UPDATES

വിഷവായു നിറയുന്ന ഇന്ത്യന്‍ നഗരങ്ങള്‍; ലക്ഷ്യം കാണാതെ നാഷണല്‍ ക്ലീന്‍ എയര്‍ പ്രോഗ്രാം

2019-ല്‍ ആരംഭിച്ച ‘നാഷണല്‍ ക്ലീന്‍ എയര്‍ പ്രോഗ്രാം’ ഇന്ത്യയിലെ നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായുള്ള മുന്‍നിര പരിപാടിയാണ്

                       

രാജ്യത്തെ വായു മലിനീകരണം ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം ശരാശരി 5.3 വര്‍ഷം കുറയ്ക്കുമെന്ന് ചിക്കാഗോ സര്‍വകലാശാലയിലെ എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് 2023-ല്‍ എയര്‍ ക്വാളിറ്റി ലൈഫ് ഇന്‍ഡക്‌സിലൂടെ വെളിപ്പെടുത്തിയിരുന്നു. ഒരു ക്യൂബിക് മീറ്ററില്‍ അഞ്ച് മൈക്രോഗ്രാം വരെയാണ് ലോകാരോഗ്യ സംഘടന പറയുന്ന വായുമലിനീകരണത്തിന്റെ സുരക്ഷിതമായ തോത്. അതിനേക്കാള്‍ പത്തിരട്ടി കൂടുതലാണ് ഇന്ത്യയില്‍ നിലവിലുള്ള വായുമലിനീകരണം. ഇതിനെയെല്ലാം മറികടക്കുന്നതിനായി 2019-ല്‍ ആരംഭിച്ച ‘നാഷണല്‍ ക്ലീന്‍ എയര്‍ പ്രോഗ്രാം’ ഇന്ത്യയിലെ നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായുള്ള മുന്‍നിര പരിപാടിയാണ്. എന്നാല്‍ ഭൂരിഭാഗം നഗരങ്ങളെയും വായുമലിനീകരണത്തില്‍ നിന്ന് മുക്തമാക്കുകയെന്ന ലക്ഷ്യത്തില്‍ നിന്ന് ഇന്ത്യ വളരെ അകലെയാണെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നഗരങ്ങളിലെ വായു മലിനീകരണത്തിന്റെ തോത് കുറക്കുന്നതിനും വായുവിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള പുതിയ പദ്ധതികളിലൂടെയുള്ള കേന്ദ്രത്തിന്റെ പല ശ്രമങ്ങളും അതിന്റെ ലക്ഷ്യത്തില്‍ നിന്ന് ഒരു പാട് ദൂരം ആകലെയാണെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍.

49 നഗരങ്ങളില്‍ നിന്ന് അഞ്ച് വര്‍ഷത്തോളം തുടര്‍ച്ചയായി ശേഖരിച്ച കണക്കുകള്‍ അനുസരിച്ച് 27 നഗരങ്ങളില്‍ ഫൈന്‍ പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍ (പി.എം) 2.5 ത്തില്‍ കുറവ് രേഖപ്പെടുത്തിയതായി ‘റെസ്പയര്‍ ലിവിംഗ് സയന്‍സസ്’ 2024 ജനുവരി 10 ബുധനാഴ്ച പുറത്ത് വിട്ട പഠനം വ്യക്തമാക്കുന്നു. വായു മലിനീകരണത്തിന്റെ ഏറ്റവും അപകടകരമായ ഗ്രേഡാണ് പി.എം 2.5.

ഇന്ത്യയുടെ 131 നഗരങ്ങളില്‍ (2017-നെ അപേക്ഷിച്ച്) 2026-ഓടെ അന്തരീക്ഷത്തിലുള്ള ശരാശരി മലിനമായ കണികകളുടെ സാന്ദ്രത 40% കുറയ്ക്കുക എന്നതായിരുന്നു 9,631 കോടി രൂപയുടെ നാഷണല്‍ ക്ലീന്‍ എയര്‍ പ്രോഗ്രാമിന്റെ (NCAP) പ്രഖ്യാപിത ലക്ഷ്യം. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തില്‍ ഈ നഗരങ്ങളില്‍ എല്ലാം തന്നെ 2024 ഓടെ മലിനീകരണം 20- 40% കുറയ്ക്കുക എന്നതായിരുന്നു ലക്ഷ്യം, എന്നാല്‍ പിന്നീട് രണ്ട് വര്‍ഷം കൂടി നീട്ടി ലക്ഷ്യം 2026 എന്നതാക്കി മാറ്റുകയും ചെയ്തു.

