UPDATES

വിദേശം

നൈജര്‍ പട്ടാള അട്ടിമറി; പിന്നില്‍ പുടിനും കൂലിപ്പടയുമോ?

അബ്ദുറഹിമാന്‍ ചിയാനി നൈജറിന്റെ പ്രസിഡന്റായി തുടരുന്നത് ആഫ്രിക്കയുടെ സഹേല്‍ പ്രദേശദത്തിന് കൂടുതല്‍ വെല്ലുവിളികളാണ് സമ്മാനിക്കുന്നത്

                       

സൈനിക അട്ടിമറിയെ തുടര്‍ന്ന് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപെട്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്‍ നൈജറിന്റെ അയല്‍ രാജ്യമായ മലിയുടെ പ്രസിഡന്റ് അസിമി ഗോയിറ്റയെ കഴിഞ്ഞ ദിവസം ഫോണില്‍ ബന്ധപെട്ടത് ലോകരാജ്യങ്ങളുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചിട്ടുണ്ട്. കലാപകാരികളായ സൈനികര്‍ നൈജറിന്റെ പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ പുറത്താക്കി ജനറല്‍ അബ്ദുറഹിമാന്‍ ചിയാനിയെ ജൂലൈ 26ന് രാഷ്ട്രത്തലവനായി പ്രഖ്യാപിച്ചതിന് പിന്നാലെ വ്ളാദ്മിര്‍ പുടിന്‍ നടത്തിയ ഇടപെടല്‍ കലാപത്തിന് പിന്നിലെ റഷ്യന്‍ ഇടപെടലുകളെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നു. അബ്ദുറഹിമാന്‍ ചിയാനി നൈജറിന്റെ പ്രസിഡന്റായി തുടരുന്നത് ആഫ്രിക്കയുടെ സഹേല്‍ പ്രദേശദത്തിന് കൂടുതല്‍ വെല്ലുവിളികളാണ് സമ്മാനിക്കുന്നത്. ഇതില്‍ പ്രധാനപെട്ട രണ്ടു കാര്യങ്ങളില്‍ ഒന്ന് ഇസ്ലാമിക തീവ്രവാദവും രണ്ടാമത്തേത് റഷ്യയിലേക്കും അതിന്റെ പ്രോക്സിയായ വാഗ്‌നര്‍ കൂലിപ്പടയാളി സംഘത്തിലേയ്ക്കുമുള്ള അഫ്രിക്കന്‍ രാജ്യങ്ങളുടെ ചാഞ്ചാട്ടവുമാണ്. ഈ സാഹചര്യത്തിലാണ് അയല്‍ രാജ്യമായ മാലിയുടെ രാഷ്ട്രത്തലവനോട് റഷ്യന്‍ പ്രസിഡന്റ് ഫോണില്‍ സമാധാനത്തിന് ആഹ്വാനം ചെയ്തതായും പ്രസിഡന്റ് ഗോയിറ്റ അനുകൂലമായ തരത്തില്‍ പ്രതികരിച്ചതായും വ്യക്തമാക്കി ക്രെംലിന്‍ പ്രസ്താവനയിറക്കിയത്.

പട്ടാള അട്ടിമറിക്ക് പിന്നിലാര്?
നൈജറില്‍ റഷ്യക്ക് ലഭിക്കുന്ന പിന്തുണ പ്രധാനമായും പാന്‍-ആഫ്രിക്കന്‍, ആള്‍ട്ടര്‍ ഗ്ലോബലൈസേഷന്‍ ആശയങ്ങളെ പിന്തുണയ്ക്കുന്നവരുടെ ഗ്രൂപ്പുകളില്‍ നിന്നുമാണ്. ഇത് പ്രധാനമായും സമൂഹമാധ്യമങ്ങളില്‍ മാത്രമായി പരിമതിപെട്ടിരിക്കുന്നു. എന്നാല്‍ ഇടയ്ക്കിടെ നൈജറില്‍ നിന്നും ഫ്രഞ്ച് സൈന്യത്തെ പിന്‍വലിക്കാന്‍ ആഹ്വാനം ചെയ്തുള്ള ട്രേഡ് യൂണിയനുകളുടെയും സിവില്‍ കൂട്ടായ്മകളുടെയും പ്രക്ഷോഭങ്ങളില്‍ റഷ്യന്‍ പതാകകളുമേന്തിയാണ് ആളുകള്‍ തെരുവിലെത്തുന്നതെന്ന് നൈജറിന്റെ തലസ്ഥാനമായ നിയാമിയില്‍ നിന്നും ദി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയുടെ വാഗ്നര്‍ കൂലിപ്പട്ടാളം വഴി ലഭിക്കുന്ന സൈനിക സഹായം തീവ്രവാദത്തിന് എതിരായ നൈജറിന്റെ പോരാട്ടത്തെ സഹായിക്കുമെന്നാണ് എം62 പോലെയുള്ള സിവില്‍ പ്രസ്ഥാനങ്ങള്‍ വിശ്വസിക്കുന്നത്. സംഘടനയിലെ ചില അംഗങ്ങള്‍ വാഗ്്‌നര്‍ പട്ടാളവുമായി നൈജര്‍ സഖ്യത്തില്‍ ഏര്‍പെടണമെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നുമുണ്ട്.

