സൈനികോദ്യോഗസ്ഥര്‍ക്കിടയില്‍ ശാരീരിക യോഗ്യത മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനും ജീവിതശൈലി രോഗങ്ങളുടെ ആധിക്യം കുറയ്ക്കാനും പുതിയ നയം രൂപീകരിച്ച് ഇന്ത്യന്‍ ആര്‍മി. ദ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇങ്ങനെയൊരു വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമിതഭാരമുള്ളവര്‍ 30 ദിവസത്തിനുള്ളില്‍ ആരോഗ്യകാര്യത്തില്‍ മതിയായ പുരോഗതി നേടുന്നില്ലെങ്കില്‍ അവരെ ശിക്ഷ നടപടികള്‍ വിധേയരാക്കുന്നതിന് പുറമെ കൂടുതല്‍ പരിശോധനകള്‍ക്കും വിധേയരാക്കും. നയത്തിന്റെ ഭാഗമായി ഓരോ ഉദ്യോഗസ്ഥനും ആര്‍മി ഫിസിക്കല്‍ ഫിറ്റ്‌നസ് അസ്സസ്‌മെന്റ് കാര്‍ഡ് (എപിപിഎസി) അനുവദിക്കാനാണ് തീരുമാനം.
സൈനികരുടെ ‘ ഫിറ്റ്‌നസ്’ കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി ഇനി മുതല്‍ ബ്രിഗേഡിയര്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. നേരത്തെ ഒരു കമാന്‍ഡിംഗ് ഓഫിസര്‍ മൂന്നുമാസത്തിലൊരിക്കല്‍ പരിശോധന നടപടികള്‍ അവലോകനം ചെയ്യുന്ന രീതിയായിരുന്നു. ഇതില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. കൂടാതെ ഓരോ ഉദ്യോഗസ്ഥനും എപിപിഎ കാര്‍ഡ് നിര്‍ബന്ധമാക്കും.
സൈനിക കേന്ദ്രങ്ങളില്‍ നിന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് കിട്ടിയ വിവര പ്രകാരം, പുതിയ നയം ആരോഗ്യസംബന്ധമായ പരിശോധനകള്‍ക്ക് ഒരു ഏകീകൃത രൂപം ലക്ഷ്യമിട്ടിട്ടുണ്ട്. വിദേശ പോസ്റ്റിംഗുകള്‍ ഉള്‍പ്പെടെയുള്ള ഡ്യൂട്ടികള്‍ നോക്കുന്ന ഉദ്യോഗസ്ഥര്‍ ശാരീരികമായി അയോഗ്യരാണോ, അവര്‍ അമിത ശരീരഭാരമുള്ളവരാണോ, ജീവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ടോ തുടങ്ങിയ പ്രശ്നങ്ങള്‍ ഇത്തരം പരിശോധനകളിലൂടെ അഭിസംബോധന ചെയ്യണമെന്നാണ് നിര്‍ദേശം.
നിലവിലുള്ള മാനദണ്ഡപ്രകാരം സൈനികോദ്യോഗസ്ഥരുടെ ശാരീരികയോഗ്യത അളക്കുന്നത് മൂന്നു മാസം കൂടുമ്പോള്‍ നടക്കുന്ന ബിപിഇടി, പിപിടി പരിശോധനകള്‍ വഴിയാണ്. ഇതില്‍ ബിപിഇടി അഥവ ബാറ്റില്‍ ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റില്‍ ഓരോ ഉദ്യോഗസ്ഥനും അഞ്ച് കിലോമീറ്റര്‍ ഓട്ടം, 60 മീറ്റര്‍ സ്പ്രിന്റ്, തിരശ്ചീനമായി കെട്ടിയിരിക്കുന്ന കയറില്‍ തൂങ്ങുക, അതുപോലെ ലംബമായി കെട്ടിയിരിക്കുന്ന കയറില്‍ തൂങ്ങുക, ഒമ്പത് അടി നീളമുള്ള കിടങ്ങ് മറികടന്നെത്തുക(ഇത് പ്രായത്തിനനുസരിച്ച് വ്യത്യാസപ്പെടും) എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫിസിക്കല്‍ പ്രൊഫിഷ്യന്‍സി ടെസ്റ്റ് അഥവ പിപിടി-യിലും ഉദ്യോഗസ്ഥര്‍ക്കായി പരിശീലന പരിപാടികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. 2.4 കിലോമീറ്റര്‍ ഓട്ടം, 5 മീറ്റര്‍ ഷട്ടില്‍ റണ്ണിംഗ്, പുഷ്-അപ്‌സ്, ചിന്‍-അപ്‌സ്, സിറ്റ്-അപ്‌സ്, 100 മീറ്റര്‍ സ്പ്രിന്റ് എന്നിവയാണ് പിപിടി-യില്‍ ഉള്‍പ്പെടുന്നത്. സൗകര്യമുണ്ടെങ്കില്‍ നീന്തലും പിപിടിയില്‍ ഉള്‍പ്പെടുത്താറുണ്ട്. ഈ ടെസ്റ്റുകളുടെ ഫലങ്ങള്‍ കമാന്‍ഡിംഗ് ഓഫിസര്‍ കൈകാര്യം ചെയ്യുന്ന ആന്വല്‍ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്(എസിആര്‍)-ല്‍ ഉള്‍പ്പെടുത്തും.
