UPDATES

പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച ത്രില്ലര്‍ ഷോ

സിറ്റി പരാജയപ്പെടുകയോ സമനിലയില്‍ കുടുങ്ങുകയോ ചെയ്താല്‍ എവര്‍ട്ടനെ കീഴടക്കി ആര്‍സനലിനു കിരീടമണിയാം

                       

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ലീഗെന്ന വിശേഷണം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് വെറുതെയങ്ങ് ചാര്‍ത്തിക്കിട്ടിയതല്ല. യൂറോപ്പിലെ മറ്റു മുന്‍നിര ലീഗുകളിലെല്ലാം നാലും അഞ്ചും മത്സരങ്ങള്‍ ബാക്കിയിരിക്കെ തന്നെ ചാമ്പ്യന്‍മാരെ കണ്ടെത്തിക്കഴിഞ്ഞു. സ്പാനിഷ് ലാ ലിഗയില്‍ ബദ്ധവൈരികളായ ബാര്‍സലോണയെ നിഷ്പ്രഭമാക്കി റയല്‍ മാഡ്രിഡും ഇറ്റാലിയന്‍ സിരി എയില്‍ അയല്‍ക്കാരായ എ.സി. മിലാനെ ബഹുദൂരം പിന്നിലാക്കി ഇന്റര്‍ മിലാനും നേരത്തെ തന്നെ കപ്പുയര്‍ത്തി. ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ സ്ഥിരം ചാമ്പ്യന്‍മാരായി വിലസിയിരുന്ന ബയേണ്‍ മ്യൂണിക്കിനെ ഇത്തവണ ഏറെ പിന്നിലാക്കി സാബി അലോന്‍സോയെന്ന സ്പാനിഷ് പരിശീലകന്റെ മികവില്‍ ബയേര്‍ ലെവര്‍കുസെനും ജേതാക്കളായി. എന്നാല്‍ ആകെയുള്ള 38 റൗണ്ടില്‍ 37ഉം കഴിഞ്ഞിട്ടും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തില്‍ ഇത്തവണ ആരു മുത്തമിടുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഈ 19ന് ഞായറാഴ്ചയാണ് പ്രീമിയര്‍ ലീഗില്‍ ത്രില്ലര്‍ ക്ലൈമാക്‌സ്. കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്കാണോ ആര്‍സണലിനാണോ എന്നറിയാന്‍ 19ന് രാത്രി ഇന്ത്യന്‍ സമയം 8.30ന് ആരംഭിക്കുന്ന അവസാന റൗണ്ട് മത്സരങ്ങള്‍ക്ക് ഫൈനല്‍ വിസില്‍ മുഴങ്ങേണ്ടിവരും. ഇതുതന്നെയാണ് പ്രീമിയര്‍ ലീഗിനെ മറ്റു ലീഗുകളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. ആദ്യാവസാനം പൊരുതിക്കളിച്ചുവേണം കപ്പിലേക്കെത്താന്‍ എന്നു സാരം. Premier League.
37 മത്സരങ്ങളില്‍ 88 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ആണ് നിലവില്‍ ലീഗില്‍ ഒന്നാമത്. ആര്‍സനലിന് അത്രയും കളികളില്‍ 86 പോയിന്റ്. അവസാന മത്സരത്തില്‍ സിറ്റിക്ക് വെസ്റ്റ്ഹാം ആണ് എതിരാളികള്‍. തുടര്‍ച്ചയായ നാലാം പ്രീമിയര്‍ ലീഗ് കിരീടം തേടിയാണ് സിറ്റി വെസ്റ്റ്ഹാമിനെ നേരിടാനിറങ്ങുന്നത്. അവസാന 12 സീസണുകളില്‍ അവര്‍ ഏഴു തവണ കിരീടം ചൂടി. മാഞ്ചസ്റ്ററിലെ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ രാജകീയ ജയവുമായി കിരീടമുയര്‍ത്തുകയാവും പെപ് ഗ്വാര്‍ഡിയോളയുടെ കുട്ടികളുടെ ലക്ഷ്യം. ഗണ്ണേഴ്‌സിനാവട്ടെ എവര്‍ട്ടന്‍ ആണ് എതിരാളികള്‍. നിലവിലെ സ്ഥിതിയില്‍ അവസാന മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇരു ടീമുകള്‍ക്കും ആശ്വാസകരമല്ല. തുടര്‍ച്ചയായ അഞ്ചു ജയവുമായി ഉജ്വല ഫോമിലുള്ള സിറ്റിക്കു തന്നെയാണ് സാദ്ധ്യതകള്‍. സ്വന്തം സ്റ്റേഡിയത്തില്‍ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ്ഹാമിനോട് അവര്‍ പരാജയപ്പെടാന്‍ സാധ്യത നന്നേ കുറവാണ്. അവസാന മത്സരത്തില്‍ ഇരുടീമുകളും ജയിച്ചാലും പരാജയപ്പെട്ടാലും സമനില ആയാലും സിറ്റി ജേതാക്കളാകും. എന്നാല്‍ സിറ്റി പരാജയപ്പെടുകയോ സമനിലയില്‍ കുടുങ്ങുകയോ ചെയ്താല്‍ എവര്‍ട്ടനെ കീഴടക്കി ആര്‍സനലിനു കിരീടമണിയാം. സിറ്റിക്കു സമനിലയും ആഴ്‌സണല്‍ ജയിക്കുകയും ചെയ്താല്‍ ഇരു ടീമിനും 89 പോയിന്റ് ആകും. അതോടെ ഗോള്‍ വ്യത്യാസത്തില്‍ നേരിയ മുന്‍തൂക്കമുള്ള പീരങ്കിപ്പടയ്ക്ക് നീണ്ട 20 വര്‍ഷത്തിന് ശേഷം പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിടാം.

