UPDATES

വിദേശം

ദുർഗന്ധത്തിൽ മുങ്ങി കേപ് ടൗൺ ; വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ടെത്തിയത് 19,000 ത്തിലധികം കന്നുകാലികളെ

അസഹനീയമായ ദുർഗന്ധം മൃഗങ്ങൾ കപ്പലിൽ നേരിടുന്ന ദുരവസ്ഥയെ സൂചിപ്പിക്കുന്നതാണെന്നും ഇത്തരത്തിലുള്ള കയറ്റുമതി രീതിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തുകൊണ്ട് അനവധി മൃഗക്ഷേമ ഗ്രൂപ്പുകൾ രംഗത്തത്തിയിരുന്നു.

                       

ദക്ഷിണാഫ്രിക്കൻ നഗരമായ കേപ്ടൗണിൽ വ്യാപകമായി ദുർഗന്ധം വമിച്ചതിനെ തുടർന്ന് അധികൃതർ അന്വേഷണം ആരംഭിച്ചിരുന്നു. ദുർഗന്ധത്തിൻ്റെ ഉറവിടം കണ്ടെത്തുന്നതിനായി പരിസ്ഥിതി ആരോഗ്യ സംഘം അന്വേഷണം സജീവമാക്കുകയും ചെയ്തു. എന്നാൽ അന്വേഷണ സംഘം ചെന്നെത്തിയത് കപ്പലിൽ മൃഗങ്ങളെ പരിപാലിക്കുന്നതിലെ ശോചനീയമായ അവസ്ഥയിലാണ്. ബ്രസീലിൽ നിന്ന് ഇറാഖിലേക്ക് 19,000 ജീവനുള്ള കന്നുകാലികളുമായി തുറമുഖത്ത് നങ്കൂരമിട്ട കപ്പലിൽ നിന്നാണെന്ന് ദുർഗന്ധത്തിന്റെ ഉറവിടം എന്ന് കണ്ടെത്തുകയായിരുന്നു. നഗരത്തിലെ മലിനജല ഗന്ധത്തിൻ്റെ ഉറവിടം കന്നുകാലി കപ്പലാണെന്ന് കേപ്ടൗൺ മേയറുടെ ഓഫീസിൽ നിന്നുള്ള സ്ഥിതീകരണവും ലഭിച്ചിരുന്നു. കൂടാതെ കന്നുകാലികളുടെ പരിപാലനത്തിൽ ഗുരുതര വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

അസഹനീയമായ ദുർഗന്ധം മൃഗങ്ങൾ കപ്പലിൽ നേരിടുന്ന ദുരവസ്ഥയെ സൂചിപ്പിക്കുന്നതാണെന്നും ഇത്തരത്തിലുള്ള കയറ്റുമതി രീതിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തുകൊണ്ട് അനവധി മൃഗക്ഷേമ ഗ്രൂപ്പുകൾ രംഗത്തത്തിയിരുന്നു. കടൽ മാർഗം ജീവനുള്ള മൃഗങ്ങളെ കയറ്റുമതി ചെയ്യുന്നതിനെ ശക്തമായി എതിർക്കുന്നതായും അതോടൊപ്പം മൃഗങ്ങളുടെ അവസ്ഥയെ കുറിച്ച് കൂടുതൽ വിലയിരുത്തൽ നടത്താൻ വെറ്ററിനറി ഡോക്ടറെ അയച്ചിട്ടുണ്ടെന്നും സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസ് (SPCA) അറിയിച്ചു. ദുർഗന്ധം സൂചിപ്പിക്കുന്നത് മൃഗങ്ങൾ സഹിക്കുന്ന ഭയാനകമായ അവസ്ഥയാണെന്നും എസ് പി സി എ പ്രസ്താവനയിൽ പറയുന്നു. എന്നിരുന്നാലും മൃഗങ്ങൾ എല്ലാ ദിവസവും ഇത് അഭിമുഖീകരിക്കുന്നതായും എസ് പി സി എ പ്രസ്താവനയിൽ കൂട്ടി ചേർത്തു.
മറൈൻ ട്രാഫിക് വെബ്‌സൈറ്റ് പ്രകാരം 190 മീറ്റർ നീളമുള്ള (623 അടി) അൽ കുവൈറ്റ് എന്ന കന്നുകാലി കപ്പലാണിത്. കന്നുകാലികൾക്കാവശ്യമായുള്ള തീറ്റ സംഭരിക്കുന്നതിനു വേണ്ടിയാണ് നങ്കൂരമിട്ടത്. കേപ്ടൗണിൽ നിലവിൽ ഭരണത്തിലുള്ള ഡെമോക്രാറ്റിക് അലയൻസ് പാർട്ടി ഇത്തരത്തിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ജീവനുള്ള കന്നുകാലികളെ കടത്തുന്നതിൽ അപലപിച്ചു. അമോണിയയുടെ അപകടകരമായ രീതിയിലുളള ഉയർന്ന അളവ്,കടലിലെ കടുത്ത ചൂട് സമ്മർദ്ദം, വൃത്തിഹീനമായ ചുറ്റുപാടുകൾ, എന്നിവ പോലുള്ള അപകടകരമായ അവസ്ഥകളിലേക്കാണ് മൃഗങ്ങളെ എത്തിക്കുന്നതെന്നും പാർട്ടി തങ്ങളുടെ പ്രസ്താവനയിൽ പറയുന്നു.

ഈ മാസമാദ്യം, ചെങ്കടലിൽ ഹൂതി വിമതർ നടത്തിയ ആക്രമണത്തെത്തുടർന്ന് ഏകദേശം ഒരു മാസത്തോളം കടലിൽ അകപെട്ടതിന് ശേഷം 16,000-ലധികം കന്നുകാലികളെയും ആടുകളെയും വഹിച്ചുകൊണ്ട് കപ്പൽ ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയിരുന്നു. ഈ സംഭവമുണ്ടായതിന് ശേഷം
ഓസ്‌ട്രേലിയൻ ഗവൺമെൻ്റ് ദക്ഷിണാഫ്രിക്കയിലൂടെ മൃഗങ്ങളെ വീണ്ടും കയറ്റുമതി ചെയ്യാനുള്ള അപേക്ഷ നിരസിക്കുകയും ചെയ്തു. കന്നുകാലികളുടെ ക്ഷേമം ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ കപ്പൽ തുറമുഖം വിടുകയുള്ളു എന്നും ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.

Share on

മറ്റുവാര്‍ത്തകള്‍