UPDATES

ലോട്ടറി രാജാവിന്റെ ഉദാര സംഭാവനയും ഐസക്കിനെതിരെയുള്ള ഗാംഗ്‌ടോക്കിലെ കേസുകളും

സാന്തിയാഗോ മാര്‍ട്ടിന് തോമസ് ഐസക്കിനോട് പക തോന്നാന്‍ കാരണമെന്താണ്? ഗോപകുമാര്‍ മുകുന്ദന്‍ എഴുതുന്നു

                       

ഇലക്ടറല്‍ ബോണ്ടില്‍ ഏറ്റവും ഉയര്‍ന്ന സംഭാവന നല്‍കിയത് Future Gaming and Hotel Service എന്ന കമ്പനിയാണത്രെ! എന്താണ് ഇവരുടെ ഉല്‍പ്പന്നം? ഉള്ളതു പറഞ്ഞാല്‍ കള്ള ലോട്ടറി… ഈ കക്ഷികളെ കേരളത്തിനു നല്ല പരിചയമുണ്ട്. ഒന്ന് ഓര്‍ത്തെടുത്താല്‍ മതി. മയില്‍ കുയില്‍ ശിങ്കം എന്നൊക്കെ വിളിച്ചു, സിക്കിമിന്റെയും ഭൂട്ടാന്റെയും പേരില്‍ കള്ള ലോട്ടറി വിറ്റിരുന്ന സെറ്റിലെ പ്രധാനികള്‍ തന്നെ ഈ കക്ഷികള്‍. അതിപ്പോള്‍ ഞാന്‍ ആക്ഷേപിക്കാന്‍ പറയുന്നതല്ല. കേരളം ഇവരെ ഇവിടെ നിന്നും ഓടിക്കാന്‍ നടത്തിയ സുദീര്‍ഘമായ നിയമ പോരാട്ടമുണ്ട്. 2006 മുതല്‍ 2021 വരെ നീണ്ട കഠിനമായ നിയമ പോരാട്ടം. ഒടുക്കം കേരളത്തില്‍ നിന്നും ഇവരെ കെട്ടുകെട്ടിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം ഇന്ത്യ സര്‍ക്കാരിന് അംഗീകരിക്കേണ്ടി വന്നു. ഓരോ ഘട്ടത്തിലും യൂണിയന്‍ സര്‍ക്കാര്‍ ഇവരോടൊപ്പം നിന്നതാണ് ചരിത്രം. കേരളത്തിന്റെ പോരാട്ടം സി&എജിയുടെ റിപ്പോര്‍ട്ടിലും ഇവരുടെ നിരോധനത്തിലും എല്ലാം പ്രതിഫലിച്ചു. പ്രതിവര്‍ഷം ആയിരക്കണക്കിനു കോടി രൂപയുടെ കൊള്ളയ്ക്കാണ് അറുതി വരുത്തിയത്. ഏജന്റുമാര്‍ മുഖാന്തരം നടത്തിയിരുന്ന ഇതര സംസ്ഥാന ഭാഗ്യക്കുറികളുടെ അരുംകൊള്ളയെ അകറ്റി നിര്‍ത്തുക എന്നത് എല്‍ഡിഎഫ് സര്‍ക്കാരുകളുടെ മുന്നിലുള്ള പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്തമായിരുന്നു. 2006 മുതല്‍ നടക്കുന്ന നിയമ യുദ്ധമുണ്ട്. കേരളം അതിലൊക്കെ ആത്യന്തികമായി വിജയിക്കുകയായിരുന്നു. ഇലക്ടറല്‍ ബോണ്ടില്‍ ഉദാര സംഭാവന കൊടുത്തവര്‍ തന്നെയാണ് തോമസ് ഐസക്കിനെ കേസുകളില്‍ കുടുക്കാന്‍ നടക്കുന്നതും. കേസുകള്‍ ഇവിടെയൊന്നുമല്ല. അങ്ങ് സിക്കിമിലാണ്. സിക്കിമിന്റെ തലസ്ഥാനമായ ഗാംഗ്‌ടോക് കോടതികളിലാണ് കേസുകള്‍. സിവിലായും ക്രിമിനലായും കേസുകളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ലോട്ടറിക്കു ചുമത്തിയിരുന്ന കുറഞ്ഞ നികുതി തങ്ങള്‍ക്കും ബാധകമാക്കണം എന്നു പറഞ്ഞ് ഈ കക്ഷികള്‍ നടത്തിയ നീക്കങ്ങള്‍ പ്രതിരോധിച്ചതിന്റെയും ഇവിടെ നിന്നും കെട്ടു കെട്ടിച്ചതിന്റെയും കാലിപ്പാണീ കേസുകള്‍. ഉദാര സംഭാവന ഉദ്ദിഷ്ടകാര്യ സിദ്ധിക്കുള്ള ഉപകാര സ്മരണ തന്നെയായിരിക്കുമല്ലോ?