പദ്ധതിയുടെ സമയപരിധി കഴിയാന്‍ മൂന്നു വര്‍ഷം മാത്രം ശേഷിക്കെ ഇന്ത്യയിലെ പല പ്രമുഖ നഗരങ്ങളിലും ചെറിയ തോതിലുള്ള കുറവ് മാത്രമാണുണ്ടാക്കാന്‍ സാധിച്ചിരിക്കുന്നത്. പല നഗരങ്ങളിലും മലിനീകരണത്തിന്റെ തോതില്‍ വര്‍ദ്ധനവുണ്ടാകുന്ന പ്രവണതയാണ് കാണാന്‍ സാധിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതായത്, ഡല്‍ഹിയില്‍ ശരാശരി വാര്‍ഷിക പി.എം 2.5 ലെവലില്‍ 5.9% കുറഞ്ഞിട്ടുണ്ട്. അതേസമയം മുംബൈയുടെ പ്രാന്തപ്രദേശമായ നവി മുംബൈയില്‍-മലിനീകരണത്തിന്റെ തോത് കുറയുന്നതിന് പകരം പി.എം 2.5 ലെവലില്‍ 46% ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മുംബൈ- 38.1%, ഉജ്ജയിന്‍-46%, ജയ്പൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളില്‍ പി എം 2.5 യഥാക്രമം 12%, മുതല്‍ 13% ശതമാനവും പൂനെയില്‍ 10% ശതമാനവും വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

2019-2023 മുതല്‍ പി എം 2.5 ല്‍ നിന്ന് കുത്തനെ ഇടിവ് കാണിച്ച നഗരങ്ങളില്‍ വരാണാസിയും ഉള്‍പ്പെടുന്നു. പി എം 2.5 ലെവലില്‍ 72% ശതമാനവും ശരാശരി പി എം 10 ലെവലില്‍ 69% ശതമാനം കുറവും വരാണാസിയില്‍ രേഖപെടുത്തിയിട്ടുണ്ട്. ഒപ്പം, ആഗ്രയിലും 53% ശതമാനവും ജോധ്പൂരില്‍ 50% കുറവും രേഖപ്പെടുത്തി. റെസ്പയര്‍ ലിവിംഗ് സയന്‍സസിന്റെ പഠനം 99 നഗരങ്ങളില്‍ നിന്നുള്ള 60 മാസങ്ങള്‍ തുടര്‍ച്ചയായി എടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. മറ്റു നഗരങ്ങളില്‍ നേരിയ ഉയര്‍ച്ചയും താഴ്ച്ചയും രേഖപ്പെടുത്തുമ്പോള്‍ ആകെ 49 നഗരങ്ങളില്‍ മാത്രമാണ് പദ്ധതി അല്‍പ്പമെങ്കിലും പ്രവര്‍ത്തന ക്ഷമമായിരുന്നുവെന്ന് പറയാന്‍ സാധിക്കൂ.

”പിഎം 2.5 ലെവലില്‍ (2019 നെ അപേക്ഷിച്ച്) 40 ശതമാനത്തിലധികം കുറവ് രേഖപ്പെടുത്തിയ മറ്റ് നഗരങ്ങളില്‍ ജോധ്പൂര്‍ (50%), കാണ്‍പൂര്‍ (50%), മീററ്റ് (42%), ലഖ്നൗ (41%) എന്നിവയും ഉള്‍പ്പെടുന്നു. പി എം 10 ലെവലുമായി ബന്ധപ്പെട്ട്, വാരാണസിയും താല്‍ച്ചറും ഒഴികെയുള്ള, മറ്റ് നഗരങ്ങള്‍ക്കൊന്നും തന്നെയിതുവരെ 40% ശതമാനത്തിന് താഴേക്ക് എത്തുക എന്ന ലക്ഷ്യം നേടാന്‍ സാധിച്ചിട്ടില്ലന്നും റെസ്പയര്‍ ലിവിംഗ് സയന്‍സസിന്റെ പഠനം വ്യക്തമാക്കുന്നു.

മലിനീകരണത്തിന്റെ അളവ് അടിസ്ഥാനമാക്കികൊണ്ട് ശരാശരി വാര്‍ഷിക കണിക പദാര്‍ത്ഥങ്ങളുടെ സാന്ദ്രത കണക്കാക്കുന്നതാണ് റെസ്പയര്‍ ലിവിംഗ് സയന്‍സസിന്റെ പഠന രീതി അതിനാല്‍ തന്നെ ഒരു വര്‍ഷത്തിനുള്ളില്‍ കാര്യമായ വ്യതിയാനങ്ങളുണ്ടായേക്കാമെന്നും പറയുന്നു. തുടര്‍ച്ചയായി സ്ഥാപിച്ചിരിക്കുന്ന വായുവിന്റെ ഗുണമേന്മ അളക്കുന്ന മോണിറ്ററുകള്‍ ഒരു നഗരത്തിലെ വാര്‍ഷിക മലിനീകരണ സാന്ദ്രതയെ അളക്കുന്നതിലും വേണ്ടത്ര വിവരങ്ങള്‍ നല്‍കുന്നതിലും സുപ്രധാന പങ്ക് വഹിക്കുന്നു.

