UPDATES

വിദേശം

ഗബോണിലും സൈനിക അട്ടിമറി

എണ്ണയും കൊക്കോയും സുലഭമായ രാജ്യത്ത് ജനം പട്ടിണിയില്‍, ഫ്രഞ്ചുകാര്‍ രാജ്യം കൊള്ളയടിക്കുന്നതായി ആരോപണം

                       

നൈജറിന് പിന്നാലെ മധ്യ ആഫ്രിക്കന്‍ രാജ്യമായ ഗബോണിലും സൈനിക അട്ടിമറി. തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ മൂന്നാമത് തവണയും വിജയം നേടിയ പ്രസിഡന്റ് അലി ബോംഗോയെ അട്ടിമറിച്ചാണ് ഗാബോണിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനായ ജനറല്‍ ബ്രൈസ് ഒലിഗുയി എന്‍ഗ്യൂമ അധികാരം പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഗബോണിന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെയാണ് സൈനികര്‍ ഗബോണിന്റെ അധികാരം പിടിച്ചെടുത്തതായും തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയതായും പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചതായും ഭരണഘടന സ്ഥാപനങ്ങള്‍ പിരിച്ചുവിട്ടതായും സൈനികര്‍ വ്യക്തമാക്കി. അട്ടിമറിയെ സൈനികര്‍ ഗബോണിന്റെ തലസ്ഥാന നഗരമായ ലിബ്രെവില്ലില്‍ ആചാരവെടി മുഴക്കിയാണ് ആഘോഷിച്ചത്.

ശനിയാഴ്ച വോട്ട് രേഖപെടുത്തി മടങ്ങിയ മുന്‍ പ്രസിന്റ് ബോംഗോ ഇപ്പോള്‍ വീട്ടുതടങ്കലിലാണ്. ബോംഗോയുടെ മകനും അടുത്ത ഉപദേഷ്ടാവുമായ നൂറുദ്ദീന്‍ ബോംഗോ, ചീഫ് ഓഫ് സ്റ്റാഫ് ഇയാന്‍ ഗിസ്ലെയ്ന്‍ എന്‍ഗൗലോ എന്നിവരും വീട്ടുതടങ്കലിലാണ്. രാജ്യദ്രോഹം, സാമ്പത്തികത്തട്ടിപ്പ്, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് സൈന്യം ഇവരെ തടവിലാക്കിയത്. കലാപകാരികളായ സൈനികര്‍ തങ്ങള്‍ പ്രതിനിധീകരിക്കുന്നത് കമ്മിറ്റി ഓഫ് ട്രാന്‍സിഷന്‍ ആന്‍ഡ് ദി റിസ്റ്റോറേഷന്‍ ഓഫ് ഇന്‍സ്റ്റിസ്റ്റ്യൂഷന്‍സ് എന്ന പ്രസ്ഥാനത്തെയാണെന്നും നിലവിലെ സര്‍ക്കാര്‍, സെനറ്റ്, ദേശീയ അസംബ്ലി, ഭരണഘടനാ കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവയെല്ലാം പിരിച്ചുവിട്ടതായും വ്യക്തമാക്കി.

എട്ടാമത്തെ സൈനിക അട്ടിമറി
ഗബോണില്‍ ഇപ്പോള്‍ സംഭവിച്ചത് 2020 മുതലുള്ള പശ്ചിമ, മധ്യ ആഫ്രിക്കയിലെ എട്ടാമത്തെ സൈനിക അട്ടിമറിയാണ്. മാലി (ഓഗസ്റ്റ് 2020), ചാഡ് (ഏപ്രില്‍ 2021), സുഡാന്‍ (ഒക്ടോബര്‍ 2021), ഗിനിയ (സെപ്റ്റംബര്‍ 2021), ബുര്‍ക്കിന ഫാസോ (ജനുവരി, മെയ് 2022), നൈജര്‍ (ജൂലൈ 2023) ഗബോണ്‍ (ഓഗസ്റ്റ് 2023). ഗാബോണിലെ സൈനിക അട്ടിമറിയെ ചുറ്റിപ്പറ്റി നിരവധി അനിശ്ചിതത്വങ്ങളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും നിലവിലുണ്ട്. ശനിയാഴ്ച നടന്ന പ്രസിഡന്‍ഷ്യല്‍, പാര്‍ലമെന്ററി, നിയമസഭ വോട്ടുകള്‍ക്ക് ശേഷമുള്ള ഗബോണിലെ അന്തരീക്ഷം അനിശ്ചിതത്വവും പിരിമുറുക്കങ്ങളും നിറഞ്ഞതാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പിലൂടെ തന്റെയും തന്റെ കുടുംബത്തിന്റെയും നീണ്ട 56 വര്‍ഷത്തെ അധികാരം തുടരാനാണ് പ്രസിഡന്റ് അലി ബോംഗോ ശ്രമിച്ചത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വിലയേറിയ എണ്ണയും കൊക്കോയും സുലഭമായ രാജ്യം ഇന്നും ദരിദ്രമായി തുടരുന്നതിന് കാരണക്കാരായ ബോംഗോ സര്‍ക്കാരിന്റെ ഭരണത്തിന് അറുതി വരുത്തുമെന്ന് പ്രഖ്യാപിച്ചാണ് ഗബോണിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ മത്സരത്തിന് ഇറങ്ങിയത്.

