UPDATES

ഒടുവില്‍ കോള്‍ ബ്രിംഗ്‌സ് പ്ലെന്റിയെ കണ്ടെത്തിയത് ജീവനില്ലാതെ

ഗാര്‍ഹിക പീഡന പരാതിക്ക് പിന്നാലെ ‘മിസ്സിംഗ്’

                       

യെല്ലോസ്‌റ്റോണ്‍ സിരീസിന്റെ സ്പിന്‍ ഓഫ് എന്ന നിലയില്‍ ശ്രദ്ധേയമായ ‘1924’ ലൂടെ ലോകമെമ്പാടും പ്രശസ്തി നേടിയ അമേരിക്കന്‍ താരം കോള്‍ ബ്രിംഗ്‌സ് പ്ലെന്റിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒരാഴ്ച്ചയോളമായി പ്ലെന്റിയെ കാണാനില്ലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. കന്‍സാസില്‍ നിന്നാണ് 27 കാരനായ നടന്റെ മൃതദേഹം വെള്ളിയാഴ്ച്ച കണ്ടെത്തുന്നത്. സംശയാസ്പദമായൊരു കാര്‍ കണ്ടെത്തിയ വിവരം കിട്ടിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിന് സമീപത്തു നിന്നും പ്ലെന്റിയുടെ മൃതദേഹം കണ്ടെത്തിയത്. ഗാര്‍ഹിക പീഢന പരാതിയില്‍ പ്ലെന്റിക്കെതിരേ കേസ് ചുമത്തിയിരുന്നു.

കഴിഞ്ഞാഴ്ച്ചയാണ് ലോറന്‍സ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും സഹായത്തിനായി അലറിവിളിച്ച് ഒരു യുവതി പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്യുന്നത്. പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും പ്രതിയെന്ന സംശയിക്കുന്നയാള്‍ രക്ഷപ്പെട്ടിരുന്നു. യുവതിയെ ഉപദ്രവിച്ചത് നടനായിരുന്നുവെന്നാണ് ലോറന്‍സ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഞയറാഴ്ച്ച രാവിലെ നടന്ന ഈ സംഭവത്തില്‍ ഡിസ്ട്രിക് അറ്റോര്‍ണിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ കോള്‍ ബ്രിംഗ്‌സ് പ്ലെന്റിയെ അറസ്റ്റ് ചെയ്യാനുള്ള അനുമതി പൊലീസ് തേടിയിരുന്നു. പ്രതി അയാള്‍ തന്നെയാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. അറസ്റ്റ് ചെയ്യാനുള്ള കാരണമുണ്ടായിരുന്നു, പ്രാദേശിക ഏജന്‍സികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു’ ലോറന്‍സ് കന്‍സാസ് പൊലീസ് വകുപ്പ് പറയുന്നു. കേസിനാസ്പദമായ സംഭവത്തിനു പിന്നാലെ നഗരം വിട്ടുപോകുന്ന പ്ലെന്റി ട്രാഫിക് കാമറകളില്‍ കുടുങ്ങുകയും ചെയ്തിരുന്നു. പരാതി ഗാര്‍ഹിക പീഢനത്തില്‍ ഉള്‍പ്പെടുന്നതാണെന്നും, അതിജീവിതയുടെ സ്വകാര്യത മാനിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു പറയാന്‍ കഴിയില്ലെന്നുമാണ് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞത്.

കോള്‍ ബ്രിംഗ്‌സ് പ്ലെന്റിയുടെ മരണം കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. കോളിന്റെ അമ്മാവനും യെല്ലോസ്‌റ്റോണ്‍ സിരീസ് നടനുമായ മോസസ് ബ്രിംഗ്‌സ് പ്ലെന്റി മരണവാര്‍ത്ത സ്ഥിരീകരിച്ച്, നടന്റെ പിതാവിന്റെ പ്രസ്താവന ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നു. കോളിനെ കാണാതായതിനു പിന്നാലെയും മോസസ് നിരവധി പോസ്റ്റുകള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നു. കോളിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും, ഒരു ടിവി ഷോയുടെ ഏജന്റുമായി നിശ്ചയിച്ചിരുന്ന മീറ്റിംഗ് നടക്കാതിരിക്കുകയും ചെയ്തതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്.

കോളിന്റെ മരണവാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ യെല്ലോസ്‌റ്റോണ്‍ സീരീസിലെ പ്രമുഖര്‍ അനുശോചനം അറിയിച്ചു രംഗത്തു വന്നു. 1923 സിരീസില്‍ പീറ്റ് പ്ലെന്റി ക്ലൗഡ്‌സ് എന്ന കഥാപാത്രത്തെയാണ് കോള്‍ അവതരിപ്പിച്ചത്. പരാമൗണ്ടിന്റെ സൂപ്പര്‍ ഹിറ്റ് പരമ്പരയായ യെല്ലോസ്‌റ്റോണിന്റെ പ്രീക്വല്‍ ആയിരുന്നു ഈ അമേരിക്കന്‍ വെസ്റ്റേണ്‍ ഡ്രാമ. ലോക മഹാമാന്ദ്യത്തിന്റെ(ഗ്രേറ്റ് ഡിപ്രഷന്‍) പ്രാരംഭഘട്ടത്തില്‍ വരള്‍ച്ച, നിരോധനം തുടങ്ങി പല അവസ്ഥകളിലൂടെ കടന്നു പോകുന്ന ഡട്ടന്‍ കുടുംബത്തിന്റെ കഥയാണ് യെല്ലോസ്‌റ്റോണ്‍ പറയുന്നത്.

Share on

മറ്റുവാര്‍ത്തകള്‍