മനുഷ്യന്‍ മലിനമാക്കുന്ന എവറസ്റ്റ് കൊടുമുടി ശുചീകരിക്കാന്‍ പുതിയ നടപടികള്‍. പര്‍വതാരോഹകര്‍ മനുഷ്യ വിസര്‍ജ്യങ്ങള്‍ അടക്കമുള്ള മാലിന്യങ്ങള്‍ വഴിയില്‍ ഉപേക്ഷിക്കുന്നത് എവറസ്റ്റിന് വലിയ പാരിസ്ഥിതിക ദോഷമാണ് ഉണ്ടാക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ മാലിന്യ നിയന്ത്രണ പദ്ധതി പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ഒരുങ്ങിയിരിക്കുകയാണ് പ്രാദേശിക ഭരണസംവിധാനങ്ങള്‍.
എവറസ്റ്റ് കൊടുമുടി കയറുന്ന പര്‍വതാരോഹകര്‍ ഇനിമുതല്‍ തങ്ങളുടെ മലവിസര്‍ജ്യ മാലിന്യങ്ങള്‍ ബേസ് ക്യാമ്പില്‍ നിന്ന് നല്‍കുന്ന ബാഗുകളില്‍ ശേഖരിക്കണം, ഇവ കൈയില്‍ കരുതി തിരിച്ചിറങ്ങുമ്പോള്‍ ബേസ് ക്യാമ്പില്‍ ഏല്‍പ്പിക്കണമെന്നുമാണ് തദ്ദേശ സ്ഥാപനങ്ങളുടെ നിര്‍ദ്ദേശം. എവറസ്റ്റ് കൊടുമുടിയുടെ പ്രതിഛായ തന്നെ ഇല്ലാതാക്കുന്ന പ്രവര്‍ത്തിയായാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ഭരണകൂടം പറയുന്നത്. ബോധവത്കരണം നല്‍കിയിട്ടും അവസ്ഥയ്ക്ക് മാറ്റമുണ്ടാകാതെ വന്നതോടെയാണ് വിസര്‍ജ്യ ബാഗുകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് അവര്‍ പറയുന്നത്.
എവറസ്റ്റിന്റെ ചുമതലയുള്ള പ്രാദേശിക ഉദ്യോഗസ്ഥര്‍ സാഗര്‍മാതാ മലിനീകരണ നിയന്ത്രണ സമിതിയുമായി ചേര്‍ന്ന് പര്‍വതാരോഹകര്‍ക്കും ജീവനക്കാര്‍ക്കും മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായുള്ള ബാഗുകള്‍ ശേഖരിക്കുന്നുണ്ട്. 400 വിദേശ പര്‍വതാരോഹകര്‍, 800 സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍, 300 റെസ്‌ക്യൂ ടീം അംഗങ്ങള്‍ എന്നിവര്‍ക്ക് ആവശ്യമായ ബാഗുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് പ്രാദേശിക സര്‍ക്കാരില്‍ ജോലി ചെയ്യുന്ന അര്‍ച്ചന ഗിമിയര്‍ പറയുന്നു. ഓരോ വ്യക്തിക്കും കയറുമ്പോള്‍ വീണ്ടും ഉപയോഗിക്കാനും യാത്രയുടെ അവസാനം മാലിന്യം ഉപേക്ഷിക്കാനുമുള്ള മൂന്ന് ബാഗുകള്‍ വീതമാണ് നല്‍കുക. എവറസ്റ്റിന്റെ ഭൂരിഭാഗവും ഖുംബു പസാങ് ലാമു മുനിസിപ്പാലിറ്റിക്ക് കീഴിലാണ്.
ബേസ് ക്യാമ്പില്‍ എത്തിയ ശേഷം കൊടുമുടി കയറാന്‍ സാധാരണയായി രണ്ടാഴ്ചയോ അതില്‍ കൂടുതലോ എടുക്കും. പര്‍വതാരോഹകര്‍ക്ക് ബേസ് ക്യാമ്പിലെത്തുമ്പോഴാണ് ബാഗുകള്‍ നല്‍കുക. വര്‍ഷങ്ങളായി, സാഹസിക സഞ്ചാരികള്‍ വിസര്‍ജ്യം ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ പര്‍വതത്തില്‍ ഉപേക്ഷിക്കുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. സാഹസിക വിനോദസഞ്ചാരത്തിനായി കൂടുതല്‍ ആളുകള്‍ എത്തുന്നതോടെ മലയുടെ മഞ്ഞുമൂടിയ ഭാഗങ്ങള്‍ മനുഷ്യവിസര്‍ജ്യവും മറ്റ് മാലിന്യങ്ങളും കൊണ്ട് നിറയുകയാണ്. 2022 ലെ സാഗര്‍മാതാ മലിനീകരണ നിയന്ത്രണ സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, കുംബു മേഖലയിലെ മൂന്ന് കൊടുമുടികളായ എവറസ്റ്റ്, ലോത്സെ, മൗണ്ട് നപ്റ്റ്സെ എന്നിവിടങ്ങളില്‍ വസന്തകാലത്ത് മാത്രം 16,000 കിലോഗ്രാമില്‍ കൂടുതല്‍ (35,000 പൗണ്ട്) മനുഷ്യ വിസര്‍ജ്യമുണ്ടായിരുന്നു.
