മാപ്പ് കൊണ്ടുകാര്യമില്ല, തന്നെ കള്ളിയാക്കവരെ കോടതി കേറ്റാനുറപ്പിച്ചു മറിയക്കുട്ടി
അടിമാലിയില്‍ ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതില്‍ പിച്ച ചട്ടിയെടുത്ത് പ്രതിഷേധിച്ച 85-കാരി മറിയകുട്ടിയും ആ വൃദ്ധയ്‌ക്കെതിരേ ഉയര്‍ന്ന പരിഹാസങ്ങളും വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിരുന്നു. മറിയക്കുട്ടിക്ക് ഒന്നര ഏക്കര്‍ ഭൂമി, അതിലൊരു വീട്, 5000 രൂപ മാസവാടക കിട്ടുന്ന മറ്റൊരു വീട്, മക്കള്‍ക്ക് വിദേശത്ത് ജോലി;എന്നൊക്കെയായിരുന്നു മറിയക്കുട്ടിക്കെതിരായ പ്രചരണം. ഇതെല്ലാമുണ്ടായിട്ടും പെന്‍ഷന് വേണ്ടി ഭിക്ഷ യാചിക്കുന്നത് രാഷ്ട്രീയമാണെന്നും സമൂഹമാധ്യമങ്ങളിലടക്കം അവര്‍ പരിഹസിക്കപ്പെട്ടു.
സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയില്‍ വന്ന വാര്‍ത്തകള്‍ വച്ചായിരുന്നു പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും. തന്നെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രചാരം ശക്തമായതോടെ മറിയക്കുട്ടി വില്ലേജ് ഓഫിസിനെ സമീപിച്ചു. അപ്പോഴാണ് യഥാര്‍ത്ഥ്യം മനസിലായത്; മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയില്ല. പിന്നാലെ പാര്‍ട്ടി പത്രം തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിന് ഖേദം പ്രകടിപ്പിച്ചു. ആ ഖേദത്തില്‍ എല്ലാം അവസാനിപ്പിക്കാന്‍ മറിയക്കുട്ടി ഒരുക്കമല്ല. ഭൂമിയും വീടുമുണ്ടെന്ന വ്യാജ പ്രചരണം നടത്തിയതിനെതിരേ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ഈ സന്ദര്‍ഭത്തില്‍ അഴിമുഖത്തോട് സംസാരിക്കുകയാണ് മറിയക്കുട്ടി.
ഭയം തോന്നുന്നില്ല, സത്യം ജനങ്ങളിലെത്തിക്കുകയാണ്-രവി നായര്‍
‘ഞാന്‍ പിച്ച ചട്ടി എടുത്ത് അടിമാലിയില്‍ കൂടെ പിച്ച എടുത്തു നടന്നു എന്നത് ശെരിയാ…എന്നെ കണ്ട് വിഷമമം തോന്നിയവര്‍ എന്റെ ചട്ടിയില്‍ പൈസ ഇട്ടിട്ടുമുണ്ട്. പത്തിട്ടവരുണ്ട്, ഇരുപത്തിട്ടവരുണ്ട്, പലരും പലതായിട്ടു. എന്നെ കൊണ്ട് പറ്റുന്നവരെ ഞാന്‍ ചട്ടിയും കൊണ്ട് നടന്നു. തിരിച്ചുപോരാന്‍ നേരത്താണ് ഞങ്ങളോട് തിരുവനന്തപുരത്ത് പോയി പിച്ചയെടുക്കാന്‍ പാടില്ലേ എന്നു ചോദിച്ച് പരിഹസിച്ചത്. ഞാന്‍ അവരോട് അന്നേരം തിരിച്ച് ചോദിച്ചത്, നിങ്ങള്‍ ഈ അടിമാലിയില്‍ ബക്കറ്റ് ഒക്കെ പിടിച്ച് പന്തല്‍ ഒക്കെ കെട്ടി കൈകാര്യം ചെയ്യുന്നില്ലേ, അപ്പോള്‍ പിന്നെ പിച്ച ചട്ടിയും കൊണ്ട് എനിക്ക് ഇറങ്ങാന്‍ പാടില്ല എന്നൊരു നിയമം ഉണ്ടോ എന്നാണ്. മാത്യു ഫിലിപ്, വരായിക്കര റോയി, എം. എസ് വര്‍ക്കി ഈ മൂന്ന് പേരാണ് എന്നെ കൂടുതല്‍ ഉപദ്രവിച്ചിരിക്കുന്നത്. പിന്നെയും ഞാന്‍ പിച്ച ചട്ടിയും കൊണ്ടിറങ്ങി. അന്ന് രാത്രി അവര്‍ എന്റെ വീടിന് നേരെ ഒരു മണി നേരത്ത് കല്ലെറിഞ്ഞു. ഇങ്ങനെയൊക്കെ കുറെ പേടിപ്പിക്കാന്‍ നോക്കി.
