December 09, 2024 |

തണുത്ത വെള്ളം കുടിച്ചാൽ രക്തക്കുഴൽ പൊട്ടുമോ ?

എങ്ങനെ അതിജീവിക്കും ഈ ഉഷ്‌ണതരംഗത്തെ

”ചൂടിൽ നിന്ന് കേറി വരുമ്പോൾ തണുത്ത വെള്ളം കുടിക്കുന്നത് മൂലം രക്തക്കുഴലുകൾ പൊട്ടുകയും, സ്ട്രോക്ക് ഉണ്ടാവുകയും ചെയ്യുന്നു.” ഇത്തരം സന്ദേശങ്ങൾ നിങ്ങൾക്ക് വാട്ട്സ് ആപ്പ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ടോ?  കനത്ത ചൂടിനെ അതിജീവിക്കാനുള്ള  മുൻകരുതലുകളെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളിലടക്കം വസ്തുതാപരമല്ലാത്ത സന്ദേശങ്ങളും പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. ചൂടിന്റെ പ്രതിരോധത്തിനൊപ്പം ഇത്തരം വ്യാജ സന്ദേശങ്ങൾക്കുള്ള പ്രതിരോധം കൂടി തീർക്കേണ്ടതുണ്ട്. heatwave

താപനില 40 ഡിഗ്രി സെൽഷ്യസിൽ എത്തിനിൽക്കുന്നതു കൊണ്ട് തന്നെ കനത്ത ചൂടിൽ നിന്ന് രക്ഷപെടാൻ ഉടനടി വളരെ തണുത്ത വെള്ളം കുടിക്കരുതെന്ന് ഡോക്ടർമാർ ഉപദേശിക്കുന്നുവെന്ന സന്ദേശമാണ് അത്തരത്തിൽ പ്രചരിക്കുന്ന  വാർത്ത. നമ്മുടെ ചെറിയ രക്തക്കുഴലുകൾ പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതിനാൽ താപനില 40 ഡിഗ്രി സെൽഷ്യസിൽ എത്തുമ്പോൾ വളരെ തണുത്ത വെള്ളം കുടിക്കരുതെന്ന് ഡോക്ടർമാർ ഉപദേശിക്കുന്നു. ചൂടുള്ള അന്തരീക്ഷ്ത്തിൽ നിന്ന് വീട്ടിലെത്തിയാൽ തണുത്ത വെള്ളത്തിൽ കൈകൾ കാലുകൾ മുഖം എന്നിവ കഴുകുന്നത് കുഴഞ്ഞുവീഴാൻ ഇടയാക്കുമെന്നാണ് മറ്റൊരു നിർദേശം. ചൂട് 38 ഡിഗ്രി സെൽഷ്യസിൽ എത്തുമ്പോൾ, വീട്ടിൽ എത്തിയാൽ തണുത്ത വെള്ളം ഒഴിവാക്കുക , ചെറുചൂടുള്ള വെള്ളം മാത്രം പതുക്കെ കുടിക്കുക. നിങ്ങളുടെ ശരീരം ചൂടുള്ള വെയിലേറ്റാൽ ഉടൻ കുളിക്കുകയോ കഴുകയോ ചെയ്യരുത് , കഴുകുന്നതിനോ കുളിക്കുന്നതിനോ മുമ്പായി കുറഞ്ഞത് അരമണിക്കൂറെങ്കിലും കാത്തിരിക്കുക.ചൂടിൽ നിന്ന് വന്ന് തണുക്കാൻ ആഗ്രഹിച്ച് ഉടനെ കുളിച്ച ചിലർക്കെങ്കിലും കുളിച്ചതിന് ശേഷം, താടിയെല്ല് തളർന്ന് സ്ട്രോക്ക് ബാധിച്ച അവസ്ഥ ഉണ്ടായിട്ടുണ്ട്. എന്നീ നിർദ്ദേശങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

