“എനിക്കറിയാം. സ്റ്റുഡന്റ്‌സ് യൂണിയന്റെ പേരില്‍ പരിപാടി റദ്ദാക്കിയതായി കത്തയച്ചെന്നു മാത്രം. മാനേജ്‌മെന്റിന്റെ തീരുമാനത്തിന് പിന്നില്‍ അവരെ നിയന്ത്രിക്കുന്ന ഇടപെടലുകള്‍ നടന്നിരിക്കാം.”ഫാറൂഖ് കോളേജുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഴിമുഖത്തോട് പ്രതികരിച്ച് സംവിധായകന്‍ ജിയോ ബേബി പറയുന്നു.
ഫറൂഖ് കോളേജ് ഫിലിം ക്ലബ് സംഘടിപ്പിച്ച പരിപാടിയിലേക്ക് തന്നെ ക്ഷണിക്കുകയും, എന്നാല്‍ അവസാന നിമിഷം പരിപാടി റദ്ദാക്കിയതും തന്നെ അപമാനിക്കാനാണെന്നാണ് ‘കാതല്‍’ സംവിധായകന്‍ പറയുന്നത്. കോഴിക്കോട് എത്തിയശേഷം മാത്രമാണ് പരിപാടി നടക്കില്ലെന്ന വിവരം അറിയുന്നതെന്നാണ് സംവിധായകന്റെ പരാതി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജിയോ ബേബി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചതോടെയാണ് ഇത് വാര്‍ത്തയും വിവാദവുമായി.
സംഭവത്തില്‍ പ്രതികരണം തേടി ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികളെ അഴിമുഖം ബന്ധപ്പെട്ടെങ്കിലും വിഷയത്തില്‍ പ്രിനിസിപ്പല്‍ അല്ലെങ്കില്‍ മാനേജ്‌മെന്റ് പ്രതികരണമല്ലാതെ തങ്ങളായി ഒന്നും പ്രതികരിക്കില്ലെന്നാണ് ഭാരവാഹികളില്‍ ഒരാള്‍ പറഞ്ഞത്. പ്രിന്‍പ്പാളിനെ പലതവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ലഭ്യമായില്ല.
കോഴിക്കോട് ഫാറൂഖ് കോളേജിനും വിദ്യാര്‍ത്ഥി യൂണിയനുമെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ജിയോ ബേബി. ഫിലിം ക്ലബ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ക്ഷണിച്ചുവരുത്തിയ ശേഷം തന്നെ മുന്‍കൂട്ടി അറിയിക്കാതെ അവസാന നിമിഷം പരിപാടി റദ്ദാക്കിയതായും അപമാനിതനായെന്നും ജിയോ ബേബി വീഡിയോയില്‍ പറയുന്നുണ്ട്. ഡിസംബര്‍ അഞ്ചിന് ഫാറൂഖ് കോളേജിലെ ഫിലിം ക്ലബ് നടത്താനിരുന്ന സിനിമ ചര്‍ച്ചയിലാണ് ജിയോ ബേബി പങ്കെടുക്കേണ്ടിയിരുന്നത്.
ക്വിര്‍ ജീവിതങ്ങളെ ആധാരമാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ദി കോര്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെയാണ് ഫറൂഖ് കോളേജ് ഫിലിം ക്ലബ് ജിയോ ബേബിയെ അതിഥിയായി ക്ഷണിക്കുകയും പരിപാടി സംഘടിപ്പിക്കുകയും ചെയ്തത്. അതിനായി അഞ്ചിന് രാവിലെ കോഴിക്കോട്ട് എത്തിയപ്പോഴാണ് പരിപാടി റദ്ദാക്കിയ വിവരം പ്രോഗ്രാം കോഡിനേറ്റ് ചെയ്ത അധ്യാപിക സംവിധായകനെ അറിയിച്ചത്. പരിപാടി റദാക്കിയതില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും പരിപാടി റദ്ദാക്കിയതിന് വ്യക്തമായ കാരണം പറഞ്ഞിരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചാരണം നടത്തിയ പരിപാടി റദ്ദാക്കിയതില്‍ കാരണം അന്വേഷിച്ചുകൊണ്ടു പ്രിന്‍സിപ്പാളിന് മെയില്‍ അയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ജിയോ ബേബി പറയുന്നു. വാട്സ്ആപ്പ് സന്ദേശത്തിനും പ്രതികരണം ലഭിച്ചില്ല. ഇതിനിടയിലാണ് വിഷയവുമായി ബന്ധപ്പെട്ട് ഫാറൂഖ് കോളേജ് സ്റ്റുഡന്‍സ് യൂണിയന്റെ ഫോര്‍വേര്‍ഡ് രീതിയിലുള്ള കത്ത് ലഭിച്ചത്.
”ഫാറൂഖ് കോളേജില്‍ പ്രവര്‍ത്തിച്ചുവരുന്ന ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിച്ചേരുന്ന ഉദ്ഘാടകന്റെ പരാമര്‍ശങ്ങള്‍, കോളേജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരാണ്. അതിനാല്‍ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് വിദ്യാര്‍ത്ഥി യൂണിയന്‍ സഹകരിക്കുന്നതല്ല,” എന്നതായിരുന്നു കത്തിലെ ഉള്ളടക്കം.
”എന്റെ ധാര്‍മിക മൂല്യങ്ങളാണ് പ്രശ്നമെന്നാണ് സ്റ്റുഡന്റ്‌സ് യൂണിയന്‍ പറയുന്നത്. മാനേജ്മെന്റ് എന്തിനാണ് ആ പരിപാടി കാന്‍സല്‍ ചെയ്തതെന്ന് കൂടി എനിക്കിനി അറിയേണ്ടതുണ്ട്. കോഴിക്കോട്ടു വന്ന് തിരിച്ചുവരണമെങ്കില്‍ ഒരു ദിവസം വേണം. ഇത്രയും ഞാന്‍ യാത്ര ചെയ്തിട്ടുണ്ട്. അതിനേക്കാളൊക്കെ ഉപരിയായി ഞാന്‍ അപമാനിതനായിട്ടുണ്ട്. അതിനൊക്കെയുള്ള ഉത്തരം എനിക്ക് കിട്ടണം. അതേപോലെ ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടിയും ഞാന്‍ സ്വീകരിക്കുന്നതായിരിക്കും. ഇത്തരത്തില്‍ പ്രതിഷേധിച്ചില്ലെങ്കില്‍ ശരിയല്ല എന്നു തോന്നിയതുകൊണ്ടാണ്. നാളെ ഇത്തരം അനുഭവം മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാനാണ് ഇത്. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അല്ലെങ്കില്‍ വിദ്യാര്‍ഥി യൂണിയനുകള്‍ എന്തുതരം ആശയമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും എനിക്ക് അറിയേണ്ടതുണ്ട്.’-ജിയോ ബേബി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റില്‍ ചോദിക്കുന്നു.