റഷ്യയോടുള്ള പ്രതിപത്തി സമൂഹ മാധ്യമങ്ങളിലും സിവില്‍ കൂട്ടായ്മകളിലും മാത്രമല്ല രാഷ്ട്രീയക്കാര്‍ക്കിടയിലും കാണാവുന്നതാണ്. ഇവരില്‍ പ്രധാനിയാണ് റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിലും പാന്‍-ആഫ്രിക്കന്‍ ആശയങ്ങള്‍ക്കും പേരുകേട്ട ഇന്‍സിന്‍ ആഫ്രിക്കന്‍ പാര്‍ട്ടി നേതാവ് അബ്ദുറമനെ ഒമറൂ. പ്രമുഖ വ്യക്തികളെ കാണുന്നതിന് റഷ്യയ്ക്ക് അകത്തും പുറത്തുമായി ഒമറൂ നിരന്തരം യാത്ര ചെയ്യുന്നതായും വിവരങ്ങള്‍ ലഭ്യമാണ്. രണ്ടാമത്തേത് (മൂവ്മെന്റ് ഫോര്‍ ഡെമോക്രസി) എംപിഡി പാര്‍ട്ടി പ്രസിഡന്റ് സുല്‍ഹുവാണ്. നൈജറിനെ അസ്ഥിരപെടുത്താന്‍ സുല്‍ഹു വിദേശ ശക്തികളുമായി കൂട്ടുകൂടിയന്ന് ആരോപിച്ചിരുന്നു. നൈജറിനെ അസ്ഥിരപെടുത്താന്‍ സുല്‍ഹു കൂട്ടുകൂടിയ വിദേശ ശക്തി റഷ്യയാണെന്നും ഇതിനായി ഒമറൂവിന് ഗണ്യമായ തുക പ്രതിഫലമായി ലഭിച്ചതായും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റൊരു ഗ്രൂപ്പായ ഉമോജ പാര്‍ട്ടിയുടെയും റഷ്യന്‍ അനുകൂല നിലപാടുകള്‍ ശ്രദ്ധേയമാണ്.

