‍

ഒരാള്‍ക്കൂട്ടം എന്നതിനപ്പുറത്തേക്ക് കേഡര്‍ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമായി യൂത്ത് കോണ്‍ഗ്രസ് മാറേണ്ടതുണ്ടെന്നു തോന്നുന്നുണ്ടോ?

ഓരോ പ്രസ്ഥാനങ്ങളും ഓരോ തരം ശൈലിയാണ് പിന്തുടരുന്നത്. സിപിഎം, ബിജെപി പോലുള്ളവ കേഡര്‍ സ്വാഭാവമുള്ള രാഷ്ട്രീയ സംഘടനകളാണ്. പ്രസ്ഥാനം കേഡര്‍ സ്വഭാവം വച്ച് പുലര്‍ത്തുന്നില്ലെങ്കില്‍ അയോഗ്യരാണെന്ന പൊതുബോധം കഴിഞ്ഞ കുറച്ചു കലങ്ങളായി ഇടതു പക്ഷം ഉയര്‍ത്തി വച്ചിരിക്കുന്ന ഒന്നാണ്. ഒരാളുടെ രാഷ്ട്രീയ പ്രസ്ഥാനം അവരെ അമിതമായി സ്വാധീനിക്കാനും അടിമയാക്കാനും ആരും ആഗ്രഹിക്കുന്നില്ല. ഓരോ വ്യക്തികള്‍ക്കും പല വിധത്തിലുള്ള രാഷ്ട്രീയ നിലപാടുകളുണ്ടാവും. ഈ രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ അവരുടെ ചെയ്തികളെ എതിര്‍ക്കാതെ ന്യായീകരിക്കാനും നിങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടി ചെയ്യുന്നു എന്നതുകൊണ്ട് മാത്രം അതിന്റെ വിഴുപ്പലക്കാനും നിങ്ങള്‍ തയ്യാറാകുമോ? അല്ലാത്തപക്ഷം കേഡര്‍ എന്നത് ആഘോഷിക്കപ്പെടേണ്ട പദമായി എങ്ങനെ കണക്കാക്കാനാകും? അതുകൊണ്ട് കേഡര്‍ സ്വഭാവം സ്വീകരിക്കാത്തത് ഒരു മോശം കാര്യമാണെന്ന അഭിപ്രായം എനിക്കില്ല. ഓരോ പ്രസ്ഥാനങ്ങള്‍ക്കും അവരുടേതായ ശൈലിയും പാരമ്പര്യവുമുണ്ട്. പിണറായി വിജയനും, നരേന്ദ്ര മോദിക്കുമെതിരായി രൂപം കൊണ്ടതല്ല കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാരമ്പര്യം. ഈ രാജ്യത്തെ ജനങ്ങളുടെ അധികാരം അട്ടിമറിയിലൂടെ സ്ഥാപിച്ചെടുത്ത ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ തുടച്ചു നീക്കുന്നതിനും, രാജ്യത്തിനകത്ത് നിലനിന്നിരുന്ന തൊട്ടുകൂടായ്മ, വര്‍ഗീയത, ജാതീയതകള്‍ക്കെതിരായി രൂപം കൊണ്ടതാണിത്. തുടക്കകാലം മുതല്‍ രാജ്യത്തിനകത്തുള്ള ആള്‍ക്കൂട്ടത്തിന്റെ പരിച്ഛേദമെന്ന സ്വഭാവമാണ് കോണ്‍ഗ്രസ്സിനുള്ളത്. ഈ സ്വാഭാവം കൊണ്ട് കൂടിയാണ് ഞങ്ങള്‍ കോണ്‍ഗ്രസ്സാവുന്നത്. അതിന്റെ പേരില്‍ പ്രസ്ഥാനം അയോഗ്യരാണെന്നും, യൂണിഫോമായി കാര്യങ്ങള്‍ കൊണ്ടുനടക്കണമെന്ന കാഴ്ചപ്പാടും എനിക്കില്ല. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരുപറ്റം ആളുകളുടെ സമ്മേളനമാണ് കോണ്‍ഗ്രസ്. സംഘടനയെന്ന നിലയില്‍ പൊതുവായ അച്ചടക്കബോധമുണ്ടാവണമെന്ന് ശഠിക്കുന്നതിനപ്പുറം കേഡറാവണമെന്നത് ഞാന്‍ ആഗ്രഹിക്കുന്നില്ല.