പിന്നെ അവര്‍ പറഞ്ഞുണ്ടാക്കിയത് എനിക്ക് 10 മുറിയുള്ള വീട് ഒണ്ടെന്നാണ്, ഓരോ മുറിയും ഞാന്‍ 5000 രൂപ വാടകക്ക് കൊടുത്തേക്കുന്നു. എന്റെ മകള്‍ പ്രിന്‍സി ലണ്ടനിലോ വേറെ എങ്ങാണ്ടോ ആണെന്ന് പറയുന്നുണ്ട്. എന്റെ അറിവില്‍ എന്റെ മകള്‍ അടിമാലിയില്‍ ലോട്ടറി വില്‍ക്കുവാണ്. ഈ ലണ്ടനില്‍ ആണെന്നൊക്കെ പറയുമ്പോള്‍ അതൊക്കെ എനിക്കും കൂടെ കാണിച്ച് തരണമല്ലോ ഇവര്‍.
ഞാന്‍ പക്ഷെ വില്ലേജില്‍ പോയപ്പോ എനിക്ക് ആ പറഞ്ഞത് ഒന്നുമില്ലെന്നാണ് അവിടെ നിന്ന് എഴുതി തന്നത്. എനിക്കിതിന്റെ നഷ്ടപരിഹാരം കിട്ടിയേ തീരു. അവര്‍ 1 .5 കോടി പറഞ്ഞതിലെ അര കോടി കിട്ടിയാലും മതി. അവര്‍ എത്ര തരുമെന്ന് എനിക്ക് ഒന്ന് അറിയണം. എന്നോട് ആരും പറഞ്ഞിട്ടല്ല ഞാന്‍ ഈ ചട്ടിയും കൊണ്ടിറങ്ങിയത്. ഞാന്‍ ഇറങ്ങുന്നത് വരെ എനിക്ക് ഒരു പാര്‍ട്ടിക്കാരുമില്ലായിരുന്നു. എനിക്ക് ആണേല്‍ ഒരു മഞ്ഞ കാര്‍ഡ് പോലുമില്ല. എന്റെ കൂടെ ഏതെങ്കിലും പാര്‍ട്ടിക്കാരുണ്ടെങ്കില്‍ എനിക്ക് ഒരു റേഷന്‍ കാര്‍ഡെങ്കിലും തരത്തില്ലേ?, എനിക്ക് പാര്‍ട്ടിയില്ലെന്ന് അതില്‍ നിന്ന് തന്നെ മനസിലാക്കാന്‍ പാടില്ലേ! ഞാന്‍ മൂന്ന് ദിവസം നടന്നു ഒരു മഞ്ഞ കാര്‍ഡ് കിട്ടാന്‍ വേണ്ടി. മെമ്പറെയും വിളിച്ചായിരുന്നു, അവിടെ നിന്നും ഒന്നും ചെയ്തു തന്നില്ല എനിക്ക്. പിന്നെ എനിക്ക് എന്താ തന്നത്? ‘സ്വന്തമായിട്ടൊരു ആനയെ തന്നു, അതിനെ തളക്കാന്‍ സ്ഥലമില്ലാത്ത കൊണ്ട് പഞ്ചായത്തില്‍ കൊടുത്തു'(മറിയക്കുട്ടിയുടെ പരിഹാസം). തരാത്ത കാര്യം ഒക്കെ ഇങ്ങനെ പറഞ്ഞാല്‍ കൊള്ളാമോ. എനിക്ക് ആരും ഒരു വീടും തന്നിട്ടില്ല, വീട് പോയിട്ട് ഒരു കോഴിക്കൂട് പോലും തന്നിട്ടില്ല. ആകെ തന്നത് ഒരു കട്ടിലാണ്, അതാണെങ്കില്‍ കൊണ്ട് വന്ന് ഇറക്കുമ്പോഴേക്കും ഒടിഞ്ഞും പോയി. പിന്നെ ഈ പറയുന്നവര്‍ ഒക്കെ എന്ത് ചെയ്തു തന്നെന്നാണ് പറയുന്നത്?
