കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇസ്ലാമോഫോബിയ വളര്‍ത്തുന്ന ആയിരക്കണക്കിന് ഉള്ളടക്കങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് ഇക്വാലിറ്റി ലാബ്സ് റിപ്പോര്‍ട്ട്. സാങ്കേതിക വിദ്യയിലും മനുഷ്യാവകാശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന അഭിഭാഷക ഗ്രൂപ്പായ ഇക്വാലിറ്റി ലാബ്സ്, ദളിത്, മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ വിഭാഗങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള 20 അന്താരാഷ്ട്ര ഗവേഷകരുടെ സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ആയിരത്തിലധികം ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചിരിക്കുന്നതായി ഇക്വാലിറ്റി ലാബ്സ് കണ്ടെത്തുന്നു. കമ്യൂണിറ്റ് മാനദണ്ഡങ്ങള്‍ ലംഘിച്ചതായി തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത 40 ശതമാനത്തോളം പോസ്റ്റുകള്‍ ഏകദേശം 90 ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഫെയ്‌സ്ബുക്കില്‍ തിരിച്ചെത്തിയതായാണ് ഇക്വാലിറ്റി ലാബ്സ് പറയുന്നത്. 2018-ല്‍ ഫെയ്‌സ്ബുക്കിലെ വിദ്വേഷ പ്രസംഗങ്ങള്‍ പരിഹരിക്കാനുള്ള ഇക്വാലിറ്റി ലാബ്സിന്റെ ശ്രമങ്ങളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജാതി, മതം, ലിംഗഭേദം, ലൈംഗിക ആഭിമുഖ്യം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യയിലെ ഏകദേശം 30 കോടിയോളം ന്യൂനപക്ഷങ്ങള്‍ക്ക് ഫെയ്‌സ്ബുക്കിലെ ഉള്ളടക്കം സൃഷ്ടിക്കുന്ന ഗുരുതരമായ അപകടങ്ങളെ എടുത്തുകാണിക്കുന്നുണ്ട് റിപ്പോര്‍ട്ടില്‍.
സമൂഹ മാധ്യമങ്ങള്‍ നിര്‍ദ്ദേശിക്കുന്ന കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ മറികടന്നുകൊണ്ട് വിദ്വേഷ പ്രചരണം വ്യപകമാകുകയാണെന്ന് ഇക്വാലിറ്റി ലാബ്സ് പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍. ആര്‍ട്ടിക്കിള്‍ 226 പ്രകാരമുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ഫയല്‍ ചെയ്തിരിക്കുന്നത്. ഡല്‍ഹിയിലും രാജ്യത്തുടനീളമുള്ള റോഹിങ്ക്യന്‍ വംശജരുടെ ജീവിക്കാനുള്ള അവകാശ സംരക്ഷണം, വംശീയതയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ റോഹിങ്ക്യന്‍ വംശജരെ ലക്ഷ്യം വച്ചുള്ള അക്രമാസക്തമായ വിദ്വേഷ പരാമര്‍ശങ്ങള്‍ എന്നിവ ചൂണ്ടി കാണിച്ചാണ് ഫെയ്‌സ്ബുക്കിനെതിരേ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഈ വിദ്വേഷ പരാമര്‍ശങ്ങളുടെ ഫലമായി, ചിലപ്പോള്‍ ശാരീരികമായി പോലും അക്രമം നേരിടേണ്ടിവരുന്ന സാഹചര്യം ഉണ്ടെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. ഫെയ്‌സ്ബുക്കിന്റെ നടപടിയിലെ വിശ്വാസ്യത കുറവും ചൂണ്ടിക്കാണിച്ചാണ് റോഹിങ്ക്യകള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
വംശീയ അക്രമത്തെത്തുടര്‍ന്ന് മ്യാന്മറില്‍ നിന്നു പലായനം ചെയ്ത റാഖൈന്‍ സംസ്ഥാനത്തില്‍ നിന്നുള്ള മുസ്ലിം ന്യൂനപക്ഷമാണ് റോഹിങ്ക്യന്‍ ജനത. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ന്യൂഡല്‍ഹിയിലാണ് ഇവര്‍ താമസിക്കുന്നത്. യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യുഎന്‍എച്ച്‌സിആര്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയ അഭയാര്‍ത്ഥികളാണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. റോഹിങ്ക്യന്‍ വംശജരെ ലക്ഷ്യമിട്ടുള്ള ഈ പോസ്റ്റുകളുടെ ഉത്ഭവം ഇന്ത്യയിലാണെന്നും വിദ്വേഷ പ്രസംഗത്തിനെതിരെ ഫെയ്‌സ്ബുക്ക് നടപടിയെടുക്കാത്തതാണ് തങ്ങളെ ബാധിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
2023 ലെ യുഎന്‍എച്ച്‌സിആര്‍ റിപ്പോര്‍ട്ടനുസരിച്ച്, മ്യാന്മറില്‍ നിന്നുള്ള ഏകദേശം 74,600 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യ അഭയം നല്‍കുന്നുണ്ട്, അവരില്‍ 54,100 പേര്‍ 2021 ഫെബ്രുവരിയിലെ മ്യാന്മര്‍ പട്ടാള അട്ടിമറിക്ക് ശേഷമാണ് ഇന്ത്യയിലേക്ക് എത്തിയത്.