ഡി വൈ എഫ് ഐക്ക് ഒരു ബദല്‍ ആയി മാറുമോ? കേരളത്തില്‍ അവര്‍ മാത്രമല്ല, ഞങ്ങളുമുണ്ടെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ വരും നാളുകളില്‍ കഴിയുമോ?

ഡി വൈ എഫ് ഐ ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രത്തോട് ബദലാവാനോ, മത്സരിക്കാനോ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടിച്ചില്ല. ഞങ്ങള്‍ക്കീ രാജ്യത്തെ ജനാധിപത്യത്തിന്റെ ഏറ്റവും പ്രധനപ്പെട്ട പതാക വാഹകരായോ വകതാക്കളായോ മാറുകയെന്നതാണ് ലക്ഷ്യം. ജനാധിപത്യത്തെയും, റിപ്പബ്ലിക്കിനെയും, മതേതര മൂല്യങ്ങളെയും അതിന്റെ ഏറ്റവും താഴെ തട്ടില്‍ എത്തിക്കുകയെന്ന പ്രാഥമിക ഉത്തരവാദിത്തം നിറവേറ്റാനാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്. ദേശീയ തലത്തില്‍ ജമ്മു കശ്മീര്‍ മുതല്‍ കേരളം വരെ പടര്‍ന്നു കിടക്കുന്ന തുല്യശക്തിയായ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ ലക്ഷ്യം പ്രാദേശിക സംഘടനയായ ഡിവൈ എഫ്‌ഐക്ക് ബദല്‍ ഒരുക്കുകയെന്നല്ല. കേരളത്തിലെയും ഇന്ത്യയിലെയും ചെറുപ്പക്കാരുടെ പരിച്ഛേദമാവുകയെന്ന അജണ്ട പിന്തുടരുകയെന്നതാണ്.

സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ട്രോളുകളായി യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മാറുന്നു. അതിനു പിന്നില്‍ സൈബര്‍ സഖാക്കള്‍ എന്നു വേണമെങ്കില്‍ പറയാം, പക്ഷേ, സ്വയം തിരുത്തേണ്ട ചിലതൊക്കയില്ലേ?

രാജ്യത്തെയും ലോകത്തെയും വ്യവസ്ഥതികളത്രയും പരിപൂര്‍ണമാണെന്ന വിശ്വാസം പുലര്‍ത്തുന്ന ആളല്ല ഞാന്‍. പരിമിതികളും പോരയ്മകളും അതിന്റെ ഭാഗമായേക്കാം. ഈ രാജ്യത്ത് ബൂത്ത് തലം മുതല്‍ സംസ്ഥാന അധ്യക്ഷനെ വരെ ബൂത്തിലെ പ്രവര്‍ത്തകര്‍ തന്നെ തെരഞ്ഞെടുക്കുന്ന ഒരു തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുന്ന മറ്റേത് സംഘടനയാണ് ഇവിടെയുള്ളത്. എന്നാല്‍ ഡി വൈ എഫ് ഐ യുടെ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും അടങ്ങിയ ഭാരവാഹിത്വം ആരവണമെന്നത് സംബന്ധിച്ച് നിലവില്‍ ക്ലിഫ് ഹൗസിലെ അടുക്കളയില്‍ നിന്നെടുക്കുന്ന കിച്ചന്‍ ഹൗസ് തീരുമാനമാണ്. അവരുടെ തെരഞ്ഞെടുപ്പ് രീതിയനുസരിച്ച് പാനല്‍ അവതരിപ്പിക്കുകയും അതിനെ പിന്തുണക്കാത്തവര്‍ വിമതന്മാരാവുകയും ചെയ്യും. മുകളില്‍ നിന്നും വരുന്ന തീരുമാനങ്ങളുടെ അടിസ്ഥാനത്തിലല്ല കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന മാനദണ്ഡങ്ങളെ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന ആര്‍ക്കു വേണെമെങ്കിലും ഇവിടെ മത്സരിക്കാം. ഈ നാട്ടിലെ യൂത്ത് കോണ്‍ഗ്രസിന്റെ സാധാരണ പ്രവര്‍ത്തകര്‍ തന്നെയാണ് മണ്ഡലം, അസംബ്ലി, സംസ്ഥന, ജില്ലാ തലത്തിലെ പ്രസിഡണ്ടുമാര്‍ ആരാവണമെന്ന് തീരുമാനിക്കുന്നത്. ഈ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യത്തെ ഇത്രയും ആഘോഷമാക്കാന്‍ കഴിയുന്ന മറ്റേതെങ്കിലും പ്രസ്ഥനത്തെ ചൂണ്ടി കാണിക്കാന്‍ കഴിയുമോ? അപ്പോള്‍ പരിമിതികളും പോരായ്മകളും മോശമാണെന്ന് അര്‍ത്ഥമാക്കാന്‍ കഴിയില്ല, മറിച്ച് ഞങ്ങള്‍ അതിനെ തീര്‍ച്ചയായും അതിജീവിക്കും. ഈ പരിമിതികളെ വിലയിരുത്തുമ്പോള്‍ മറ്റു സംഘടനകളുമായുള്ള താരതമ്യത്തിനു കൂടി തയ്യാറാവേണ്ടതുണ്ട്. ഏതു രീതിയിലുള്ള വ്യവസ്ഥതിയാണ് അവര്‍ പിന്തുടരുന്നത് എന്നുകൂടി വിലയിരുത്തേണ്ടതുണ്ട്. വ്യക്തിപരമായി നോക്കുമ്പോള്‍ ഞാന്‍ ഒരു ചെറിയ ഗ്രാമപ്രദേശത്തു നിന്നും യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റിന്റെ പദവി വഹിച്ചൊരാളാണ്, അവിടെ നിന്നും 18 വര്‍ഷങ്ങള്‍ക്കിപ്പുറം യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാവാന്‍ എനിക്ക് കഴിയുന്നുണ്ടെങ്കില്‍ അത് ഈ സംഘടനയുടെ തെരഞ്ഞെടുപ്പ് വ്യവസ്ഥിയിലൂടെയാണ്. എല്ലാകാലത്തും ഞാന്‍ അതിന്റെ പ്രൊഡക്റ്റാണ്. ഷാഫി പറമ്പില്‍, വിഷ്ണു നാഥ് ,മാത്യു കുഴല്‍നാടന്‍, വി ടി ബല്‍റാം, എം ലിജു, റോജി എം ജോണ്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, രമ്യ ഹരിദാസ്, കെ എം അഭിജിത്ത്, അലോഷ്യസ് സേവിയര്‍ തുടങ്ങി ഒട്ടനവധി ചെറുപ്പക്കാരെ കേരളത്തിന്റെ പൊതു സമൂഹത്തിലേക്ക് കൊണ്ടുവന്നതും അവരെ സമൂഹം ഏറ്റെടുത്തതും ഈ തെരഞ്ഞെടുപ്പ് വ്യവസ്ഥതിയിലൂടെയാണ്.