ഒന്നും ചെയ്ത തരാത്ത ഇവരു പിന്നെ എന്തിനാ ചട്ടികൊണ്ട് എന്നോട് പോകാന്‍ പറയുന്നത്. ഇവരൊക്കെ ഇവിടെ വലിയ പന്തലൊക്കെ ഇട്ട് കൊടിയൊക്കെ കുത്തി വലിയ വലിയ സമരങ്ങള്‍ ചെയ്യുമ്പോള്‍, ഈ അടിമാലി ടൗണില്‍ കൂടെ ഒരു ചട്ടിയും കൊണ്ട് എനിക്ക് നടക്കാന്‍ പാടില്ലെന്ന് പറയുന്നത് എവിടുത്തെ നിയമം ആണ്. ഇതൊന്നും എന്നെ ആരും പഠിപ്പിച്ചത് ഒന്നുമല്ല, ഇതെന്റെ ഉപജീവന മാര്‍ഗമാണ്. അല്ലാതെ ജീവിക്കാന്‍ വേറെ വഴിയില്ലെന്നേ. അടുപ്പില്‍ തീ പുകയാന്‍ വേറെ വഴിയില്ലാത്ത കൊണ്ട് ഞാനങ്ങ് ഇറങ്ങി. ഇവരിതൊന്ന് തെളിയിച്ച് തരണം എന്റെ ഏക്കറ് കണക്കിന് സ്വത്ത് ഒക്കെ.
എനിക്ക് ഇവര്‍ ഒക്കെ പറയുന്ന പോലെ ഒരു രാഷ്ട്രീയവുമില്ല. ബി ജെ പിക്കാര്‍ എന്റെ ചട്ടിയില്‍ പൈസ ഇട്ടിട്ടിണ്ട്. ആര്‍ എസ് എസ്‌കാര്‍ ഇട്ടിട്ടുണ്ട്, കോണ്‍ഗ്രസുകാരും ഇട്ടിട്ടുണ്ട് അല്ലാതെ പാര്‍ട്ടി നോക്കിയിട്ട് അല്ല ഞാന്‍ ചട്ടി നീട്ടിയത്. എനിക്ക് കൂട്ടായി ദൈവം മാത്രമേയുള്ളൂ, അല്ലാതെ എനിക്ക് വേറെ ആരുമില്ല.
ഇവിടെ ഭരിക്കുന്നത് പിണറായി അല്ലേ, കോണ്‍ഗ്രസ്സ് അല്ലല്ലോ,. ഉമ്മന്‍ ചാണ്ടി ഭരിക്കുന്ന കാലത്ത് അഞ്ച് കിലോ അരി വീതം ആഴ്ചയില്‍ എനിക്ക് കിട്ടുമായിരുന്നു. പിന്നെ എനിക്ക് അന്നപൂര്‍ണ കാര്‍ഡ് ഉണ്ടായിരുന്നു. അതില്‍ നിന്നും കിട്ടുമായിരുന്നു 10 കിലോ. അങ്ങനെ 30 കിലോ അരി കിട്ടുമായിരുന്നു. പിണറായി എന്ന് ജയിച്ചോ അന്ന് അതെടുത്ത് കളഞ്ഞതാണ്. ഇപ്പോഴാണെങ്കില്‍ ആകെ കിട്ടുന്നത് മാസത്തില്‍ നാല് കിലോ അരി. പഞ്ചസാരയോ, ഗോതമ്പോ ഒന്നുമില്ല. എനിക്ക് ഏക്കറുകള്‍ ഉണ്ടെന്നല്ലേ പറയുന്നത്, പിന്നെ കിട്ടുമോ. അപ്പോള്‍ പിന്നെ എനിക്ക് പിച്ച ചട്ടി എടുക്കുക എന്നല്ലാതെ എന്താ മാര്‍ഗം. എനിക്ക് ഏക്കറുകള്‍ ഉണ്ടന്ന് ഈ സി പി എമ്മുകാര് പറഞ്ഞുകൊണ്ട് നടക്കുവല്ലേ, പിന്നെ എങ്ങിനെ എനിക്ക് കാര്‍ഡ് തരും. അവരുടെ ഭരണം അല്ലേ. ഇതൊന്നും എന്നെ ആരും പഠിപ്പിച്ചിട്ട് പറയുന്നതല്ല, എന്റെ അനുഭവത്തില്‍ നിന്നാണ് പറയുന്നത്.