സഹേലിലെ ഇസ്ലാമിക ഭീകരത
സഹേല്‍ പ്രദേശത്തെ ഇസ്ലാമിക ഭീകരത ചെറുക്കുന്നതില്‍ ഫ്രാന്‍സ് പരാജയപെട്ട പശ്ചാത്തലത്തിലാണ് നൈജറിലെ റഷ്യന്‍ അനുകൂല പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടം വര്‍ധിച്ചത്. വടക്ക് സഹാറ മരുഭൂമിക്കും തെക്ക് ഈര്‍പ്പമുള്ള പുല്‍മേടുകള്‍ക്കും (സവന്ന) ഇടയില്‍ നാടയില്‍ കോര്‍ത്തിണക്കിയ പോലെ കിടക്കുന്ന പത്ത് രാജ്യങ്ങളാണ് ആഫ്രിക്കയുടെ സഹേല്‍ പ്രദേശം. അവയിലൊന്നാണ്് നൈജര്‍. മാലി, ബര്‍ക്കിനാ ഫാസോ, നൈജീരിയ, ചാഡ്, ലിബിയ, അല്‍ജീരിയ എന്നിവയാണ് അയല്‍ രാജ്യങ്ങള്‍. തീര്‍ത്തും ദരിദ്രമെങ്കിലും യുറേനിയം, എണ്ണ, സ്വര്‍ണം എന്നിവയുടെ നിക്ഷേപമുണ്ട് നൈജറില്‍. ഫ്രാന്‍സിന്റെ കോളനിയായിരുന്ന നൈജര്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് പ്രിയങ്കരമാകുന്നതും ഇങ്ങനെയാണ്. റേഡിയോ ആക്റ്റീവ് യുറേനിയം അയിരാണ് നെജറിന്റെ പ്രധാന കയറ്റുമതികളിലൊന്ന്. നിലവില്‍ നൈജറിന്റെ ആകെ കയറ്റുമതിയുടെ 31 ശതമാനവും യുറേനിയമാണ്. യൂറോപ്യന്‍ യൂണിയന്റെ ആണവോര്‍ജ ഏജന്‍സിയായ യുറാറ്റം ഉള്‍പെടെ നൈജറിന്റെ യുറേനിയം കയറ്റുമതിയെ ആശ്രയിക്കുന്നു. അധികാരം പിടിച്ചെടുത്തതിന് പിന്നാലെ നെജറിലെ പട്ടാള ഭരണകൂടം ഫ്രാന്‍സിലേയ്ക്കുള്ള യുറേനിയം കയറ്റുമതി നിരോധിച്ചു. ഇതിന് പുറമേ ജനറല്‍ അബ്ദുറഹിമാന്‍ ചിയാനിയുടെ പട്ടാള ഭരണകൂടം കൊളോണിയല്‍ ചൂഷണങ്ങളുടെ ചരിത്രം ചൂണ്ടിക്കാണിച്ച് രാജ്യത്ത് ഫ്രാന്‍സ് വിരുദ്ധ വികാരം ഇളക്കി വിടുന്നുമുണ്ട്.

ഇപ്പോള്‍ സ്ഥാനഭ്രഷ്ടനായ മുഹമ്മദ് ബസൂം 2021 ഏപ്രിലിലാണ് നൈജറിന്റെ പ്രസിഡന്റായത്. നൈജറിന്റെ ചരിത്രത്തില്‍ ജനാധിപത്യ രീതിയില്‍ നടന്ന ആദ്യത്തെ അധികാരക്കൈമാറ്റം നൈജറിന് സമ്മാനിച്ചത് നന്മകള്‍ മാത്രമാണ്. അഴിമതിയും, ഗോത്രങ്ങളുടെ അവകാശത്തര്‍ക്കങ്ങളും ദാരിദ്ര്യവും പിടിമുറുക്കിയിരുന്ന നൈജറില്‍ ഭീകരത തഴച്ചുവളര്‍ന്നത് മനസിലാക്കി ബസൂം പ്രവര്‍ത്തിച്ചു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ബസൂം ശ്രദ്ധ പുലര്‍ത്തി, നാട്ടുകാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും ഗോത്രങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും നോക്കി, കീഴടങ്ങുന്ന ഭീകരര്‍ക്ക് മാപ്പ് നല്‍കി, ഭീകരരെ നേരിടാന്‍ സൈന്യത്തിന് പ്രത്യേക പരിശീലനം നല്‍കി. എന്നാല്‍ ഭീകരവാദത്തിന് എതിരെ സ്വീകരിച്ച നടപടികളും ബസൂമിന്റെ സാമ്പത്തിക നയങ്ങളും പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജനറല്‍ ടിയാനി അട്ടിമറിക്ക് നേതൃത്വം നല്‍കിയത്. രാജ്യദ്രോഹത്തിനും ദേശസുരക്ഷ അപകടപെടുത്തിയതിനും ബസൂമിനെ വിചാരണ ചെയ്യുമെന്നും പട്ടാള ഭരണകൂടം പ്രഖ്യാപിച്ചു. പടിഞ്ഞാറന്‍ രാജ്യക്കാരായ ഭൂരാഷ്ട്ര തന്ത്രജ്ഞര്‍ക്ക് സഹേലില്‍ സ്വാധീനം വര്‍ധിപ്പിക്കുന്ന റഷ്യക്ക് എതിരായ കോട്ടയാണ് നൈജര്‍. ഫ്രാന്‍സിന്റെയും അമേരിക്കയുടെയും പട്ടാളക്കാര്‍ നൈജര്‍ താവളമാക്കിയിരുന്നു. വാസ്തവത്തില്‍ ഭീകരതയ്ക്ക് എതിരായ ആഫ്രിക്കയിലെ പോരാട്ടങ്ങളിലെ പാശ്ചാത്യരുടെ ചങ്ങാതിയായിരുന്നു നൈജര്‍. ഇക്കാരണത്താല്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും നൈജര്‍സേനയ്ക്ക് ആയുധങ്ങളും പരിശീലനവും നല്‍കിയിരുന്നു.