കുയിലും മയിലും പറ പറന്ന കഥ

2016-2021 ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഈ രംഗത്ത് രണ്ടു കടുത്ത വെല്ലുവിളികള്‍ ഉയര്‍ന്നു വന്നു. ഒന്ന്, ജിഎസ്ടി നിയമം ലോട്ടറിയെ മറ്റേതു ചരക്കും പോലെ ഒരു ‘ചരക്കായി’ നിര്‍വ്വചിച്ചു. നേരത്തേ ലോട്ടറിയുടെ ലീഗല്‍ സ്റ്റാറ്റസ് ‘ആക്ഷനബിള്‍ ക്ലയിം’ എന്നതായിരുന്നു. രാജ്യത്തെവിടെയും ഒരേ പരിഗണനയോടെ ലോട്ടറി എന്ന ചരക്കിനും യഥേഷ്ടം സഞ്ചരിക്കാം എന്ന സ്ഥിതിയായി. അങ്ങനെ ഇതര സംസ്ഥാന ലോട്ടറി ഏജന്റുമാര്‍ വാളയാറിലും അമരവിളയിലും സിംഗവും കുയിലും മയിലും ഒക്കെ കൊണ്ടുവന്ന് ഗോഡൗണുകള്‍ നിറച്ചു. സംസ്ഥാന സര്‍ക്കാര്‍ ജിഎസ്ടിയിലെ ചില വ്യവസ്ഥകള്‍ ഉപയോഗിച്ച് തന്നെ അവ പിടിച്ചെടുത്തു. ലോട്ടറി ടിക്കറ്റുകള്‍ കൊണ്ടുവന്നവരെ പിടിച്ച് റിമാന്‍ഡ് ചെയ്തു. ഇതെല്ലാം ഓര്‍മയുള്ളവരുണ്ടോ എന്നറിയില്ല. കോടതി വ്യവഹാരങ്ങള്‍, സംഘര്‍ഷങ്ങള്‍, എല്ലാം നിറഞ്ഞതായിരുന്നു അന്നത്തെ ലോട്ടറി രംഗം.

ജിഎസ്ടി കൗണ്‍സിലിന്റെ ആദ്യ കാലം. ലോട്ടറിയിന്മേലുള്ള നികുതി നിരക്കു നിര്‍ണയിക്കുന്ന ഘട്ടം. ഏജന്റുമാര്‍ നടത്തുന്ന ഇതര സംസ്ഥാന ലോട്ടറിയ്ക്ക് ഏറ്റവും ഉയര്‍ന്ന നികുതി വേണം എന്ന കേരളത്തിന്റെ ശക്തമായ നിലപാട് വലിയ ചര്‍ച്ചയായി. മയിലും സിംഗവും കുയിലുമൊക്കെയായി കോടികള്‍ തട്ടുന്ന മാഫിയ ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടും കേരളത്തിന്റെ പ്രതിരോധം ഫലം കണ്ടു. അതിനു ബലം നല്‍കുന്ന കേരളത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടുകളും സിക്കിം ലോട്ടറിയുടെ എജി ഓഡിറ്റ് റിപ്പോര്‍ട്ടും കേരളം ആയുധമാക്കി. സംസാരിക്കുന്ന തെളിവുകളെ ജിഎസ്ടി കൗണ്‍സിലിന് അവഗണിക്കാനായില്ല. അങ്ങനെ ഇതര സംസ്ഥാന ലോട്ടറികള്‍ക്കും നമ്മുടെ ലോട്ടറിയ്ക്കും വ്യത്യസ്ത നികുതി നിരക്കുകള്‍ (differential Tariff) നിലവില്‍ വന്നു. ഇതര സംസ്ഥാന ലോട്ടറികള്‍ക്ക് 28 % നികുതിയും നമ്മുടെ ലോട്ടറിക്ക് 12% നികുതിയും. ഇതോടെ മറ്റു ലോട്ടറികള്‍ക്ക് ഒരു തരത്തിലും ഇവിടെ പ്രവര്‍ത്തിക്കാനാകില്ല എന്ന നില വന്നു.

