UPDATES

ജൂലിയറ്റിന്റെ വലത്തേ മാറിടം തൊട്ട് പ്രണയഭാഗ്യം തേടുന്നവര്‍

വെറോണയിലെ പ്രതിമയ്ക്ക് സഞ്ചാരികള്‍ കേടുപാട് വരുത്തിയിരിക്കുന്നു

                       

പ്രണയം പൂവണിയാത്തവരുടെ നിര്‍ഭാഗ്യം നീങ്ങുമെന്ന് ലോകം വിശ്വസിക്കുന്നൊരു ആചാരമുണ്ട്. ഇറ്റലിയിലെ വെറോണ നഗരത്തില്‍ സ്ഥിതി ചെയ്യുന്നൊരു വെങ്കല പ്രതിമയാണ് പ്രണയഭാഗ്യത്തെ അനുഗ്രഹിക്കുന്നത്! ആ പ്രതിമ മറ്റാരുടെയുമല്ല; ഷേക്‌സ്പിയറിന്റെ അനശ്വര പ്രണയ നായിക ജൂലിയറ്റിന്റെതാണ്. വെറോണയിലെ ജൂലിയറ്റ് പ്രതിമയുടെ വലത്തേ മാറിടത്തില്‍ തൊട്ടാല്‍ പ്രണയം പൂവണിയും. ‘ എവിടെ എന്റെ റോമിയോ?’ എന്ന ചോദ്യത്തിനുള്ള ഉത്തരവും കിട്ടും! ലോകം അങ്ങനെ വിശ്വസിക്കുന്നു.

പ്രണയപൂര്‍ത്തീകരണത്തിന് ജൂലിയറ്റ് പ്രതിമയുടെ മാറിടത്തില്‍ തൊടുന്നത് ഇപ്പോഴൊരു ആചാരമാണ്. ദിവസേന നൂറു കണക്കിന് സഞ്ചാരികളാണ് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഇറ്റലിയിലെ തെക്കന്‍ നഗരത്തിലേക്ക് എത്തുന്നത്. റോമിയോ ജൂലിയറ്റിന്റെ പ്രണയാഭ്യര്‍ത്ഥന നടത്തിയെന്ന് കരുതപ്പെടുന്ന ഒരു മട്ടുപ്പാവിന് കീഴിലായി ചെറു മുറ്റത്താണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. കാലങ്ങളായി ലോകത്തിന്റെ സവിശേഷമായ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണിത്. ജൂലിയറ്റ് പ്രതിമയെ സ്പര്‍ശിക്കാനും അതിനു മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാനും ആരാധകരുടെ ഒഴുക്കാണ്.

ഇപ്പോഴത്തെ പ്രശ്‌നം എന്തെന്നാല്‍, തൊട്ട് തൊട്ട് ജൂലിയറ്റിന് കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നുവെന്നതാണ്. പ്രണയദാഹികള്‍ തുടര്‍ച്ചയായി തൊടുന്നതിന്റെ ഫലമായി പ്രതിമയുടെ വലത്തേ മാറിടത്തില്‍ ചെറിയ ദ്വാരം പ്രത്യക്ഷപ്പെട്ടിരിക്കുന്നുവെന്ന് പ്രാദേശിക പത്രമായ ‘ ലാ അരീന’ പറയുന്നതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിപ്പോള്‍ രണ്ടാം തവണയാണ് സഞ്ചാരികളുടെ ‘ സപര്‍ശനം’ ജൂലിയറ്റിന് കേടുപാടുകള്‍ വരുത്തുന്നത്. ഇപ്പോള്‍ കാണുന്ന പ്രതിമ ഒറിജനല്‍ അല്ല. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ഒറിജനല്‍ പ്രതിമ 2014 ല്‍ മാറ്റിയിരുന്നു. പഴയതിന്റെ മാതൃകയാണ് ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നത്. പതിമൂന്നര ലക്ഷത്തിന് മുകളില്‍ പണം ചെലവാക്കിയാണ് പുതിയ മാതൃക സ്ഥാപിച്ചിരിക്കുന്നത്. കത്തോലിക്ക അസോസിയേഷനാണ് പ്രതിമ സ്ഥാപിക്കാനുള്ള പണം മുടക്കിയത്.

