കോഴിക്കോട് പന്തീരാങ്കാവില്‍ നവവധുവിന് ക്രൂര മര്‍ദനമേറ്റ കേസിലെ പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. സംഭവം റിപ്പോര്‍ട്ട് ചെയ്ത ദിവസം ആ കുടുംബത്തിനൊപ്പം നില്‍ക്കുകയാണ് സമാന കേസില്‍ ആലുവയില്‍ ആത്മഹത്യ ചെയ്ത മോഫിയ പര്‍വീണിന്റെ പിതാവ് ദില്‍ഷാദ്. നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് രാഹുലിന്റെ രക്ഷപ്പെടലിന് വഴിയൊരുക്കിയതിനാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. ഇക്കാര്യം ഇയാള്‍ സമ്മതിച്ചതായാണ് വിവരം.
എന്നാല്‍ ഈ വിഷയം പിന്തുടരുന്ന മോഫിയയുടെ പിതാവ് ദില്‍ഷാദ് പറയുന്നത്, രാജേഷ് എന്ന രാഹുലിന്റെ സുഹൃത്ത് വിവാഹത്തിന് മുന്‍പ് തന്നെ രാഹുലിന്റെ വീട്ടിലുണ്ടെന്നാണ് അദ്ദേഹത്തിനും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കും ലഭിച്ച വിവരമെന്നാണ്. വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടും രാജേഷ് ഈ വീട്ടില്‍ താമസിക്കുകയായിരുന്നു. രാജേഷ് ദമ്പതികളുടെ തൊട്ടടുത്ത മുറിയില്‍ ഉണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയും വ്യക്തമാക്കുന്നുണ്ട്. മര്‍ദ്ദിക്കപ്പെട്ടപ്പോഴും പെണ്‍കുട്ടി നിലവിളിച്ച് ഓടിയപ്പോഴും ഇയാള്‍ സാക്ഷിയായി അവിടെയുണ്ടായിരുന്നു. പോരാത്തതിന് രാജേഷ് കോഴിക്കോട് പൊക്കുന്നം സ്വദേശിയാണ്. രാഹുലിന്റെ വീട്ടില്‍ നിന്ന് വെറും 5 കിലോമീറ്റര്‍ ദൂരം പോലും രാജേഷിന്റെ വീട്ടിലേക്കില്ല. അപ്പോഴും രാഹുലിന്റെ വീട്ടില്‍ തന്നെയാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. ഇവര്‍ തമ്മിലുള്ള ഇടപാടുകള്‍ അന്വേഷിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുമെന്നും അദ്ദേഹം പറയുന്നു. രാജേഷ് ആ വീട്ടില്‍ അത്രയും കാലം കഴിഞ്ഞത് തന്നെ ദുരൂഹമാണ്. പോലീസ് ചോദിച്ചപ്പോള്‍ ആദ്യ ഘട്ടത്തില്‍ രാഹുലിന്റെ അമ്മ രാജേഷ് രണ്ട് ദിവസം മുന്‍പേ വീട്ടില്‍ നിന്ന് പോയി എന്നാണ് പറഞ്ഞത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വീണ്ടും ചോദിച്ചപ്പോഴാണ് തിരുത്തി രാജേഷ് സ്ഥലത്തുണ്ടായിരുന്നത് സമ്മതിച്ചത്. പെണ്‍കുട്ടി മര്‍ദ്ദനമേറ്റ് വീണപ്പോള്‍ രാഹുല്‍ ആദ്യം വിളിച്ചതും രാജേഷിനെ ആയിരുന്നു. പീഡന ഗൂഢാലോചനയില്‍ ഇയാള്‍ക്കും പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തന്റെ മകള്‍ക്കുണ്ടായ അതേ അനുഭവങ്ങളില്‍ കൂടിയാണ് പോലീസ് സ്‌റ്റേഷനില്‍ ആ പെണ്‍കുട്ടിയും വീട്ടുകാരും കടന്ന് പോയതെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുലിനെ രക്ഷപ്പെടുത്തിയത് പോലീസാണ്. ജാമ്യമില്ലാ വകുപ്പ് ചുമത്തേണ്ട ആളെ നാട് വിടാന്‍ സഹായിച്ചതാണ്. പോലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ദില്‍ഷാദ് ആരോപിച്ചു. അതേസമയം, ജര്‍മനിയില്‍ നിന്ന് രാഹുല്‍ ഫോണ്‍ വഴി ബന്ധുക്കളെ ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ രാഹുലിന്റെ ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. കേസില്‍ രാഹുലിന്റെ മാതാവ്, സഹോദരി എന്നിവര്‍ക്ക് പോലീസ് നോട്ടീസ് നല്‍കി. സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന കേസിലാണ് നോട്ടീസ്. മര്‍ദ്ദനത്തിന് രാഹുലിനെ പ്രേരിപ്പിച്ചത് മാതാവാണെന്ന് യുവതി ആരോപിച്ചിരുന്നു.പോലീസ് പ്രതിയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി യുവതിയും കുടുംബവും പരാതി സമര്‍പ്പിച്ചതിന് പിന്നാലെ എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ സംഭവത്തില്‍ ഇടപെടല്‍ നടത്തുകയും പരാതി അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. വീഴ്ച കണ്ടെത്തിയതോടെ പന്തീരാങ്കാവ് എസ് എച്ച് ഒ എ എസ് സരിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇപ്പോഴത്തെ അന്വേഷണം ശരിയായ ദിശയിലാണെന്നും, പ്രതീക്ഷയുണ്ടെന്നും യുവതിയുടെ പിതാവ് പറഞ്ഞു.
English Summary: Pantheerankavu domestic violence case