തല്‍ക്കാലം പിന്‍വാങ്ങിയ ഈ സംഘം കൊല്‍ക്കത്ത ഹൈക്കോടതിയില്‍ വ്യത്യസ്ത നികുതി നിരക്കുകള്‍ക്കെതിരേ കേസു കൊടുത്തു. കോടതി വ്യത്യസ്ത നിരക്കുകളെ ശരിവെയ്ക്കുകയാണ് ചെയ്തത്. കൊല്‍ക്കത്ത ഹൈക്കോടതി വിധിയ്‌ക്കെതിരെ പ്രസ്തുത സംഘം സുപ്രിം കോടതിയെ സമീപിക്കുകയല്ല ചെയ്തത്. മറിച്ച് ജിഎസ്ടി കൗണ്‍സിലിനെ സ്വാധീനിക്കാനാണ് ശ്രമിച്ചത്. അവരുടെ നികുതിയും 12% ആക്കണം എന്നതായിരുന്നു ആവശ്യം. കൗണ്‍സില്‍ യോഗങ്ങളിലെല്ലാം തര്‍ക്കമായി. പുതിയ കേന്ദ്ര ധനമന്ത്രി വന്നു. കൗണ്‍സിലിലെ സമവായ അന്തരീക്ഷം മാറി. ലോട്ടറി നികുതി തര്‍ക്കത്തില്‍ കേരളം വോട്ടിംഗ് ആവശ്യപ്പെട്ടു. ജിഎസ്ടി കൗണ്‍സിലിലെ ആദ്യ വോട്ടിംഗ് ആയിരുന്നു. അന്നത്തെ നില പ്രകാരം കോണ്‍ഗ്രസ് സംസ്ഥാനങ്ങള്‍ കേരളത്തിന്റെ നിലപാടിനൊപ്പം വോട്ടു ചെയ്താല്‍ ബിജെപിയുടെ ഒറ്റ താരിഫ് എന്ന നിലപാട് തോറ്റു പോകുമായിരുന്നു. കേരളം കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളുമായി ചര്‍ച്ച ചെയ്ത് ധാരണയെത്തി. വോട്ടിംഗിലേയ്ക്ക് നീങ്ങി. കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടിംഗില്‍ നിന്നും വിട്ടു നിന്നു. ചതി എന്നു പറയാവുന്ന രീതി സ്വീകരിച്ചു. അങ്ങനെ രണ്ടു കൂട്ടര്‍ക്കും ഒരേ നികുതി എന്ന നിലവന്നു.

അപ്പോഴും അവര്‍ ആഗ്രഹിച്ചിടത്ത് കാര്യങ്ങള്‍ എത്തിയില്ല. അവര്‍ക്ക് വേണ്ടിയിരുന്നത് 12 % എന്ന കുറഞ്ഞ നികുതി നിരക്കായിരുന്നു. രണ്ട് നിരക്കുകള്‍ എന്ന നമ്മുടെ നിലപാട് തോല്‍പ്പിക്കപ്പെടും എന്നു വന്നതോടെ എല്ലാവര്‍ക്കും 28 % എന്ന ഉയര്‍ന്ന നിരക്ക് ആകട്ടെ എന്ന് കേരളം നിലപാടെടുത്തു. അതിന്റെ കാരണം ഒരു കാരണവശാലും ഇതര സംസ്ഥാന ലോട്ടറികള്‍ ഇവിടെ ഫീസിബിള്‍ ആകരുത് എന്ന സമീപനമായിരുന്നു. വെട്ടിപ്പു കാട്ടി ഫീസിബിളാക്കാനുള്ള നീക്കങ്ങളെ നിയമപരമായി ചെറുക്കാനാകുന്ന ചട്ട ഭേദഗതികളും കൊണ്ടു വന്നു. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് പിന്‍വലിച്ച, നികുതി സെക്രട്ടറിയുടെ മുന്‍കൂര്‍ അനുമതി അനിവാര്യമാക്കുന്ന, ലോട്ടറി ചട്ടങ്ങള്‍ കൂടുതല്‍ കൃത്യതയോടെ പുനസ്ഥാപിച്ചു. നികുതിയുടെ പാതി സ്റ്റേറ്റിനു കിട്ടുകയും ചെയ്യുമല്ലോ?

