December 10, 2024 |

എന്നെ അധിക്ഷേപിക്കുന്നവർക്ക് നിരന്തരം എൻ്റെ മുഖം കാണേണ്ടി വരും.

വംശീയ അധിക്ഷേപങ്ങളിൽ വികാരാധീതനായി വിനീഷ്യസ് ജൂനിയർ.

പത്രസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് റയൽ മാഡ്രിഡ് താരവും ബ്രസീൽ വിംഗറുമായ വിനീഷ്യസ് ജൂനിയർ. 2018 മുതൽ താൻ കളിച്ച രാജ്യമായ സ്പെയിനുമായുള്ള മത്സരത്തിനുമുമ്പ് നടത്തിയ പത്രസമ്മേളനത്തിലാണ് വിനീഷ്യസ് ജൂനിയർ പൊട്ടിക്കരഞ്ഞത്. ലാ ലിഗ മത്സരത്തിനിടെ താൻ നേരിടുന്ന നിരന്തരവും ആസൂത്രിതവുമായ വംശീയ അധിക്ഷേപത്തെ പറ്റി ചർച്ച ചെയ്തപ്പോൾ വികാരാധീതനാവുകയായിരുന്നു റയൽ മാഡ്രിഡ് താരവും ബ്രസീൽ വിംഗറുമായ വിനീഷ്യസ് ജൂനിയർ. ‘എനിക്ക് ഫുട്ബോൾ കളിക്കാൻ ആഗ്രഹമുണ്ട്, പക്ഷേ മുന്നോട്ട് പോകാൻ പ്രയാസമാണ്. എന്റെ രാജ്യത്തിനും ക്ലബ്ബിനും കുടുംബത്തിനും വേണ്ടി എല്ലാം ചെയ്യണമെന്നും’ വിനീഷ്യസ് കൂട്ടിച്ചേർത്തു. വംശീയ അധിക്ഷേപങ്ങൾ മനസികാഘാതം ഉളവാക്കുന്നതാണ്, പക്ഷെ ഇക്കാരണത്താൽ സ്പെയിൻ വിടുന്നത് വംശീയവാദികളുടെ ആഗ്രഹങ്ങൾ മാത്രമേ നിറവേറ്റൂ എന്നും വിനീഷ്യസ് ഊന്നിപ്പറഞ്ഞു.

വിനീഷ്യസ് ജൂനിയർ ലാ ലിഗയിൽ കളിച്ച സമയങ്ങളിൽ 10 സംഭവങ്ങളിലതികം വംശീയ അധിക്ഷേപത്തിന് ഇരയായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തന്നെ എത്രത്തോളം തകർക്കാൻ ശ്രമിച്ചാലും, വംശീയമായി അധിക്ഷേപിച്ചാലും താൻ സ്പെയിനിൽ തന്നെ തുടരുമെന്ന് വിനീഷ്യസ് ജൂനിയർ പ്രസ്താവിച്ചു. ഇവിടെ തുടർന്നുകൊണ്ട് തന്നെ ഈ പ്രശ്‌നത്തെ നേരിടാൻ താൻ തയ്യാറാണെന്നും വിനീഷ്യസ് പറയുന്നു. “വൺ സ്കിൻ” എന്ന് പേരിട്ടിരിക്കുന്ന വംശീയ വിരുദ്ധ കാമ്പെയ്‌നിൻ്റെ ഭാഗമായി മാഡ്രിഡിലെ സാൻ്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ ബ്രസീൽ സ്പെയിനിനെതിരെ കളിക്കും.

‘ഞാൻ ഇവിടെ തുടരും, ലോകത്തിലെ ഏറ്റവും മികച്ച ക്ലബിനായി കളിക്കുകയും സ്‌കോർ ചെയ്യുകയും ചെയ്യും. ഗോളുകളും വിജയ കിരീടങ്ങളും നേടും. അതുവഴി എന്നെ അധിക്ഷേപിക്കുന്നവർക്ക് നിരന്തരം എൻ്റെ മുഖം കാണേണ്ടി വരും. ഇതാണ് അവർക്കുള്ള എന്റെ മറുപടി’ എന്നാണ് വിനീഷ്യസ് ജൂനിയർ പറഞ്ഞത്. കറുത്തവർഗക്കാർക്ക് നേരേയുള്ള ഇത്തരം അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എനിക്ക് ഫുട്‌ബോൾ കളിക്കണം. എന്റെ രാജ്യത്തിനും ക്ലബ്ബിനും കുടുംബത്തിനും വേണ്ടി എല്ലാം ചെയ്യണമെന്നും വിനീഷ്യസ് കൂട്ടിച്ചേർത്തു.

