UPDATES

വിദേശം

ഇനി ചാറ്റ് ജിപിടി നിര്‍മിക്കും കൂടുതല്‍ മികവോടെ ചിത്രങ്ങള്‍

ഡാല്‍-ഇ 3 വേര്‍ഷന്‍ അവതരിപ്പിച്ച് ഓപ്പണ്‍ എ ഐ, ഒപ്പം പിടിക്കാന്‍ ഗൂഗിളിന്റെ ബാര്‍ഡിയും

                       

നിര്‍മിത ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗിച്ച് ചിത്രങ്ങള്‍ സൃഷ്ടിക്കുന്ന സംവിധാനമായ ഡാല്‍-ഇയുടെ (DALL-E) പുതിയ വേര്‍ഷനുമായി രംഗത്തെത്തിയിരിക്കുകയാണ് സാന്‍ ഫ്രാന്‍സിസ്‌കോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ട് അപ്പായ ഓപ്പണ്‍ എഐ(open AI). മുന്‍ പതിപ്പുകളേക്കാള്‍ കൂടുതല്‍ മികവാര്‍ന്ന എ ഐ ചിത്രങ്ങളായിരിക്കും പുതിയ പതിപ്പായ ഡാല്‍-ഇ 3 വഴി ലഭിക്കുക. സെപ്തംബര്‍ 20 ന് ആണ് ഓപ്പണ്‍ എ ഐ ഡാല്‍-ഇ ഇമേജ് ജനറേറ്ററിന്റെ പുതിയ പതിപ്പ് ജനപ്രിയ ഓണ്‍ ലൈന്‍ ചാറ്റ് ബോട്ടായ ചാറ്റ് ജി.പി.ടി വഴി പരിക്ഷണാര്‍ത്ഥം പുറത്തിറക്കിയത്.

ഡാല്‍-ഇ 3 യില്‍ മുന്‍ പതിപ്പുകളെക്കാള്‍ അക്ഷരങ്ങളും അക്കങ്ങളും ഉള്‍കൊള്ളുന്ന മികച്ച ചിത്രങ്ങള്‍ നിര്‍മിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഉപയോക്താവിന്റെ ആവശ്യങ്ങള്‍ കൂടുതല്‍ കൃത്യതയോടെ മനസിലാക്കി പ്രവര്‍ത്തിക്കാനും പ്രതികരിക്കാനും കഴിവുള്ളതാണ് ഡാല്‍- ഇ 3 എന്ന് ഓപ്പണ്‍ എഐ ഗവേഷകനായ ആദിത്യ രമേഷ് പറഞ്ഞു.

ഡാല്‍-ഇ 3 ചാറ്റ് ജി.പി.ടിയിലേക്ക് ചേര്‍ക്കുന്നതോടെ ഓപ്പണ്‍ എ ഐ, ചാറ്റ് ബോട്ടിനെ സ്വന്തമായി അക്ഷരങ്ങള്‍, ചിത്രങ്ങള്‍, മറ്റ് ഡിജിറ്റല്‍ മീഡിയ എന്നിവ സ്വന്തമായി നിര്‍മ്മിക്കാന്‍ കഴിയുന്ന ജനറേറ്റീവ് എ ഐയുടെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.

എക്‌സ്പീഡിയ, ഓപ്പണ്‍ ടേബിള്‍, വിക്കിപീഡിയ എന്നിവയുള്‍പ്പെടെയുള്ള മറ്റ് ഓണ്‍ലൈന്‍ സേവനങ്ങളുമായി ചാറ്റ്‌ബോട്ടിനെ ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനം ഓപ്പണ്‍ എഐ വളരെക്കാലമായി നല്‍കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു ഇമേജ് ജനറേറ്ററുമായി ഒരു ചാറ്റ്‌ബോട്ട് സംയോജിപ്പിക്കുന്നത്.

ഡാല്‍-ഇ, ചാറ്റ് ജി.പി.ടി, എന്നിവ മുമ്പ് വ്യത്യസ്ത ആപ്ലിക്കേഷനുകളായിരുന്നു എങ്കില്‍ ഈ പുതിയ പരിഷ്‌കാരത്തിലൂടെ ഉപയോക്താക്കള്‍ക്ക് ചാറ്റ് ജി.പി.ടി ഉപയോഗിച്ച് കൊണ്ട് തന്നെ അവരുടെ ഭാവനക്കനുസരിച്ച് ആഗ്രഹിക്കുന്ന ഡിജിറ്റല്‍ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കും. നിര്‍മിത ബുദ്ധിയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ പ്രോഗ്രാം നിലവില്‍ 15 ലക്ഷത്തോളം ആളുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവര്‍ ഓരോ ദിവസവും ഇരുപത് ലക്ഷത്തോളം ചിത്രങ്ങള്‍ ഇതുപയോഗിച്ച് സൃഷ്ടിക്കുന്നതായി കണക്കാക്കപ്പെടുന്നു.

ഈ ആഴ്ച നടന്ന പരീക്ഷണ പ്രദര്‍ശനത്തില്‍ ഓപ്പണ്‍ എഐ ഗവേഷകനായ ഗബ്രിയേല്‍ ഗോ, ചാറ്റ് ജിപിടിയില്‍ വിശദമായ വിവരണങ്ങള്‍ നല്‍കികൊണ്ട് മൗണ്ടന്‍ റാമെന്‍ എന്ന റെസ്റ്റോറന്റിന്റെ ഒരു ലോഗോ ഉപയോഗിച്ചു നിമിഷ നേരങ്ങള്‍ക്കുളില്‍ എങ്ങനെ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ കഴിയുമെന്ന് കാണിച്ചിരുന്നു.

