UPDATES

വിദേശം

ന്യൂയോര്‍ക്ക് ടൈംസിനെതിരേ ചാറ്റ് ജിപിടിയുടെ ‘ ഹാക്കിംഗ്’ ആരോപണം

നിയമയുദ്ധം പുതിയ വഴിത്തിരിവില്‍

                       

ന്യൂയോര്‍ക്ക് ടൈംസും ഓപ്പണ്‍ എഐയുമായി നിയമ യുദ്ധം ആരംഭിച്ചിട്ട് കുറച്ചധികം നാളുകളായി. ഇപ്പോഴിതാ ന്യൂയോര്‍ക്ക് ടൈംസ് തങ്ങള്‍ക്കെതിരേ നല്‍കിയിരിക്കുന്ന പകര്‍പ്പവകാശ ലംഘന കേസിലെ പരാതിയില്‍ പറഞ്ഞിരിക്കുന്ന ചില ഭാഗങ്ങള്‍ തള്ളിക്കളയാന്‍ കോടതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഓപ്പണ്‍ എ ഐ. കേസില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ന്യൂയോര്‍ക്ക് ടൈംസ് തങ്ങളുടെ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളും ഹാക്ക് ചെയ്തുവെന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പണ്‍ എ ഐയുടെ നീക്കം.

ചാറ്റ് ജിപിടിയുടെ നിര്‍മാണ വേളയില്‍ ഓപ്പണ്‍ എ ഐ തങ്ങളുടെ വലിയ പത്രപ്രവര്‍ത്തന ശേഷിയെയും, ഉള്ളടക്കങ്ങളെയും സൗജന്യമായി ഉപയോഗിച്ചുവെന്നാരോപിച്ച് 2023 ന്റെ അവസാനത്തോടെയാണ് ന്യൂയോര്‍ക് ടൈംസ് ഓപ്പണ്‍ എ ഐക്കെതിരെ രംഗത്തെത്തുന്നത്. ന്യൂയോര്‍ക് ടൈംസ് നല്‍കിയിരിക്കുന്ന പരാതിയില്‍ അടങ്ങിയിരിക്കുന്ന ആരോപണങ്ങള്‍ ടൈംസിന്റെ പ്രസിദ്ധമായ പത്രപ്രവര്‍ത്തന മാനദണ്ഡങ്ങളോട് യോജിക്കുന്നവയല്ലെന്നും ഓപ്പണ്‍ എ ഐ കോടതിയില്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് ഓപ്പണ്‍ എ ഐയുടെ ഉത്പന്നങ്ങള്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്ന സത്യം ഒടുവില്‍ പുറത്ത് വരുമെന്നും ഫെബ്രുവരി 26 തിങ്കളാഴ്ച മാന്‍ഹട്ടനിലെ ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലൂടെ ഓപ്പണ്‍ എ ഐ വാദിക്കുന്നു.

ഓപ്പണ്‍ എ ഐ തങ്ങളുടെ സംവിധാനങ്ങള്‍ ന്യൂയോര്‍ക് ടൈംസ് ഹാക്ക് ചെയ്തുവെന്ന് പറഞ്ഞെങ്കിലും ഹാക്കറെ കുറിച്ചുള്ള മറ്റ് വിശദാശാംശങ്ങള്‍ ഒന്നും തന്നെ പ്രസിദ്ധീകരിച്ചിട്ടില്ല. കൂടാതെ ന്യൂയോര്‍ക്ക് ടൈംസ് ഏതെങ്കിലും ഹാക്കിംഗ് വിരുദ്ധ നിയമങ്ങള്‍ ലംഘിച്ചതായും ഫയലിംഗില്‍ രേഖപ്പെടുത്തിയിട്ടില്ല. പരാമര്‍ശങ്ങളെ പറ്റിയുള്ള യാതൊരു വിധ പ്രതികരണങ്ങളും ഓപ്പണ്‍ എ ഐയുടെയും ന്യൂയോര്‍ക്ക് ടൈംസിന്റെയും പ്രതിനിധികളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

ഉപയോക്താക്കള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനുവേണ്ടി ചാറ്റ്‌ബോട്ടുകളെ പരിശീലിപ്പിക്കുന്ന വേളയില്‍ അനുമതിയില്ലാതെ ദശലക്ഷക്കണക്കിന് ലേഖനങ്ങള്‍ ഉപയോഗിച്ചുവെന്നാരോപിച്ചാണ് 2023 ഡിസംബറില്‍ ന്യൂയോര്‍ക്ക് ടൈംസ് ഓപ്പണ്‍ എ ഐക്കും മൈക്രോസോഫ്റ്റിനുമെതിരേ കേസ് നല്‍കുന്നത്.

