മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ബിജെപി നേതാവ് സുരേഷ് ഗോപിക്കെതിരേ ശക്തമായ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് പരാതിക്കാരി. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു മാധ്യമപ്രവര്‍ത്തകയെ അനുമതയില്ലാതെ സ്പര്‍ശിക്കുക വഴി സുരേഷ് ഗോപി അപമാനിച്ചത്. ബിജെപി നേതാവിന്റെ പ്രവര്‍ത്തിക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെ ക്ഷമാപണവുമായി സുരേഷ് ഗോപി രംഗത്തെത്തി. തന്റെ ഭാഗത്തു നിന്നുണ്ടായത പ്രവര്‍ത്തിയെ പുത്രീവാത്സല്യമായാണ് സുരേഷ് ഗോപി ന്യായീകരിക്കുന്നത്. എന്നാല്‍ ഇത്തരമൊരു ക്ഷമ ചോദിക്കാല്‍ കൊണ്ട് പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നില്ലെന്നാണ് പരാതിക്കാരിയും മീഡിയ വണ്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകയുമായ ഷിദ ജഗത് വ്യക്തമാക്കിയിരിക്കുന്നത്. സുരേഷ് ഗോപിയെന്ന രാഷ്ട്രീയ നേതാവിനെ കാണാനാണു താന്‍ ചെന്നതെന്നും സൗഹൃദ സംഭാഷണത്തിനല്ല മുതിര്‍ന്നതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. തെരഞ്ഞെടുപ്പിനെ കുറിച്ച് ചോദ്യം ഉന്നയിക്കുന്ന വേളയില്‍ മുന്‍ എം പി യുടെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം മാനസികമായി വിഷമിപ്പിച്ചുവെന്നും ഷിദ പറയുന്നു. ഒരു മാധ്യമ പ്രവര്‍ത്തകയെന്ന നിലയില്‍ സമാന സംഭവത്തിലൂടെ ഇനി ആരും കടന്നു പോവാതിരിക്കാന്‍ വേണ്ടി കൂടിയാണ് ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്നതെന്നും, നിയമ നടപടികളിലേക്ക് കടക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മീഡിയ വണ്‍ ചാനലിലൂടെ പുറത്തു വന്ന ഷിദയുടെ പ്രതികരണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
ഷിദയ്ക്ക് നേരിടേണ്ടി വന്ന അപമാനത്തില്‍ നിയമനടപടി ഉള്‍പ്പെടയുള്ള കാര്യങ്ങളില്‍ ചാനലിന്റെ സമ്പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നാണ് മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ അഴിമുഖത്തോട് പറഞ്ഞു. സംഭവത്തില്‍ മാപ്പ് അപേക്ഷിച്ചു സുരേഷ് ഗോപി രംഗത്തു വന്നെങ്കിലും അത് മാപ്പായി ഷിദക്ക് തോന്നാത്ത പക്ഷവും, ഇത്തരത്തിലുള്ള സംഭവങ്ങള്‍ സമൂഹത്തില്‍ ഇനി അവര്‍ത്തിക്കാതിരിക്കാനുമാണ് നിയമ നടപടിയുമായി മുന്നോട്ടു പോകുന്നത്. ഷിദയുടെ സമാന അനുഭവം നേരിടേണ്ടി വരുന്ന സ്ത്രീകള്‍ നിയമനടപടിയിലേക്ക് കടക്കണമെന്നു തന്നെയാണ് ചാനലിന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ സ്ഥാപനമെന്ന നിലയില്‍ ഇത്തരം നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍ ഒരു ഫലം ലഭിക്കുക തന്നെ ചെയ്യും. ഈ ഫലം ഇന്നത്തെ കാലത്തിന് ആവിശ്യമായതു കൊണ്ട് കൂടിയാണ് ഷിദക്കൊപ്പം നില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിതൃവാത്സ്യത്തിനു പുറത്തു ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികളില്‍ മറു ഭാഗത്തു നില്‍ക്കുന്ന വ്യക്തിയുടെ മനോഭാവം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അവര്‍ക്കു കൂടി അത് സ്വീകാര്യമായിരിക്കണം അല്ലാത്തപക്ഷം അത് ചോദ്യം ചെയ്യപ്പെടും. ബന്ധങ്ങള്‍ അധികാരമെന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ ഇത്തരം പിതൃവാത്സ്യങ്ങള്‍ ഫ്യൂഡല്‍ സങ്കല്‍പ്പമാണ്. പുരുഷാധികാര ബന്ധങ്ങളില്‍ നിന്ന് അരക്ഷിതാവസ്ഥ നേരിടേണ്ടി വരുന്ന കാലം കൂടിയാണ് ഇത്. ഇത്തരത്തിലുള്ള സ്പര്‍ശനം ഏല്‍ക്കേണ്ടി വരുന്ന വ്യക്തിക്ക് മാത്രമേ അതിന്റെ സ്വഭാവം മനസിലാകുകയുള്ളു. ഈ സ്പര്‍ശനം ഷിദക്ക് കൂടി അംഗീകരിക്കാന്‍ കഴയുന്നില്ലെങ്കില്‍ ഇതൊരു കുറ്റകൃത്യമായി മാറുമെന്നും പ്രമോദ് രാമന്‍ പറയുന്നു.
