UPDATES

മുന്‍ സൈനിക മേധാവിയുടെ ഓര്‍മക്കുറിപ്പുകള്‍ പരിശോധിക്കാന്‍ ഇന്ത്യന്‍ ആര്‍മി

ലഡാക്കിലെ ചൈനീസ് അധിനിവേശവുമായി ബന്ധപ്പെട്ട വിവരണങ്ങളാണ് പരിശോധിക്കുന്നത്

                       

ഇന്ത്യയുടെ മുന്‍ ചീഫ് ജനറല്‍ എം എം നരവാനെ എഴുതിയ ഓര്‍മ്മക്കുറിപ്പ് പരിശോധിക്കാനൊരുങ്ങി ഇന്ത്യന്‍ ആര്‍മി. ‘ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ ചില ഭാഗങ്ങള്‍ ഡിസംബര്‍ 18 ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ റിവ്യൂ കഴിയുന്നതുവരെ പുസ്തകത്തിന്റെ ഉദ്ധരണികളോ സോഫ്റ്റ് കോപ്പികളോ പങ്കിടരുതെന്നാണു പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസിനോട് ഇന്ത്യന്‍ ആര്‍മി ആവശ്യപ്പെട്ടിരിക്കുന്നത്.

2020 ഓഗസ്റ്റ് 31 ലെ ഒരു രാത്രി ഓപ്പറേഷന്റെ ഭാഗമായി കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയായ റെച്ചിന്‍ ലായില്‍ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി(പിഎല്‍എ)യുടെ ടാങ്കുകള്‍ക്കെതിരേ ഇന്ത്യന്‍ സൈനികര്‍ നടത്തിയ നീക്കവുമായി ബന്ധപ്പെട്ടു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി നരവാനെ നടത്തിയ കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങളെക്കുറിച്ച് ഓര്‍മ്മകുറിപ്പില്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലാണ് ആര്‍മി അവലോകനം ചെയ്യുന്നതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിരോധ മന്ത്രാലയവും ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ഇന്ത്യന്‍ എക്‌സ്പ്രസ്സ് പറയുന്നു.

2020-ല്‍ കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായുള്ള ഗാല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലുകളും അഗ്‌നിപഥ് പദ്ധതിയും ഉള്‍പ്പെടെയുള്ള സൈനിക നിലപാടുകളെക്കുറിച്ചുള്ള കൂടുതല്‍ സൂക്ഷ്മമായ വിശകലനം നടത്തുന്ന പുസ്തകം ഈ മാസം പ്രസിദ്ധീകരിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പുസ്തകം പ്രസിദ്ധീകരിക്കാന്‍ സൈന്യത്തിന്റെ അനുമതി ലഭിച്ചിരുന്നുവോയെന്നും, അവലോകന പ്രക്രിയ കാരണം പുസ്തകം പുറത്തിറക്കുന്നതില്‍ കാലതാമസം നേരിടുമോയെന്നുമുള്ള ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ ചോദ്യങ്ങള്‍ക്ക് മുന്‍ ചീഫ് ജനറല്‍ നരവാനെ പ്രതികരിച്ചിട്ടില്ല. ”ഞാന്‍ ചെയ്യേണ്ടത് ചെയ്ത് മാസങ്ങള്‍ക്ക് മുമ്പ് തന്നെ കൈയെഴുത്തുപ്രതി പ്രസാധകര്‍ക്ക് നല്‍കിയിരുന്നു. പ്രസിദ്ധീകരിക്കുന്നതിന് കാലതാമസം ഉണ്ടോ ഇല്ലയോ എന്നു പറയേണ്ടത് പ്രസാധകരാണ്’ നരവാനെ പറയുന്നു. ഇന്ത്യന്‍ എക്സ്പ്രസിന്റെ സമാന ചോദ്യങ്ങള്‍ക്ക് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസും പ്രതികരിച്ചിട്ടില്ല.

