UPDATES

കരഞ്ഞ കണ്ണുകള്‍ പകര്‍ത്തിയ ചിത്രങ്ങള്‍

ജനയുഗം ഫോട്ടോഗ്രാഫര്‍ വി എന്‍ കൃഷ്ണ പ്രകാശ് പങ്കുവയ്ക്കുന്ന അനുഭവം

                       

വെള്ളിയാഴ്ച്ച രാത്രി, എറണാകുളം അമൃത ആശുപത്രിയില്‍ പ്രത്യേകമായി സജ്ജീകരിച്ച ഇടത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിശബ്ദനായി, നിശ്ചലനായി കിടക്കുന്നു. അപ്രതീക്ഷിതമായ മരണം. സഖാവ് കാനം ഇനിയില്ല എന്ന് അംഗീകരിക്കാനാവാതെ പതറിപ്പോകുന്ന ഇങ്ക്വിലാബുകള്‍ ചുറ്റും മുഴങ്ങുന്നു. കൃഷ്ണ പ്രകാശിന്റെ കൈയിലിരിക്കുന്ന ക്യാമറയുടെ വ്യൂഫൈന്‍ഡറില്‍ നനവ് പടരുന്നുണ്ടായിരുന്നു, എങ്കിലും അയാളുടെ വിരലുകള്‍ വേഗത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നു. അവിടെ ചേതനയറ്റ് കിടക്കുന്നത് ഏറ്റവും പ്രിയപ്പെട്ട സഖാവാണ്. ഉള്ളിലെ കരച്ചില്‍ പുറത്തേക്ക് വരാതിരിക്കാന്‍ നന്നേ കഷ്ടപ്പെട്ടു ജനയുഗം കൊച്ചി യൂണിറ്റ് ഫോട്ടോഗ്രാഫറായ വി എന്‍ കൃഷ്ണ പ്രകാശ്.

പ്രൊഫഷണല്‍ ജീവിതത്തില്‍ അതുവരെ അനുഭവിക്കാത്ത നിമിഷങ്ങളില്‍ നിന്നുകൊണ്ട് കൃഷ്ണ പ്രകാശ് പകര്‍ത്തിയ ചിത്രമാണ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ നിറയെ. തന്റെ പ്രിയ സഖാവിന്റെ നെറ്റിയില്‍ മുത്തം നല്‍കുന്ന ബിനോയ് വിശ്വത്തിന്റെ ചിത്രം!

ഫോട്ടോ കടപ്പാട്: വി എന്‍ കൃഷ്ണ പ്രകാശ്/ ജനയുഗം

‘ എനിക്കൊന്നും പറയാന്‍ പറ്റുന്നില്ല…’ ആ ചിത്രമെടുത്ത നിമിഷത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കനം തിങ്ങിയ ശബ്ദത്തില്‍ കൃഷ്ണ പ്രകാശ് പറഞ്ഞു.

‘ ആ രണ്ടു പേരും എനിക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അവരിരുവരും തമ്മിലുള്ള ബന്ധം എങ്ങനെയുള്ളതായിരുന്നുവെന്നും എനിക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ, ബിനോയ് സഖാവ് വരുമ്പോള്‍ എന്നിലെ ഫോട്ടോഗ്രാഫര്‍ തയ്യാറായിരുന്നു’ കൃഷ്ണ പ്രകാശ് ആ വൈകാരിക അനുഭവങ്ങള്‍ പറഞ്ഞു തുടങ്ങുന്നു.

‘ സഖാവ് ഇത്ര പെട്ടെന്നങ്ങ് പോകുമെന്ന് ആരും കരുതുന്നില്ല. കഴിഞ്ഞ ദിവസം ജനയുഗത്തില്‍ നിന്നും സഖാവിനെ ആശുപത്രിയില്‍ പോയി കണ്ടിരുന്നതാണ്. കാല് ഉണങ്ങി വരുന്നു, ഇനി പ്രശ്‌നമൊന്നുമില്ല, വേഗം തന്നെ തിരിച്ചു വരുമെന്ന് സഖാവ് പറഞ്ഞതാണ്. ഇന്നലെ(വെള്ളിയാഴ്ച്ച) രാവിലെ മന്ത്രി പി. പ്രസാദിനോട് സംസാരിച്ചിരുന്നു, അദ്ദേഹം സഖാവിനെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. നവകേരള സദസ്സിനെ കുറിച്ചൊക്കെ തന്നോട് ചോദിച്ചറിഞ്ഞുവെന്നും വേറെ കുഴപ്പമൊന്നുമില്ലെന്നാണ് പ്രസാദ് ചേട്ടനും പറഞ്ഞത്. ആ പഴയ കാനമായി തന്നെ സഖാവ് വേഗം തിരിച്ചുവരുമെന്നു എല്ലാവരും പ്രതീക്ഷിച്ചു.

ഞായറാഴ്ച്ച എന്റെ മകളുടെ ചെണ്ട അരങ്ങേറ്റമാണ്. അതിനു മുന്നോടിയായി ആശാന്മാര്‍ക്കൊക്കെ ദക്ഷിണ കൊടുക്കുന്ന ചടങ്ങുണ്ട്. അതിനായി ഇന്നലെ വൈകുന്നേരം പോകാമെന്ന് ഉറപ്പിച്ചിരുന്നതാണ്. കൊച്ചി മണ്ഡലത്തിലെ നവകേരള സദസ്സിന്റെ പരിപാടികളൊക്കെ പകര്‍ത്തിയശേഷം, വൈകിട്ടോടെ വീട്ടിലെത്താമെന്നും ദക്ഷിണ കൊടുക്കാന്‍ ഒരുമിച്ചു പോകാമെന്നു മകളോടും ഭാര്യയോടും വാക്കും പറഞ്ഞിരുന്നു.

