UPDATES

സയന്‍സ്/ടെക്നോളജി

മെറ്റ ഡയറക്ടർ ബോര്‍ഡില്‍ നിന്നും പിന്‍വാങ്ങി ഫെയ്‌സ്ബുക്കിന്റെ പ്രധാന മുഖം

മുന്‍ മെറ്റ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആയിരുന്നു ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ്

                       

കാലങ്ങളായി ഫെയ്‌സ്ബുക്കിന്റെ ഭാഗമായിരുന്ന ഷെറില്‍ സാന്‍ഡ്ബെര്‍ഗ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പദവിയില്‍ നിന്നും ഒഴിഞ്ഞത് 2022 ലായിരുന്നു. സ്ഥാനമൊഴിഞ്ഞെങ്കിലും കമ്പനയിയുടെ ഡയററ്റര്‍ ബോര്‍ഡ് അംഗമായിരുന്ന ഷെറില്‍ ഇനി ഫെയ്‌സ്ബുക്കിന്റെ ഭാഗമായി ഇല്ല എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. തന്റെ എഫ്ബി അകൗണ്ടില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വഴിയാണ് ഷെറില്‍ വിവരം ലോകത്തോട് അറിയിച്ചത്. ഷെറിലിന്റെ പോസ്റ്റില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും പ്രതികരണമറിയിച്ചിരുന്നു.

മുന്‍ മെറ്റ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആയിരുന്ന ഷെറില്‍ സാന്‍ഡ്ബെര്‍ഗ് കമ്പനിക്കൊപ്പമുള്ള 12 വര്‍ഷങ്ങള്‍ നീണ്ട യാത്രയ്‌ക്കൊടുവിലാണ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും സ്ഥാനം ഒഴിയുന്നത്. കോളേജ് കുട്ടികള്‍ക്കായുള്ള വിനോദോപാധിയായി തുടങ്ങി ലോകം കീഴടക്കിയ ഒരു മീഡിയ സാമൂഹ്യ മാധ്യമം എന്ന ലേബലില്‍ നിന്നും ഏറ്റവും ലാഭകരമായ ഡിജിറ്റല്‍ പരസ്യ ബിസിനസുകളില്‍ ഒന്നാക്കി മാറ്റിയതിന് പിന്നില്‍ ഷെറില്‍ സാന്‍ഡ് ബെര്‍ഗ് 2022-ലാണ് സി ഒ ഒ എന്ന പദവിയില്‍ നിന്ന് ഒഴിയുന്നതായി പ്രഖ്യാപിച്ചത്. ഫെയ്‌സ്ബുക്കിനെ സംബന്ധിച്ച് ഏറ്റവുമധികം സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്ന ഒരു ഘട്ടത്തിലാണ് ഷെറിന്‍ കമ്പനിയുടെ സി ഒ ഒ പദവി ഒഴിയുന്നത്. മെറ്റയില്‍ ഒന്നിലധികം കൂട്ട പിരിച്ചുവിടലുകള്‍ നടക്കുന്ന കാലയളവില്‍ കൂടിയായിരുന്നു ഷെറിലിന്റെ പിന്‍വാങ്ങല്‍.

സി ഒ ഒ പദവിയില്‍ നിന്ന് ഷെറിന്‍ സാന്‍ഡ്ബെര്‍ഗിന്റെ നാടകീയമായ വിടവാങ്ങലിന് ശേഷം മെറ്റ മറ്റൊരു തലത്തിലേക്ക് ഉയരുകയായിരുന്നു. മെറ്റയുടെ ചീഫ് എക്‌സിക്യൂട്ടീവായ മാര്‍ക്ക് സക്കര്‍ബര്‍ഗ് പതിനായിരക്കണക്കിന് തൊഴിലാളികളെ പിരിച്ച് വിട്ടതിനു ശേഷം ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍-റിയാലിറ്റി-പവര്‍ എന്നിവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും തുടര്‍ന്ന് വലിയ ലാഭം നേടുകയും ചെയ്തിരുന്നു.