എ ഐയുടെ പരിശീലനത്തിനായി അനുമതിയില്ലാതെ തങ്ങളുടെ സൃഷ്ടികള്‍ ഉപയോഗിച്ചുവെന്നാരോപിച്ചുകൊണ്ട് ടെക് കമ്പനികള്‍ക്കെതിരേ പകര്‍പ്പവകാശ ലംഘനം നടത്തിയെന്ന വാദവുമായി അനവധി രചയിതാക്കള്‍, വിഷ്വല്‍ ആര്‍ട്ടിസ്റ്റുകള്‍, സംഗീത പ്രസാധകര്‍ എന്നിവര്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, പകര്‍പ്പവകാശമുള്ള മെറ്റീരിയല്‍ അടങ്ങുന്ന ഓണ്‍ലൈന്‍ ഡാറ്റ കമ്പനി ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിനെ ‘ഫെയര്‍ യൂസ്’ ആയി കണക്കാക്കുമെന്നാണ് ആരോപണ വിധേയരായിരിക്കുന്ന ടെക് കമ്പനികളുടെ വാദം. ഉള്ളടക്കങ്ങളെ തങ്ങളുടേതായ രീതിയില്‍ പുനര്‍നിര്‍മിച്ചാണ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതെന്നും കമ്പനികള്‍ പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നുണ്ട്.

പകര്‍പ്പവകാശ നിയമപ്രകാരം എ ഐയുടെ പരിശീലനത്തിന് വേണ്ടി ഫെയര്‍ യൂസ് എന്ന ഉപാധി സാധ്യമാണോ എന്ന പ്രധാന ചോദ്യം കോടതികള്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. മൈക്രോസോഫ്റ്റ് ഓപ്പണ്‍ എ ഐ ചാറ്റ്‌ബോട്ടുകള്‍, ഉപയോക്താക്കള്‍ ആവശ്യപ്പെടുമ്പോള്‍ തങ്ങളുടെ ലേഖനങ്ങള്‍ക്ക് സമാനമായ ഉദ്ധരണികള്‍ നല്‍കിയ ഉദാഹരണങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസ് നല്‍കിയ പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം, പത്രത്തിന്റെ ദീര്‍ഘകാല നിലനില്‍പ്പിന് ചാറ്റ്ജിപിടി ഭീഷണിയായി മാറുമെന്ന ആശങ്കയും ന്യൂയോര്‍ക്ക് ടൈംസ് പരാതിയില്‍ ചൂണ്ടി കാണിക്കുന്നു.

ചാറ്റ് ജി പി ടിയില്‍ അനുചിതമല്ലാത്ത ഫലങ്ങള്‍ സൃഷ്ടിക്കുന്നതിനായി ന്യൂയോര്‍ക്ക് ടൈംസ് പതിനായിരക്കണക്കിന് ശ്രമങ്ങള്‍ നടത്തിയതായി ഓപ്പണ്‍ എ ഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഓപ്പണ്‍ എ ഐ യും മറ്റ് കമ്പനികളും ഫെയര്‍ യൂസിന്റെ ആനുകൂല്യത്തില്‍ കേസില്‍ ജയിക്കുമെന്നും വസ്തുതകളെക്കുറിച്ചുള്ള അറിവ് നേടുന്നതില്‍ നിന്ന് എ ഐ മോഡലുകളെ തടയാന്‍ ന്യൂയോര്‍ക്ക് ടൈംസിന് കഴിയില്ലെന്നും ഓപ്പണ്‍ എ ഐ പറഞ്ഞു.