2020 ഓഗസ്റ്റ് 31 ന് ചൈന റെച്ചിന്‍ ലായില്‍ നീക്കങ്ങള്‍ നടത്തിയതിനെ കുറിച്ച് അന്ന് ചീഫ് ജനറലായിരുന്ന നാരവാനെയും ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും തമ്മില്‍ നടത്തി ആശയവിനിമയത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ കഴിഞ്ഞ മാസം പിടിഐ പ്രസിദ്ധീകരിച്ചിരുന്നു. രാജ്നാഥ് സിംഗ് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി ജനറല്‍ നരവാനെ പങ്കുവെച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനുശേഷം, പ്രതിരോധ മന്ത്രി, വിദേശകാര്യ മന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുമായി അന്നു രാത്രി അദ്ദേഹം നടത്തിയ ഫോണ്‍ കോളുകളുടെ പരാമര്‍ശവും പ്രസിദ്ധീകരണത്തിലുണ്ടയിരുന്നു. ”പ്രതിരോധ മന്ത്രിയുടെ കോളിന് ശേഷം, നിരവധി ചിന്തകള്‍ തന്നിലൂടെ കടന്നു പോയി.”എന്ന് ജനറല്‍ നരവാനെ എഴുതിയിരുന്നു. ചൈനയുടെ നീക്കം സംബന്ധിച്ചുള്ള സാഹചര്യത്തിന്റെ ഗുരുതരവസ്ഥ അദ്ദേഹം പ്രതിരോധ മന്ത്രിയോടു പങ്കുവച്ചിരുന്നു. കൂടുതല്‍ ആലോചനക്ക് ശേഷം വിവരങ്ങള്‍ ധരിപ്പിക്കാമെന്ന് പ്രതിരോധ മന്ത്രി അറിയിച്ചതായും അദ്ദേഹം പറയുന്നു. ഏകദേശം 22-30 മണിക്കൂറിനുള്ളില്‍ രക്ഷാ മന്ത്രി അദ്ദേഹത്തെ തിരിച്ചു ബന്ധപെട്ടതായും നരവാനെ പുസ്തകത്തില്‍ കുറിക്കുന്നുണ്ട്. ”താന്‍ പ്രധാനമന്ത്രിയോട് സംസാരിച്ചെന്നും ഇത് തികച്ചും സൈനിക തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ‘ജോ ഉച്ഛിത് സംഝോ വോ കരോ’ (ഉചിതമെന്നു തോന്നുന്നതെന്തും ചെയ്യുക), പ്രതിരോധ മന്ത്രിയില്‍ നിന്ന് ലഭിച്ച ഈ മറുപടി ഒരു ചൂടുള്ള ഉരുളക്കിഴങ്ങ് കൈമാറുന്നതിന് സമാനമായാണ് അനുഭവപ്പെട്ടത്. ചുമതല ഇപ്പോള്‍ പൂര്‍ണമായും എന്നിലായി. ഞാന്‍ ഒരു ദീര്‍ഘനിശ്വാസം എടുത്ത് കുറച്ച് നിമിഷം നിശബ്ദനായി ഇരുന്നു. ചുവര്‍ ഘടികാരത്തിന്റെ ശബ്ദമൊഴികെ മറ്റെല്ലാം നിശബ്ദമായിരുന്നു”, അദ്ദേഹം തന്റെ ഓര്‍മ്മക്കുറിപ്പില്‍ എഴുതുന്നു. ഗാല്‍വാന്‍ താഴ്വരയിലെ മാരകമായ ഏറ്റുമുട്ടലുകളെക്കുറിച്ചുള്ള വിശദാംശങ്ങളും പുസ്തകത്തിലുണ്ട്. രണ്ട് ദശാബ്ദത്തില്‍ ആദ്യമായി പിഎല്‍എ സൈനികര്‍ക്ക് ”മാരകമായ നാശനഷ്ടങ്ങള്‍” ഉണ്ടായ ജൂണ്‍ 16 ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് മറക്കില്ലെന്ന് അദ്ദേഹം പറയുന്നു.

സൈനികര്‍, വ്യോമസേനാംഗങ്ങള്‍, നാവികര്‍ എന്നിവരെ പ്രതിരോധ സേവനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള കേന്ദ്ര സര്‍ക്കറിന്റെ അഗ്നിപഥ് പദ്ധതിയെക്കുറിച്ചും, അതു പ്രഖ്യാപിക്കുന്നതിനു മുമ്പ് പദ്ധതിയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളെക്കുറിച്ചും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

1954-ലെ സൈനിക നിയമത്തിലെ ചട്ടം 21 പ്രകാരം, ഈ നിയമത്തിന് കീഴില്‍ വരുന്ന ഒരു വ്യക്തിയും കേന്ദ്രസര്‍ക്കാരിന്റെയോ, സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെയോ മുന്‍കൂര്‍ അനുമതിയില്ലാതെ രാഷ്ട്രീയപരമായതോ, സൈനിക സേവനവുമായി ബന്ധപ്പെട്ടതോ, സൈനിക സേവന വിവരങ്ങള്‍ ഉള്‍പ്പെട്ടതോ ആയ കാര്യങ്ങള്‍ നേരിട്ടോ അല്ലാതെയോ പ്രസിദ്ധീകരിക്കുകയോ മാധ്യമങ്ങളോട് ആശയവിനിമയം നടത്തുകയോ ചെയ്യരുത്. എന്നാല്‍ വിരമിച്ചതിനുശേഷമുള്ള കാര്യങ്ങളില്‍ അവ്യക്തയുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. വിരമിച്ച ആളുകള്‍ക്ക് അവരുടെ അനുഭവങ്ങളെക്കുറിച്ച് എഴുതാം, എന്നാല്‍ അവര്‍ തങ്ങളുടെ സൈനിക സേവനത്തിന്റെ ഭാഗമായി നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിക്കുകയോ രഹസ്യങ്ങള്‍ ചോര്‍ത്തുകയോ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ, സായുധ സേനാംഗങ്ങളായിരുന്നവര്‍ക്ക് തന്റെ ജോലിയുമായി ബന്ധമില്ലാത്ത പുസ്തകമെഴുതുന്നതിലും തടസമില്ല. സേവനമനുഷ്ഠിക്കുന്നവരും വിരമിച്ചവരുമായ നിരവധി സൈനിക ഉദ്യോഗസ്ഥര്‍ മുമ്പ് സൈനികവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ആര്‍മി ജനറല്‍(റിട്ട) വി പി മാലിക്കിന്റെ ‘കാര്‍ഗില്‍: ഫ്രം സര്‍പ്രൈസ് ടു വിക്ടറി’, മുന്‍ കേന്ദ്രമന്ത്രികൂടിയായ ജനറല്‍(റിട്ട) വി കെ സിംഗ് എഴുതിയ ‘ധൈര്യവും ബോധ്യവും: ഒരു ആത്മകഥ’ എന്നിവ ഇത്തരത്തില്‍ പ്രസിദ്ധമായ പുസ്തകങ്ങളാണ്.

Share on

മറ്റുവാര്‍ത്തകള്‍