ആല്‍ബര്‍ട്ട് ഒന്‍ഡോ എസ്സയാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ അലി ബോംഗോയുടെ മുഖ്യ എതിരാളി. ഇന്‍ര്‍നെറ്റ് വിഛേദിക്കുകയും കര്‍ഫ്യൂ ഏര്‍പെടുത്തുകയും ചെയ്തതിന് ശേഷം അലി ബോംഗോയും അദ്ദേഹത്തിന്റെ അനുയായികളും ചേര്‍ന്ന് നടത്തിയ തട്ടിപ്പാണ് ഗാബോണിലെ തെരഞ്ഞെടുപ്പെന്നാണ് പ്രതിപക്ഷ ക്യാമ്പിന്റെ വിമര്‍ശനം. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫ്രഞ്ച് മാധ്യമ സ്ഥാപനങ്ങളായ ഫ്രാന്‍സ് 24, ആര്‍എഫ്ഐ, ടിവി5 മോണ്‍ഡെ എന്നിവയും നിരോധിക്കപെട്ടിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപെട്ട വാര്‍ത്തകള്‍ ഫ്രഞ്ച് മാധ്യമങ്ങള്‍ വസ്തുനിഷ്ടവും സന്തുലിതവുമായല്ല റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ ചാനലുകള്‍ക്ക് ബോംഗോ നിരോധനം ഏര്‍പെടുത്തിയത്. ഗാബോണിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ അനുസരിച്ച് ബോംഗോയുടെ പ്രധാന എതിരാളിയായ ആല്‍ബര്‍ട്ട് ഒസ്സ 30.77 ശതമാനം വോട്ടുകളും ബോംഗോ 64.27 ശതമാനം വോട്ടുകളുമാണ് നേടിയത്. അന്താരാഷ്ട്ര നിരീക്ഷകരുടെ അഭാവവും തെരഞ്ഞെടുപ്പിന് പിന്നാലെ നിശാനിയമം ഏര്‍പെടുത്തിയതും തെരഞ്ഞെടുപ്പ് ഫലത്തിന്റെ സുതാര്യതയെ സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

ജനറല്‍ എന്‍ഗ്യൂമ ഇടക്കാല നേതാവ്
പ്രസിഡന്റിന്റെ സുരക്ഷാ ചുമതലയുള്ള ഗബോണിലെ എലൈറ്റ് റിപ്പബ്ലിക്കന്‍ ഗാര്‍ഡിന്റെ നേതാവ് ജനറല്‍ ബ്രൈസ് ഒലിഗുയി എന്‍ഗ്യൂമയാണ് രാജ്യത്തിന്റെ ഇടക്കാല നേതാവ് (ട്രാന്‍സിഷണല്‍ ലീഡര്‍). ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് അലി ബോംഗോ വിജയിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സര്‍ക്കാരിന്റെ ഔദ്യോഗിക ചാനലായ ഗബോണ്‍ 24ല്‍ സൈനിക ഏറ്റെടുക്കല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ബുധനാഴ്ച ജനറല്‍ ബ്രൈസ് ഒലിഗുയി എന്‍ഗ്യൂമ രാജ്യത്തിന്റെ തലവനായി സ്ഥാനമേറ്റുള്ള അറിയിപ്പ് വന്നത്. രാജ്യത്തെ ഏറ്റവും സ്വാധീനമേറിയ വ്യക്തികളിലൊരാളായ എന്‍ഗ്യൂമ സ്ഥാനഭ്രഷ്ടനായ പ്രസിഡന്റ് അലി ബോംഗോയുടെ ബന്ധുവാണെന്നും കരുതുന്നു. സൈനിക ഉദ്യോഗസ്ഥന്റെ മകനായിരുന്ന എന്‍ഗ്യൂമ ചെറുപ്പം മുതല്‍ സൈന്യത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിച്ചിരുന്നു. മൊറോക്കോയില്‍ നിന്നും സൈനിക പരിശീലനം നേടിയ അദ്ദേഹം മുന്‍ പ്രസിഡന്റ് ഒമര്‍ ബോംഗോയുടെ റിപ്പബ്ലിക്കന്‍ ഗാര്‍ഡിലെ കമാന്‍ഡറായി 2009 വരെ പ്രവര്‍ത്തിച്ചു.