ഇത്തരത്തില്‍ വലിയ തോതിലുള്ള ഡാറ്റാ ശേഖരണത്തിന്റെ വക്താക്കള്‍ വാദിക്കുന്നതനുസരിച്ച് ചാറ്റ് ജിപിടി പോലെയുള്ള എ ഐ കേവലം ഡാറ്റ പകര്‍ത്തുക മാത്രമല്ല ചെയ്യുന്നത്. ഡാറ്റ സെറ്റുകളില്‍ ലഭിക്കുന്ന വിവരങ്ങള്‍ മനസിലാക്കി, ആ അറിവ് ഉപയോഗിച്ച് അവരുടെ തനതായ ശൈലിയില്‍ പുതിയ രീതിയില്‍ അവതരിപ്പിക്കുകയാണ്. ഇതിനു വേണ്ടി എ ഐ സിസ്റ്റങ്ങളെ ഗവേഷകര്‍ പരിശീലിപ്പിക്കുന്നത് ചിലപ്പോള്‍ ആളുകള്‍ തയ്യാറാക്കിയ ഒറിജിനല്‍ ഡാറ്റ നല്‍കി കൊണ്ടായിരിക്കും. അതിനു ശേഷം ആ വാചകത്തിലെ അടുത്ത വാക്ക് ഊഹിക്കാന്‍ എഐ സിസ്റ്റത്തിനോട് ആവശ്യപ്പെടും. ഒരു യഥാര്‍ത്ഥ എ ഐ ഉപയോക്താവില്‍ നിന്ന് ലഭിക്കാനിടയുള്ള ചോദ്യങ്ങള്‍ മുന്‍കൂട്ടി നല്‍കി പരിശീലിപ്പിച്ചെടുക്കുന്നതിന് സമാനമാണിത്. ഈ ഉത്തരങ്ങള്‍ മറയ്ക്കുകയും പിന്നീട് വെളിപ്പെടുത്തുകയും ചെയ്യുന്നതിലൂടെ, ഗവേഷകര്‍ക്ക് ‘അതെ’ അല്ലെങ്കില്‍ ‘ഇല്ല’ എന്ന ഉത്തരം നല്‍കാന്‍ കഴിയും. ഈ രീതി കൃത്യമായ പ്രവചനങ്ങളിലേക്ക് എഐ സിസ്റ്റങ്ങളെ നയിക്കും. ന്യൂയോര്‍ക്ക് ടൈംസിന്റെ വെബ്‌സൈറ്റില്‍ നിന്ന് ലേഖനങ്ങള്‍ പകര്‍ത്തി ആളുകളില്‍ നിന്ന് പണം ഈടാക്കി വിവരങ്ങള്‍ ലഭ്യമാക്കുകയാണെങ്കില്‍ അതിനെ വ്യവസ്ഥാപിത മോഷണം എന്ന് വിളിക്കാം. എന്നാല്‍ ഇവിടെ ഉദാഹരണം പറഞ്ഞത് പോലെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായി മാത്രം ഡാറ്റയെ ഉപയോഗപ്പെടുത്തികൊണ്ട് എഐയുടെ കൃത്യത മെച്ചപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നതെന്ന് ഓപ്പണ്‍ എ ഐ വാദിക്കുന്നു. ഇത്തരത്തില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിനെ പരിശീലിപ്പിക്കാനായി ഉപയോഗിക്കുന്ന ഡാറ്റ ഓപ്പണ്‍ എഐ പോലുള്ള സ്ഥാപനങ്ങള്‍ സൂക്ഷിച്ചു വയ്ക്കുകയോ, പുനരുപയോഗം നടത്തുകയോ ചെയ്യുന്നില്ല. സമാനമായി ന്യൂയോര്‍ക്ക് ടൈംസില്‍ നിന്നുള്ള ലേഖനങ്ങള്‍ വീണ്ടും ഉപയോഗിക്കുന്നില്ലെന്ന് കമ്പനി ഉറച്ചു പറയുന്നുണ്ട്.

ഈ വാദങ്ങളെ എതിര്‍ത്തുകൊണ്ട് നിരവധി വ്യക്തികളും രംഗത്തെത്തിയിട്ടുണ്ട്. ചാറ്റ് ജിപിടിപോലുള്ള സിസ്റ്റങ്ങള്‍ക്ക് പരിശീലന ഡാറ്റയില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ കൃത്യമായി ആവര്‍ത്തിക്കുന്നതിന് തെളിവുണ്ടെന്ന് അവര്‍ പറയുന്നു. ആകസ്മികമായി സംഭവിക്കുന്ന ഈ പിശകിനെ ‘റെയര്‍ ബഗ്ഗ്’ എന്ന് വിശേഷിപ്പിച്ചാണ് കമ്പനി വിമര്‍ശനത്തിനെ നേരിട്ടത്. എന്നിരുന്നാലും, ഈ സിസ്റ്റങ്ങള്‍ അവര്‍ പരിശീലിച്ചുവന്ന ചില ഡാറ്റകള്‍ സംഭരിച്ചു വയ്ക്കുകയും അതുപോലെ തന്നെ അവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. നിര്‍ദ്ദിഷ്ട വഴികളിലൂടെ ആവശ്യപ്പെടുമ്പോള്‍ മാത്രമാണ് ഡാറ്റയെ പുതുക്കി നല്‍കുന്നത്. തങ്ങളുടെ ഉള്ളടക്കം മറ്റിടങ്ങളില്‍ ഉപയോഗിക്കപ്പെടാതിരിക്കാന്‍ പണം ഈടാക്കുന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രസിദ്ധീകരണങ്ങളെയാണ് ഈ പിഴവ് ബാധിക്കുക. അതായത് ഈ പേയ്‌വാളില്‍ നിന്ന് എഐ പരിശീലനത്തിനായി ശേഖരിച്ച വിവരം അതേപടി അതിന്റെ ഉപയോക്തക്കള്‍ക്ക് പണ ചെലവില്ലാതെ ലഭ്യമാക്കും.

Share on

മറ്റുവാര്‍ത്തകള്‍