2024 തെരഞ്ഞെടുപ്പിന്റെ പ്രതീക്ഷകള്‍ എന്തൊക്കെയാണ് ?

2024 ലെ തെരഞ്ഞെടുപ്പ് ഒരു കോണ്‍ഗ്രസ്‌കാരനെന്നതിനുപരി ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലാണ് ഞാന്‍ നോക്കികാണുന്നത്. ഇവിടെ തെരഞ്ഞെടുപ്പുകള്‍ ഉണ്ടാവണമോ എന്നതും മതേതര രാജ്യമായും, ഇന്ത്യ എന്ന പേര് തൊട്ട് ആശയം വരെ നിലനില്‍ക്കണമോ എന്നതു കൂടി നമ്മള്‍ ഓരോരുത്തരും തീരുമാനിക്കേണ്ട അവസരം കൂടിയാണിത്. അതുകൊണ്ട് തന്നെ ഈ തെരെഞ്ഞെടുപ്പില്‍ രാജ്യത്തെ രൂപപ്പെടുത്തിയ പ്രസ്ഥനമെന്ന നിലയില്‍ വലിയൊരുത്തരവാദിത്വം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനുണ്ട് എന്ന വസ്തുത ഞങ്ങള്‍ അംഗീകരിക്കുന്നതിനൊപ്പം, ഈ രാജ്യത്തെ 144 കോടി ജനങ്ങളുടെ കൂടി ഉത്തരവാദിത്തമാണ് ഇന്ത്യ എന്ന പേരിനെ, അതിലടങ്ങിയ ആശയത്തെ കൂടി നിലനിര്‍ത്തിക്കുക എന്നത്.

നെല്ല് സംഭരണത്തെ പറ്റിയുള്ള ചര്‍ച്ചകളും, മന്ത്രി സജി ചെറിയാന്റെ നിലപടുകളെയും എങ്ങനെയാണ് വിലയിരുത്തുന്നത് ?