എന്നാൽ ഇത്തരം സന്ദേശങ്ങൾ കപടശാസ്ത്രത്തിന്റെ ഭാഗമാണെന്ന് ഡോക്ടർ മനോജ് പറയുന്നു. ഒരുപാട് നേരം വെയിൽ കൊള്ളുന്ന സാഹചര്യങ്ങളിൽ തണുത്ത വെള്ളത്തിൽ കുളിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും നല്ലതാണ്. ഈ രീതികൾ സ്‌ട്രോക്, തളർച്ച തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴി വയ്ക്കുമെന്ന് പറയുന്നതിൽ ശാസ്തഗ്രിയുമായി അടിസ്ഥാനമില്ല. ചായ, കാപ്പി, മദ്യം, ശീതളപാനീയങ്ങൾ തുടങ്ങിയവ നിർജ്ജലീകരണത്തിന് വഴി വയ്ക്കുമെന്നതിനാൽ, അതൊഴുവാക്കുന്നത് ഗുണം ചെയ്യും. പ്രായമായവരും, കുട്ടികളും പരമാവധി വെയിൽ കൊള്ളാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹം, ഹൈപ്പർടെൻഷൻ തുടങ്ങിയ ജീവിത ശൈലി രോഗങ്ങൾ നിയന്ത്രണത്തിൽ ആണെന്ന് ഉറപ്പുവരുത്തുക. സാധിക്കുമെങ്കിൽ സൺ പ്രൊട്ടസ്റ്റിംഗ് ഗ്ലാസ്, ക്രീമുകൾ തുടങ്ങിയവ ഉപയോഗിക്കാൻ ശ്രമിക്കുക. കഠിനമായ ചൂട് പലപ്പോഴും ശരീരത്തിൽ പ്രധാനമായും മൂന്നുതരത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.

നിർജ്ജലീകരണം (DEHYDRATION)

ശരീരത്തിൽ നിന്നും ജലം അമിതമായി വിയർപ്പിലൂടെ നഷ്ടപ്പെടുന്നതാണ് ഈ അവസ്ഥക്ക് വഴി വയ്ക്കുന്നത്. കൂടാതെ നേരിട്ടുള്ള ബാഷ്പീകരണം വഴിയും ധാരാളം ജലം നഷ്ടപ്പെടുന്നുണ്ട്. നിർജ്ജലീകരണം മിക്കവാറും അവയവങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെങ്കിലും ഏറ്റവും ആദ്യം ബാധിക്കുന്നത് മൂത്രസഞ്ചാരത്തെയും വൃക്കകളെയുമാണ്. മൂത്രത്തിൻറെ അളവുകുറയുന്നത് മൂത്രത്തിൽ അണുബാധ ഉണ്ടാകുന്നതിനുള്ള സാധ്യത പതിന്മടങ്ങ്‌ വർദ്ധിപ്പിക്കുന്നു. തലച്ചോറിൻറെയും പ്രവർത്തനങ്ങൾ മന്ദീഭവിക്കാൻ ഇതുകാരണമാകും. ധാരാളം വെള്ളം കുടിക്കുക മാത്രമേയുള്ളൂ പോംവഴി. ഒരു ദിവസം കുറഞ്ഞത് രണ്ടര – മൂന്നു ലിറ്റർ വെള്ളം കുടിക്കണം. മദ്യം, കാപ്പി, ചായ, കോളകൾ തുടങ്ങിയവ പരമാവധി ഒഴിവാക്കണം. പകരം പഴങ്ങളും പഴച്ചാറുകളും ധാരളമായി ഉപയോഗിക്കാം.

ചൂടുകുരു/ വെപ്പ് (മിലിയേരിയ)

ചെറിയ ചെറിയ കുരുക്കൾ വിയർക്കുന്ന ശരീരഭാഗങ്ങളിൽ ചൂടുകാലത്ത് പ്രത്യക്ഷപ്പെടുന്നതിനെയാണ് വെപ്പ് അഥവാ ചൂടുകുരു എന്ന് പറയുന്നത്. വിയർപ്പുഗ്രന്ഥികളുടെ വായ അടഞ്ഞുപോകുന്നത് കൊണ്ടുണ്ടാകുന്ന കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമുണ്ടാക്കാത്ത ഒന്നാണിത്. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും ധാരാളം വെള്ളം കുടിക്കുകയും തണുത്ത വെള്ളത്തിൽ രണ്ടുനേരം കുളിക്കുകയും ചെയ്താൽ ഇത് സ്വയമേ പരിഹരിക്കപ്പെടും.

സൂര്യാഘാതം

സൂര്യാഘാതമാണ് ഏറ്റവും ഗുരുതരമായ പ്രശ്നം. ഇതിൽ തന്നെ അത്ര സാരമല്ലാത്ത സൂര്യാതപം (SUNBURN) ചർമ്മത്തെ ആണ് കൂടുതലായും ബാധിക്കുന്നത്. അധികനേരം വെയിലേറ്റ ഭാഗങ്ങളിൽ തൊലിപ്പുറത്ത് ആദ്യം മുളകരച്ചു പുരട്ടിയ പോലുള്ള നീറ്റലോ, വെള്ളം വീഴുമ്പോൾ പുകച്ചിലോ തോന്നും. ഒന്ന് രണ്ടുദിവസത്തിനകം തൊലിയുടെ മേൽപ്പാളി പൊളിഞ്ഞിളകും. ക്രമേണ ചർമ്മം പഴയപടി ആയിത്തീരും. സൂര്യനിൽ നിന്നും വരുന്ന അൾട്രാവയലറ്റ് രശ്മികളാണ് ഇവിടുത്തെ പ്രധാനവില്ലന്മാർ.