വി എന്‍ കൃഷ്ണ പ്രകാശ്‌

വൈകിട്ട് അഞ്ചരയോടെയാണ് വാര്‍ത്ത വരുന്നത്; കാനം സഖാവ് പോയി! ഒരു കുഴപ്പവുമില്ലെന്ന് രാവിലെ കൂടി പറഞ്ഞുകേട്ടൊരാള്‍, വൈകിട്ട്…

കാമറ ബാഗും തൂക്കി നേരെ അമൃതയിലേക്ക് ഓടുകയായിരുന്നു. ഉള്ളില്‍ സങ്കടത്തിന്റെ കടലായിരുന്നു. എത്ര ശ്രമിച്ചിട്ടും കണ്ണുകള്‍ നിറയുന്നു. പക്ഷേ, എനിക്കെന്റെ ജോലിയും ചെയ്യണം. വികാരം ഉള്ളിലടക്കി പിടിച്ചു. ഒരു ന്യൂസ് ഫോട്ടോഗ്രാഫറെ സംബന്ധിച്ച് എന്ത് മുന്നില്‍ കണ്ടാലും ആദ്യം കൈകള്‍ കാമറയിലേക്കാണ് പോകുന്നത്.

ബിനോയ് സഖാവ് വരുന്നതേ കരഞ്ഞുകൊണ്ടാണ്. കാനം സഖാവും ബിനോയ് സഖാവും തമ്മിലുള്ള ബന്ധം അത്രയേറെ ആഴത്തിലുള്ളതായിരുന്നു. അതിന്റെയൊരു വികാരം ബിനോയ് സഖാവിന്റെ ഉള്ളില്‍ ഉണ്ടാകുമെന്ന് അറിയാമായിരുന്നു. അവര്‍ക്കിടയിലെ ബന്ധം മനസിലാക്കിയിട്ടുള്ളൊരാളായതു കൊണ്ട് എന്റെയുള്ളിലെ ഫോട്ടോഗ്രാഫര്‍ പിന്നീടുള്ള ഓരോ നിമിഷവും ശ്രദ്ധാലുവായിരുന്നു.

തന്റെ നേതാവിന് മുദ്രാവാക്യം വിളിക്കുമ്പോഴും ബിനോയ് സഖാവ് കരയുകയാണ്. തൊട്ടടുത്തുണ്ടായിരുന്ന രാജന്‍ ചേട്ടനും പ്രസാദ് ചേട്ടനും(മന്ത്രിമാരായ കെ. രാജന്‍, പി. പ്രസാദ്) കരയുകയാണ്. ഒരു ഫോട്ടോയില്‍ ബിനോയ് സഖാവ് മുദ്രാവാക്യം മുഴക്കുമ്പോള്‍ പൊട്ടിക്കരയുന്ന പ്രസാദ് സഖാവിനെ വ്യക്തമായി കാണാം. അവര്‍ മാത്രമല്ല, അവിടെ നിന്നവരുടെയെല്ലാം കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ട്. എന്റെയും. വ്യൂഫൈന്‍ഡര്‍ കണ്ണുനീര് കൊണ്ട് നനഞ്ഞിരിക്കുകയാണ്. അങ്ങനെയൊരു അവസ്ഥയില്‍ തന്നെയാണ് ആ ചിത്രങ്ങള്‍ക്കായി ക്ലിക്ക് ചെയ്തതും.

ഫോട്ടോ കടപ്പാട്: വി എന്‍ കൃഷ്ണ പ്രകാശ്/ ജനയുഗം

സഖാവിനെ എത്രയോ തവണ പകര്‍ത്തിയിട്ടുണ്ട്. അപ്പോഴെല്ലാം ആ മുഖത്ത് ആവേശവും ഊര്‍ജ്ജവും സൗമ്യമായ പുഞ്ചിരിയുമൊക്കെയുണ്ടായിരുന്നു. പക്ഷേ, ഇത്തവണ…’

വാക്കുകള്‍ മുറിഞ്ഞു പോകുന്നു കൃഷ്ണ പ്രകാശിന്. താനെടുക്കുന്ന ഫോട്ടോകള്‍ മറ്റുള്ളവരാല്‍ പങ്കുവയ്ക്കപ്പെടുമ്പോഴും, അതിന്റെ പേരില്‍ അഭിനന്ദനങ്ങള്‍ വരുമ്പോഴും ഏതൊരു ഫോട്ടോഗ്രാഫറും ആഹ്ലാദിക്കും. സഖാവ് കാനം രാജേന്ദ്രന്റെ ഓര്‍മകള്‍ രാഷ്ട്രീയ കേരളത്തില്‍ നിറഞ്ഞു നില്‍ക്കുന്ന കാലത്തോളം മങ്ങലേല്‍ക്കാത്ത ചിത്രങ്ങളാണ് വി എന്‍ കൃഷ്ണ പ്രകാശ് പകര്‍ത്തിയിരിക്കുന്നത്. ആ ചിത്രങ്ങളുടെ പേരില്‍ അദ്ദേഹത്തിന് അനുമോദനങ്ങള്‍ കിട്ടുമ്പോഴും, ആ ഫോട്ടോഗ്രാഫറുടെ ഉള്ള് നോവുകയാണ്; ഇനിയൊരിക്കലും തനിക്ക് സഖാവ് കാനത്തിന്റെ ഫോട്ടോയെടുക്കാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത്…

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