ജൂലിയറ്റ് പ്രതിമ ആരാധക സ്‌നേഹം പിടിച്ചുപറ്റുന്നതുപോലെ, അത് വിവാദത്തിനും കാരണമായിട്ടുണ്ട്. പ്രതിമയുടെ മാറിടത്തില്‍ തൊടുന്നത് ലൈംഗിക പ്രവര്‍ത്തിയാണെന്നാരോപിച്ച് ടസ്‌കനിയിലെ ഒരു സ്‌കൂളിലെ പ്രധാനാധ്യാപകന്‍ വിമര്‍ശനവുമായി വന്നിരുന്നു.

ജൂലിയറ്റ് പ്രതിമയുടെ ഭാവിയുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളും ഉയരുന്നുണ്ട്. പ്രതിമയുടെ കേടുപാടുകള്‍ എന്തായാലും പരിഹരിക്കണമെന്നും, എന്നാല്‍ എന്തായിരിക്കും ഭാവിയില്‍ വീണ്ടും സംഭവിക്കാന്‍ പോകുന്നതെന്ന ചോദ്യമാണ് മാധ്യമപ്രവര്‍ത്തകന്‍ എന്റിച്ചോ ഫെറോ ചോദിക്കുന്നത്. സഞ്ചാരികള്‍ പ്രതിമയുടെ മാറിടത്തില്‍ തൊടുന്നത് തുടരുമോ? അതോ, സ്‌കൂള്‍ അധ്യാപകന്‍ ഇതൊരു ലൈംഗിക പ്രവര്‍ത്തിയാണെന്ന് വിധിച്ചതിനെ അംഗീകരിക്കുമോ? എന്നാണ് ഫെറോ ഒരു പ്രാദേശിക ന്യൂസ് വെബ്‌സൈറ്റില്‍ എഴുതിയിരിക്കുന്നത്.

പ്രതിമയുടെ ഉയരം കൂട്ടുകയെന്ന നിര്‍ദേശമാണ് ഈ പ്രദേശത്തെ വ്യാപര സംഘത്തിന്റെ വൈസ് പ്രസിഡന്റ് ഡേവിഡ് ആല്‍ബര്‍ട്ടീനി മുന്നോട്ട് വയ്ക്കുന്നത്. പ്രതിമയുടെ മാറില്‍ തൊടുന്നതിനു പകരം, ഒരു എഴുത്തുപെട്ടി പ്രതിമയ്ക്ക് താഴെ വയ്ക്കുക, പ്രണയാര്‍ത്ഥികള്‍ അവരുടെ ആവശ്യം എഴുതി കത്തുപെട്ടിയില്‍ ഇടട്ടെ, അതാണ് കുറച്ചുകൂടി കാല്‍പ്പനികമായ ആചാരം എന്നാണ് ആല്‍ബര്‍ട്ടീനി ചൂണ്ടിക്കാണിക്കുന്നത്.

പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്നു കരുതപ്പെടുന്ന ‘കാസ ഡി ജൂലിയറ്റ’ യുടെ നടുമുറ്റത്താണ് ജൂലിയറ്റിന്റെ പ്രതിമ നില്‍ക്കുന്നത്. നവീകരിച്ച ‘കാസ ഡി ജൂലിയറ്റ’യുടെ ഉടമസ്ഥര്‍ ഇറ്റലിയിലെ പ്രഭു കുടുംബമായ ഡീല കാപ്പെല്ലോസ് ആയിരുന്നു. ഈ കുടംബത്തെ ആധാരമാക്കിയാണ് ഷേക്‌സ്പിയര്‍ ക്യാപ്പുലേറ്റ് കുടുംബത്തെ(ജൂലിയറ്റ് ക്യാപ്പുലേറ്റ്) സൃഷ്ടിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇപ്പോള്‍ കാണുന്ന ബാല്‍ക്കണി നിര്‍മിച്ചിരിക്കുന്നത് ഇരുപതാം നൂറ്റാണ്ടിലാണ്. നിലവില്‍ കാസ ഡി ജൂലിയറ്റ ഒരു പെയിന്റിംഗ് മ്യൂസിയമായാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ മ്യൂസിയത്തെക്കാള്‍ ആകൃഷ്ടരാകുന്നത് ജൂലിയറ്റിന്റ പ്രതിമയിലാണ്.

Share on

മറ്റുവാര്‍ത്തകള്‍