‘ഹൃദയം നിറഞ്ഞ നന്ദിയോടും ഓര്‍മകള്‍ തിങ്ങിയ മനസോടും കൂടിയാണ് ഞാനിത് പറയുന്നത്, 2024 മെയ് മാസത്തില്‍ ഞാന്‍ സ്ഥാപനത്തിന്റെ ബോര്‍ഡ് അംഗ സ്ഥാനത്തേക്ക് മത്സരിക്കുകയില്ലെന്ന് മെറ്റ ബോര്‍ഡിനെ അറിയിക്കുകയാണ്. സി ഒ ഒ എന്ന പദവി ഉപേക്ഷിച്ചതിന് ശേഷം കമ്പനിയുടെ ആരോഗ്യകരമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഞാന്‍ ബോര്‍ഡില്‍ തുടര്‍ന്നത്’ എന്നും ഷെറിന്‍ 17-ാം തീയതി ബുധനാഴ്ച്ച ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു. എങ്കിലും ഒരു ഉപദേഷ്ടാവ് എന്ന നിലയില്‍ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട് എന്നും ഷെറില്‍ വ്യക്തമാക്കി. ദീര്‍ഘകാലം മെറ്റ എക്സിക്യൂട്ടീവായിരുന്ന ഹാവിയര്‍ ഒലിവന്‍ ആണ് ഷെറില്‍ സാന്‍ഡ്ബെര്‍ഗിനെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി നിയമിക്കുന്നത്.

ഷെറില്‍ സാന്‍ഡ്ബെര്‍ഗിന്റെ സംഭാവനകള്‍ ഞങ്ങളുടെ കമ്പനിയെ വിജയത്തിലേക്ക് നയിക്കുന്നതില്‍ ഒരു പ്രധാന ഘടകമായിരുന്നു. വര്‍ഷങ്ങളായി മെറ്റക്കും സമൂഹത്തിനും നല്‍കിയ അസാധാരണമായ സംഭാവനകള്‍ക്ക് ഷെറിലിന് നന്ദി രേഖപെടുത്തുന്നു, ഒപ്പം വര്‍ഷങ്ങളായി മെറ്റയോടും എന്നോടും കാണിച്ച നിങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതക്കും ഞാന്‍ നന്ദിയുള്ളവനാണ്. നമ്മള്‍ ഒരുമിച്ചുള്ള യാത്രയുടെ അടുത്ത അധ്യായത്തിലേക്ക് നമുക്ക് കാത്തിരിക്കാം’ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഷെറില്‍ പങ്കു വച്ച പോസ്റ്റില്‍ രേഖപ്പെടുത്തി.

കുറച്ച് കാലം ഗൂഗിളില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് ഷെറില്‍ മെറ്റയില്‍ ജോലി ആരംഭിക്കുന്നത്. തുടര്‍ന്ന് 14 വര്‍ഷം തുടര്‍ച്ചയായി ഷെറില്‍ ഫേസ്ബുക്കില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തു. 2018 ലെ കേംബ്രിഡ്ജ് അനലിറ്റിക്ക അഴിമതി(മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനം ഫെയ്‌സ്ബുക്കിന്റെ 8.7 കോടി ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈക്കലാക്കിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഈ ഡാറ്റ ഉപഭോക്താക്കളെ ലക്ഷ്യം വെച്ചുള്ള തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുകയും അതുവഴി ട്രംപ് വിജയം നേടുകയും ചെയ്തുവന്നതാണ് കേസ്) കേസടക്കം മെറ്റയുടെ പല പ്രതിസന്ധി ഘട്ടങ്ങളിലും ഷെറില്‍ കമ്പനിയുടെ മുഖം കാത്തു സൂക്ഷിച്ചിരുന്നു. തന്റെ ജോലിസ്ഥലത്തും സ്ത്രീ ശാക്തീകരണത്തിന് വേണ്ടി പോരാടിയ വ്യക്തിയാണ് ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ്. മെറ്റയില്‍ നിന്ന് സ്ഥാനമൊഴിഞ്ഞതിന് ശേഷം ഷെറില്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയായിരുന്നു. സ്റ്റേറ്റ് ഹൗസുകളിലെ ഗര്‍ഭഛിദ്ര നിയന്ത്രണങ്ങള്‍ക്കെതിരെ പോരാടുന്നതിലും ഷെറില്‍ മുന്നില്‍ തന്നെയുണ്ട്. ഏറ്റവുമൊടുവിലായി, ഇസ്രയേല്‍-ഗാസ യുദ്ധത്തില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ ഷെറില്‍ ശക്തമായി ആഞ്ഞടിച്ചിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