UPDATES

വിദേശം

കനത്ത മഴയില്‍ മുങ്ങി ന്യൂയോര്‍ക്ക്

നഗരത്തില്‍ അടിയന്തരാവസ്ഥ

                       

കനത്ത മഴയില്‍ മുങ്ങി ന്യൂയോര്‍ക്ക് നഗരം. മഴയുടെ ശക്തി കൂടമെന്ന സൂചനയില്‍ നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയില്‍ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കം ഇനിയും അധികരിച്ചേക്കാമെന്ന മുന്നറിയിപ്പു കൂടി പരിഗണിച്ചാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ‘അതിശക്തമായ മഴ’ മൂലം ന്യൂയോര്‍ക്ക് സിറ്റി, ലോംഗ് ഐലന്‍ഡ്, ഹഡ്സണ്‍ വാലി എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുള്‍ ട്വിറ്ററിന്റെ പുതിയ പതിപ്പായ ‘എക്സില്‍’ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നാഷണല്‍ വെതര്‍ സര്‍വീസിന്റെ (NWS) അറിയിപ്പ് പ്രകാരം ന്യൂയോര്‍ക്ക് സിറ്റി പ്രദേശത്ത് ഏകദേശം 8.5 ദശലക്ഷം ആളുകള്‍ക്ക് പെട്ടെന്നുള്ള വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നഗരത്തിലെ കോണ്‍ക്രീറ്റ് നടപ്പാത കവിഞ്ഞൊഴുകിയതും വെള്ളപ്പൊക്കത്തിന് ആക്കം കൂട്ടി. തുടര്‍ച്ചയായ മഴ ലഭിക്കുന്ന സമയങ്ങളില്‍ മഴവെള്ളം ശരിയായ രീതിയില്‍ ഒഴുക്കി വിടാന്‍ അഴുക്കു ചാലുകളിലൂടെ സാധിച്ചില്ലെന്ന പരാതിയുണ്ട്.

സിറ്റിയില്‍ ലഭിച്ച ഏറ്റവും വലിയ മഴയായിരുന്നു വെള്ളിയാഴ്ച്ച പെയ്തത്. യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് വളരെയധികം നാശനഷ്ടങ്ങളുണ്ടാക്കിയ ഐഡ കൊടുങ്കാറ്റിന്റെ പ്രഭവമാണ് മഴക്ക് വഴിവയ്ക്കുന്നത്. ഐഡ ഈ മാസം ആദ്യം ചുഴലിക്കാറ്റായി വീശിയപ്പോള്‍ 13 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്. മരിച്ചവരില്‍ ഭൂരിഭാഗവും വെള്ളത്തിനടിയിലായ ബേസ്മെന്റുകളിലെ അപ്പാര്‍ട്ട്മെന്റുകളില്‍ ഉള്ളവരായിരുന്നു. ഈ അപ്പാര്‍ട്‌മെന്റുകള്‍ ഇപ്പോള്‍ പെയ്യുന്ന കനത്ത മഴയില്‍ വീണ്ടും വെള്ളത്തിനടിയിലായെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചുഴലിക്കാറ്റില്‍ നിന്ന് കൊടുങ്കാറ്റിലേക്ക് രൂപാന്തരം പ്രാപിച്ച ഐഡ കനത്ത മഴയ്ക്കും കാരണമായി. ഇതാണ് നിലവിലെ വെള്ളപ്പൊക്കത്തിന് കാരണം.

ന്യൂയോര്‍ക്കില്‍, പ്രത്യേകിച്ച് ബ്രോങ്ക്സ്, ബ്രൂക്ക്‌ലിന്‍, ക്വീന്‍സ് എന്നിവിടങ്ങളില്‍ കാലാവസ്ഥ മോശമായി കൊണ്ടിരിക്കുകയാണ്. തെരുവുകള്‍ വെള്ളത്തിനടിയിലായതോടെ നിരവധി കാറുകളാണ് മുങ്ങിപ്പോയത്. കെട്ടിടങ്ങളിലും വെള്ളം നിറഞ്ഞിരിക്കുകയാണ്. നഗരത്തിലെ പൊതുഗതാഗത സംവിധാനം നിലവില്‍ സ്തംഭിച്ചിരിക്കുകയാണ്. വെള്ളപ്പൊക്കം മൂലം കുടുങ്ങി കിടക്കുന്ന ആളുകളെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരിയാണെന്നാണ് നാഷണല്‍ വെതര്‍ സര്‍വീസ് അംഗങ്ങള്‍ അറിയിച്ചത്. ചിലര്‍ കാറുകളില്‍ കുടുങ്ങിപ്പോയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. നഗരത്തിന്റെ സമീപപ്രദേശമായ നസ്സാവു കൗണ്ടിയിലും സമാന സ്ഥിതിയായതുകൊണ്ട് ഗതാഗതം പൂര്‍ണമായി തകരാറിലായ നിലയിലാണ്.

രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും മഴയുള്ള ദിവസങ്ങളാണിതെന്നാണ് നഗരത്തിലെ എമര്‍ജന്‍സി മാനേജ്മെന്റ് കമ്മീഷണര്‍ സക്കറി ഇസ്‌കോള്‍, വെള്ളിയാഴ്ച അറിയിച്ചത്. ഇത് നിസാരമായി കാണേണ്ട ഒരു സ്ഥിതിവിവരക്കണക്കല്ല, കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്‍കുന്ന അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും, ജാഗ്രത പാലിക്കണമെന്നും, ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അതീവ ജാഗ്രത പാലിക്കണമെന്നും പാര്‍പ്പിടങ്ങളില്‍ തുടരണമെന്നും നഗരസഭാ അധികൃതര്‍ നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. മാന്‍ഹട്ടന്റെ കിഴക്കുഭാഗത്തുകൂടി കടന്നുപോകുന്ന എഫ് ഡി ആര്‍ ഹൈവേയിലെ ചില ഡ്രൈവര്‍മാര്‍ വെള്ളപ്പൊക്കത്തില്‍ തങ്ങളുടെ വാഹനങ്ങള്‍ ഉപേക്ഷിച്ചു രക്ഷപ്പെട്ടതായും വാര്‍ത്തകളുണ്ട്.

അതേസമയം, ന്യൂയോര്‍ക്കിലെ യുഎസ് സെനറ്റര്‍മാരായ ചക്ക് ഷൂമറും കിര്‍സ്റ്റണ്‍ ഗില്ലിബ്രാന്‍ഡും ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സിയുടെ അഡ്മിനിസ്‌ട്രേറ്ററായ ഡീന്‍ ക്രിസ്വെല്ലിനോട് രക്ഷാപ്രവര്‍ത്തങ്ങള്‍ക്കും മറ്റുമായി തയ്യാറായി നില്‍ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ന്യൂയോര്‍ക്ക് സിറ്റിയുടെ ചില ഭാഗങ്ങളില്‍ ഒന്ന് മുതല്‍ അഞ്ച് ഇഞ്ച് വരെ മഴ പെയ്തതായി എന്‍ ഡബ്ല്യൂ എസ് റിപ്പോര്‍ട്ട് ചെയ്തു. ബ്രൂക്ക്‌ലിന്‍, ക്വീന്‍സ് എന്നീ നഗരങ്ങളുടെ ചില ഭാഗങ്ങളില്‍ മണിക്കൂറില്‍ ഒന്നോ രണ്ടോ ഇഞ്ച് മഴ ഇനിയും പ്രതീക്ഷിക്കാം. 24 മണിക്കൂറിനുള്ളില്‍ 8 ഇഞ്ച് മഴ പ്രതീക്ഷിക്കാമെന്ന് സിറ്റി മേയര്‍ എറിക് ആഡംസ് മുന്നറിയിപ്പ് നല്‍കി. ഇവിടങ്ങളിലെ തെരുവുകളില്‍ വെള്ളം പൊങ്ങിക്കൊണ്ടിരിക്കുകയാണ്. ആളുകള്‍ ഉയര്‍ന്ന സ്ഥലത്തേക്ക് മാറാനും അവരുടെ വീടുകളില്‍ വെള്ളം കയറാന്‍ തുടങ്ങിയാല്‍ വെള്ളം ഉയരുന്നത് വരെ കാത്തിരിക്കരുതെന്നും ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചു. തെക്കന്‍ ബ്രൂക്ലിനിലെ വെള്ളപ്പൊക്കമുള്ള തെരുവുകളിലൂടെ കാറുകള്‍ നീങ്ങുന്ന സാമൂഹ്യ മാധ്യമ ദൃശ്യങ്ങള്‍ സംഭവത്തിന്റെ തീവ്രത ചൂണ്ടികാണിക്കുന്നുണ്ട്. ഒരു മോപ്പഡ് വെള്ളപ്പൊക്കത്തില്‍ പൂര്‍ണ്ണമായും മുങ്ങിപോകുന്ന വീഡിയോ എക്‌സില്‍ ഒരാള്‍ പങ്കുവച്ചിരുന്നു. മറ്റൊരു എക്‌സ് ഉപയോക്താവ് ബ്രൂക്ലിനില്‍ ‘ഗുരുതരമായ വെള്ളപ്പൊക്കത്തിന്റെ’ മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കനത്ത മഴയില്‍ കാറുകള്‍ ഓടിക്കാന്‍ പാടുപെടുന്നത് ദൃശ്യത്തില്‍ കാണാം.

ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സിറ്റ് അതോറിറ്റിയില്‍ നിന്നുള്ള അപ്ഡേറ്റുകള്‍ പ്രകാരം, വെള്ളപ്പൊക്കം മൂലം ന്യൂയോര്‍ക്കിലെ സബ്വേ സിസ്റ്റത്തിന്റെ ഭൂരിഭാഗവും താല്‍ക്കാലികമായി സേവനം നിര്‍ത്തിവച്ചിരിക്കുകയാണ്. ‘സബ്വേ സേവനം തുടരുന്നതില്‍ കാലതാമസം നേരിടുമെന്ന് ട്രാന്‍സിറ്റ് ഉദ്യോഗസ്ഥര്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ന്യൂയോര്‍ക്ക് നഗരപരിധിയിലെ നിരവധി സ്‌കൂളുകള്‍ക്കും വെള്ളപ്പൊക്കത്തില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. കുട്ടികള്‍ക്കാര്‍ക്കും പരിക്കേറ്റതായുള്ള വാര്‍ത്തകളില്ല. ബ്രൂക്ലിന്‍ സ്‌കൂളിലെ ബോയിലര്‍ പുകയുന്നതിനാലും അതില്‍ വെള്ളം കയറിയതിനാലും കുട്ടികളെ പൂര്‍ണമായി ഒഴിപ്പിച്ചതായി സ്‌കൂള്‍ ചാന്‍സലര്‍ ഡേവിഡ് ബാങ്ക്‌സ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 11 മണി വരെ മൂന്ന് മണിക്കൂറോളം കനത്ത മഴ മൂലം ട്രാഫിക് ബ്ലോക്ക് ഉണ്ടായി. ഹൈവേയുടെ ഒരു ഭാഗത്തെ തന്റെ കാറില്‍ കുടുങ്ങിയതായി പ്രിസില്ല ഫോണ്ടാലിയോ എന്ന നഗരവാസി പറഞ്ഞു.”എന്റെ ജീവിതത്തില്‍ ഇതുപോലൊന്ന് കണ്ടിട്ടില്ല,” ഫോണ്ടോലിയ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.

ന്യൂയോര്‍ക്ക് നഗരത്തിലെ പ്രധാന വിമാനത്താവളങ്ങളെയും വെള്ളപ്പൊക്കം സാരമായി ബാധിച്ചിട്ടുണ്ട്. ക്വീന്‍സ് ആസ്ഥാനമായുള്ള ലാഗാര്‍ഡിയ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ അടച്ചിരിക്കുകയാണ്. ക്വീന്‍സിലെ ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടിന്റെ രണ്ട് ടെര്‍മിനലുകളും അടച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ പെയ്ത കനത്ത മഴയില്‍ വിമാനത്താവളത്തില്‍ സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. മോശം കാലാവസ്ഥ മൂലം നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്.

മറ്റ് വടക്കു കിഴക്കന്‍ നഗരങ്ങളിലും സമാനമായ കനത്ത മഴ ലഭിക്കുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഫിലാഡല്‍ഫിയയിലും ബോസ്റ്റണിലും ഓരോന്നിനും രണ്ട് ഇഞ്ച് വരെ മഴ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. കണക്റ്റിക്കട്ടിലെ ഹാര്‍ട്ട് ഫോര്‍ഡില്‍ മൂന്ന് ഇഞ്ചില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും. ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ വാലിയില്‍ കൊടുങ്കാറ്റിന്റെ ഭാഗമായി ഉണ്ടായ മഴയില്‍ മാരകമായ വെള്ളപ്പൊക്കമുണ്ടാകുകയും വെര്‍മോണ്ടിന്റെ തലസ്ഥാനമായ മോണ്ട്പെലിയര്‍ വെള്ളത്തിലാകുകയും ചെയ്തതിന് മൂന്ന് മാസത്തിനുശേഷമാണ് ന്യൂയോര്‍ക്ക് നഗരവും വെള്ളത്തിനടിയിലാവുന്നത്.

Share on

മറ്റുവാര്‍ത്തകള്‍