എവറസ്റ്റിലെ സാഹസിക സഞ്ചാര വ്യസായത്തെ അലട്ടുന്ന ഒരു പ്രശ്‌നമാണിത്. വിസര്‍ജ്യങ്ങള്‍ പര്‍വതത്തിന്റെ സൗന്ദര്യത്തെ നശിപ്പിക്കുക മാത്രമല്ല, സമീപത്ത് താമസിക്കുന്ന ആളുകളുടെ ആരോഗ്യത്തിന് ഭീഷണിയാകുകയും മലകയറ്റം കൂടുതല്‍ അപകടകരമാക്കുകയും ചെയ്യുന്നുണ്ട്.
എവറസ്റ്റ് കയറുമ്പോള്‍, സാഹചര്യവുമായി പരിചയപ്പെടാന്‍ സഞ്ചാരികള്‍ ബേസ് ക്യാമ്പില്‍ ധാരാളം സമയം ചെലവഴിക്കാറുണ്ട്. അവിടെ പര്‍വതാരോഹകര്‍ക്ക് ഉപയോഗിക്കുന്നതിനായി ടോയ്ലറ്റ് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പര്‍വതം കയറുമ്പോള്‍ ഇത്തരത്തിലുള്ള ശൗചാലയ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ തുറസായ സ്ഥലങ്ങള്‍ മല മൂത്ര വിസര്‍ജനത്തിന് ഉപയോഗിക്കുകയാണ്. ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കുകയാണ്. സാഹസിക സഞ്ചാരികള്‍ക്ക് മാലിന്യ ശേഖരണത്തിന് ബാഗുകള്‍ നല്‍കുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് കരുതുന്നത്.
1990-കളില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള പര്‍വതാരോഹണം പ്രചാരത്തിലായിത്തുടങ്ങിയപ്പോള്‍ മുതല്‍ സാഗര്‍മാതാ മലിനീകരണ നിയന്ത്രണ സമിതി ഇവിടം വൃത്തിയാക്കുന്നതിനുള്ള പ്രചാരണങ്ങളും പരിപാടികളും നടത്തിവരുന്നുണ്ട്.
നിലവില്‍ പര്‍വതാരോഹണ സീസണ്‍ അടുത്തുവരുന്നതിനാല്‍ ഒരു എന്‍ജിഒ അമേരിക്കയില്‍ നിന്നും 8000 വിസര്‍ജ്യ ബാഗുകള്‍ എവറസ്റ്റിലേക്ക് എത്തിക്കുന്നുണ്ട്. ഈ ബാഗുകളിലെ രാസവസ്തുക്കളും പൊടികളും മനുഷ്യ മാലിന്യങ്ങളെ ഖര രൂപത്തിലേക്ക് മാറ്റി ദുര്‍ഗന്ധരഹിതമാക്കും. പര്‍വതം കയറി മടങ്ങുന്നവരുടെ ബാഗുകള്‍ കര്‍ശനമായി പരിശോധിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. ഈ നടപടികളിലൂടെ എവറസ്റ്റിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
2023 ലെ വസന്തകാലത്ത് എവറസ്റ്റ് കയറാന്‍ 463 പെര്‍മിറ്റുകളാണ് നേപ്പാള്‍ ഭരണകൂടം അനുവദിച്ചത്. അതേ വര്‍ഷം മെയ് മാസത്തില്‍ 17 പേര്‍ എവറസ്റ്റില്‍ വച്ച് മരണപ്പെട്ടു. 2014 ന് ശേഷമുള്ള ഏറ്റവും മോശം വര്‍ഷങ്ങളിലൊന്നായിരുന്നു 2023. എങ്കിലും ഈ വര്‍ഷം സഞ്ചാരികള്‍ക്ക് പാര്‍വ്വതാരോഹണത്തിനുള്ള പെര്‍മിറ്റുകള്‍ പരിമിതപ്പെടുത്തുന്ന കാര്യത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളൊന്നും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.