എന്നാൽ ഗുരുതരമായ സൂര്യാഘാതം (SUNSTROKE) രണ്ടുതരത്തിൽ പ്രശ്നങ്ങളുണ്ടാക്കാം. രണ്ടോ മൂന്നോ ദിവസങ്ങൾകൊണ്ട് സാവധാനം രൂപപ്പെടുന്നതാണ് ഒന്നാമത്തേത്. മുതിർന്നവരിലും വൃദ്ധജനങ്ങളിലുമാണ് ഈ വിഭാഗത്തിൽപെട്ട സൂര്യാഘാതം കണ്ടുവരുന്നത്. ആവശ്യത്തിന് വെള്ളം കുടിക്കാതെ അമിത ചൂടുള്ള അന്തരീക്ഷത്തിൽ കഴിയുന്നവർക്കാണ് ഈ പ്രശ്നമുണ്ടാകുന്നത്. തലച്ചോറിന്റെ പ്രവർത്തനമാന്ദ്യമാണ് സൂര്യാഘാതത്തിന്റെ മുഖ്യലക്ഷണം. അസാധാരണമായ പെരുമാറ്റം, സ്ഥലകാല വിഭ്രാന്തി, ആശയക്കുഴപ്പം തുടങ്ങിയവ മുതൽ അപസ്മാര ചേഷ്ടകൾക്കും തുടർന്ന് ഗാഢമായ അബോധാവസ്ഥക്കും (കോമ) വരെ ഇടയാക്കുന്നു.

രണ്ടാമത്തേത്, മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തവരിൽ അമിത ചൂടിൽ അത്യധ്വാനത്തിലേർപ്പെടുന്നതിനെ തുടർന്ന് ഉണ്ടാകുന്ന സൂര്യാഘാതമാണ്. പേശികളിലെ പ്രോട്ടീനുകൾ വിഘടിക്കുകയും ഇത് വൃക്കകളിൽ അടിഞ്ഞുകൂടി വൃക്കസ്തംഭനം ഉൾപ്പടെയുള്ള സങ്കീർണതകൾ ഉണ്ടാകുകയും ചെയ്യുന്നു. അത്യധ്വാനത്തെ തുടർന്നുണ്ടാകുന്ന സൂര്യാഘാതമേറ്റവരിൽ ആദ്യം പറഞ്ഞതിൽ നിന്നും വ്യത്യസ്തമായി ശരീരം വിയർത്ത് നനഞ്ഞിരിക്കും. സൂര്യാഘാതമുണ്ടായാൽ ഉടൻതന്നെ ശരീരം തണുപ്പിക്കുന്നതിന് തീവ്രപരിചരണം നൽകിയില്ലെങ്കിൽ മരണനിരക്ക് 60-75 ശതമാനം വരെയാകാം. സൂര്യാഘാതത്തിൽ നിന്ന് രക്ഷപ്പെട്ടവർക്കുപോലും 20 ശതമാനത്തിനും തലച്ചോറിൽ സ്ഥായിയായ വൈകല്യമുണ്ടാകാനിടയുണ്ട്. ഓർമക്കുറവ്, നാഡീഞരമ്പുകളുടെ തളർച്ച എന്നിവ കൂടാതെ വൃക്ക തകരാറുകളും തുടരാനിടയുണ്ട്.

സൂര്യാഘാതത്തിൻറെ  ലക്ഷണങ്ങൾ (WARNING SIGNS)

വിളർച്ച ബാധിച്ച പോലത്തെ ചർമ്മം, ക്ഷീണം, ഓക്കാനവും ചെറിയ തലകറക്കവും, സാധാരണയിലധികമായി വിയർക്കുക, ഉയർന്ന തോതിലുള്ള ഹൃദയമിടിപ്പ്, ആഴം കുറഞ്ഞ എന്നാൽ വേഗം കൂടിയ ശ്വാസമെടുപ്പ്, പേശികളുടെ കോച്ചിപ്പിടുത്തം തുടങ്ങി ഈ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ, ഉടനെ അടുത്തുള്ള തണലിൽ/ തണുപ്പുള്ള സ്ഥലത്തുപോയി വിശ്രമിക്കണം. ഉപ്പും പഞ്ചസാരയും ലയിപ്പിച്ച വെള്ളം ധാരാളം കുടിക്കണം. അരമണിക്കൂർ കഴിഞ്ഞും ബുദ്ധിമുട്ടുകൾ മാറുന്നില്ലായെങ്കിൽ ഡോക്ടറെ കാണണം.