മാലിയിലെ റഷ്യന്‍ സാന്നിധ്യം
അയല്‍ രാജ്യമായ മാലിയിലെ റഷ്യന്‍ സാന്നിധ്യം വാസ്തവത്തില്‍ നൈജറിലെ ജനങ്ങള്‍ ഇഷ്ടപെടുന്നതായാണ് നിയാമിയിലെ പ്രാദേശിക ലേഖകനും നൈജറിലെ പ്രതിവാര രാഷ്ട്രീയ പത്രമായ ലെ കനാര്‍ഡ് ഡെച്ചെയ്ന്‍ എഡിറ്ററുമായ ഗാരേ അമഡോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭീകരവാദത്തിന് എതിരെ പൊരുതുന്നതിന് റഷ്യയുടെ വാഗ്നര്‍ സംഘങ്ങള്‍ക്ക് കരുത്തുണ്ടെന്ന മലിയന്‍ ഭരണകൂടത്തിന്റെ പ്രചരണത്തില്‍ വിശ്വസിക്കുന്നവരാണ് അതില്‍ ഏറെപ്പേരും. വാഗ്നര്‍ പട്ടാളവും മലിയന്‍ സൈന്യവും തമ്മിലുള ബന്ധത്തെ പ്രകീര്‍ത്തിക്കുന്നതിനും ഇവര്‍ മടിക്കുന്നില്ല. മൗറയില്‍ വാഗ്നര്‍ പട്ടാളം കൂട്ടക്കൊല ചെയ്ത 500 പേരില്‍ അധികവും സാധാരണക്കാരായ പൗരന്മാരാണെന്ന് ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കിയിരുന്നിട്ടും മലിയുടെ പ്രസിഡന്റ് അവരെ തീവ്രവാദികളെന്നാണ് വിളിച്ചത്. നൈജറില്‍ സംഭവിക്കുന്നത് റഷ്യയുടെ സഹായത്തോടെയുള്ള സൈനിക അട്ടിമറിയാണെന്ന് വിശ്വസിക്കാന്‍ എല്ലാവരും തയ്യാറാകുന്നില്ലെന്നതും ശ്രദ്ധേയമാണ്. വിരമിക്കല്‍ പ്രായം ആസന്നമായിരുന്ന നൈജര്‍ സൈന്യത്തിലെ ഏതാനും ഉന്നതര്‍ തങ്ങളുടെ വ്യക്തി ലാഭങ്ങള്‍ക്കായി നടത്തിയ അട്ടിമറി മാത്രമായി നൈജര്‍ സംഭവത്തെ കാണാന്‍ അന്താരാഷ്ട്ര സമൂഹം കൂട്ടാക്കത്താതാണ് റഷ്യയുടെ പേര് ഇതിലേക്ക് വലിച്ചിഴക്കപെട്ടതിന്റെ കാരണമെന്നും ചിലര്‍ വിശ്വസിക്കുന്നു. വാസ്തവത്തില്‍ നൈജര്‍ മാതൃകയില്‍ അട്ടിമറിയിലൂടെ അധികാരത്തിലേറിയ മലി ഭരണകൂടത്തിനും പ്രസിഡന്റ് ഗോയിറ്റയും തങ്ങളുടെ സ്വന്തം സുരക്ഷ ഉറപ്പാക്കാനാണ് വാഗ്നര്‍ പട്ടാളത്തെ കൂട്ടുപിടിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങളോട് സഹകരിക്കാന്‍ വിസമ്മതിക്കുന്ന സാഹചര്യത്തില്‍ റഷ്യയെ പിന്തുണച്ച് ആ കുറവ് നികത്താനാണ് മാലി ഭരണകൂടം ആഗ്രഹിക്കുന്നത്. മാലിയുമായി അടുത്ത ബന്ധങ്ങള്‍ പുലര്‍ത്തുന്ന നൈജര്‍ ഇതിന് പകരമായാണ് അട്ടിമറിക്ക് പിന്നാലെ ഫ്രാന്‍സുമായുള്ള പ്രതിരോധ കരാറുകള്‍ അവസാനിപ്പിച്ചതെന്നും അഭ്യൂഹങ്ങളുണ്ട്.