വിനീഷ്യസിൻ്റെ മാഡ്രിഡ് സഹതാരം കൂടിയായ ഡാനി കാർവജൽ ഇതിന് മുൻപും സ്പാനിഷ് ഫുട്ബോളിലെ വംശീയതയെക്കുറിച്ച് സംസാരിച്ചിരുന്നു. ‘സ്പെയിൻ ഒരു വംശീയ രാജ്യമാണെന്ന് ഞാൻ കരുതുന്നില്ല ഇവിടെ പല ദേശത്തു നിന്നുള്ളവർ താമസിക്കുന്നുണ്ട്. ഞാൻ വരുന്നതും ലെഗാനെസിൽ നിന്നാണ്. വ്യത്യസ്ത ദേശീയതയിൽ നിന്നുള്ള ആൺകുട്ടികൾക്കൊപ്പമാണ് ഞാൻ വളർന്നത്. നിർഭാഗ്യവശാൽ തങ്ങളുടെ ദേഷ്യവും അമർഷവും പ്രകടിപ്പിക്കാൻ ഫുട്ബോൾ തെരഞ്ഞെടുക്കുന്ന ആളുകളുണ്ട്. ആരെയെങ്കിലും വേദനിപ്പിക്കുന്നുവെന്ന് തോന്നുമ്പോൾ അവർ അത് തുടരുന്നു. ഇത്തരം വ്യക്തികളെ സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കരുത് എന്നും ഡാനി പറയുന്നു. വംശീയ അധിക്ഷേപം കായികരംഗത്തെ നശിപ്പിക്കാൻ പാകത്തിലുള്ള അപകടമാണ് എന്നും ഡാനി കൂട്ടിച്ചേർത്തു.

ബ്രസീലിയൻ ദേശീയ പരിശീലകനായ ഡോറിവൽ വിനീഷ്യസിൻ്റെ അവസ്ഥയെക്കുറിച്ച് ഗാർഡിയനോട് സംസാരിച്ചിരുന്നു.

“പോലീസ് മനസ്സ് വെച്ചാൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്താൻ സാധ്യമാകും. എന്നാൽ അധികാരികളുടെ കാര്യക്ഷമതയില്ലായ്മ മൂലം പലരും രക്ഷപെടുകയാണെന്നും ഡോറിവൽ പറഞ്ഞു.

റയൽ മാഡ്രിഡിനായി കളിക്കുന്ന ബ്രസീലിൻ്റെ സഹതാരം റോഡ്രിഗോ, സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ വ്യക്തികൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായി പറഞ്ഞിരുന്നു. മറ്റുള്ളവരോടുള്ള ഇത്തരം പെരുമാറ്റങ്ങൾക്ക് കർശനമായ പിഴ നൽകണമെന്ന് അദ്ദേഹം വാദിക്കുന്നുണ്ട്. പ്രത്യേകിച്ചും റയൽ മാഡ്രിഡിൻ്റെ മത്സരങ്ങളിൽ ഇത് സാധാരണമാണ്. തെറ്റ് ചെയ്യുന്നവർക്ക് അതിന്റെ അനന്തരഫലമായ ശിക്ഷ നൽകുന്നത് സ്ഥിതിഗതികളിൽ കാര്യമായ മാറ്റത്തിന് ഇടയാക്കുമെന്ന് റോഡ്രിഗോ വിശ്വസിക്കുന്നു.
വിനീഷ്യസ് കരയുന്ന വീഡിയോ വൈറലായതോടെ ഒട്ടേറെപ്പേർ പിന്തുണയുമായെത്തിയിരുന്നു.

×