ഉടനെ ചികിത്സ ലഭ്യമാക്കേണ്ട സാഹചര്യങ്ങൾ

ചർമ്മം ഒട്ടും തന്നെ വിയർക്കാത്ത അവസ്ഥ. ഒപ്പം ചൂടുള്ളതും വരണ്ടതും ആണെങ്കിൽ ചികത്സ ഉറപ്പാക്കേണ്ടിയിരിക്കുന്നു. സ്ഥലകാല വിഭ്രാന്തി, ബോധക്ഷയം, വിങ്ങുന്ന തലവേദന, ചർദ്ദി, ശ്വാസംമുട്ടൽ തുടങ്ങിയ സാഹചര്യങ്ങളിൽ ഉടനടി ചികത്സ ലഭ്യമാക്കേണ്ടിയിരിക്കുന്നു.

സൂര്യാഘാതമേറ്റാൽ എന്തുചെയ്യണം?

ആഘാതമേറ്റയാളെ ഉടൻതന്നെ തണലുള്ള ഒരു സ്ഥലത്തേക്ക് മാറ്റണം
വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റണം
മൂക്കിലോ വായിലോ ഒക്കെ പറ്റിപ്പിടിച്ചിരിക്കുന്ന തുപ്പലും പതയുമൊക്കെ ഉണ്ടെങ്കിൽ തുടച്ചുമാറ്റുക
തണുത്ത വെള്ളം കൊണ്ട് ദേഹം തുടർച്ചയായി തുടക്കുക. വെള്ളത്തിൽ മുക്കിയ ഷീറ്റുകൊണ്ട് ദേഹം പൊതിയാം. ഐസ് കട്ടകൾ ശരീരഭാഗങ്ങളിൽ പ്രത്യേകിച്ചും കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നത് നന്നായിരിക്കും
തുടർന്ന് ശക്തിയായി വീശുകയോ ഫാൻകൊണ്ട് ദേഹം തണുപ്പിക്കുകയോ ചെയ്യുക
കൈകാലുകൾ തിരുമ്മിക്കൊടുക്കുന്നത് താപനഷ്ടത്തെ പ്രോത്സാഹിപ്പിക്കും
രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുക

 നിർജലീകരണവും ക്ഷീണവും ഒഴിവാക്കാൻ ദിവസവും രണ്ടു-മൂന്നു ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉപ്പിട്ട് കുടിക്കാം. ചായ, കാപ്പി തുടങ്ങിയവ കുറയ്ക്കുക. കൃത്രിമ ശീതളപാനീയങ്ങൾ, ബിയർ, മദ്യം എന്നിവ ഒഴിവാക്കണം. ഇവ താൽക്കാലികമായി ദാഹശമനം വരുത്തുമെങ്കിലും തുടർന്ന് അമിത ദാഹമുണ്ടാക്കുകയും ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവെക്കുകയും ചെയ്യും. പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ തുടങ്ങിയവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. മാംസാഹാരം മിതമാക്കുക. അമിത ചൂടിൽ തുറസ്സായ സ്ഥലത്തെ അധ്വാനം, കായിക പരിശീലനം തുടങ്ങിയവ ഒഴിവാക്കുക.രാവിലെ പതിനൊന്നു മണിമുതൽ ഉച്ചക്ക് മൂന്നുമണി വരെയുള്ള വെയിൽ കൊള്ളുന്നത് സാധിക്കുമെങ്കിൽ ഒഴിവാക്കണം. വെയിലത്തിറങ്ങുമ്പോൾ കുട കരുതുക. നൈലോൺ, പോളിയെസ്റ്റർ വസ്ത്രങ്ങൾ ഒഴിവാക്കുക, അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക. പനിയോ വിട്ടുമാറാത്ത ക്ഷീണമോ ഉണ്ടായാൽ വൈദ്യസഹായം തേടുക. കുട്ടികളോ പ്രായമായവരോ വീട്ടിലുണ്ടെങ്കിൽ അവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

വിവരങ്ങൾ പങ്കുവച്ചത്; ഡോ. മനോജ് വെള്ളനാട്, ഇൻഫോക്ലിനിക്

English summary; Expert advice on coping with a heatwave heatwave

Advertisement
×