സംഭവത്തില്‍ സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നുണ്ടായ നീക്കം അപലപനീയമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയനും വിമര്‍ശനം ഉന്നയിച്ചു. മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പം യൂണിയന്‍ ഉറച്ചുനില്‍ക്കുമെന്നും കെ യു ഡബ്ല്യു ജെ അറിയിച്ചു.
”മാധ്യമപ്രവര്‍ത്തകര്‍ എന്ന നിലയില്‍ നമ്മള്‍ ഒരു വ്യക്തിയുമായി സംവദിക്കുമ്പോള്‍ എല്ലാ ചോദ്യങ്ങളും അവരുടെ താല്പര്യങ്ങളുമായി യോജിക്കണമെന്നില്ല. അത്തരം അവസരങ്ങളില്‍ ചോദ്യത്തെ അവഗണിക്കാം, അല്ലെങ്കില്‍ മാന്യമായ രീതിയില്‍ മറുപടി നല്‍കാം. എന്നാല്‍ സുരേഷ് ഗോപി അങ്ങനെയല്ല ചെയ്തത്. തോളില്‍ വച്ച കൈ എടുത്തുമാറ്റുമ്പോള്‍ ആ പ്രവര്‍ത്തിയിലുള്ള അതൃപ്തിയാണ് അവിടെ പ്രകടമാകുന്നത്. അവിടെവച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച പ്രതിഷേധത്തിന്റെ സ്വരം തന്നെയാണ് അത്. ഇത്തരം സംഭവങ്ങളുടെ അവസാനത്തേത് ആയിരിക്കില്ല ഇത്. സൗഹൃദപരമായ രീതിയുള്ള ഇടപെടല്ല അവിടെ നടന്നത്. ചോദ്യത്തിന് നേരെയുള്ള അസഹിഷ്ണുതയെ അതേ രീതിയിലാണ് എടുക്കേണ്ടത്. മറ്റൊരു രീതിയില്‍ സമീപിക്കുന്ന ഇത്തരം നടപടികളില്‍ തെളിഞ്ഞു നില്കുന്നത് പുരോഗമന വാദമല്ലെ’ന്നാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീത അഴിമുഖത്തോട് പ്രതികരിച്ചത്.
