UPDATES

ഈ ‘സോണിയ ഗാന്ധി’ ആരാണ്?

സൂസെയ്ന്‍ ബെര്‍നെര്‍ട്ട് ഇന്ത്യയില്‍ ഇപ്പോള്‍ വളരെ പോപ്പുലറാണ്

                       

ഭംഗിയായി തേച്ച് വടിവൊപ്പിച്ച് ഉടുത്ത കോട്ടണ്‍ സാരിയില്‍ അനായാസമായി ഹിന്ദി സംസാരിക്കുന്ന ഈ ജര്‍മ്മന്‍ അഭിനേത്രി ഒരു പക്ഷെ ആ നാട്ടിലുള്ളവര്‍ക്ക് സുപരിചിതയാകണം എന്നില്ല. എന്നാല്‍ ജര്‍മ്മന്‍ വംശജയായ സൂസെയ്ന്‍ ബെര്‍നെര്‍ട്ട് ഇന്ത്യയില്‍ ഇപ്പോള്‍ വളരെ പോപ്പുലറാണ്. തെലുങ്ക് ചിത്രം യാത്ര-2 ന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിങ്ങിയതോടെയാണത്. സോണിയ ഗാന്ധിയുമായി അസാധാരണമായ മുഖസാദൃശ്യമുള്ള ക്യാരക്ടര്‍ ലുക്ക് ആണ് സൂസെയ്‌നെ വൈറലാക്കിയിരിക്കുന്നത്.

ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറയുന്ന സിനിമയായ ‘യാത്ര’യുടെ രണ്ടാം ഭാഗത്തിലാണ് സുസൈന്‍
സോണിയ ഗാന്ധിയായി വേഷമിടുന്നത്. പുറത്തു വന്ന യാത്ര-2 ന്റെ പോസ്റ്റര്‍ പ്രേക്ഷകരെ ഒന്നടങ്കം തന്റെ ക്യാരക്ടര്‍ ലുക്ക് കൊണ്ട് അതിശയിപ്പിച്ചിരിക്കുകയാണ് ഇവര്‍. സോണിയ ഗാന്ധിയായുള്ള സൂസയ്‌ന്റെ പകര്‍ന്നാട്ടം ഒരിക്കല്‍ കൂടി യാത്ര 2 വിലൂടെ പ്രേക്ഷകര്‍ക്ക് ബിഗ് സ്‌ക്രീനില്‍ കാണാന്‍ സാധിക്കും. ഇത്തവണ എങ്ങനെ ആയിരിക്കും സൂസെയ്ന്‍ തന്റെ കഥാപാത്രം കൈകാര്യം ചെയ്യുന്നത് എന്ന് കാണാന്‍ കാത്തിരിക്കുകയാണ് ഓരോരുത്തരും.

കിഴക്കന്‍ വെസ്റ്റ്ഫാലിയയിലെ ഡെറ്റ്‌മോള്‍ഡ് നഗരത്തിലാണ് സൂസെയ്ന്‍ ബെര്‍നെറ്റിന്റെ ജനനം. തന്റെ 19-ാം വയസ്സിലാണ് ഇവര്‍ നാടകം പഠിക്കാന്‍ തുടങ്ങുന്നത്. പക്ഷെ തന്റെ ജന്മനാട്ടില്‍ അഭിനയത്തില്‍ ശോഭിക്കാന്‍ സൂസെയ്‌ന് കഴിഞ്ഞില്ല. എന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ അവരെ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇളം പിങ്ക് നിറത്തിലുള്ള ചര്‍മവും ചെമ്പ് നിറത്തിലെ മുടിയിഴകളും നീല നയനങ്ങളും അവരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കി നിര്‍ത്തി. സൂസെയ്‌ന് ഇന്ത്യ എപ്പോഴും പ്രിയപെട്ടതാണ്. അതവരുടെ അഭിനയ ജീവിതം ഇവിടെ ആയത് കൊണ്ട് മാത്രമല്ല, അവരുടെ പ്രണയം സഫലമായതും ഈ മണ്ണിലാണ്. ഒരു സിനിമയില്‍ ചെറിയ വേഷം ചെയ്യാന്‍ വിദേശ വനിതയെ അന്വേഷിക്കുന്ന സമയത്താണ് നടനും നിര്‍മാതാവുമായ അഖില്‍ മിശ്രയും സൂസെയ്‌നും തമ്മില്‍ പരിചയപ്പെടുന്നത്. പരിചയം പ്രണയമായി വളര്‍ന്നു. 2009-ല്‍ അവര്‍ വിവാഹിതരായി.

