2008ല്‍ നടന്ന മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും ബിജെപി എംപിയുമായ പ്രഗ്യാ സിങ് താക്കൂറിനോട് മൊഴി രേഖപ്പെടുത്താന്‍ ഹാജരാകാന്‍ ഉത്തരവിട്ട് പ്രത്യേക എന്‍ഐഎ കോടതി. അല്ലാത്തപക്ഷം നടപടികള്‍ നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.
ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് വിചാരണ തീയതി മാറ്റിവെക്കണമെന്നാവിശ്യപെട്ട് പ്രഗ്യാ താക്കൂര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഫെബ്രുവരി 22 നാണ് പ്രത്യേക ജഡ്ജി എ കെ ലഹോട്ടി ഉത്തരവ് പുറപ്പെടുവിച്ചത്. മാലേഗാവ് സ്‌ഫോടനക്കേസില്‍ യുഎപിഎ, ഐപിസി എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രഗ്യാ താക്കൂറും മറ്റ് ആറുപേരും കേസില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നത്. ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി) പ്രകാരം ദേശീയ അന്വേഷണ ഏജന്‍സി കോടതി നിലവില്‍ പ്രതികളുടെ മൊഴി രേഖപ്പെടുത്തികൊണ്ടിരിക്കുകയാണ്.
പ്രഗ്യാ താക്കൂറും മറ്റ് ചില പ്രതികളും നിശ്ചിത തീയതിയില്‍ പതിവായി കോടതിയില്‍ ഹാജരാകുന്നില്ലെന്ന് പ്രത്യേക ജഡ്ജി ലഹോട്ടിന്റെ ഉത്തരവില്‍ പറയുന്നുണ്ട്. ”കാലാകാലങ്ങളില്‍, പ്രതികള്‍ ഉന്നയിച്ച കാരണങ്ങളാല്‍ അതിനനുസരിച്ചുള്ള ഇളവുകളും അപേക്ഷകളും കോടതി പരിഗണിക്കുന്നുണ്ട്. ചില പ്രതികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്നവരാണ്, വാദം മാറ്റി വച്ച പതിനൊന്നാം മണിക്കൂറില്‍ ടിക്കറ്റ് കിട്ടാനുള്ള ബുദ്ധിമുട്ടുകള്‍ മൂലം കോടതിയില്‍ ഹാജരാകാന്‍ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും, മേല്‍പ്പറഞ്ഞ ബുദ്ധിമുട്ട് മറികടക്കാന്‍, എല്ലാ പ്രതികള്‍ക്കും തീയതികള്‍ മുന്‍കൂട്ടി നല്‍കുന്നതിനാല്‍, അതേ കാരണത്താല്‍ ഇളവ് പരിഗണിക്കുന്നതല്ല”, എന്നും കോടതി വ്യക്തമാക്കി. ചികത്സയിലാണെന്ന് കാണിച്ചാണ് പ്രഗ്യാ സിങ് കോടതിയെ സമീപിച്ചത്. എന്നിരുന്നാലും ഒഴിവുകഴിവുകളില്ലാതെ ഫെബ്രുവരി 27 മുതല്‍ വിചാരണക്കായി ഹാജാരാവാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇനി മുടങ്ങുന്ന പക്ഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഭോപ്പാലില്‍ നിന്നുള്ള രാജ്യസഭാ അംഗത്തിന് കോടതി മുന്നറിയിപ്പ് നല്‍കി. കൂടാതെ, എല്ലാ പ്രതികളും മൊഴി രേഖപ്പെടുത്തുന്നത് പൂര്‍ത്തിയാകുന്നതുവരെ അവര്‍ക്ക് നല്‍കിയിരിക്കുന്ന നിശ്ചിത തീയതികളില്‍ നിര്‍ബന്ധമായും ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. ‘അവര്‍ക്ക് (പ്രതികള്‍ക്ക്) മുംബൈയില്‍ തന്നെ തുടരാമെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് മുംബൈയിലും മരുന്ന് ലഭിക്കുമെന്നും,’ കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും കേസിലെ ഒരു പ്രതി ഹാജരായി രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രഗ്യാ സിങ് താക്കൂര്‍ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരായത്. തനിക്ക് ശാരീരിക പ്രശ്‌നങ്ങളുണ്ടെന്നും നേരത്തെ എഴുന്നേല്‍ക്കാന്‍ സാധിക്കില്ലെന്നുമാണ് പ്രഗ്യാ അന്ന് കോടതിയെ അറിയിച്ചത്. സെപ്തംബര്‍ 14ന് കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായിട്ടും ഇനിയും വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിട്ടില്ല. 2008 സെപ്തംബര്‍ 29ന് വടക്കന്‍ മഹാരാഷ്ട്രയിലെ മുംബൈയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയായിരുന്നു മാലേഗാവ് സ്‌ഫോടനം നടക്കുന്നത്. സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച മോട്ടോര്‍സൈക്കിള്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം. ആറ് പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. മൂന്നുറോളം പേര്‍ക്ക് പരിക്കേല്‍ക്കുകകയും ചെയ്തിരുന്നു. 2011ലാണ് കേസ് എന്‍.ഐ.എക്ക് കൈമാറുന്നത്. അതിനു മുമ്പ് മഹാരാഷ്ട്ര ആന്റി ടെറര്‍ സ്‌ക്വാഡാണ് കേസ് അന്വേഷിച്ചിരുന്നത്.