UPDATES

റോഡ് ക്ലീന്‍ ചെയ്യാനും വൃത്തിയെക്കുറിച്ച് ഉപന്യാസം രചിക്കാനുമുള്ള വിഷയം മാത്രമല്ല മഹാത്മാ ഗാന്ധി

ഗാന്ധിജി എന്നത് ഒരു ആശയമാണ്. ഇന്ത്യ ലോകത്തിന് കാണിച്ചു കൊടുത്ത മഹത്തായ മാതൃക.

                       

2019 ല്‍, ന്യൂയോര്‍ക്ക് ടൈംസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ രാഷ്ട്രപിതാവ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനത്തോട് അനുബന്ധിച്ച് എഴുതിയ ലേഖനം, Why India and the World Need Gandhi തുടങ്ങുന്നത് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂണിയര്‍ 1959-ലെ തന്റെ ഇന്ത്യാ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഗാന്ധിജിയെക്കുറിച്ച് പറഞ്ഞത് ഉദ്ധരിച്ചു കൊണ്ടാണ്; ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തെ ചൂണ്ടിക്കാട്ടിക്കൊണ്ടാണ്. ആ ലേഖനം പിന്നീട് ഉദ്ധരിക്കുന്നത് വംശവെറിക്കെതിരെ പോരാടി ദക്ഷിണാഫ്രിക്കയെ അടിമത്തത്തില്‍ നിന്നു മോചിപ്പിച്ച നെല്‍സണ്‍ മണ്ടേലയെയാണ്. പിന്നീട്, ഒരാള്‍ക്ക് നാഷണലിസ്റ്റ് ആവാതെ ഇന്റര്‍നാഷണലിസ്റ്റ് ആയിരിക്കാന്‍ കഴിയില്ല എന്ന് ‘യംഗ് ഇന്ത്യ’യില്‍ ഗാന്ധിജി എഴുതിയ വാക്കുകള്‍ ഉദ്ധരിച്ചിരിക്കുന്നു. മോദിയുടെ ലേഖനത്തിലെ അടുത്ത വരി ഇങ്ങനെയാണ്: ‘ഇന്ത്യന്‍ ദേശീയത ഒരിക്കലും ഇടുങ്ങിയതും മറ്റുള്ളവരെ പുറംതള്ളുന്നതുമാവാതിരിക്കാനും മറിച്ച് മനുഷ്യകുലത്തിന് സേവനം ചെയ്യാനുമുള്ള ഒന്നാവണമെന്ന് അദ്ദേഹം വിഭാവനം ചെയ്തു’ എന്നാണ്.

മോദിയുടെ ലേഖനം അവസാനിക്കുന്നത് ഇങ്ങനെ ആഹ്വാനം ചെയ്തുകൊണ്ടാണ്: ‘നമ്മുടെ ലോകം സമ്പല്‍സമൃദ്ധമാക്കാനും വെറുപ്പില്‍ നിന്നും അക്രമങ്ങളില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും മോചനം നേടാനും നമുക്ക് തോളോടു തോള്‍ ചേര്‍ന്ന് പൊരുതാം’ എന്നാണ്. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് അതേ ദിവസം മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്നത് മഹാത്മാ ഗാന്ധിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണം എന്നായിരുന്നു. ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യ ഓര്‍ഗനൈസറില്‍ എഴുതിയ ലേഖനത്തിലും ഗാന്ധി സ്തുതി നിറഞ്ഞു നിന്നിരുന്നു. ഗാന്ധിജിയുടെ ആശയങ്ങള്‍ രാജ്യത്ത് സജീവമായി നിലനിര്‍ത്തുന്നതില്‍ ആര്‍എസ്എസ് വഹിക്കുന്ന പങ്കിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ഇതൊക്കെ നല്ലത് തന്നെ. ഗാന്ധിജിയുടെ ജന്മദിനത്തിലെങ്കിലും അദ്ദേഹം ഓര്‍മിക്കപ്പെടുന്നതും അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കപ്പെടുന്നതും ശ്ലാഘനീയം തന്നെ. ലോകസമാധാനത്തിനും പുരോഗതിക്കും ഗാന്ധിജിയുടെ ആശയങ്ങള്‍ മറ്റേതൊരു കാലത്തേക്കാളും വിലപ്പെട്ടതുമാണ് ഇപ്പോള്‍.