നാഷണല്‍ ക്ലീന്‍ എയര്‍ പദ്ധതി വഴി വായു മലിനീകരണത്തിന്റെ അളവില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും 2026-ലുള്ള പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് എത്തണമെങ്കില്‍ പദ്ധതിക്കു മുമ്പില്‍ വലിയ വെല്ലുവിളികളും നിലനില്‍ക്കുന്നുണ്ട്. അതിലൊന്നാണ് ചില പ്രദേശങ്ങളില്‍ മലിനീകരണത്തിന്റെ സാന്ദ്രതയില്‍ ഇപ്പോഴും വലിയ വര്‍ദ്ധനവ് നേരിടുന്നു എന്നത്. നഗരങ്ങളിലെ വായുവിന്റെ ഗുണമേന്മ അളക്കുന്നതിനായി പുതിയ മോണിറ്ററിങ് സ്റ്റേഷനുകളില്‍ നിന്നുള്ള ശക്തമായ നിരീക്ഷണം നിലവിലെ അന്തരീക്ഷ മലിനീകരണത്തിന്റ കൃത്യമായ ചിത്രം നല്‍കുന്നത് വഴി . പ്രശ്‌ന പരിഹാരത്തിനായുള്ള മികച്ച തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അധികൃതരെ സഹായിക്കുകയും ചെയ്യുമെന്ന് ക്ലൈമറ്റ് ട്രെന്‍ഡ്സിലെ (പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം എന്നീ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ലക്ഷ്യമിടുന്ന ഒരു ഗവേഷണ-അടിസ്ഥാന കണ്‍സള്‍ട്ടിംഗ്, കപ്പാസിറ്റി ബില്‍ഡിംഗ് സംരംഭമാണ് ക്ലൈമറ്റ് ട്രെന്‍ഡ്സ്.) ഡയറക്ടറായ ആരതി ഖോസ്ല പറഞ്ഞു.

നാഷണല്‍ ക്ലീന്‍ എയര്‍ പ്രോഗ്രാം (N C A P)

വായു മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യമാണ് (നാഷണല്‍ ക്ലീന്‍ എയര്‍ പ്രോഗ്രാം) എന്‍ സി എപിക്കുള്ളത്. 2.5 മൈക്രോമീറ്ററില്‍ താഴെ വ്യാസമുള്ള കണികാ ദ്രവ്യത്തിന്റെ (Particulate Matter-PM)സാന്ദ്രത കുറച്ചുകൊണ്ടുള്ളതാണ് എന്‍സിഎപിയുടെ വായുമലിനീകരണം നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍. 2026ഓടെ വായുവിലുള്ള പിഎം10ന്റെ അളവ് 20-30% ശതമാനമാക്കുകയാണ് ലക്ഷ്യം. ഇതിനായി പ്രോഗ്രാമിന് കീഴിലുള്ള നഗരങ്ങള്‍ക്ക് എന്‍സിഎപി സ്‌കീം വഴി പണം നല്‍കുകയും പുരോഗതി വിലയിരുത്തുകയും ചെയ്യും. പിഎം 2.5ന് താഴെയുള്ള കണികകള്‍ ആരോഗ്യത്തിന് വലിയ അപകടം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. 100 നഗരങ്ങളായിരുന്നു 2019ല്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പിന്നീട് ഇത് 131 ആക്കി വര്‍ധിപ്പിച്ചു. സെന്റര്‍ ഫോര്‍ റിസേര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയറിന്റെ (സിആര്‍ഇഎ) ഡാറ്റ പ്രകാരം 2023ല്‍ അന്തരീക്ഷ വായു ഗുണനിലവാരത്തിന്റെ ദേശീയ ശരാശരിയേക്കാള്‍ താഴെ വായു ഗുണനിലവാരം രേഖപ്പെടുത്തിയ 118 നഗരങ്ങളാണുള്ളത്. ഇവയൊന്നും എന്‍സിഎപി സ്‌കീമില്‍ ഉള്‍പ്പെട്ടിട്ടില്ല.

Share on

മറ്റുവാര്‍ത്തകള്‍