ഡാല്‍-ഇയുടെ പുതിയ പതിപ്പിന് പഴയതില്‍ നിന്ന് വ്യത്യസ്തമായി വലിയ വിവരണങ്ങളില്‍നിന്ന് ചിത്രങ്ങള്‍ നിര്‍മ്മിക്കാനും സൂക്ഷ്മ നിര്‍ദേശങ്ങള്‍ പാലിക്കാനും സാധിക്കുമെന്ന് മിസ്റ്റര്‍ ഗോഹ് പറഞ്ഞു. ഒപ്പം മറ്റെല്ലാ ഇമേജ് ജെനറേറ്ററുകളെ പോലെ തന്നെ ഡാല്‍-ഇയിലും തെറ്റുകള്‍ വരാന്‍ സാധ്യത ഉണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. പുതിയ സാങ്കേതികവിദ്യ പരീക്ഷണ ഘട്ടങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ അടുത്ത മാസം മാത്രമെ ഡാല്‍-ഇ 3 യുടെ സേവനങ്ങള്‍ പൂര്‍ണമായി ഉപയോക്താക്കള്‍ക്ക് ലഭിക്കുകയുള്ളു.

വലിയ തോതില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇമേജ് ജനറേറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചു ചെയ്യാന്‍ സാധിക്കുമെന്നതിനാല്‍ ഡാല്‍-ഇ 3 ഉപയോഗിച്ച് ലൈംഗിക ചുവയുള്ള ചിത്രങ്ങളോ താരങ്ങളുടെ അശ്ളീല ചിത്രങ്ങളോ നിര്‍മിക്കാന്‍ സാധിക്കാത്തതരത്തിലാണ് ഓപ്പണ്‍ എ ഐ ഡാല്‍-ഇ 3 രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നു കമ്പനി പറയുന്നു. സമീപ കാലഘട്ടങ്ങളിലായി എ.ഐ ഉപയോഗിച്ചുകൊണ്ട് പല അക്രമ സംഭവങ്ങളും നടക്കുന്നതിനാല്‍ ഈ നൂതന സാങ്കേതിക വിദ്യ വരുംകാല തെരഞ്ഞെടുപ്പുകളില്‍ വരെ ദുരുപയോഗം ചെയ്‌തേക്കാം എന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.

ഫോട്ടോ റിയലിസ്റ്റികായ ചിത്രങ്ങള്‍ ഡാല്‍-ഇ 3 തരുന്നതിനാല്‍ ആളുകള്‍ എവിടെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും എന്ന് ഓപ്പണ്‍ എഐ ഗവേഷകയായ ശാന്തിനി അഗര്‍വാള്‍ പറഞ്ഞു.

അതേസമയം ചൊവ്വാഴ്ച്ച ഗൂഗിള്‍ അവരുടെ ചാറ്റ് ബോട്ടായ ബാര്‍ഡിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയിരുന്നു. പഴയ പതിപ്പില്‍ നിന്ന് വ്യസ്തമായി ഇത് ജിമെയില്‍, യൂട്യൂബ്, ഡോക്സ് എന്നിവയുള്‍പ്പെടെ കമ്പനിയുടെ ഏറ്റവും ജനപ്രിയമായ നിരവധി സേവനങ്ങളുമായി ബന്ധിപ്പിക്കാവുന്നതാണ്. ചാറ്റ് ജി.പി.ടിക്കു സമാനമായി ഗൂഗിള്‍ പുത്തിരക്കിയ എഐ സംവിധാനമാണ് ബാര്‍ഡ്.

പേര്‍സണല്‍ അസ്സിസ്റ്റന്‍സ് നല്‍കുന്നതിനുള്ള തടസമാണ് എ.ഐയുടെ പ്രധാന പോരായ്മയായി പറയുന്നത്. എന്നാല്‍ ഗൂഗിളിനെ സംബന്ധിച്ചിടത്തോളം ഇത് നിഷ്പ്രയാസം സാധിക്കും. ഇതിനോടകംതന്നെ കോടിക്കണക്കിന് ആളുകളുടെ ഇമെയില്‍ ഇന്‍ബോക്‌സ് വിവരണങ്ങള്‍, തിരച്ചില്‍ വിവരങ്ങള്‍ എന്നിവ ഗൂഗിളിന്റെ പക്കല്‍ ഉണ്ട്. ഇതവര്‍ക്ക് എ ഐ മത്സരത്തില്‍ മുതല്‍ കൂട്ടാകും. നിലവില്‍, സ്വകാര്യ ഗൂഗിള്‍ അക്കൗണ്ടുകളില്‍ മാത്രമേ ബാര്‍ഡിന്റെ സൗകര്യങ്ങള്‍ ലഭ്യമാകൂ. ഇത് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കിയിട്ടില്ല.

എന്നാല്‍ ബാര്‍ഡിന്റെ എ ഐ യെ പരിശീലിപ്പിക്കാന്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിക്കില്ലെന്നാണ് ഗൂഗിളിന്റെ വാദം. ഗൂഗിള്‍ കാണാന്‍ ഇഷ്ടപെടാത്ത വിവരങ്ങള്‍ അയക്കരുതെന്ന് കമ്പനി ഇപ്പോഴും ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