എല്ലാവരേയും ഉള്‍ക്കൊള്ളാനും, പ്രത്യേകിച്ച് ഹിന്ദു-മുസ്ലിം മൈത്രിക്ക് വേണ്ടി നിലകൊള്ളാനും, രാജ്യത്തിന്റെ വൈവിധ്യങ്ങളെ മാനിക്കാനും, മറ്റുള്ളവരോട് സഹിഷ്ണുതയോടെ പെരുമാറാനുമുള്ള ഗാന്ധിജിയുടെ ആഹ്വാനങ്ങള്‍ തന്നെയാണ് ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവിന് ഇന്ത്യ എന്ന മഹത്തായ ആശയം കെട്ടിപ്പടുക്കാനും അതിന്റെ ആണിക്കല്ലായ ഭരണഘടനയ്ക്ക് രൂപം നല്‍കാന്‍ ഡോ. ബി.ആര്‍ അംബേദ്ക്കര്‍ക്കും സാധിച്ചത്. ഗാന്ധിയുമായി ബന്ധപ്പെട്ട് നിരവധി വിമര്‍ശനങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യയെ മതാടിസ്ഥാനത്തിലുള്ള ഒരു രാജ്യമാക്കാതെ ഒരു ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി മാറ്റാനും വിവിധ ഭാഷകള്‍ സംസാരിക്കുന്ന, വിവിധ മതവിശ്വാസങ്ങള്‍ വച്ചു പുലര്‍ത്തുന്ന, വിവിധ ജീവിതരീതികളുള്ള 130 കോടി ജനങ്ങള്‍ക്ക് ഇന്നും ഇന്ത്യയില്‍ ജീവിക്കാനും കഴിയുന്നത് അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഇന്ത്യയുടെ അടിത്തട്ടിനെ അത്രയേറെ സ്വാധീനിക്കുന്നുണ്ട് എന്നതു കൊണ്ടാണ്.

പ്രധാനമന്ത്രിയും ആര്‍എസ്എസ്സുകാരുമൊക്കെ മോദിയെ സ്തുതിക്കുമ്പോഴും, അവരുടെ പ്രത്യയശാസ്ത്രങ്ങള്‍ ഗാന്ധിയോട് ഒരിക്കലും യോജിക്കാത്തതാണെന്നതിന് ചെറിയൊരു തെളിവായിരുന്നു, മോദി സര്‍ക്കാരിലെ രണ്ടാമനും രാജ്യത്തെ ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ബംഗാളില്‍ നടത്തിയൊരു പ്രസംഗം. പൗരത്വ ബില്ലില്‍ രാജ്യം പ്രതിഷേധത്തീയില്‍ എരിയുന്ന കാലത്ത്, അമിത് ഷാ നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നു: ‘അഭയാര്‍ത്ഥികളായ ഹിന്ദുക്കള്‍ക്കും സിക്കുകാര്‍ക്കും ജയിനുകള്‍ക്കും ബുദ്ധിസ്റ്റുകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഞാന്‍ ഉറപ്പ് തരുന്നു. നിങ്ങളെ ഒരിക്കലും ഇന്ത്യയില്‍ നിന്ന് പുറത്താക്കില്ല. എന്‍ആര്‍സി കൊണ്ടുവരുന്നതിന് മുമ്പ് ഞങ്ങള്‍ പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരികയും നിങ്ങളെ പൗരന്മാരാക്കുകയും ചെയ്യും. ഇന്ത്യന്‍ പൗരന്മാര്‍ എന്ന എല്ലാ അവകാശങ്ങളും നിങ്ങള്‍ക്കുണ്ടായിരിക്കുകയും ചെയ്യും’- അമിത് ഷാ ഇത് പറഞ്ഞത് ഗാന്ധി ജയന്തിയുടെ തലേന്നാണ്. അതായത്, ഗാന്ധിജി തന്റെ ജീവിതകാലത്തുടനീളം എങ്ങനെയെല്ലാം ഹിന്ദു-മുസ്ലീം മൈത്രിക്ക് വേണ്ടി വാദിച്ചുവോ അതിനെ പൂര്‍ണമായി നിരാകരിച്ചു കൊണ്ടാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഒരാള്‍ പ്രസംഗിച്ചത്. മുസ്ലീങ്ങളുടെ പേര് മാത്രം അമിത് ഷാ ഒഴിവാക്കിയത് എന്തായാലും അബദ്ധത്തില്‍ സംഭവിച്ചതുമല്ല.

