UPDATES

കേരളം

ഗവര്‍ണറുടെ നടപടി രാഷ്ട്രീയപ്രേരിതം

വിസിമാരെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കണം

                       

മാർച്ച് ആദ്യവാരമാണ് ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ വൈസ് ചാൻസലറെ ഗവർണർ പുറത്താക്കുന്നത്. സംസ്‌കൃത സർവകലാശാലയുടെ വിസി ഡോ. എം വി നാരായണനു പുറമെ കാലിക്കറ്റ് വിസി ഡോ. എം കെ ജയരാജിനെയും പുറത്താക്കിയിരുന്നു. യുജിസി യോഗ്യത ഇല്ലെന്ന് ചൂണ്ടികാണിച്ചായിരുന്നു ഗവർണറുടെ നടപടി. 10 ദിവസത്തിനകം സ്ഥാനമൊഴിയണമെന്നും രാജ്ഭവൻ ഉത്തരവിട്ടിരുന്നു. വിസിമാരുടെ പിരിച്ചുവിടലിനെതിരെ പ്രസ്തവാനയുമായി രംഗത്തെത്തിയിരിക്കുയാണ് അക്കാദമിക് വിദഗ്ധർ. പിരിച്ചുവിടൽ നടപടി പിൻവലിക്കണമെന്നാവിശ്യപെട്ടാണ് എസ്.എസ്.യു.എസ് ചാൻസലർ കൂടിയായ ഗവർണർക്ക് പ്രസ്താവന നൽകിയിരിക്കുന്നത്. ഗവർണറുടെ നീക്കം അപലപനീയമാണെന്ന് ചൂണ്ടികാണിച്ചു പ്രസ്താവനയിറക്കിയ അക്കാദമിക് വിദഗ്ധർ പിരിച്ചുവിടൽ രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപിക്കുന്നു.

അടിച്ചേൽപ്പിക്കുന്ന തരത്തിൽ നീങ്ങികൊണ്ടിരിക്കുന്ന ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ കാലാവസ്ഥ, അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നും പ്രസ്‍താവനയിൽ പറയുന്നു. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൽ വേരൂന്നിയ ഈ പ്രവണത മതേതരവും ബഹുസ്വരവുമായ ഇന്ത്യൻ രാഷ്ട്രത്തെ മതത്തിൽ അധിഷ്ഠിതമായ ഒരു ഏകശിലാരൂപമാക്കി മാറ്റുകയാണ്. ഇന്ത്യ വൈവിധ്യവും എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രമെന്ന ആശയത്തിന് എതിരാണ് ഇത്. പ്രൊഫ.എം.വി.നാരായണനെ പുറത്താക്കിയത് ഈ വൈവിധ്യത്തിനെതിരായ കടന്നാക്രമണമായാണ് കണക്കാക്കേണ്ടത്. ഇന്ത്യയിലുടനീളമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്ര സർക്കാരിൻ്റെ രാഷ്ട്രീയ മുന്നേറ്റത്തിനുള്ള ഉപകരണങ്ങളായി മാറ്റപെട്ടുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ഇടപെടുകയും ചെയ്യുന്നതോടെ, ഇത് അവർക്ക് സ്വതന്ത്രമായ ഗവേഷണം നടത്താനും വിമർശനാത്മക ചിന്തയെ പ്രോഹത്സാഹിപ്പിക്കാനും ബുദ്ധിമുട്ടുണ്ടാക്കുകയാണ്.
ഇത്തരത്തിലുള്ള ഇടപെടൽ അക്കാദമിക രംഗത്തെ ജനാധിപത്യത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും മൂല്യങ്ങൾക്ക് ഭീഷണിയാണ്.

ശ്യാം മേനോൻ കമ്മീഷൻ അംഗമെന്ന നിലയിൽ പ്രൊഫ എം വി നാരായണൻ കമ്പോളത്തെ അടിസ്ഥാനമാക്കിയുള്ള ദേശീയ വിദ്യാഭ്യാസ നയം [NEP] വിമർശനാത്മകമായി പുനർവിചിന്തനം ചെയ്യുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഈ നിലപാട് ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ വിപണന-പ്രേരിത സമീപനത്തെ വെല്ലുവിളിക്കുന്നതിലും കേരളത്തിനായി സാമൂഹികമായി ഉൾക്കൊള്ളുന്ന ഒരു ബദലിനുവേണ്ടി വാദിക്കുന്നതാണ്. ഈ റിപ്പോർട്ട് കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിൽ കാര്യങ്ങളെ ഗുണപരമായി മാറ്റാൻ തുടങ്ങിയപ്പോൾ, കേന്ദ്രസർക്കാരിൻ്റെയും കേരളത്തിലെ അതിൻ്റെ പ്രതിനിധിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെയും അജണ്ടയോട് യോജിക്കാതെ വരുന്നു. പ്രൊഫ. എം.വി. നാരായണനെ വൈസ് ചാൻസലർ സ്ഥാനത്തുനിന്നും പിരിച്ചുവിടുന്ന ഗവർണറുടെ തീരുമാനം ഇതിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. അത് സർവകലാശാലയിൽ ഒരു അനിശ്ചിതാവസ്ഥ സൃഷിട്ടിച്ചിരിക്കുകയാണ്. വൈസ് ചാൻസലറെ പിരിച്ചുവിട്ടത് എല്ലാ അക്കാദമിക് മേഖലകളെയും തുരങ്കം വയ്ക്കാനും പിന്നോട്ട് വലിക്കാനും ലക്ഷ്യമിട്ടുള്ളതാണ്.