ഫ്രാന്‍സും നൈജറും
മറ്റ് പാശ്ചാത്യ രാജ്യങ്ങളേക്കാള്‍ ഫ്രഞ്ചുകാര്‍ക്ക് നൈജറിന്റെ സാമൂഹിക ഘടന നന്നായി അറിയാം. 1960 വരെ നൈജര്‍ ഒരു ഫ്രഞ്ച് കോളനിയായിരുന്നു എന്നതും വര്‍ഷങ്ങള്‍ പഴക്കുമുള്ള സാമൂഹിക-സാംസ്‌കാരിക ഇടപെടലുകള്‍ ഇരു രാജ്യങ്ങള്‍ക്കും ഇടയിലുണ്ടെന്നതുമാണ് ഇതിന് കാരണം. ഇക്കാരണത്താല്‍ അട്ടിമറിക്ക് മുന്‍പ് തന്നെ അയല്‍ രാജ്യങ്ങളായ മാലി, ബുര്‍ക്കിന ഫാസോ എന്നിവിടങ്ങളില്‍ ഫ്രഞ്ച് വിരുദ്ധ വികാരം ശക്തിപെട്ടിട്ടും നൈജറില്‍ അതുണ്ടായില്ല. നൈജറില്‍ എല്ലാകാലത്തും ജനാധിപത്യം വലിയ വെല്ലുവിളി നേരിട്ടിട്ടുണ്ട്. 1960-ല്‍ ഫ്രാന്‍സില്‍നിന്ന് സ്വാതന്ത്ര്യം നേടിയശേഷം നാലുതവണയാണ് രാജ്യത്ത് പട്ടാള അട്ടിമറിയുണ്ടായത്. 1974-1991 കാലഘട്ടത്തിലായിരുന്നു ആദ്യത്തെ സൈനിക ഭരണം. എന്നാല്‍ എണ്‍പതുകളില്‍ സൈന്യത്തിന് രാഷ്ട്രീയത്തിലുള്ള നിയന്ത്രണം ക്രമേണ നഷ്ടപ്പെട്ടു. പിന്നാലെ 1991-ല്‍ ബഹുകക്ഷി തിരഞ്ഞെടുപ്പ് നടക്കുകയും ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്തു. 1996 മുതല്‍ 1999 സമയത്ത് വീണ്ടും സൈനിക ഇടപെടലുണ്ടായി. തുടര്‍ന്ന് 2009 വരെയുള്ള കാലഘട്ടത്തില്‍ വീണ്ടും ജനാധിപത്യസര്‍ക്കാര്‍ അധികാരത്തില്‍ എത്തി. 2009-ല്‍ ഭരണഘടന പരിഷ്‌കരിച്ച് രാഷ്ട്രീയ കാലാവധി നീട്ടാനുള്ള പ്രസിഡന്റിന്റെ ശ്രമത്തിന് മറുപടിയായി സൈന്യം അട്ടിമറി നടത്തി. ആ ഭരണം 2010 വരെ നീണ്ടു. 2010-ല്‍ വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ്. 2021-ലാണ് പാശ്ചാത്യാനുകൂല സംഘടനകളുടെ പിന്‍ബലത്തോടെ നിലവിലെ പ്രസിഡന്റ് മുഹമ്മദ് ബസൗം പ്രസിഡന്റാകുന്നത്.

