സവര്‍ണന്റെ വെള്ളത്തില്‍ തൊട്ടു പോയതിന്റെ പേരില്‍ എട്ടു വയസുകാരന് ക്രൂരമര്‍ദ്ദനം. രാജസ്ഥാനിലെ ആല്‍വാറിലുള്ള ഒരു ഗ്രാമത്തില്‍ നിന്നാണു ജാതി ക്രൂരതയുടെ ഈ വാര്‍ത്ത.
ശനിയാഴ്ച്ച രാവിലെ ഒമ്പതരയോടെ, നാലാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി വെള്ളം കുടിക്കാനായി സ്‌കൂള്‍ പരിധിയില്‍ സ്ഥാപിച്ചിരിക്കുന്ന ഹാന്‍ഡ് പമ്പിന് സമീപത്തേക്ക് വന്നു. ഈ സമയം പമ്പില്‍ നിന്നും ഉയര്‍ന്ന് ജാതിക്കാരനെന്ന് അവകാശപ്പെടുന്നൊരാള്‍ ബക്കറ്റിലേക്ക് വെള്ളം നിറച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ ബക്കറ്റില്‍ അറിയാതെ തൊട്ടു എന്നതാണ് വിദ്യാര്‍ത്ഥി ചെയ്ത ‘കുറ്റം’. തന്റെ വെള്ളം കീഴ്ജാതിക്കാരന്‍ തൊട്ട് അശുദ്ധമാക്കിയെന്നാരോപിച്ചാണ് ദളിതനായ എട്ടു വയസുകാരനെ ക്രൂരമായി തല്ലിയത്.
വിദ്യാര്‍ത്ഥിയുടെ പിതാവ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുട്ടിയുടെ നിലവിളി കേട്ട് ബന്ധുക്കള്‍ ചെന്നു നോക്കുമ്പോഴാണ് മര്‍ദ്ദനത്തിരയായ കുട്ടിയെ കാണുന്നതെന്നാണ് പിതാവ് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നത്. വിവരമറിഞ്ഞ് താന്‍ മര്‍ദ്ദിച്ചയാളുടെ വീട്ടില്‍ പോയി കണ്ടെന്നും, എന്നാല്‍ അയാള്‍ കുട്ടിയെ മര്‍ദ്ദിച്ചതില്‍ ക്ഷമാപണം നടത്താന്‍ പോലും തയ്യാറാകാതെ വീണ്ടും ജാതിയാക്ഷേപം നടത്തുകയായിരുന്നുവെന്നും പിതാവ് പറയുന്നു. ഈ സംഭവത്തിന്റെ പേരില്‍ അയാള്‍ക്കെതിരേ ഒന്നും ചെയ്യാന്‍ ഞങ്ങളെക്കൊണ്ട് കഴിയില്ലെന്നു വെല്ലുവിളിച്ചതായും കുട്ടിയുടെ പിതാവ് പരാതിപ്പെടുന്നുണ്ട്.
സംഭവത്തിന്റെ ആഘാത്തതില്‍ നിന്നും കുട്ടി ഇതുവരെ മോചിതനായിട്ടില്ല. ഇനി സ്‌കൂളിലേക്ക് പോകില്ലെന്നാണ് പറയുന്നത്. പോയാല്‍ അയാള്‍ വീണ്ടും അവനെ ഉപദ്രവിക്കുമെന്ന ഭയമാണ്, പിതാവ് പറയുന്നു. കുറ്റവാളിക്ക് അര്‍ഹമായ ശിക്ഷ കിട്ടണമെന്നാണ് ഈ പിതാവ് ആഗ്രഹിക്കുന്നത്.
പരാതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം നടക്കുകയാണെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സവായ് സിംഗ് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു. കുറ്റാരോപിതനെ ചോദ്യം ചെയ്തിട്ടുണ്ട്. കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ നടപടികളുമായി മുന്നോട്ടു പോകും. കുട്ടിക്ക് സ്‌കൂളില്‍ പോകാന്‍ സുരക്ഷ ഉറപ്പാക്കും, ഇനി ഇതുപോലുള്ള യാതൊന്നും സംഭവിക്കില്ലെന്ന് ഞങ്ങള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്; സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറയുന്നു.