സർവ്വകലാശാല സംസ്‌കൃത പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നാല് വർഷത്തെ ഒരു പുതിയ ബിരുദ പ്രോഗ്രാം (FYUGP) അവതരിപ്പിച്ചിരുന്നു. ഈ പ്രോഗ്രാം സംസ്‌കൃത അധ്യാപനത്തിൻ്റെ അടിസ്ഥാനകാര്യങ്ങൾ ശക്തിപ്പെടുത്തുക മാത്രമല്ല സംസ്‌കൃതത്തിൽ ഇൻ്റർ ഡിസിപ്ലിനറി ഗവേഷണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ നൂതന സമീപനം ലോകമെമ്പാടുമുള്ള സംസ്‌കൃത പണ്ഡിതന്മാരുടെയും ചരിത്രകാരന്മാരുടെയും അക്കാദമിക് വിദഗ്ധരുടെയും ശ്രദ്ധയും പിടിച്ചുപറ്റി. കൂടാതെ, ഇറാസ്മസ്-പ്ലസ് കരാറിന് കീഴിൽ പ്രശസ്തമായ യൂറോപ്യൻ സർവ്വകലാശാലകളുമായി സഹകരിക്കുന്ന കേരളത്തിലെ ആദ്യത്തെ പൊതു സർവ്വകലാശാലയായി SSUS ഒരു സുപ്രധാന നാഴികക്കല്ല് കൈവരിച്ചിട്ടുണ്ട്. ഈ പങ്കാളിത്തങ്ങൾ അന്താരാഷ്ട്ര തലത്തിൽ അക്കാദമിക് കൈമാറ്റത്തിനും സഹകരണത്തിനും അവസരങ്ങൾ തുറക്കുന്നവയാണ്.

മാത്രമല്ല, പ്രൊഫ.എം.വി.നാരായണൻ്റെ നേതൃത്വത്തിൽ സർവ്വകലാശാല ദീർഘകാലമായി അഭിമുഖീകരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാനുള്ള നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കിയിരുന്നു. ഈ പരിഷ്കാരങ്ങൾ സർവകലാശാലയെ കൂടുതൽ സുസ്ഥിരമായ സാമ്പത്തിക അടിത്തറയിലാക്കി, പോരാതെ അഭിവൃദ്ധി പ്രാപിക്കുന്നതിനും അക്കാദമിക് പ്രവർത്തനങ്ങൾ തുടരാനും സാധിച്ചിരുന്നു.
പ്രൊഫ. എം.വി. നാരായണൻ്റെ അറിവും കഠിനാധ്വാനവും ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയെ (SSUS) ലോകമെമ്പാടും അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റി. അദ്ദേഹത്തിൻ്റെ അക്കാദമിക് പ്രവർത്തനം സർവ്വകലാശാലയെ വളർത്തുന്നതിനൊപ്പം, ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്കും മറ്റും പഠിക്കാനും ഗവേഷണം നടത്താനും പറ്റിയ മികച്ച ഇടമാക്കി. ലോകമെമ്പാടുമുള്ള അക്കാദമിക് പര്യവേക്ഷണത്തിനും പഠനത്തിനുമുള്ള ഒരു കേന്ദ്രമായി സർവ്വകലാശാലയെ മാറ്റിയെടുക്കാൻ അദ്ദേഹം പരിശ്രമിച്ചിട്ടിട്ടുണ്ട്. പ്രൊഫസർ നാരായണൻ്റെ പിരിച്ചുവിടൽ നിയമത്തിന്റെയും ലംഘനമാണ് പ്രസ്താവനയിൽ പറയുന്നു. 117 ഓളം അക്കാദമിക് വിദഗ്ധരാണ് പ്രസ്താവനയിൽ പങ്കുചേർന്നിരിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