സിറ്റിയുടെ പ്രതീക്ഷ

നോര്‍വീജിയന്‍ സ്‌ട്രൈക്കര്‍ ഏര്‍ലിംഗ് ഹാലണ്ടിന്റെ കാല്‍ക്കരുത്തിലാണ് സിറ്റിയുടെ പ്രതീക്ഷ. ഹാലണ്ടിന്റെ ബൂട്ട് ഫൈനല്‍ മാച്ചിലും നിറയൊഴിച്ചാല്‍ ഗ്വാര്‍ഡിയോളയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകും. നിര്‍ണായകമായ 37-ാം റൗണ്ടില്‍ കരുത്തരായ ടോട്ടനം ഹോട്ട്‌സ്പറിനെ സിറ്റി കിഴടക്കിയത് ഹാലണ്ടിന്റെ ഇരട്ട ഗോളുകളുടെ പിന്‍ബലത്തിലായിരുന്നു. നിലവില്‍ 27 ഗോളുകളുമായി ഹാലണ്ട് ലീഗിലെ ടോപ് സ്‌കോററാണ്. കഴിഞ്ഞ സീസണിലും ഹാലണ്ടിന്റെ കരുത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റി ട്രിപ്പിള്‍ കിരീടമണിഞ്ഞത്.
പോയിന്റ് പട്ടികയിലെ ആദ്യ നാലു സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റി, ആര്‍സണല്‍, ലിവര്‍പൂള്‍, ആസ്റ്റന്‍വില്ല എന്നിവര്‍ അടുത്ത ചാമ്പ്യന്‍സ് ലീഗിന് യോഗ്യത ഉറപ്പിച്ചുകഴിഞ്ഞു. അഞ്ചാം സ്ഥാനത്തുള്ള ടോട്ടന്‍ഹാമിന് അവസാന മത്സരം തോല്‍ക്കാതിരുന്നാല്‍ അടുത്ത യൂറോപ്പ ലീഗ് ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് യോഗ്യത നേടാം. പരാജയപ്പെട്ടാല്‍ തൊട്ടുപിന്നിലുള്ള ചെല്‍സിക്ക് അവസരം കൈവരും. ചെല്‍സി ജയിക്കുന്നപക്ഷം അവര്‍ക്കാകും യൂറോപ്പ യോഗ്യത. ആറാം സ്ഥാനക്കാര്‍ക്ക് കോണ്‍ഫറന്‍സ് ലീഗിനും യോഗ്യത ലഭിക്കും. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ ലൂട്ടന്‍ ടൗണ്‍, ബേണ്‍ലി, ഷെഫീല്‍ഡ് യുണൈറ്റഡ് ടീമുകള്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് ഇത്തവണ തരംതാഴ്ത്തപ്പെടും. മുന്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇത്തവണയും നിരാശപ്പെടുത്തി. നിലവില്‍ എട്ടാം സ്ഥാനത്താണ് ചുവന്ന ചെകുത്താന്മാര്‍.
യൂറോപ്പിലെ ഏറ്റവും കോംപ്പെറ്റിറ്റീവ് ആയ ലീഗ് എന്ന ഖ്യാതി ഒക്കെയുണ്ടെങ്കിലും കഴിഞ്ഞ സീസണില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനലില്‍ ഒരു ഇംഗ്ലീഷ് ടീം പോലും ഇടംപിടിച്ചിരുന്നില്ല. 2023 സീസണില്‍ ജേതാക്കളായിരുന്ന സിറ്റിയും അര്‍സനലും ക്വാര്‍ട്ടറില്‍ തന്നെ മുട്ടുമടക്കിയിരുന്നു.

 

English Summary: Premier League things to look out for on the final day of the season

Share on

മറ്റുവാര്‍ത്തകള്‍