ഒമര്‍ ബോംഗോയുടെ മരണത്തിന് ശേഷം മകന്‍ അലി ബോംഗോ 2009 ഒക്ടോബറില്‍ അധികാരത്തില്‍ എത്തിയതിനെ തുടര്‍ന്ന് എന്‍ഗ്യൂമയെ നയതന്ത്ര ദൗത്യങ്ങള്‍ക്കായി മൊറോക്കോ, സെനഗല്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് നിയോഗിച്ചു. പിന്നീട് ഒരു പതിറ്റാണ്ടിന് ശേഷമാണ് 2019ല്‍ എന്‍ഗ്യൂമ ഗബോണ്‍ സൈന്യത്തിന്റെ തലവനായി ചുമതലയേല്‍ക്കുന്നത്. സൈന്യത്തിന്റെ തലവനായി എന്‍ഗ്യൂമ സ്ഥാനമേറ്റതിന് പിന്നാലെ വരുത്തിയ സൈനിക പരിഷ്‌കാരങ്ങള്‍ പ്രസിഡന്റ് അലി ബോംഗോയുടെ അധികാരത്തെ കൂടുതല്‍ ശക്തിപെടുത്തിയതായാണ് കരുതുന്നത്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ എന്നതിന് പുറമേ എന്‍ഗ്യൂമ ഗബോണിലെ ധനികനും ശതകോടീശ്വരനായ ബിസിനസുകാരനുമാണ്. അമേരിക്കയില്‍ എന്‍ഗ്യൂമയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെ സംബന്ധിക്കുന്ന വിവരങ്ങള്‍ 2020ല്‍ ഒസിസിആര്‍പി പുറത്തുവിട്ടിരുന്നു. ജനറല്‍ എന്‍ഗ്യൂമയാണ് ഗബോണിന്റെ അടുത്ത പ്രസിഡന്റ് എന്ന വിധത്തിലുള്ള പ്രചരണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

അട്ടിമറിയും ആശങ്കയും
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ റദ്ദാക്കി ഗബോണിന്റെ അധികാരം പിടിച്ചെടുത്തെന്നുള്ള സൈന്യത്തിന്റെ പ്രഖ്യാപനത്തെ ഗബോണിലെ ജനങ്ങള്‍ ആഘോഷത്തോടെയാണ് സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തലസ്ഥാനമായ ലിബ്രെവില്ലെ വളഞ്ഞ സൈനികര്‍ വെടിയൊച്ചകള്‍ മുഴക്കിയാണ് ഗബോണിന്റെ അധികാരം പിടിച്ചെടുത്തതായി പ്രഖ്യാപിച്ചത്. സൈന്യത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ തെരുവുകളിലേയക്ക് ജനങ്ങള്‍ ഒഴുകിയെത്തി. പിന്നാലെ സഹായം അഭ്യര്‍ഥിച്ചുള്ള തടവിലാക്കപെട്ട പ്രസിഡന്റ് അലി ബോംഗോയുടെ ദൃശ്യങ്ങളും പ്രചരിച്ചു. എന്നാല്‍ ഗബോണിലെ സൈനിക അട്ടിമറിയെ ആശങ്കയോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കിക്കാണുന്നത്. അട്ടിമറിയെ അപലിച്ച ആഫ്രിക്കന്‍ യൂണിയന്റെ പീസ് ആന്‍ഡ് സെക്യൂരിറ്റി കൗണ്‍സില്‍ ഗബോണിന്റെ അംഗത്വം റദ്ദാക്കി. വടക്കു-പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറിലെ സൈനിക അട്ടിമറിക്ക് തൊട്ടുപിന്നാലെയാണ് സമാനമായ രീതിയില്‍ മധ്യ ആഫ്രിക്കന്‍ രാജ്യമായ ഗബോണിലെയും അട്ടിമറി. ഫ്രഞ്ച് കോളനിയായിരുന്ന നൈജറിലേത് പോലെ ഗബോണിലും ഫ്രാന്‍സിന് ഗണ്യമായ സ്വാധീനമുണ്ട്. രാജ്യത്തെ ഫ്രാന്‍സുകാര്‍ക്ക് തീറെഴുതി പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിച്ച് ബോംഗോ കുടുംബം അഴിമതി ജന്മാവകാശമാക്കി മാറ്റിയെന്നും ഇതിനും മാറ്റം വരണമെന്ന് ആഗ്രഹിച്ചാണ് ഗബോണിലെ ജനങ്ങള്‍ സൈനിക അട്ടിമറിയെ പിന്തുണയ്ക്കുന്നതെന്നും ആക്ഷേപമുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