മാപ്പു പറഞ്ഞതുകൊണ്ട് മാത്രം അദ്ദേഹത്തിന് നേരെയുള്ള നിയമനടപടികള്‍ ഒഴിവാകില്ലെന്നാണ് കെയുഡബ്‌ള്യുജെ ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ ബാബു അഴിമുഖത്തോട് പറഞ്ഞു. ഇനി മാധ്യമ പ്രവര്‍ത്തകരെ അഭിമുഖീകരിക്കില്ലെന്ന് അദ്ദേഹം പറയുമ്പോള്‍ പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹത്തിനെതിരെയുള്ള ചോദ്യങ്ങള്‍ പ്രസക്തമായി അവിടെ നിലനില്‍ക്കുമെന്നും കിരണ്‍ ബാബു പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ ആ ചോദ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറയുന്നു. സുരേഷ് ഗോപിക്ക് എതിരേ വനിതാ കമ്മീഷന്‍ പരാതി സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. തന്റെ തൊഴിലിടത്താണ് ഷിദ നിന്നിരുന്നത്. അത്തരത്തില്‍ തൊഴിലിടത്തു നില്‍ക്കുന്ന സ്ത്രീകളെ, അവരുടെ തൊഴിലിനെ ബഹുമാനിക്കാന്‍ കഴിയാത്തതാണ് അടിസ്ഥനപരമായി ഈ സംഭവത്തിലെ പ്രശ്‌നമെന്ന് ഔട്ട് ലുക്ക് സീനിയര്‍ എഡിറ്റര്‍ കെ കെ ഷാഹിന അഴിമുഖത്തോട് പറഞ്ഞു. പിന്നീടുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തിലും തെളിഞ്ഞു നില്‍ക്കുന്നതും ഇത് തന്നെയാണ്. ഒരുപാട് കാലമായി മാധ്യമ പ്രവര്‍ത്തന രംഗത്തുള്ള ഷിദയെ ‘കുട്ടി’ എന്നാണ് അദ്ദേഹം അഭിസംബോധന ചെയ്തത്. അസഹനീയമായ രക്ഷാധികാര മനോഭാവവും, പുരുഷാധികാരത്തിന്റെ അശ്ലീല പ്രകടനവുമാണ് സുരേഷ് ഗോപിയുടെ പ്രവര്‍ത്തികളില്‍ മുഴച്ചു നിന്നത്. ഇവിടെ പ്രതിപാദിക്കുന്ന ഈ അശ്ലീലം ലൈംഗികത അര്‍ത്ഥം വച്ചുള്ളതല്ല. അധികാര മനോഭാവത്തില്‍ മോളെയെന്നുള്ള അഭിസംബോധന അവരുടെ ചോദ്യത്തെയും, അവരുടെ തൊഴിലിനെയും നിസാരവത്കരിച്ചുകൊണ്ടുള്ള പുരുഷ ധാര്‍ഷ്ട്യമാണ്. ഒരാളുടെ വ്യക്തി ഇടങ്ങളിലേക്ക് കടന്നു കയറുന്നതിന് തുല്യമായ ഇത്തരം പ്രവൃത്തികള്‍ കുറ്റകൃത്യമായി കണക്കാക്കാന്‍ പാകത്തിലുള്ളതാണ്. ഇതിനെതിരെ കൃത്യമായ നിയമയനടിപടിയാണ് സ്വീകരിക്കേണ്ടത്, മാപ്പല്ല; കെ കെ ഷാഹിന പറയുന്നു.
സംഭവത്തില്‍ പ്രതികരണവുമായി വനിതാ മാധ്യമ പ്രവര്‍ത്തകരുടെ ദേശീയ കൂട്ടായ്മയായ നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ(NWMI) രംഗത്തു വന്നു. ഒരു വനിത റിപ്പോര്‍ട്ടറുടെ തോളില്‍ കൈവയ്ക്കുന്ന, അദ്ദേഹത്തിന്റെ ശരീര ഭാഷ അങ്ങേയറ്റം ഔദ്ധത്യം നിറഞ്ഞതും അക്രമോല്‍സുകവുമാണ്. സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമ പ്രകാരം (POSH Act 2013) ഇത് കൃത്യമായും ജോലി സ്ഥലത്തെ കയ്യേറ്റമെന്ന നിലക്ക് മാത്രമേ കാണാനാവൂ. ഇത് ഗൗരവമുള്ള കുറ്റകൃത്യമായി കണ്ട് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് NWMI ആവശ്യപ്പെടുന്നു. ജോലി സ്ഥലത്തെ അതിക്രമം എന്ന നിലയില്‍ തന്നെ, ഷിദയുടെ തൊഴില്‍ സ്ഥപനമായ മീഡിയ വണ്‍ ഈ വിഷയത്തെ സമീപിക്കുകയും നിയമം അനുശാസിക്കുന്ന നടപടി എടുക്കുകയും വേണമെന്നും NWMI ആവശ്യപ്പെട്ടു.