എനിക്ക് നാല് പെണ്‍മക്കളുണ്ട്, അവരെ പഠിപ്പിക്കാന്‍ നിവര്‍ത്തിയില്ലാഞ്ഞിട്ട് എന്റെ മക്കളെ 10 ക്ലാസ്സ് വരെ മഠത്തില്‍ താമസിപ്പിച്ചാണ് പഠിപ്പിച്ചത്. അത് കഴിഞ്ഞപ്പോഴാണ് ഈ മലമൂട്ടിലേക്ക് തിരിച്ച് വന്നത്. ജനങ്ങളുടെ സഹായം കൊണ്ട് ഒരു കുഞ്ഞ് വീട് കിട്ടിയതാണ്, അല്ലാതെ പഞ്ചായത്തോ പാര്‍ട്ടിക്കാരുടെയോ സഹായം കൊണ്ട് കിട്ടിയത് ഒന്നുമല്ല. ഉമ്മന്‍ ചാണ്ടി ഭരിക്കുമ്പോ വീട് വച്ച് നല്കാന്‍ അനുമതി കിട്ടിയതാണ്. എല്ലാം പത്രങ്ങളും ശരിയാക്കി ചെന്നപ്പോള്‍ ഗ്രാമ സഭയില്‍ ഇല്ലെന്ന് പറഞ്ഞ് എന്നെ രണ്ട് മാസം നടത്തി. തരാന്‍ ഉദ്ദേശം ഇല്ലെന്നായപ്പോള്‍ ഞാന്‍ നടത്തം നിര്‍ത്തി. എനിക്ക് ഒരു പാര്‍ട്ടിക്കാരുടെയും സഹായം വേണ്ട, എന്റെ കാര്യം പറയാന്‍ എനിക്ക് ആരുടേയും ട്യൂഷനും വേണ്ട.
എന്നെ ഇങ്ങനെ കള്ളി ആക്കി ചിത്രീകരിച്ചപ്പോള്‍ എനിക്ക് തോന്നിയത് ഇത് കോടതിയില്‍ തെളിയിക്കണം എന്നാണ്. എന്റെ ഈ വീട് ഒന്ന് വന്ന് നോക്കിയേച്ച് ആ പത്രത്തില്‍ ഇട്ടാല്‍ പോരാരുന്നോ. എന്റെ ഇളയ മോള് ലണ്ടനിലാണെന്നു പറഞ്ഞു, ഞാന്‍ അറിയാത്ത എന്റെ ലണ്ടനിലുള്ള മോളെ പരിചയപ്പെടുത്തി തരേണ്ട കടമ അവര്‍ ചെയ്യണ്ടേ. ഇതൊക്കെ പൊതു ജനം അറിയണമെങ്കില്‍ അവര്‍ കോടതിയില്‍ വന്നേ പറ്റുകയുള്ളു. എന്റെ അടുത്ത് ക്ഷമ ഇപ്പോള്‍ പറയണ്ട, കോടതിയില്‍ പറഞ്ഞാല്‍ മതി. ഇതാണ് എന്റെ ആവശ്യം. ഇത് തെളിയിക്കാമെന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടാണ് ഞാന്‍ വില്ലേജില്‍ പോയി തെളിയിച്ചു കൊടുത്തത്.
എനിക്ക് ഇതിന്റെയൊക്കെ നഷ്ടപരിഹാരം വേണം. എന്നെ അപമാനിച്ചതിന്റെ പരിഹാരം വേറെ കാണുകയും ചെയ്യണം. എന്നെ ഭിക്ഷ പോലും എടുക്കാന്‍ അനുവദിക്കില്ലെങ്കില്‍ ഞാന്‍ പിന്നെ എന്ത് ചെയ്യാനാണ്. അവര്‍ മാപ്പ് പറയുകയാണെങ്കില്‍ കോടതിയില്‍ വച്ച വേണം മാപ്പ് പറയാന്‍ അല്ലാതെ പുറത്തൊന്നും വച്ച് പറഞ്ഞാല്‍ എനിക്ക് സ്വീകാര്യമല്ല.’; മറിയക്കുട്ടി തന്റെ നിലപാടില്‍ ഉറച്ചു നിന്നുകൊണ്ട് പറഞ്ഞവസാനിപ്പിക്കുന്നു.