ഇന്ത്യയില്‍ വളരെയധികം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട വിഷയമാണ് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ സാന്നിധ്യം. അതുപോലെ തന്നെ ഇവരെ ലക്ഷ്യം വച്ചുളള പ്രകോപനപരമായ ഉള്ളടക്കം ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെടുകയും അവരെ ഉന്നവക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയ്ക്ക് ഭീഷണിയായി ചിത്രീകരിക്കുന്ന, ഇവരെ പലപ്പോഴും ‘തീവ്രവാദികള്‍’, ‘നുഴഞ്ഞുകയറ്റക്കാര്‍’ എന്നാണ് അഭിസംബോധന ചെയ്യപ്പെടുന്നത് ഇന്ത്യയിലെ റോഹിങ്ക്യകളുടെ എണ്ണവും പെരുപ്പിച്ചു കാണിക്കുന്നുണ്ട്. ഇന്ത്യയിലെ ഫെയ്‌സ്ബുക്കിലെ വിദ്വേഷ പ്രസംഗത്തെക്കുറിച്ചുള്ള 2019 ലെ ഒരു പഠനം, ഇസ്ലാമോഫോബിക് പോസ്റ്റുകളില്‍ 6% പ്രത്യേകമായി റോഹിങ്ക്യന്‍ വിരുദ്ധമാണെന്ന് കണ്ടെത്തി- അക്കാലത്ത് ഇന്ത്യയിലെ മുസ്ലിം ജനസംഖ്യയുടെ 0.02% മാത്രമേ റോഹിങ്ക്യകള്‍ ഉള്‍പ്പെട്ടിരുന്നുള്ളൂ. റോഹിങ്ക്യകള്‍ക്കെതിരെ ഫെയ്സ്ബുക്കില്‍ പെരുകുന്ന ഹാനികരമായ ഉള്ളടക്കത്തില്‍ ഒരു ആവര്‍ത്തനം കാണാന്‍ കഴിയുന്നതിനാല്‍ ഈ ഹര്‍ജി ഫയല്‍ ചെയ്യേണ്ടത് ആവശ്യമാണെന്ന് ഹര്‍ജിക്കാരനായ അഭിഭാഷകന് പിന്തുണ നല്‍കുന്ന ബാരിസ്റ്റര്‍ ഇവാ ബുസോ പറയുന്നതായി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2017-ല്‍ മ്യാന്മറിലെ റോഹിങ്ക്യകളെ ലക്ഷ്യമിട്ട് ഫെയ്‌സ്ബുക്കില്‍ ഉയര്‍ന്നുവന്ന ഉള്ളടക്കങ്ങള്‍ വീണ്ടും സംഭവിക്കാനുള്ള സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് സമയമായതിനാല്‍, രാഷ്ട്രീയ ഭിന്നതകള്‍ക്ക് വഴിവയ്ക്കും. ഹര്‍ജി ഫയല്‍ ചെയ്യുന്നതിലൂടെ ഈ ഉള്ളടക്കം പ്രചരിക്കുന്നത് ഒരു പരിധിവരെയെങ്കിലും തടയാനാകുമെന്നും അദ്ദേഹം കരുതുന്നു. അഭയാര്‍ത്ഥി കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ചിട്ടില്ലാത്ത ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍, അഭയാര്‍ത്ഥികള്‍ക്ക് തുല്യമായ അവകാശങ്ങള്‍ റോഹിങ്ക്യകള്‍ക്ക് ഇല്ല. കണ്‍വെന്‍ഷന്‍ ബാധകമായ രാജ്യങ്ങളിലെ അഭയാര്‍ത്ഥികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കപ്പെടുന്ന ഒന്നാണ്. ഈ അവകാശങ്ങള്‍ ലഭിക്കാത്തത് അവരെ അങ്ങേയറ്റം ദുര്‍ബലരാക്കുന്നുവെന്നും ബുസോ പറയുന്നു. ‘അവ ഏത് നിമിഷവും നീക്കം ചെയ്യപ്പെടാം, അവരെ ടാര്‍ഗെറ്റ് ചെയ്യാം, ഇത് അവരുടെ ദുര്‍ബലത വര്‍ദ്ധിപ്പിക്കുന്നു,’ അദ്ദേഹം വയറിനോട് പറയുന്നു.