ഈ നാട്ടിലെ കര്‍ഷകന്റെ ശബ്ദം കേള്‍ക്കുന്ന പ്രസ്ഥാനം ഇടതുപക്ഷമെന്നാണവര്‍ പറയുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ഒരു വീഡിയോ കഴിഞ്ഞ ദിവസമാണ് ഞാന്‍ കാണുന്നത്. കര്‍ഷകന്റെ ശബ്ദമെന്ന വാഗ്ദാനം നല്‍കിയാണ് ഇവര്‍ അധികാരത്തിലെത്തിയത്. ഇവരുടെ ഇത്തരത്തിലുള്ള ആശയങ്ങളെല്ലാം കാപട്യം നിറഞ്ഞതാണ്. പരിസ്ഥിതിവാദം പറയുന്ന ഇവര്‍ തന്നെയാണ് കെ റെയില്‍ പോലെ കേരളത്തിന്റെ പരിസ്ഥിക്ക് ആഘാതം തീര്‍ക്കുന്ന പദ്ധതിക്കെതിരെ രംഗത്തെത്തിയവരെ വികസനവിരോധികളായും, വിഘടനവാദികളുമായി മാറ്റിയത്. ഞങ്ങളാണ് ഏറ്റവും വലിയ കര്‍ഷകരെന്ന് പറയുന്ന ഇവര്‍ തന്നെയാണ് പണം കിട്ടുന്നില്ലെന്ന മറ്റൊരു കര്‍ഷകന്‍ പറയുമ്പോള്‍ അവരുടെ രാഷ്ട്രീയം ചികഞ്ഞെടുക്കുന്നത്. കര്‍ഷര്‍ പണം ലഭിക്കാതെ ആത്മഹ്യത ചെയ്യമ്പോള്‍ അവരെ എങ്ങനെ ഇകഴ്ത്താമെന്നും കളങ്കപ്പെടുത്തമെന്നുമാണ് ഇവരുടെ അജണ്ട. കഴിഞ്ഞ ദിവസം തകഴിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ വീട്ടില്‍ പോയി കുടുംബത്തെ സന്ദര്‍ശിച്ച ആളാണ് ഞാന്‍. ആ കര്‍ഷകനൊഴിച്ച് കുടുംബവുമായി ബന്ധപ്പെട്ട് നില്‍കുന്നയെല്ലാവരും തന്നെ ഈ സര്‍ക്കാരിന്റെ പാര്‍ട്ടിക്ക് വേണ്ടി നിലകൊണ്ടവരാണ്. അവരുടെ വേദനാജനകമായ കഥകളും ഞാന്‍ കേട്ടു. പമ്പിങ് സബ്സിഡിയായി സര്‍ക്കാര്‍ കൊടുക്കേണ്ടിയിരുന്ന പണം നാല് സീസണ്‍ ആയി മുടങ്ങി കിടക്കുകയാണ്. മറ്റൊരു കര്‍ഷകന്‍ പമ്പിങ് സബ്സിഡി പ്രതീക്ഷിച്ച് മകളുടെ കല്യാണം നിശ്ചയിച്ചു, കല്യാണക്കുറിയുമായി അദ്ദേഹം എന്റെ പക്കല്‍ വന്നിരുന്നു. എന്നാല്‍ പമ്പിങ് സബ്സിഡി ഇത്തവണയും മുടങ്ങിയതോടെ ആ കര്‍ഷകന് മകളുടെ കല്യാണം തന്നെ മാറ്റി വയ്‌ക്കേണ്ടി വന്നു. ഈ യാഥാര്‍ഥ്യങ്ങളെല്ലാം നിലനില്‍ക്കുമ്പോള്‍ സിപിഎമ്മും ദേശാഭിമാനിയും, മറിയക്കുട്ടി ചേട്ടത്തിക്ക് ഒരുപാട് വസ്തുവകകളുണ്ടെന്ന് പറഞ്ഞാക്രമിച്ചതിന് സമാനമായി ഈ കര്‍ഷകനെയും കുടുംബത്തെയും ഒരുപക്ഷെ അധിക്ഷേപിച്ചെന്നിരിക്കും. ഇവര്‍ക്ക് എതിരെയുള്ള വാദങ്ങളെ ഇങ്ങനെയാണ് സമീപിക്കുന്നതും പ്രതിരോധിക്കുന്നതും. വാളുകൊണ്ട് വെട്ടുന്ന കൊടി സുനിമാരും, നാക്കു കൊണ്ട് വെട്ടുന്ന കൊടി സജിമാരുമാണ് സിപിഎം പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ പ്രതിരോധം.

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Related news


Share on

മറ്റുവാര്‍ത്തകള്‍