പുതിയ നയ പ്രകാരം നിലവിലുള്ള ടെസ്റ്റുകള്‍ വിശകലനം ചെയ്യാന്‍ ഒരു ബോര്‍ഡ് ഓഫ് ഓഫിസേഴ്‌സ് ഉണ്ടാകും, ബ്രിഗേഡിയര്‍ റാങ്കിലുള്ള ഒരു ഓഫിസര്‍ ആയിരിക്കും ബോര്‍ഡിന്റെ അധ്യക്ഷത വഹിക്കുക. ത്രൈമാസ പരിശോധനകള്‍ ഒരു കേണലിനും മെഡിക്കല്‍ ഓഫിസര്‍ക്കും ഒപ്പം ബ്രിഗേഡിയര്‍ ഓഫിസറും വിശകലനം ചെയ്യും. നിലവിലുള്ള ബിപിഇടി, പിപിടി-കള്‍ക്ക് പുറമെ 10 കിലോമീറ്റര്‍ സ്പീഡ് മാര്‍ച്ചും, 32 കിലോമീറ്റര്‍ റൂട്ട് മാര്‍ച്ചും ഓരോ ആറ് മാസത്തിലും സംഘടിപ്പിക്കും. അതുപോലെ വര്‍ഷത്തിലൊരിക്കല്‍ 50 മീറ്റര്‍ നീന്തല്‍ പ്രാവീണ്യം പരിശോധനയും നടത്തും.
ശാരീരിക യോഗ്യത മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്നവര്‍ക്കും ‘അമിതഭാരം’ വിഭാഗത്തില്‍ ഉള്‍പ്പെടുകയും ചെയ്യുന്നവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കും. തുടര്‍ന്ന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ലീവ്, ടിഡി കോഴ്സുകള്‍ വെട്ടിക്കുറയ്ക്കല്‍ എന്നീ ശിക്ഷ നടപടികള്‍ ഉള്‍പ്പെടെ 30 ദിവസത്തെ സമയം ആരോഗ്യം മെച്ചപ്പെടുത്താനായി അനുവദിക്കും. പരിശോധനകളില്‍ പരാജയപ്പെടുന്നവര്‍ക്കെതിരേ ആര്‍മി റെഗുലേഷന്‍ (എആര്‍) 15, ആര്‍മി ആക്റ്റ് (എഎ) 22 എന്നിവയ്ക്ക് കീഴിലുള്ള സാധ്യമായ നടപടികള്‍ സ്വീകരിക്കും. അമിതഭാരമുള്ള ഉദ്യോഗസ്ഥരോട് 30 ദിവസത്തിനുള്ളില്‍ ശരീരഭാരം കുറയ്ക്കാന്‍ രേഖാമൂലം നിര്‍ദേശം നല്‍കും. ഇവരുടെ എപിഎസി(ആര്‍മി ഫിസിക്കല്‍ ഫിറ്റ്‌നസ് അസ്സസ്‌മെന്റ് കാര്‍ഡ്) ആന്വല്‍ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്(എസിആര്‍)-മായി ലിങ്ക് ചെയ്യുകയും ചെയ്യും.
ഇന്ത്യന്‍ ആര്‍മിയുമായി ബന്ധപ്പെട്ട പുതിയ ഫിറ്റ്‌നസ് മാര്‍ഗനിര്‍ദേശങ്ങളുടെ കൂടുതല്‍ വിവരങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ഡല്‍ഹിയിലുള്ള ആര്‍മി പിആര്‍ഒ വിസമ്മതിച്ചെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത്.