ചുരുക്കത്തില്‍ നികുതി ഏകീകരണവും ഈ സംഘത്തിന് പ്രതീക്ഷിച്ച ഗുണം നല്‍കിയില്ല. ചട്ട ഭേദഗതി തുടങ്ങി ഓരോന്നിനെതിരെയും കേസുകളുടെ പുറത്ത് കേസുകള്‍. നേരത്തേ പിരിച്ച നികുതി തിരിച്ചു വാങ്ങാന്‍ വരെ കേസുകള്‍. കടുത്ത ശത്രുതയിലായ ഈ സംഘം കേരള സര്‍ക്കാരിനെ പാഠം പഠിപ്പിക്കാനായി ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന മാസങ്ങളില്‍ മേഘാലയയുടെ പേരില്‍ അനുമതിയ്ക്കായി നികുതി സെക്രട്ടറിയ്ക്ക് അപേക്ഷ നല്‍കി. മേഘാലയ സര്‍ക്കാരിന്റെ പ്രതിനിധികള്‍ കടുത്ത സമ്മര്‍ദ്ദവും നിയമ നടപടികളും തുടങ്ങി. സമാന്തരമായി അവര്‍ കേരളത്തിലെ ഏജന്റുമാരെയും വില്‍പ്പനക്കാരെയും വരുതിയിലാക്കാനുള്ള പരിശ്രമം ആരംഭിച്ചു. കേരളത്തില്‍ നിന്നും ഒരു ഏജന്റിനേയോ വില്‍പ്പനക്കാരനേയോ ഈ സംഘത്തിനു പിടിക്കാനാവരുത് എന്നതും ഒരു സ്ട്രാറ്റജിയായിരുന്നു.

എന്നാല്‍ പിന്നെ കോടതിയില്‍ കേറിക്കോ

ചുരുക്കത്തില്‍ പഠിച്ച പണി എല്ലാം പയറ്റിയിട്ടും ഈ ഗൂഢ സംഘത്തിന് കേരളം പ്രാപ്യമായില്ല. അതിന്റെ കലി തീര്‍ക്കുന്നതിനും പാഠം പഠിപ്പിക്കുന്നതിനുമാണ് ഗാംഗ്‌ടോക് മജിസ്‌ട്രേറ്റ് കോടതിയില്‍ സ. ഐസക്കിനെതിരെ സാന്തിയാഗോ മാര്‍ട്ടിന്‍ ക്രിമിനല്‍ ഡിഫമേഷന്‍ പെറ്റിഷന്‍ നല്‍കിയത്. കേസു കൊടുത്താല്‍ മതിയായിരുന്നെങ്കില്‍ കേരളത്തില്‍ കൊടുത്താല്‍ മതിയല്ലോ? പാഠം പഠിപ്പിക്കണം. അതാണ് ഉന്നം. ഈ കേസില്‍ മാതൃഭൂമിയും പ്രതിയായിരുന്നു. ജിഎസ്ടി കൗണ്‍സിലില്‍ നികുതി നിരക്ക് വോട്ടെടുപ്പില്‍ നമ്മുടെ നിലപാട് ചതിക്കപ്പെട്ട പശ്ചാത്തലത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഈ സംഘത്തിന്റെ നിയമ ലംഘന ഗൂഢ രീതികള്‍ വിശദീകരിച്ചു. അത് മാതൃഭൂമി പ്രസിദ്ധീകരിച്ചു. പരാതിക്കാരനെ മാഫിയ എന്നു വിശേഷിപ്പിച്ചു. അതയാളുടെ ബിസിനസ് റപ്യൂട്ടേഷനെ ബാധിച്ചു. ഇതാണ് കേസ്.