നരേന്ദ്ര മോദി സര്‍ക്കാര്‍ 2014-ല്‍ അധികാരത്തില്‍ വന്നതിനു ശേഷം മാത്രം 40-ലേറെ പേര്‍ പശുവിന്റെ പേരില്‍ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും മുസ്ലീങ്ങളാണ് താനും. ഇതിനൊപ്പമാണ് ആള്‍ക്കൂട്ടക്കൊലകള്‍. മോദി രണ്ടാം വട്ടം അധികാരത്തില്‍ വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് – ജൂണ്‍ 22-ന് ഝാര്‍ഖണ്ഡില്‍ തബ്രേസ് അന്‍സാരിയെന്ന ചെറുപ്പക്കാരനെ ‘ജയ് ശ്രീറാം’ വിളിക്കാന്‍ നിര്‍ബന്ധിച്ച് ജനക്കൂട്ടം മര്‍ദ്ദിച്ചു കൊല്ലുന്നത്. ഇന്ത്യയില്‍ എല്ലാം നന്നായിരിക്കുന്നു എന്നാണ് മോദി ഹൂസ്റ്റണില്‍ നടന്ന ‘ഹൗഡി മോദി’ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞത്. ആ സമയത്ത് 70 ലക്ഷത്തോളം കാശ്മീരികള്‍, അവരില്‍ ഭൂരിഭാഗവും മുസ്ലീങ്ങളുമാണ്, രണ്ടു മാസത്തോളമായി എല്ലാ ജനാധിപത്യാവകാശങ്ങളും നിഷേധിക്കപ്പെട്ട് തടവിലായിരുന്നു. അവിടെ ടെലിഫോണ്‍ സംവിധാനങ്ങളില്ലായിരുന്നു. ഇന്റര്‍നെറ്റ് നിഷേധിക്കപ്പെട്ടിരിക്കുന്നു, ചെറുപ്പക്കാരെ കൂട്ടത്തോടെ പിടിച്ചു കൊണ്ടു പോയി, രാഷ്ട്രീയ നേതാക്കളെ മുഴുവന്‍ തടവിലാക്കി. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍ 19 ലക്ഷത്തോളം മനുഷ്യരെ അടയ്ക്കാനായി ഡിറ്റന്‍ഷന്‍ സെന്ററുകള്‍ പണിയുകയായിരുന്നു. രാജ്യം മുഴുവന്‍ എന്‍ആര്‍സി നടപ്പാക്കുമെന്നും മുഴുവന്‍ നുഴഞ്ഞു കയറ്റക്കാരേയും പുറത്താക്കുമെന്നും മന്ത്രിമാര്‍ നിരന്തരം വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇന്നിപ്പോള്‍ മറ്റൊരു ഗാന്ധി ജയന്തി ആഘോഷിക്കുമ്പോഴും, ഗാന്ധി സൂക്തങ്ങള്‍ ഉരുവിടുമ്പോഴും, ഈ രാജ്യത്തിന്റെ അവസ്ഥയെന്താണ്? മണിപ്പൂരില്‍ എത്ര മനുഷ്യര്‍ കൊല്ലപ്പെട്ടു? അവിടുത്തെ കലാപ തീ ഇപ്പോഴും എന്തുകൊണ്ട് ആരും അണയ്ക്കുന്നില്ല?