ഫ്രാന്‍സില്‍നിന്ന് സ്വാതന്ത്ര്യം നേടിയശേഷം നൈജറില്‍ സമാധാനപരമായി അധികാരത്തിലേറുന്ന ആദ്യ ജനാധിപത്യസര്‍ക്കാരായിരുന്നു ബസൗമിന്റേത്. പക്ഷേ അദ്ദേഹത്തിനും അധികകാലം കസേരയില്‍ തുടരാനായില്ല. ജൂലായ് 26-ന് പുലര്‍ച്ചെയാണ് പ്രസിഡന്റ് മുഹമ്മദ് ബസൗമിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ പട്ടാളം തടങ്കലിലാക്കിയത്. 2011 മുതല്‍ പ്രസിഡന്റിന്റെ സേനയുടെ മേധാവിയായി പ്രവര്‍ത്തിക്കുന്ന ജനറല്‍ അബ്ദുറഹ്‌മാനെ ഷിയാമിയുടെ നേതൃത്വത്തിലായിരുന്നു അട്ടിമറി. ഭരണഘടന റദ്ദുചെയ്യുകയും ഭരണഘടനാസ്ഥാപനങ്ങള്‍ പിരിച്ചുവിടുകയും ചെയ്ത സൈന്യം തലസ്ഥാനമായ നിയാമെയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ച് മുദ്രവെച്ചു. സേനകള്‍ചേര്‍ന്ന് നിലവിലെ ഭരണകൂടത്തിന് അന്ത്യംകുറിക്കുകയാണെന്നാണ് പട്ടാള അട്ടിമറിക്ക് നേതൃത്വം നല്‍കിയ ഷിയാമി ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്. നിലവിലെ സര്‍ക്കാര്‍ രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിലും രാജ്യസുരക്ഷയുറപ്പാക്കുന്നതിലും പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. ആഭ്യന്തര വിഷയമാണെന്നും വിദേശരാജ്യങ്ങള്‍ ഇടപെടരുതെന്നും പറഞ്ഞ ഷിയാമി രാഷ്ട്രീയ അനിശ്ചിതത്വം അവസാനിക്കുന്നതുവരെ വ്യോമ-കര അതിര്‍ത്തികള്‍ അടയ്ക്കുകയാണെന്നും പ്രഖ്യാപിച്ചു. പിന്നാലെ ജനറല്‍ അബ്ദുറഹ്‌മാനെ ഷിയാമി പുതിയ നേതാവായി സ്വയം പ്രഖ്യാപിച്ചു.