ജീവിച്ചിരിക്കുന്ന, ഒരു ജനസമ്മതയായ വ്യക്തിയെ അഭിനയിച്ച് ഫലിപ്പിക്കുക എന്നത് കുറച്ച് അധികം ശ്രമകരമായതും ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതുമായ ഒരു ജോലിയാണ്. പ്രേക്ഷകരുടെയും വിമര്‍ശകരുടെയും സൂക്ഷ്മപരിശോധനക്ക് വിധേയരാകാതെ ആര്‍ക്കും രക്ഷപെടാനാകില്ല. അക്കാര്യത്തില്‍ സൂസെയ്ന്‍ ബെര്‍നെര്‍ട്ടിന്റെ മികവും കഥാപാത്രത്തോടുള്ള പ്രതിബദ്ധതയും സോണിയ ഗാന്ധിയുടെ വ്യക്തിത്വത്തെ ഉള്‍ക്കൊള്ളാനുള്ള ആര്‍ജവവും പ്രശംസനീയമാണ്. നോക്കിലും വാക്കിലും ചലനത്തിലും സോണിയ ഗാന്ധിയെ കൊണ്ടുവരന്‍ സൂസെയ്‌ന് സാധിച്ചിട്ടിട്ടുണ്ട്. വിജയ് രത്നാകര്‍ ഗുട്ടെ സംവിധാനം ചെയ്ത് മായങ്ക് തിവാരി എഴുതിയ ‘ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്നചിത്രത്തിലെ പ്രകടനത്തെക്കാള്‍ മികച്ച പ്രകടനമാരിക്കും യാത്ര 2 വിലേത് എന്നുള്ള പ്രതീക്ഷ നല്‍കുന്നതാണ് പുറത്തു വന്ന പോസ്റ്റര്‍.

സൂസെയ്‌ന്റെ കഥാപാത്രം മാത്രമല്ല യാത്ര 2 ലെ പ്രത്യേകത, വൈ എസ് ആര്‍ ആയി എത്തുന്ന മമ്മൂട്ടിയുടെ കഥാപാത്രം ഏറെ ആകാംഷ ഉണര്‍ത്തുന്നതാണ്. ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതവും രാഷ്ട്രീയ വഴികളും പറയുന്ന സിനിമയാണ് യാത്ര. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും മമ്മൂട്ടി തന്റെ കഥാപാത്രം അവിസ്മരണീയമാക്കുമെന്നാണ് പ്രതീക്ഷകള്‍.

സാധരണ ജീവചരിത്ര സിനിമകളില്‍ നിന്ന് വ്യത്യസ്തമായാണ് സംവിധായകന്‍ മഹി വി രാഘവ് യാത്ര യുടെ ഒന്നാംഭാഗം ചിത്രീകരിച്ചിരുന്നത്. വൈ എസ് ആറിന്റെ ബാല്യം മുതല്‍ മരണം വരെയുള്ള ജീവിതം അതേപടി പകര്‍ത്തിവെയ്ക്കാതെ അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിലെ വഴിത്തരിവായിരുന്ന പദയാത്രയാണ് ചിത്രം പറഞ്ഞത്. ലക്ഷക്കണക്കിന് പേരെ ഒന്നിച്ചൊരു കുടക്കീഴില്‍ കൊണ്ട് വന്ന വൈ എസ് ആറിന്റെ രാഷ്ട്രീയം ഉയര്‍ത്തി കാണിച്ച ചിത്രം വന്‍ വിജയമായതിനൊപ്പം ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിരുന്നു.

യാത്ര-2 ല്‍ ജീവയാണ് പ്രധാന വേഷത്തിലെത്തുന്നത്. മമ്മൂട്ടി ചിത്രത്തില്‍ ഗസ്റ്റ് റോളില്‍ ഉണ്ടാകും. നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈ എസ് രാജശേഖര റെഡ്ഡിയുടെ മകനുമായ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

 

Share on

മറ്റുവാര്‍ത്തകള്‍