ഗാന്ധിജി എന്നത് ഒരു ആശയമാണ്. ഇന്ത്യ ലോകത്തിന് കാണിച്ചു കൊടുത്ത മഹത്തായ മാതൃക. അവിടെ വെറുപ്പിനോ ആക്രോശങ്ങള്‍ക്കോ ഇടമില്ല. മോദി ന്യൂയോര്‍ക്ക് ടൈംസ് ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചതു പോലെ സങ്കുചിത ചിന്തകള്‍ക്കും പുറംതള്ളലിനും ഇന്ത്യന്‍ സംസ്‌കാരത്തില്‍ ഇടമില്ല. ഇന്ത്യ ഇത്രകാലവും ലോകത്തിനു മുന്നില്‍ മാതൃകയായി മുന്നോട്ടു വച്ചത് ഉള്‍ക്കൊള്ളലിന്റെ മഹത്തായ സന്ദേശമാണ്. അത് ഗാന്ധിജിയുടേതാണ്. അത് ഉള്‍ക്കൊള്ളുന്നതിനു പകരം ഒരു പ്രത്യേക മതവിശ്വാസം പുലര്‍ത്തുന്നു എന്നതുകൊണ്ട് പൗരത്വവകാശം നിഷേധിക്കുക എന്നത് ഭരണഘടനാ വിരുദ്ധ സമീപനം ഇന്ത്യയുടെ ആശയമല്ല. അത് വെറുപ്പിന്റെയും ഭൂരിപക്ഷതാവാദത്തിന്റെയും അടിസ്ഥാനത്തിലുള്ള മനുഷ്യത്വവിരുദ്ധതയാണ്. അത്തരമൊരു സാഹചര്യത്തില്‍ ഗാന്ധിജിയെ അനുസ്മരിക്കുമ്പോള്‍ അദ്ദേഹം മുന്നോട്ടുവയ്ക്കുന്നതാണ് പ്രാവര്‍ത്തികമാക്കേണ്ടത്. അല്ലാതെ, റോഡ് ക്ലീന്‍ ചെയ്യാനും വൃത്തിയെക്കുറിച്ച് ഉപന്യാസം രചിക്കാനുമുള്ള ഒരു വിഷയമായി ചുരുക്കേണ്ടതല്ല മഹാത്മാ ഗാന്ധി. അത് അഭിനവ ഗാന്ധിയായി ചര്‍ക്കയില്‍ നൂല്‍ നൂറ്റതു കൊണ്ടോ കോണ്‍ഗ്രസുകാര്‍ കാണിക്കുന്ന മാതൃകയില്‍ ഗാന്ധി തൊപ്പി ധരിച്ചതുകൊണ്ടോ മാത്രം ഗാന്ധിജിയുടെ ആശയങ്ങള്‍ ഇന്ത്യയില്‍ നടപ്പാവുകയില്ല. ലോകരാജ്യങ്ങളോട് ഗാന്ധിജിയുടെ ആശയങ്ങള്‍ പിന്തുടരാന്‍ ആഹ്വാനം ചെയ്യുന്നതിനു മുമ്പ് അദ്ദേഹം മുന്നോട്ടു വച്ച സഹിഷ്ണുതയുടേയും ഉള്‍ക്കൊള്ളലിന്റേയും ആശയം സ്വന്തം രാജ്യത്ത് നടപ്പാക്കാനുള്ള സത്യസന്ധതയാണ് നമ്മുടെ ഭരണാധികാരികള്‍ കാണിക്കേണ്ടത്.

Share on

മറ്റുവാര്‍ത്തകള്‍