2023-ല്‍, ജൂലൈ 31-ന് നുഹില്‍ വര്‍ഗീയ കലാപത്തില്‍ മുസ്ലിം ഉടമസ്ഥതയിലുള്ള കടകള്‍, വീടുകള്‍, ആരാധനാലയങ്ങള്‍ എന്നിവക്കു നേരെ വ്യപാക ആക്രമണം നടത്തുകയും കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്തിരുന്നു. അന്നത്തെ സംഭവത്തില്‍ പ്രദേശവാസികളും അധികാരികളും തങ്ങളെ കൂടി ലക്ഷ്യമിടുന്നതായി റോഹിങ്ക്യന്‍ സമൂഹത്തിനു അനുഭവപ്പെട്ടിരുന്നു. ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസിലെ (എഫ്ആര്‍ആര്‍ഒ) ഉദ്യോഗസ്ഥര്‍ തങ്ങളുടെ താത്കാലിക വീടുകള്‍ സന്ദര്‍ശിച്ചതായും സംഭവങ്ങളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി അവരില്‍ പലരെയും ഡല്‍ഹിയിലേക്ക് കൊണ്ടുപോയതായും അവര്‍ ദി വയറിനോട് പങ്കുവച്ചിരുന്നു. ആംനസ്റ്റി ഇന്റര്‍നാഷണലില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, മുന്നറിയിപ്പ് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഫെയ്‌സ്ബുക്ക് തയ്യാറല്ലെന്ന് ചരിത്രം തെളിയിക്കുന്നു, അതുകൊണ്ടാണ് ബുസോയും ഹര്‍ജി നല്‍കുന്ന കൗണ്‍സിലും കോടതിയില്‍ നിന്ന് ഇതിനെതിരെ വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവിശ്യം മുന്നോട്ടുവച്ചത്. ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് റോഹിങ്ക്യന്‍ സമുദായം എന്നിവരെ ഭിന്നിപ്പിക്കുന്ന ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നതില്‍ ഫെയ്‌സ്ബുക്ക് ഇന്ത്യയില്‍ വഹിക്കുന്ന പങ്ക് കണക്കിലെടുത്താണ് ഹര്‍ജി സമര്‍പ്പിച്ചതെന്ന് കോടതിയില്‍ റോഹിങ്ക്യന്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കവല്‍പ്രീത് കൗര്‍ പറയുന്നു. ഇന്ത്യയില്‍ വസിക്കുന്ന റോഹിങ്ക്യന്‍ സമുദായത്തിനെതിരെ, അവരുടെ ചേരി കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ള പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ ഉദാഹരണങ്ങള്‍ വളരെ വ്യക്തമാണ്, ബംഗ്ലാദേശില്‍ നമ്മള്‍ കണ്ടതുപോലെ ഫെയ്‌സ്ബുക്കിലെ ഈ പോസ്റ്റുകള്‍ അക്രമത്തിലേക്ക് നയിച്ചേക്കാം,’ കൗര്‍ പറഞ്ഞു. റോഹിങ്ക്യന്‍ സമൂഹം അങ്ങേയറ്റം ആശങ്കയിലാണെന്നും കൗര്‍ പറഞ്ഞു.
സമൂഹ മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണങ്ങള്‍ സമീപ വര്‍ഷങ്ങളായി ഇന്ത്യയില്‍ കൂടിവരികയാണെന്ന വിമര്‍ശനം രാജ്യത്തിനകത്തും പുറത്തും ശക്തമാണ്. ഹിന്ദുത്വ ദേശീയ സംഘങ്ങള്‍ അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും പ്രത്യയശാസ്ത്ര പ്രചാരണത്തിനും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കുള്ള ആധിപത്യം ഉറപ്പിക്കാനും ആഗോളതലത്തില്‍ തന്നെ സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഒരു റിപ്പോര്‍ട്ടില്‍ ചൂണ്ടി കാണിച്ചിരുന്നത്.