കേസില്‍ മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണ നടപടികള്‍ക്കെതിരെ സിക്കിം ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിചാരണ തടഞ്ഞില്ല. ഈ സമയം മാതൃഭൂമി സുപ്രിം കോടതിയില്‍ പോയി. ധനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക മാത്രമാണ് ചെയ്തത് എന്നായിരുന്നു മാതൃഭൂമിയുടെ വാദം. പരാതിക്കാരന്‍ മാഫിയയാണെന്ന് മന്ത്രി പറഞ്ഞോ എന്ന ചോദ്യം മാതൃഭൂമി നേരിട്ടത് സാന്തിയാഗോ മാര്‍ട്ടിനുമായി ഒത്തുതീര്‍പ്പില്‍ എത്തിക്കൊണ്ടാണ്. ആ സെറ്റില്‍മെന്റ് പരിഗണിച്ച സുപ്രിം കോടതി മാപ്പ് പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെട്ടു. ഈ സുപ്രിം കോടതി ഉത്തരവില്‍ ഐസക്കിനെതിരായ കേസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നടക്കും, കോടതി വിധിയുടെ റിലീഫ് സുപ്രിം കോടതി കേസിലെ കക്ഷികള്‍ക്ക് മാത്രമായിരിക്കും എന്നു പറഞ്ഞു. സുപ്രിം കോടതിയില്‍ കേസ് നടത്തുക അത്ര സുസാദ്ധ്യമായ ഒന്നല്ലല്ലോ? സാന്റിയാഗോ മാര്‍ട്ടിന്റെ സ്വകാര്യ ക്രിമിനല്‍ കേസില്‍ ഐസക് പ്രതിയായി. ഗാംഗ്‌ടോക് ജില്ല കോടതിയില്‍ അഞ്ചു കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടു കൊണ്ട് ഒരു സിവില്‍ വ്യവഹാരവും മാര്‍ട്ടിന്‍ കൊടുത്തിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാനുള്ള അനുമതിക്കായി സുപ്രിം കോടതി വരെ പോകേണ്ടി വന്നു. കേസ് കേരളത്തിലേക്കോ മാര്‍ട്ടിന്റെ നാടായ തമിഴ്‌നാട്ടിലേക്കോ അതുമല്ലെങ്കില്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലേക്കൊ മാറ്റണം എന്ന അഭ്യര്‍ത്ഥന അനുവദിക്കപ്പെട്ടില്ല. ഐസക്കിനെ എങ്ങനെയെല്ലാം ദ്രോഹിക്കാം എന്നു ആലോചിച്ചു തീരുമാനിച്ചു തന്നെയാണല്ലോ സാന്തിയാഗോ മാര്‍ട്ടിന്‍ ഗാംഗ്‌ടോക് തെരെഞ്ഞെടുത്തത്. ചില്ലറ നഷ്ടമല്ല അയാള്‍ക്ക് വന്നത്.

രണ്ടായിരം കോടി രൂപ നികുതി തിരിച്ചു പിടിക്കാന്‍ നടത്തിയ പയറ്റുകള്‍

ലോട്ടറി നികുതി പിരിച്ചത് തിരിച്ചു മേടിക്കാന്‍ മാര്‍ട്ടിന്‍ നടത്തിയ നിര്‍ണായക നീക്കം സുപ്രിം കോടതി വരെ പോയി തോല്‍പ്പിച്ച മറ്റൊരു കഥയുമുണ്ട്.

നേരത്തെ ലോട്ടറിയിന്മേല്‍ വില്‍പ്പന നികുതി ഈടാക്കിയിരുന്നത് സുപ്രിം കോടതി വിലക്കി. ലോട്ടറി ചരക്കല്ല, ആക്ഷണബിള്‍ ക്ലെയിമാണ് എന്നും ചരക്കു വില്‍പ്പന ലോട്ടറിയില്‍ നടക്കുന്നില്ല എന്നതുമായിരുന്നു സുപ്രിം കോടതി നിഗമനം. നികുതി ഈടാക്കാനാവില്ല എന്നതു മാത്രമല്ല, നിയന്ത്രണവും പറ്റാതെ വന്നു. നികുതി കണക്കു ചോദിക്കാനുള്ള അധികാരം ഉപയോഗിച്ചാണ് കേരളം മാര്‍ട്ടിന്റെയും മറ്റും കള്ള ലോട്ടറിയെ പിടിച്ചു കൊണ്ടിരുന്നത്. സംസ്ഥാനം ലോട്ടറി നടത്തുന്നത് കൊണ്ട് നമുക്ക് അവരെ നിരോധിക്കാന്‍ കഴിയില്ല എന്നതായിരുന്നു സുപ്രിം കോടതി വിധി. വില്‍പ്പന നികുതി പറ്റില്ല എന്നു കോടതി പറഞ്ഞതോടെ മറ്റൊരു കുറുക്കു വഴി കേരളം കണ്ടെത്തി. ഭരണഘടനയുടെ ഏഴാം പട്ടികയിലെ രണ്ടാം ലിസ്റ്റിലെ മറ്റൊരു എന്‍ട്രി നല്‍കുന്ന അധികാരം(Betting and Gambling – ഇതങ്ങ് സംസ്ഥാന വിഷയമാണ്) ഉപയോഗിച്ച് കേരളം നറുക്കെടുപ്പിന്മേല്‍ നികുതി കൊണ്ടുവന്നു. കേരള ടാക്‌സ് ഓണ്‍ പേപ്പര്‍ ലോട്ടറി ആക്ട്. ഓരോ നറുക്കിന്മേലുമുള്ള നികുതി നിരന്തരം ഇന്നും കൂട്ടി കൊണ്ടു വരികയും ചെയ്യും. ഇതര സംസ്ഥാന കൊള്ള ലോട്ടറികളെ വരിഞ്ഞു കെട്ടാനുള്ള ഒരു ടൂളായും ഈ നിയമത്തെ ഫലപ്രദമായി ഉപയോഗിച്ചു.