ഇക്കോവാസും നൈജറിന്റെ ഭാവിയും
നൈജറിന്റെ ഭാവിയെ കുറിച്ച് ജനങ്ങള്‍ തികച്ചും ആശങ്കാകുലരാണ്. അമേരിക്കയുടെ സൈനിക പിന്തുണയുള്ള ഇക്കോവാസ് (ഇക്കോണമിക് കമ്മ്യൂണിറ്റി ഓഫ് വെസ്റ്റ് ആഫ്രിക്കന്‍ സ്റ്റേറ്റ്സ്) നൈജറില്‍ സൈനിക ഇടപെടല്‍ നടത്തുമെന്ന് ജനങ്ങള്‍ക്ക് പേടിയുണ്ട്. അട്ടിമറിക്ക് പിന്നാലെ അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും വൈദ്യുതിയുടെ ദൗര്‍ലഭ്യവും സ്ഥിതി ഏറെക്കുറെ വഷളാക്കിയിട്ടുണ്ട്. നൈജറിലേക്ക് കടന്നുകയറ്റം നടത്തുന്നത് പാശ്ചാത്യ ശക്തികളോ റ ഷ്യയോ ആരു തന്നെയായാലും നൈജറിലെ സാധാരണക്കാരായ ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഭീകരവാദം അവസാനിക്കണമെന്നും ഭീകരവാദം ജനജീവിതം അസാധ്യമാക്കിയ പ്രദേശങ്ങളില്‍ സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കണമെന്നുമാണ്. എന്നാല്‍ സാഹേല്‍ പ്രദേശത്ത് പാശ്ചാത്യ അധിനിവേശം ഭീകരത തുടച്ചു നീക്കാന്‍ പര്യാപ്തമാകുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നില്ല. വാഗ്നര്‍ പട്ടാളത്തിന് എതിരെ നിരവധി ആരോപണങ്ങള്‍ ഉയരുമ്പോഴും നൈജറിലെ ജനങ്ങള്‍ റഷ്യയെയും പുടിനെയും അംഗീകരിക്കുന്നുണ്ടെന്നതാണ് വാസ്തവം. നൈജറിലെ ജനങ്ങള്‍ പുടിനെ കാണുന്നത് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പിന്തുടരുന്ന തെറ്റായ മൂല്യങ്ങള്‍ക്ക് (സ്വവര്‍ഗരതിയോടുള്ള മനോഭാവം, മത നിന്ദ, മുസ്ലിം വിരുദ്ധത) എതിരെ നിലകൊള്ളുന്ന ശക്തനായ ആഗോള നേതാവായിട്ടാണ്. ഇക്കോവാസ് രാജ്യങ്ങളിലെ ജനങ്ങള്‍ക്കും പുടിനോടുള്ള മാനസികാവസ്ഥ മറ്റൊന്നല്ല. പാശ്ചാത്യ രാജ്യങ്ങള്‍ അപചയത്തിന്റെ വക്കിലെന്ന് വിശ്വസിക്കുന്ന ആഫ്രിക്കക്കാര്‍ റഷ്യയെ തങ്ങള്‍ക്ക് പ്രിയങ്കരമായ ആശയങ്ങളെ (സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹം, മതത്തിനോടുള്ള ആദരവ്) സംരക്ഷിക്കുന്നവരായാണ് കാണുന്നത്. ഇക്കോവാസ് നൈജറില്‍ സൈനികമായി ഇടപെടുമെന്ന് കരുതുന്ന നൈജര്‍ നിവാസികള്‍ ഇക്കോവാസിന്റെ ഉപമേഖല സൈനികര്‍ നൈജറിലേക്ക് കടന്നുകയറുന്നതിന്റെ വാര്‍ത്തകള്‍ക്ക് കാതോര്‍ത്തിരിക്കുന്നു. അത്തരമൊരു സാഹചര്യം സന്നിഹിതമായാല്‍ കയ്യില്‍ കരുതേണ്ട ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും നൈജറിലെ ജനങ്ങള്‍ സംഭരിക്കാന്‍ തുടങ്ങിയതായും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥാനഭ്രഷ്ടനായ പ്രസിഡന്റ് മുഹമ്മദ് ബാസൂമിന്റെയും കുടുംബാംഗങ്ങളുടെയും ഭാവി കലാപകാരികളായ പട്ടാള ഭരണകൂടത്തിന്റെയും, ഇക്കോവാസിന്റെയും ആഫ്രിക്കന്‍ യൂണിയന്റെയും മറ്റും കൈകളിലാണ്. മുഹമ്മദ് ബാസൂം സ്ഥാനഭ്രഷ്ടനായെങ്കിലും കൊല്ലപെട്ടതായും അപകടത്തില്‍ പെട്ടതായും വിവരങ്ങളില്ല. കലാപകാരികളായ പട്ടാള മേധാവികള്‍ക്ക് പ്രസിഡന്റ് ബാസൂമിനെ ഇനിയും തടവിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിരങ്ങള്‍. കനത്ത ആയുധ ധാരികളായ അംഗകക്ഷകരുടെ സംരക്ഷണയില്‍ പ്രസിഡന്‍ഷ്യന്‍ ഗാര്‍ഡ് ക്യാമ്പിലാണ് ബാസൂം കഴിയുന്നതെന്നും ലോക നേതാക്കളുമായി ബാസൂമിന് ഇപ്പോഴും ആശയ വിനിമയം നടത്താന്‍ കഴിയുന്നത് ഇതുകൊണ്ടാണെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍്ട്ട് ചെയ്യുന്നു. ബാസൂം കൊല്ലപെട്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചാല്‍ പിന്നീടുണ്ടാകുന്ന സംഭവങ്ങളെ വാസ്്തവത്തില്‍ കലാപകാരികളായ പട്ടാള ഭരണകൂടവും പേടിക്കുന്നു. സൈന്യത്തിലെ ഏതാനും ചിലര്‍ ഒഴികെ എല്ലാ സൈനിക കമാന്‍ഡര്‍മാരും അട്ടിമറിയെ പിന്തുണയ്ക്കുന്നുമില്ല. വാസതവത്തില്‍ കലാപകാരികളായ സൈനികര്‍ തടവിലാക്കിയത് ബാസൂം ഭരണകൂടത്തിലെ ഏതാനും ചില മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും മാത്രമാണ്.

Share on

മറ്റുവാര്‍ത്തകള്‍