പഴയ കേരള ടാക്‌സ് ഓണ്‍ പേപ്പര്‍ ലോട്ടറി ആക്ട് ഭരണഘടന വിരുദ്ധമാണ് എന്നു പറഞ്ഞ് മാര്‍ട്ടിന്റെയും മറ്റും കമ്പനികള്‍ കേരള ഹൈക്കോടതിയില്‍ കേസു നല്‍കിയിരുന്നു. സിംഗിള്‍ ബഞ്ച് സര്‍ക്കാരിന് അനുകൂലമായി വിധിച്ചു. ഇതര സംസ്ഥാന ഇടനിലക്കാര്‍ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചു. വാദം പൂര്‍ത്തിയായ ശേഷം വിധി അനന്തമായി നീണ്ടു. കുറച്ചു അത്ഭുതകരമായി ഡിവിഷന്‍ ബഞ്ച് അവര്‍ക്ക് അനുകൂലമായി ആ കേസില്‍ വിധി പ്രസ്താവിച്ചു. 1500 കോടി രൂപയെങ്കിലും റീഫണ്ട് നല്‍കേണ്ട സ്ഥിതിയായി. ഇതിനെതിരേ സുപ്രിം കോടതിയില്‍ കേരളം അപ്പീല്‍ കൊടുത്തു. ഏറ്റവും പ്രഗല്‍ഭരായ നികുതി അഭിഭാഷക സ്ഥാപനങ്ങളെ അണിനിരത്തി, വലിയ തോതില്‍ ഗൃഹപാഠം ചെയ്ത് കേസ് വാദിച്ചു. ഒടുക്കം സംസ്ഥാന സര്‍ക്കാരിനു വിജയം. പഴയ നിയമവും അത് പ്രകാരം പിരിച്ച നികുതിയും സാധുവായി പ്രഖ്യാപിച്ചു. നിയമം ശരിവെച്ചു. നികുതി ഈടാക്കിയത് ശരി എന്നു വന്നു. മറിച്ചായിരുന്നെങ്കില്‍! പലിശയടക്കം 2000 കോടി രൂപ ഇതര സംസ്ഥാന ലോട്ടറി നടത്തിപ്പുകാര്‍ക്ക് റീഫണ്ട് കൊടുക്കേണ്ടി വരുമായിരുന്നു. 2021 മെയ് മാസത്തിലായിരുന്നു ഈ വിധി വന്നത്.

ഇപ്പോള്‍ ഏറ്റവും അധികം തുക ഇലക്ടറല്‍ ബോണ്ടില്‍ കൊടുത്ത Future Gaming and Hotel Services എന്നാല്‍ ഈ പറയുന്ന സാന്തിയാഗോ മാര്‍ട്ടിന്‍ തന്നെ. അയാള്‍ ഐസക്കിനെ വെറുതെ വിടുമോ? ഐസക് അനുഭവിക്കട്ടെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഗോപകുമാര്‍ മുകുന്ദന്‍

ഗോപകുമാര്‍ മുകുന്ദന്‍

സ്വതന്ത്ര ഗവേഷകന്‍, CSES, പാലാരിവട്ടം, കൊച്ചി

More Posts

Share on

മറ്റുവാര്‍ത്തകള്‍